നിബിൻ കുരിശിങ്കൽ
എന്റെ ജീവിതത്തിൽ എനിക്കൊരു പെൺകുട്ടിയോട് പ്രണയം തോന്നി. അന്നേ വരെ ഒരു പെൺ കുട്ടിയോടും തോന്നാത്ത രീതിയിലുള്ള ഒരു സ്നേഹം. ആ നിമിഷം വരെ തോന്നിയ പ്രണയം മുഴുവൻ കുറെ നാൾ അങ്ങനെ കിടന്നു. പിന്നീട് കൂട്ട്കാരിൽ പ്രിയപ്പെട്ട ചിലരോടൊക്കെ പറഞ്ഞു. എന്നിട്ടൊരു ദിവസം ഒരുപാട് പ്രതീക്ഷയോടെ ഞാൻ എന്റെ പെണ്ണിന്റെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു “എനിക്ക് തന്നെ ഇഷ്ടമാണ്”. വലിയ പ്രതീക്ഷയോടെ ഉത്തരം കാത്തിരുന്ന എനിക്ക് കിട്ടിയത് വളരെ പെട്ടെന്നുള്ള ഒരു ‘നോ’ എന്ന മറുപടി ആയിരുന്നു.
അവൾ എന്നെ പുഷ്പം പോലെ റിജെക്ട് ചെയ്തു. ഒരു ആണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സങ്കടവും അപമാനവും അപകർഷതാബോധവും ഉണ്ടാകാൻ ഇതിൽ കൂടുതൽ വേറെന്ത് വേണം. എനിക്കും അതൊക്കെ തന്നെ ഉണ്ടായി. കൂട്ടുകാരെയൊക്കെ ഫേസ് ചെയ്യാൻ പറ്റാത്ത രീതിയിൽ ആകെ തല കുനിഞ്ഞു പോയ ഒരു അവസ്ഥ. ഒരാണിന് കിട്ടാവുന്ന ഏറ്റവും വലിയൊരു തിരിച്ചടിയല്ലേ ഇത് പോലൊരു റിജെക്ഷൻ. ആ വലിയ അവഗണയുടെ നിമിഷത്തിൽ, സ്നേഹം നിരസിക്കപ്പെട്ട ആ നിമിഷത്തിൽ ഞാൻ അവളെ പച്ചയ്ക്കു കത്തിക്കാൻ അല്ല തീരുമാനിച്ചത്.
അന്ന് ഞാൻ അവളെ പച്ചയ്ക്കു കത്തിച്ചിരുന്നെങ്കിൽ…കത്തിക്ക് കുത്തിയിരുന്നെങ്കിൽ ഇന്ന് അവൾ എന്റെ കുഞ്ഞിന്റെ അമ്മയാകൂമായിരുന്നില്ല…ഇന്ന് എന്റെ പ്രിയപ്പെട്ട ഭാര്യയാകുമായിരുന്നില്ല. എന്നെ ഒരുപാട് വേദനിപ്പിച്ച “നോ” എന്ന ആ രണ്ടക്ഷരം മാറി “യെസ്” എന്ന വാക്കിലേക്കെത്തിക്കാൻ എനിക്ക് രണ്ടു വർഷത്തെ കാത്തിരിപ്പും പ്രയത്നവും വേണ്ടി വന്നു…റേഡിയോ ജോക്കി ആയ അരുൺ എന്ന ചെറുപ്പക്കാരന്റെ ജീവിതാനുഭവമാണ് മേല്പറഞ്ഞത്.
ഒരു ആണ്കുട്ടിക് ഇഷ്ടം തോന്നുന്ന പെണ്ണ് അത് ഏതു ഐശ്വര്യറായി ആയാലും അവനു അത് അവളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അവന്റെ ആ ഇഷ്ടത്തെ വേണ്ടെന്നു വെക്കാനും അത് അവന്റെ മുഖത്തു നോക്കി പറയാനുമുള്ള അവകാശം ആ പെണ്ണിനും ഉണ്ടെന്ന കാര്യം മറക്കരുത്. ആ അവകാശത്തെയാണ് അവൻ മാനിക്കേണ്ടതും ആദരിക്കേണ്ടതും. പ്രണയം പറയാനുള്ള ആണിന്റെ സ്വാതന്ത്ര്യത്തിന്റെ പതാക “നോ” പറയാനുള്ള പെണ്ണിന്റെ അവകാശത്തിനു മുകളിൽ അല്ല പറപ്പിക്കേണ്ടത്.
