അഹങ്കാരിയായ മനുഷ്യന് സമാധാനമോ സ്വസ്ഥതയോ ഉണ്ടാകില്ല. മറ്റുള്ളവരാൽ ആദരിക്കപ്പെടുമ്പോഴും, അൽപ്പം കൂടെ ആദരവും പരിഗണനയും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന ചിന്തയിൽ അയാൾ അസംതൃപ്തനാകും. ലഭിക്കാതെ പോയ ആദരവിന്റെ അസാന്നിധ്യം, ലഭിച്ച ആദരവിന്റെ ആനന്ദത്തേക്കാൾ കൂടുതൽ അയാളെ അസ്വസ്ഥനാക്കുന്നു.
ഉദാഹരണത്തിന് അഹസ്വേരൂസ് രാജസദസ്സിൽ ഇത്രയും വലിയ ആദരവ് ലഭിച്ചിട്ടും ഹാമാന് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല. രാജാവിനൊപ്പം ഭക്ഷണം കഴിക്കാനുള്ള വിശേഷാനുകൂല്യം ലഭിച്ചിട്ടുപോലും മൊർദെക്കായ് തന്നെ ഗൗനിക്കാതിരിക്കുന്നതിൽ അയാൾ അസന്തുഷ്ടനായിരുന്നു. മൊർദെക്കായ്ക്ക് പണി കൊടുക്കാൻ ശ്രമിച്ചത് ഹാമാന്റെ തന്നെ നാശത്തിലേക്കാണ് നയിച്ചതെന്ന് എസ്തേറിന്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു.
നേരെമറിച്ച് എളിമയുള്ളവർ എപ്പോഴും സംതൃപ്തരാണ്.
അവരോട് ആരെങ്കിലും ആദരവ് കാണിച്ചാൽ അതിനെ അവർ അർഹിക്കുന്നതിലും കൂടുതലായി കണക്കാക്കുന്നു. ദ്രോഹിച്ചാലോ , തനിക്ക് ലഭിച്ചതിലും മോശമായ പെരുമാറ്റമേ താൻ അർഹിക്കുന്നുള്ളു എന്നും സ്വയം കരുതുന്നു. ജോബിനെപ്പോലെ പറയുന്നു , “ഞാൻ പാപം ചെയ്തു ; നീതി വിട്ടകന്നു ; എങ്കിലും എനിക്ക് അതിന് ശിക്ഷ ലഭിച്ചില്ല” ( ജോബ് 33:27)
ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് ബോർജിയ ദീർഘയാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
താമസസൗകര്യം സുരക്ഷിതമാക്കാനും അപ്രതീക്ഷിതമായ എത്തിച്ചേരൽ മൂലം ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും വേണ്ടി ഒരാളെ മുൻപേ അയക്കാൻ ആരോ വിശുദ്ധനെ ഉപദേശിച്ചു. വിശുദ്ധൻ ഇങ്ങനെ മറുപടി പറഞ്ഞു,” ഇക്കാര്യത്തിന് വേണ്ടി ഞാനെപ്പോഴും അതിനു നിയുക്തനായ ഒരാളെ മുൻപേ അയക്കും. ഞാൻ അർഹിക്കുന്നത് നരകമാണ് എന്ന ചിന്തയെ ആണ് ഞാൻ അയക്കുന്നത്. തത്ഫലമായി, ഞാനർഹിക്കുന്ന സ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ എനിക്ക് ലഭിക്കുന്ന ഓരോ താമസസ്ഥലവും രാജകൊട്ടാരം പോലെയാണ് “.
അമ്മത്രേസ്സ്യ പറയുന്നു, “എളിമ സത്യമാണ്; അതിനാൽ കർത്താവു എളിയവരെ വളരെയധികം സ്നേഹിക്കുന്നു. കാരണം അവിടുന്ന് സത്യത്തെ സ്നേഹിക്കുന്നു” നമ്മെ സംബന്ധിച്ചിടത്തോളം, നാം ഒന്നുമല്ല എന്നത് തീർച്ചയായും സത്യമാണ്. നാം അജ്ഞരും അന്ധരും എന്തെങ്കിലും നന്മ ആർജ്ജിക്കുന്നതിൽ അശക്തരുമാണ്. പാപമല്ലാതെ സ്വന്തമായി നമുക്കൊന്നുമില്ല. അത് നമ്മെ നിന്ദ്യരാക്കുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ഏത് നന്മയും ദൈവത്തിൽ നിന്ന് വരുന്നു. അത് ദൈവത്തിന്റേതുമാണ്. എളിമയുള്ള മനുഷ്യന് ഈ സത്യം എപ്പോഴും കണ്മുൻപിലുണ്ട് . തൽഫലമായി അർഹിക്കാത്ത പുണ്യം അയാളുടെ മേൽ ചുമത്തപ്പെടുമ്പോൾ അയാൾക്ക് സഹിക്കാനാവുന്നില്ല.
വിശുദ്ധ അഗസ്റ്റിനോട് ചേർന്ന് നമുക്കും പറയാം,” കർത്താവെ ഞാനാരാണെന്നും അങ്ങാരാണെന്നും അറിയുവാനുള്ള അനുഗ്രഹം എനിക്ക് നൽകണമേ” അങ്ങ് സകല നന്മകളുടെയും ഉറവിടമാണ്, ഞാനോ നികൃഷ്ടനും ദുർഭഗനുമല്ലാതെ മറ്റൊന്നുമല്ല. നമുക്കുള്ള സകല നന്മയും ദൈവത്തിന്റെ ദാനമാണെന്നോർക്കാം. അമ്മത്രേസ്സ്യ താൻ ഏതെങ്കിലും നല്ല പ്രവൃത്തി ചെയ്യുമ്പോഴും എന്തെങ്കിലും നന്മ ലഭിക്കുമ്പോഴും മറ്റുള്ളവർ ചെയ്യുന്ന നന്മ കാണുമ്പോഴും ദൈവത്തിനു നന്ദി പറഞ്ഞിരുന്നു.
ദൈവത്തിന്റെ സഹായം കൂടാതെ ഒരു നന്മ പോലും ചെയ്യാൻ നമുക്ക് കഴിയുകില്ലെന്നോർമ്മിക്കാം. മരിക്കേണ്ടി വന്നാലും നിഷേധിക്കുകയില്ലെന്നു ഈശോയോടു പറഞ്ഞ പത്രോസ് അപ്പസ്തോലൻ എത്ര പെട്ടെന്ന് അവിടുത്തെ തള്ളിപ്പറഞ്ഞു. വിശുദ്ധ പൗലോസിനൊപ്പം പറയാം , “എന്നെ ശക്തനാക്കുന്നതിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” നമ്മൾ പരിധിയില്ലാതെ അവിടുന്നിൽ ശരണപ്പെടുമ്പോൾ , നമ്മുടെ കഴിവിൽ ആശ്രയിക്കാത്തപ്പോൾ അത്ഭുതങ്ങൾ നടക്കുന്നു.
By, ജിൽസ ജോയ്
Ref : വിശുദ്ധിയിലേക്കുള്ള പടവുകൾ