ഒരാൾ ഒരു പാറക്കെട്ടിൽ നിന്ന് കാലു തെന്നി താഴെ വീണു. കൂരിരുട്ടായിരുന്നു.താഴെ പോകുന്ന പോക്കിൽ അയാൾക്ക് ഒരു മരച്ചില്ലയിൽ പിടിത്തം കിട്ടി. ഒരു കൈ ആ ചില്ലയിൽ പിടിച്ചു തൂങ്ങിക്കിടന്നുകൊണ്ട് അയാൾ വിളിച്ചു, ” ആരെങ്കിലുമുണ്ടോ എന്നെ ഒന്ന് സഹായിക്കാൻ ?”
ഇടിമുഴക്കം പോലെ ഒരു ശബ്ദം അയാൾ മുകളിൽ നിന്നു കേട്ടു, ” ഇത് ഞാനാണ്, ദൈവം .. നിന്റെ മരത്തിലുള്ള പിടി വിട്ടുകളയൂ.. താഴേക്ക് ചാടൂ …”

ആ മനുഷ്യൻ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് വീണ്ടും ഉറക്കെ വിളിച്ചുചോദിച്ചു “വേറെ ആരെങ്കിലുമുണ്ടോ അവിടെ എന്നെ ഒന്ന് സഹായിക്കാൻ?”
സത്യം പറഞ്ഞാൽ ആ മനുഷ്യൻ ഒരു ചെറിയ ചാട്ടം ചാടിയാൽ നിലത്തെത്തുന്ന അത്ര അടുത്തായിരുന്നു . ഇരുട്ടായത് കൊണ്ട് കാണാഞ്ഞതാണ് .
നമ്മളെല്ലാവരിലുമില്ലേ ഈ മനുഷ്യൻ ? സർവ്വജ്ഞാനിയും ഭാവി അറിയുന്നവനായ ദൈവത്തെക്കാൾ അറിവ് നമുക്കോ മറ്റുള്ളവർക്കോ ഉണ്ടെന്ന് വിചാരിച്ചു ചില താൽക്കാലിക സുരക്ഷിതത്വങ്ങളെ വിട്ടുകളയാൻ മടിക്കുന്നവർ? പരിധിയില്ലാത്ത വിശ്വാസം ദൈവത്തിലർപ്പിക്കാൻ മടിക്കുന്നവർ? അനിശ്ചിതമായ ഭാവിയിലേക്ക് ദൈവഹിതപ്രകാരം നമ്മെതന്നെ എറിഞ്ഞുകൊടുക്കാൻ ധൈര്യമില്ലാത്തവർ ?
അബ്രഹാമോ നോഹയോ മോശയോ ഒക്കെ ഈ വിധം ചിന്തിച്ചിരുന്നെങ്കിൽ ?
അവരും ചിന്തിച്ചിരുന്നിരിക്കും ഒരുപക്ഷെ .എന്നിട്ടും തങ്ങളുടെ താൽക്കാലികസുരക്ഷിതത്വങ്ങളുടെ മരച്ചില്ല വിട്ടുകളയാൻ അവരൊരുക്കമായിരുന്നു. പിന്നെയെല്ലാം അവർക്കെളുപ്പമായിരുന്നു? ഇല്ല .. സഹനങ്ങളും കഠിനാധ്വാനവും തടസ്സങ്ങളും കുറെയേറെ അവർക്കതിജീവിക്കേണ്ടി വന്നു. എന്നിട്ടോ ?
“ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത് . അവർ വാഗ്ദാനം ചെയ്യപ്പെട്ടത് പ്രാപിച്ചില്ല. എങ്കിലും ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങൾ ഭൂമിയിൽ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു” (ഹെബ്രാ 11:13)
എല്ലാം എളുപ്പമാവുമെന്നു വിചാരിക്കുന്നതല്ല വിശ്വാസം. ദൈവത്തിനു എല്ലാം അറിയാമെന്നു വിചാരിച്ചുകൊണ്ട് പ്രതിബന്ധങ്ങൾ മുന്നിൽ കാണുമ്പോഴും അവനെ പരിധിയില്ലാതെ വിശ്വസിക്കുന്നതാണ്. അത് നമ്മുടെ പേടികളെയും സംശയങ്ങളെയും ചോദ്യങ്ങളേയും ഒക്കെ വിട്ടുകളയുന്നതാണ്.
“ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങൾ നശ്വരങ്ങളാണ്, അദൃശ്യങ്ങൾ അനശ്വരങ്ങളും”. ( 2 കോറി 4:18)
നാം ഒന്നുമല്ലാത്തതുകൊണ്ട് , നമ്മിൽത്തന്നെയോ, മറ്റുള്ളവരിലോ, ഈ ലോകത്തിലോ പ്രത്യാശയർപ്പിച്ചാൽ പ്രതികൂലങ്ങളിലും ശത്രുവിന്റെ ആക്രമണത്തിലും നമ്മിലുള്ള എല്ലാ പ്രത്യാശയും തകർന്ന് നാം വീണുപോകുമെന്നതിൽ സംശയമില്ല.
നേരെ മറിച്ചു് ദൈവത്തിലുള്ള സജീവമായ ശരണത്താലും അവിടുന്ന് നമ്മെ സഹായിക്കുമെന്ന അചഞ്ചലമായ ഉറപ്പിനാലും സംഭവിക്കുന്നതിന്റെ പരിസമാപ്തി നന്മയായിരിക്കുമെന്ന പ്രത്യാശയാലും നാം നമ്മുടെ ഹൃദയത്തെ ബലപ്പെടുത്തിയാൽ ദൈവത്താൽ നാം വിജയം നേടുമെന്നുറപ്പാണ്.
സങ്കീർത്തകൻ പറയുന്നു, “കർത്താവിൽ എന്റെ ഹൃദയം ശരണം വെക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു. എന്റെ ഹൃദയം ആനന്ദിക്കുന്നു” ( സങ്കീ 28:7)
“എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല” ( യോഹ 15:5) എന്ന ഈശോയുടെ വാക്കുകൾ നമുക്കോർക്കാം. നാം ചെയ്യാനാഗ്രഹിക്കുന്ന എല്ലാ നല്ല പ്രവൃത്തികളും, ദൈവഹിതം അനുസരിച്ച് സഹിക്കേണ്ടി വരുന്ന കുരിശുകളും, ഒന്നും സ്വർഗ്ഗത്തിന്റെ പ്രത്യേക സഹായം കൂടാതെ നമുക്ക് പൂർത്തിയാക്കാനാവില്ല.
ദൈവം നമ്മുടെ ഹൃദയങ്ങളെ പ്രചോദിപ്പിച്ചതുകൊണ്ടും അവിടുന്ന് ശക്തി നല്കിയതുകൊണ്ടും മാത്രമാണ് നമ്മള് ചെയ്തിട്ടുള്ള പുണ്യപ്രവൃത്തികളെല്ലാം നമുക്ക് ശരിയായി ചെയ്യാൻ സാധിച്ചത് . അതുകൊണ്ട് ഈ ബോധ്യം മാറ്റമില്ലാതെ നമുക്കുണ്ടാകണം. ഒരവസരത്തിലും നാം നമ്മിൽ തന്നെയും ഈ ലോകം തരുന്ന സമാധാനത്തിലും ആശ്രയിക്കുന്നവരാകരുത് . അങ്ങനെയായാൽ കണക്കുകൂട്ടൽ തെറ്റിക്കുന്ന സംഭവങ്ങളിൽ നാം ആവശ്യത്തിലുമധികം അസ്വസ്ഥരാവും.
വെട്ടുക്കിളി പോലെ അസംഖ്യമായ മിദിയാൻ പടയെ ദുർബ്ബലനെന്നു സ്വയം വിശേഷിപ്പിച്ച ഗിദയോന്റെ നേതൃത്വത്തിൽ വെറും 300 ഇസ്രായേൽക്കാരെക്കൊണ്ട് തോൽപിച്ച ദൈവം. ചെങ്കടൽ പിളർത്തി തൻറെ ജനത്തെ അക്കരെ കടത്തിയ ദൈവം.
ആ ദൈവം പറയുമ്പോൾ നമുക്ക് ചെയ്യാനുള്ളത് കടലിനു മീതെ ഒന്ന് വടി നീട്ടുക, കൽഭരണികൾ വക്കുവരെ നിറക്കുക , കല്ലറയുടെ മൂടി മാറ്റുക, അഞ്ചപ്പവും രണ്ട് മീനും വിട്ടുകൊടുക്കുക … ഇങ്ങനെ ചെറിയ കാര്യങ്ങളായിരിക്കാം . പക്ഷെ ‘വിശ്വസിച്ചാൽ നാം ദൈവമഹത്വം ദർശിക്കുക’ തന്നെ ചെയ്യും.
അതുകൊണ്ട് നമുക്ക് വിശ്വസിക്കാം ….വിട്ടുകൊടുക്കാം …വിട്ടുകളയാം.. അനുഗ്രഹീതരാവാം.
By, ജിൽസ ജോയ്