എളിമയുള്ളപ്പോൾ എല്ലാം നല്ലതാണ്. എളിമയോടൊന്നിച്ചു ചേർന്ന പൂർണ്ണമായ നിസ്സംഗതയാണ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന ഏറ്റം എളുപ്പമുള്ള വഴി. എളിമയും ആത്മപരിത്യാഗവും മറ്റെല്ലാറ്റിനേയും ഉൾക്കൊള്ളുന്നു. എളിമയുടെ അഭാവമാണ് നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നത്. ചാരിത്ര്യം കാത്തുസൂക്ഷിക്കാനുള്ള ഏറ്റം ഫലപ്രദമായ മാർഗ്ഗവും എളിമ തന്നെ. ചാരിത്ര്യം എളിമയുടെ ഫലമായിരിക്കുന്നതുപോലെ, അശുദ്ധി അഹങ്കാരത്തിനുള്ള ശിക്ഷയാണ്.
എളിമ, അനുസരണം എന്നിവയിലൂടെ തന്നെത്തന്നെ ദൈവത്തിന്റെ തൃക്കരങ്ങൾക്ക് വഴങ്ങുന്ന ഒരുപകരണമാക്കിത്തീർക്കുന്ന മനുഷ്യനിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും. ആർസിലെ വികാരി, വിശുദ്ധ ജോൺ മരിയ വിയാനി ഒരു പ്രതിഭാസമ്പന്നനൊന്നുമായിരുന്നില്ല. എങ്കിലും അദ്ദേഹം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അക്കാലത്തെ പണ്ഡിതരായ പല വൈദികരും ഈ വികാരിക്ക് തുല്യം കാര്യക്ഷമത കാട്ടിയില്ല, അവർ ദൈവത്തിന്റെ കരങ്ങൾക്ക് അത്ര വഴങ്ങിയിരുന്നില്ല എന്നതാണ് അതിന്റെ കാരണം.
ഒരു സന്ധ്യാവേളയിൽ പിശാച് സിസ്റ്റർ ജോസെഫാ മെനെൻഡസിനോട് (Sr. Josefa Menendez) പറഞ്ഞു, ” ആ അനുഗ്രഹീത അവളുടെ എളിമയിലൂടെ എന്റെ ശക്തിയെ തകർക്കുന്നു. ഒരാത്മാവിന്റെ മേൽ പിടിമുറുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ അതിന്റെ അഹങ്കാരത്തെ ഉത്തേജിപ്പിക്കുകയെ ഞാൻ ചെയ്യേണ്ടതുള്ളൂ. എന്റെ വിജയത്തിന്റെ ഉറവിടം അഹങ്കാരമാണ്. ലോകം അഹങ്കാരം കൊണ്ട് നിറയുന്നതുവരെ ഞാൻ വിശ്രമിക്കുകയില്ല.
എന്റെ പതനത്തിന്റെ കാരണം തന്നെ അഹങ്കാരമാണ്”. വിശുദ്ധ ഫ്രാൻസിസ് ദെ സാലസിന്റെയും ആവിലായിലെ അമ്മത്രേസ്സ്യായുടെയും ആദ്ധ്യാത്മികപ്രതിഭയെ അത്രമേൽ ഫലദായകമാക്കിയത് എളിമയായിരുന്നല്ലോ. എളിമയെക്കുറിച്ചുള്ള തെളിവുറ്റ ഒരു വീക്ഷണം ലഭിക്കുകയെന്നത് പ്രയാസകരമാണ്, അത് നേടുകയെന്നത് കൂടുതൽ ദുഷ്കരവും.