ഒരാളുടെ മനസ്സിൽ നമുക്കിടമില്ലെന്നറിഞ്ഞാൽ നമുക്കു മുന്നിൽ ആകെ രണ്ടു വഴികളെ അവശേഷിക്കുന്നുള്ളൂ. ഒന്ന്, അരുൺ എന്ന ചെറുപ്പക്കാരൻ കാത്തിരുന്നത് പോലെ, പിന്മാറാതെ…ശല്യമാകാതെ കാത്തിരിക്കുക, പ്രയത്നിക്കുക. രണ്ട്, ഞാൻ ആഗ്രഹിക്കുന്ന പെണ്ണ് എന്നെ ആഗ്രഹിക്കുന്നില്ല എന്ന് സൂചന തന്നു കഴിഞ്ഞാൽ അന്തസ്സോടെ പിന്മാറുക…ആശീർവദിച്ചു കൊണ്ട് അകന്നു നിൽക്കുക. അല്ലാതെ ഒരു കയ്യിൽ പ്രണയത്തിന്റെ പൂക്കളും, മറുകയ്യിൽ പ്രതികാരത്തിന്റെ പെട്രോളും വച്ച് കൊണ്ട് പെണ്ണിനെ സമീപിക്കുമ്പോൾ അങ്ങനെയുള്ളവൻ, കൈയ്യൂക്ക് കൊണ്ട് കാര്യം കാണുന്ന കാടിന്റെ കാട്ടാളനായി മാറുകയാണ്. അവനു മുന്നിൽ പെണ്ണില്ല…അവന്റെ വിശപ്പടക്കാനുള്ള ഇര മാത്രം.
പെണ്ണിനേക്കാൾ ഏറെ ഇവിടെ പ്രതിക്കൂട്ടിൽ നിറഞ്ഞു നിൽക്കുന്നത് ആൺകുട്ടികൾ ആണെന്നത് നമ്മളെ ഭയപ്പെടുത്തേണ്ടതാണ്. എന്ത് കൊണ്ടാണ് അവൻ മാത്രം അവളെ ഇങ്ങനെ കത്തിക്കുന്നത്…എന്ത് കൊണ്ടാണ് അവൻ മാത്രം അവൾക്കു മേൽ ആസിഡൊഴിക്കുന്നത്…എന്ത് കൊണ്ടാണ് അവൻ അവളുടെ കഴുത്തറുക്കുന്നത്? ഇവിടെയും അരുൺ എന്ന ചെറുപ്പകാരൻ ഉത്തരം കണ്ടെത്തുന്നത് അയാളുടെ വീട്ടിനകത്താണ്.
“അമ്മയുടെ അഭിപ്രായങ്ങളെ വല്ലാതെ വിലമതിക്കുന്ന ഒരു അപ്പനെ കണ്ടു വളരുന്ന ആൺകുട്ടികൾ ഒരിക്കലും ഒരു പെണ്ണിനെയും മുറിവേൽപ്പിക്കില്ല”. വീടിനകത്തെ പെണ്ണിനും അവളുടെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും പുല്ലു വില കൽപ്പിക്കാത്ത കാരണവന്മാരുടെ പിന്തലമുറയിലെ ആൺകുട്ടികൾ അവനു മുന്നിൽ വരുന്ന പെണ്ണിനും പുല്ലു വിലയെ കൽപ്പിക്കാൻ സാധ്യത ഉള്ളൂ.
പ്രണയിക്കുവാനായി പുരുഷന്മാർ ഇനിയും പാകപ്പെടേണ്ടതുണ്ടോ എന്ന് തോന്നി പോകുകയാണ്. ഒരു പെണ്ണുടൽ കണ്ടു പ്രണയം തോന്നുന്നതിനേക്കാൾ, ഒരു പുഞ്ചിരി കണ്ടു പ്രേമം പിറക്കാൻ അനുവദി ക്കുന്നതിനേക്കാൾ നിന്റെ പൗരുഷത്തിന്റെ അന്തസ്സ് കണ്ട്, ക്യാരക്ടറിന്റെ കുലീനത കണ്ട്…പെണ്ണിനോട് നീ സൂക്ഷിക്കുന്ന അകലവും നീ കൈക്കൊള്ളുന്ന നിലപാടുകളുടെ നട്ടെല്ല് കണ്ടും പെണ്ണൊരുത്തി നിന്നെലേക്കു വരുന്നതല്ലേ യഥാർത്ഥ പൗരുഷം..
