പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ഹൃദയം’. വിനീതും പ്രണവും ഒന്നു ചേരുന്നു എന്ന് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ‘ഹൈ ലൈറ്റ്’. ട്രെയ്ലറിൽ കണ്ടതുപോലെ ഒരു മുഴു നീള റൊമാൻസ് ചിത്രം മാത്രമല്ല ‘ഹൃദയം’. അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ ക്യാംപസ് ജീവിതവും സൗഹൃദവും പ്രണയം കുടുംബവും ഒപ്പം ഒരു കൗമാരക്കാരനിൽ നിന്നും ഒരു കുടുംബനാഥനിലേക്കുള്ള അയാളുടെ ജീവിത മാറ്റവും ചിത്രം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.
കഥാപാത്രത്തോട് കൂറു പുലർത്തുന്ന പ്രണവിന്റെ അഭിനയവും ഒപ്പം ദർശന രാജേദ്രന്റെയും കല്യാണി പ്രിയദർശന്റെയും അടക്കമുള്ള എല്ലാവരുടെയും ‘പെർഫെക്ട് കാസ്റ്റിംഗും’ അതിലുപരി സാഹചര്യങ്ങളോട് ചേർന്നുപോകുന്ന ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതവും സിനിമയുടെ മനോഹാരിത കൂട്ടുന്നു.ഒരു മനുഷ്യന്റെ വികാരങ്ങളുടെ ഇരിപ്പിടമാണ് ഹൃദയം (Centre of Emotions) എന്ന് സാധാരണ പറയാറുണ്ട്. ഒരാളുടെ സ്നേഹവും സൗഹൃദവും ദേഷ്യവും വൈരാഗ്യവും നിരാശയുമൊക്കെ ഹൃദയത്തിൽ നിന്നാണ് ആരംഭിക്കുക. ഈ ഹൃദയ വികാരങ്ങളെ വളരെ ഭംഗിയായി ചിത്രം ഒപ്പിയെടുക്കുന്നുണ്ട്.
ഹൃദയത്തിനു നാലു അറകൾ ഉണ്ടെന്നു സാദാരണ പറയാറുണ്ട്. അതിൽ ഒന്നിൽ സ്വന്തം ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മറ്റൊന്നിൽ കുടുംബവും അടുത്തത്തിൽ സൗഹൃദങ്ങളും നാലാമത്തത്തിൽ ചില സ്വകാര്യ ഇഷ്ടങ്ങളും പ്രണയവും ഒക്കെയാണ് ഓരോ മനുഷ്യനും സൂക്ഷിക്കുന്നത്. ഈ നാലു വിഷയങ്ങളെയും ചിത്രം പ്രേക്ഷകന് മുന്നിൽ കലർപ്പില്ലാത്ത അവതരിപ്പിക്കുണ്ട്.പഠനമല്ല, ‘പാഷനാണ്’ ഒരാളുടെ ‘പ്രൊഫഷനെ’ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതെന്ന് ചിത്രം പറഞ്ഞു തരുന്നു. എൻജിനീറിങ് പഠിച്ച അരുൺ ഫോട്ടോ ഗ്രാഫർ ആയി മാറുന്നതിനു പിന്നിലും ഈ ‘പാഷൻ’ തന്നെയാണ്.വാശിയും ‘ഈഗോ’യും ഒരാളുടെ വ്യക്തി ജീവിതത്തെയും സൗഹൃദത്തെയുമൊക്കെ എങ്ങനെ തകർക്കുന്നു എന്ന് ഇതിലെ കഥാപാത്രങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. അതുകൊണ്ടാണ് “ഞാൻ അന്ന് ക്ഷമിക്കാൻ തയ്യാറായിരുന്നെങ്കിൽ നമ്മുടെ ജീവിതം ഇങ്ങനെയൊന്നുമാകുമായിരുന്നില്ല. അല്ലേ അരുൺ…?” എന്ന ദർശനയുടെ ആവർത്തിച്ചുള്ള ചോദ്യം പ്രേക്ഷകർക്ക് മുൻപിൽ ഉയർന്നു കേൾക്കുന്നത്.
ചില കാര്യങ്ങൾ ക്ഷമിച്ചു വിട്ടു കളഞ്ഞിരുന്നെങ്കിൽ നമ്മുടെയൊക്കെ ജീവിതം കുറെ കൂടി മനോഹരം ആയി മാറിയേനെ അല്ലേ…? കുടുംബ ബന്ധങ്ങളും അവയുടെ വിശാലതയും വളരെ തനിമയോടെ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. അച്ഛൻ മകൻ ബന്ധത്തിന്റെ ആഴവും ഒപ്പം ഒരു കുടുബത്തിലെ അടക്കവും ചിട്ടയും ഒരുവന്റെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നും ഇതു കാണുമ്പോൾ പ്രേക്ഷകന് മനസിലാകുന്നു. ‘അപ്പനും അമ്മയും സന്തോഷത്തോടെ ഇരിക്കണം അതിനേക്കാൾ വലിയ ആഗ്രഹം ഒന്നും തനിക്കില്ല’ എന്ന സെൽവയുടെ വാക്കുകൾ ഇന്നത്തെ യുവമുറയോടുള്ള ഉപദേശം കൂടി ആയി മാറുന്നു.
ക്യാമ്പസ് ജീവിതവും അതിലെ സൗഹൃദങ്ങളും ലഹരിയും അതിന്റെ താളപ്പിഴകളും തിരിച്ചറിവുകളും തിരിച്ചുവരവുകളും കോർത്തിണക്കുന്നചിത്രം, തിരിച്ചു വരാൻ ആകാത്ത വിധം ആരും അകന്നു പോയിട്ടില്ലെന്നും വീണ്ടെടുക്കുവാൻടുക്കുവാൻ കഴിയാത്തവിധം ഒന്നും നഷ്ടപെട്ടു പോയിട്ടില്ലെന്നും നമ്മെ ഓർമിപ്പിക്കുന്നു.എല്ലാറ്റിനും ഉപരിയായി ചിത്രം പറയുന്നത് അരുണിന്റെയും ദർശനയുടെയും പൂർത്തിയാകാതെ പോകുന്ന പ്രണയം തന്നെയാണ്. ഇഷ്ട്ടപ്പെട്ടവരെയെല്ലാം എന്തു വില കൊടുത്തും സ്വന്തമാക്കണം എന്ന ആധുനിക യുവ തലമുറയുടെ ചിന്താ രീതിയിൽ നിന്നും വ്യതസ്തമായി പരസ്പ്പരം ഇഷ്ട്ടത്തിലായിട്ടും മറ്റൊരാൾക്ക് വിട്ടു കൊടുക്കുന്നതിലാണ് അരുണിന്റെയും ദർശനയുടെയും പ്രണയം കുറേ കൂടി പക്വത പ്രാപിക്കുന്നത്. മാത്രമല്ല ഇഷ്ട്ടപ്പെട്ടതെല്ലാം സ്വന്തമാക്കുന്നതിലല്ല, വിട്ടുകൊടുക്കാൻ പഠിക്കുമ്പോഴാണ് നമ്മുടെ ഹൃദയങ്ങൾ കുറേക്കൂടി വിശാലമാകുന്നതെന്ന് ചിത്രം പറയാതെ പറയുന്നുമുണ്ട്.
By, ഫാ. നൗജിൻ വിതയത്തിൽ.