“നേടാനും വിവേചിച്ചറിയാനും വളരെയേറെ പ്രയാസമുള്ള സുകൃതങ്ങളിലൊന്നാണ് എളിമ. അവിടെ കള്ളനാണയങ്ങൾ ഏറെയാണ് ” (ന്യൂമാൻ). യഥാർത്ഥത്തിൽ എളിമയില്ലെങ്കിലും അതിന്റെ ചില ബാഹ്യലക്ഷണങ്ങൾ നിലനിൽക്കുന്നത്കൊണ്ട് പലരും എളിമയുള്ളവരായി പ്രത്യക്ഷപ്പെട്ടെന്നുവരാം.
അതിനു പല മുഖങ്ങളുണ്ട്. അതിന്റെ പരിശീലനം, മുഖസ്തുതിയെ അവമതിക്കാനും പ്രശസ്തിയിൽ നിന്ന് ഒഴിഞ്ഞുമാറാനും മറ്റുള്ളവരോട് സഹിഷ്ണുതയും കാരുണ്യവും കാണിക്കാനും നിന്ദനങ്ങൾക്കുമുൻപിൽ പുഞ്ചിരി പൊഴിക്കാനും ഒരുവനെ പ്രേരിപ്പിച്ചേക്കാം. പക്ഷെ യഥാർത്ഥത്തിലെ എളിമ ഇതൊന്നുമല്ല , അത് വളരെ ലളിതമായ ഒന്നാണ്.
നാം സൃഷ്ടികളാണ് എന്ന അവസ്ഥയെക്കുറിച്ചുള്ള അവബോധവും, ദൈവവുമായുള്ള ബന്ധത്തിൽ നമ്മെക്കുറിച്ചുള്ള ശരിയായ അറിവുമാണത്.
എല്ലാ നല്ല ആഗ്രഹങ്ങളും പ്രവൃത്തികളും ദൈവത്തിൽ നിന്നാണുത്ഭവിക്കുന്നത്. ഈ യാഥാർത്ഥ്യമെല്ലാം അംഗീകരിക്കുന്നതാണ് എളിമ. അത് സ്വയം അവമതിക്കൽ അല്ല, തന്നെക്കാളുപരി മറ്റുള്ളവർക്ക് മുൻഗണന നൽകുന്നതുമല്ല.
നമ്മുടെ ശൂന്യതയെക്കുറിച്ചുള്ള ശരിയായ അവബോധത്തിന്റെ ഫലമായി ദൈവസന്നിധിയിലുള്ള ആരാധനാത്മകമായ ഒരു മനോഭാവമാണ് എളിമ.
മനസ്സിന്റെയും ഇച്ഛാശക്തിയുടെയും സ്വഭാവേനയുള്ള ഒരാഭിമുഖ്യമാണത്. അത് ദൈവത്തെ അപരിമേയമാം വിധമുള്ള ആരാധനക്ക് അർഹനായി വീക്ഷിക്കുന്നു. മനുഷ്യന്റെ ദൈവവിധേയത്വത്തിനാണ് എളിമ പ്രത്യേക പരിഗണന നൽകുന്നത് . ദൈവത്തിന്റെ നേർക്കുള്ള ആദരവില്ലാതെ എളിമക്ക് നിലനിൽപ്പില്ല. ദൈവത്തോടും മനുഷ്യരോടുമുള്ള ശരിയായ ബന്ധത്തിൽ നമ്മെ ഉറപ്പിച്ചുനിർത്തുകയെന്നതാണ് എളിമയുടെ ധർമ്മം.
അവിടുത്തെ യഥാർത്ഥനിലയിൽ ദൈവത്തെ കണ്ട വിശുദ്ധർ തങ്ങളുടെ തന്നെ ശൂന്യതയും കണ്ടെത്തി. തന്മൂലം അവർ സ്വയം വെറുക്കുകയും സ്വയം കാണുന്നതുപോലെ മറ്റുള്ളവരും തങ്ങളെ വീക്ഷിക്കുന്നതിൽ സന്തുഷ്ടിയനുഭവിക്കുകയും ചെയ്തു.
By, ജിൽസ ജോയ്
Ref: ഏറ്റവും പ്രയാസകരമായ സുകൃതം