അതല്ലേ ശരിക്കും ഹീറോയിസം! പ്രണയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ പെണ്ണിന്റെ കഴുത്തിന് കത്തി വച്ച് ആ ചോരപ്പാട് കൊണ്ട് ആത്മഹത്യ കുറിപ്പെഴുതുന്നവന്റെ നെഞ്ചിൽ ഉണ്ടായിരുന്നതല്ല പ്രണയം. പ്രണയത്തെ നിരസിച്ചതിന്റെ പേരിൽ പക പൂണ്ടൊരു ഭ്രാന്തൻ പുകച്ചു കത്തിച്ഛ് കളഞ്ഞ മുഖവും പേറി നടക്കുന്ന ഒരു പെണ്ണിന്റെ മൂർദ്ധാവിൽ ജീവിതകാലം മുഴുവൻ മുത്തം കൊടുത്തോളം എന്ന് പറഞ്ഞു മുന്നോട്ടു വന്നവന്റെ നെഞ്ചിടിപ്പാണ് പ്രണയം.
വെന്തു പോയൊരു മുഖവും ഇരുട്ടിലാണ്ടു പോയ മിഴിയും ഞരമ്പ് പിടച്ച മാറിടവും മാത്രം അവശേഷിച്ച ഒരു പെൺകൊടിയുടെ ഇടം കയ്യിലേക്ക് സ്വന്തം വലം കൈ ചേർത്ത് വെയ്ക്കാൻ മനസ്സ് കാണിച്ച അലോക് ഡെക്സിറ്റ് എന്ന ചെറുപ്പക്കാരന്റെ പൗരുഷത്തിന്റെ പര്യായപദമാണ് പ്രണയം.
ഇഷ്ടം തോന്നിയ പെണ്ണിന്റെ മുഖത്തു നോക്കി ചങ്കൂറ്റത്തോടത് തുറന്നു പറയുന്നത്ല്ല പൗരുഷം. അവൾ നൽകുന്ന ഉത്തരത്തെ ചിരിച്ചു കൊണ്ടേറ്റെടുക്കുന്നതാന് പൗരുഷം.
പെണ്ണിന്റെ നെഞ്ചിലേക്ക് പൊള്ളിക്കുന്ന വെള്ളം കോരിയൊഴിക്കുന്നതല്ല ആണത്തം. ഒരു വാക്കു കൊണ്ടോ നോക്ക് കൊണ്ടോ അവൾക്കുള്ളിൽ പൊള്ളലേൽക്കാതെ കാക്കുന്നവനാണ് ആൺകുട്ടി.
പ്രണയകാലത്തിന്റെ പാതി വഴിക്കിറങ്ങി പോയവളെ നോക്കി നിന്ന് താടിരോമം നീണ്ടുപോയവരോ, അവളെ തേപ്പെന്ന മലിനപദം കൊണ്ട് അവഹേളിക്കുന്നവരോ അല്ല നല്ല ആൺകുട്ടികൾ.
“എന്നെ വേണ്ടെന്നു വച്ചപ്പോൾ നിനക്കു നഷ്ടമായതൊരു നിധിയാണെന്ന്” അവൾക്കു ബോധ്യം വരും വിധം പിന്നീട് ജീവിച്ചു കാണിക്കുന്നവനാണ് ആൺകുട്ടി.
‘അപ്പനെയും അമ്മയെയും വിട്ടിറങ്ങി പോരെ’ന്ന് പറഞ്ഞു ധൈര്യം കൊടുക്കുന്നവനല്ല, അപ്പന്റെയും അമ്മയുടെയും വീട്ടുകാരുടെയും മുന്നിൽ ചെന്ന് നിന്ന് പെണ്ണ് ചോദിയ്ക്കാൻ മാത്രം കുലീനതയും അവർ ആ പെൺകുട്ടിയെ പോറ്റിയതിനേക്കാൾ സ്നേഹവും കരുതലും സംരക്ഷണവും കൂടുതൽ കൊടുക്കാൻ പറ്റും എന്ന കോൺഫിഡൻസും ഉള്ളവൻ ആണ് ആൺകുട്ടി.