ഭവനത്തിലെ പരിശുദ്ധ കുർബാന ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിലെ അപ്പം മുറിക്കൽ ശുശ്രൂഷ. കുടുംബ നാഥൻ പുരോഹിതൻ ആകുന്ന സമയം. പെസഹാവ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശുക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണിത്. എളിമയുടെയും സ്നേഹത്തിന്റെയും പ്രതീകമായ യേശുക്രിസ്തു, തന്റെ കുരിശുമരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ് പെസഹാ ഭക്ഷിച്ചത്.
വിനയത്തിന്റെ മാതൃകയായ യേശുക്രിസ്തുവിന്റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ‘അന്ത്യ അത്താഴ‘മെന്നും പറയാറുണ്ട്. താന്‍ ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെടുമെന്നും ഏറെ പീഢകള്‍ അനുഭവിച്ച് കുരിശില്‍ ബലിയാക്കപ്പെടുമെന്നും അറിയാമായിരുന്ന ക്രിസ്തു, പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. “എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍” എന്ന ക്രിസ്തുവിന്റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട്, ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി മാറുകയും ചെയ്തു.
യേശുവിന്റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. തികച്ചും കേരളീയ തനിമയില്‍ അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പവും, തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പാലും ഉപയോഗിച്ച് ഗൃഹനാഥന്റെ കാര്‍മ്മികത്വത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് പെസഹാ ആചരിക്കുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമായ പെസഹാ അപ്പം, വല്യമ്മച്ചിമാരുടെ കുത്തക വിഭവമാണ് എന്ന് പറയാതെ തരമില്ല. വലിയ നോമ്പിന്റെ (അമ്പത് നോമ്പ്) അനുഭൂതിയില്‍ അങ്ങേയറ്റം സൂഷ്മ്തയോടും ഭക്തിപുരസ്സരവും പെസഹാ വിഭവങ്ങള്‍ തയ്യാറാക്കണമെന്നതാണ് അഭിമതം.
വീട്ടിലെ വല്യമ്മച്ചിമാര്, ഒരു പുത്തന്‍ കലവും തവിയും പെസഹാപാല് കാച്ചാനായി മാത്രം സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. ചെറുപ്പത്തില്‍, അയല്‍വാസികളുമൊത്ത് വീട്ടില്‍ പെസഹാ അപ്പം മുറിച്ചതും ഒരു വീട്ടിലെ കഴിഞ്ഞ് അടുത്ത വീട്ടിലേക്ക് രാത്രിയില്‍ അപ്പം മുറിക്കാനായി പോകുന്നതുമെല്ലാം ഊഷ്മളമായ ഓര്‍മ്മകളാണ്. അടുത്തുള്ള ഏതെങ്കിലുമൊരു വീട്ടില്‍ മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത വര്‍ഷം ആ വീട്ടില്‍ പെസഹാവിഭവങ്ങള്‍ തയ്യാറാക്കുകയില്ല; അതുകൊണ്ട്, പെസഹാ ഒരുക്കുന്ന അയല്‍വീടുകളില്‍ നിന്നും ഒരു വീതം അവര്‍ക്കും കൊണ്ടുപോയി കൊടുക്കുന്ന പതിവുമുണ്ട്.
പെസഹാ ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും അനുഭവം കൂടിയാണല്ലോ…
പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഈ അപ്പം മുറിക്കല്‍ നടത്തുന്നു. അതിനായി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നും വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല് എന്നാണ് വിളിക്കുന്നത്. സാധാരണ ആയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്.
കുടുംബ നാഥനാണ് പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കി വയ്ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു, വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ് പാകം ചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്ക്കു മുമ്പു തന്നെ ഇതു പാകം ചെയ്തു വയ്ക്കും. വളരെ പവിത്രമായിട്ടാണു പാകം ചെയ്തതിനു ശേഷം ഇതു സൂക്ഷിക്കുക.
പെസഹാ ഭക്ഷണത്തിനുള്ള പാല് തയ്യാറാക്കുന്നതും അതീവ സൂക്ഷമതയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തവിയും, കലവും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും, തേങ്ങാവെള്ളവും. ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ് പാല്. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മ്മലമായി കരുതപ്പെടുന്ന തേങ്ങയും, തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാതിരുന്നാളില്‍ ഉണ്ടാക്കുന്ന പാലിന്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടുംബത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും, അത്താഴത്തിനും ശേഷം കുടുംബത്തിലെ സ്ത്രീകള്‍ പാല് തയ്യാറാക്കുന്നു.
എന്നാല്‍, പാചകരീതിയെക്കുറിച്ച് വലിയ ധാരണകള്‍ ഇല്ലാത്തതിനാലും അതിലുപരി തയ്യാറാക്കാനുള്ള മടി കൊണ്ടും, സമയക്കുറവ് മൂലവും ഇന്ന് ബേക്കറികളില്‍ നിന്നും ‘പെസഹാ ബ്രെഡ്’ വാങ്ങി അപ്പം മുറിക്കല്‍ ചടങ്ങ് നടത്തുകയാണ് ഇന്ന് സാധാരണയായി ചെയ്തു പോരുന്നത്. വളരെ ലളിതമായ രീതിയില്‍ പെസഹാ അപ്പം നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. നമ്മുടെ പരമ്പരാഗത രീതികള്‍ അന്യംനിന്ന് പോകാതിരിക്കട്ടെ. ഇത്തവണ നമുക്ക് പെസഹാ വീട്ടിലൊരുക്കാം… പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്. പരമ്പരാഗത ശൈലിയില്‍ പെസഹാ അപ്പവും , പാലും തയ്യാറാക്കുന്ന വിധം അമ്മച്ചിയുടെ അടുക്കള യില്‍ നിന്നും ഇന്ദു ജയ്സണ്‍ പരിചയപ്പെടുത്തുന്നു.
പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി…
ചേരുവകള്‍
വറുത്ത അരിപ്പൊടി – 2 1/2 കപ്പ്
ഉഴുന്ന് 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ജീരകം – 1/2 ടേബില്‍ സ്പൂണ്‍
വെളുത്തുള്ളി – 3 അല്ലി
ചുവന്നുള്ളി – 10 എണ്ണം
ഉപ്പ് ആവശ്യത്തിന്.
പാകപ്പെടുത്തുന്ന വിധം
ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം.
പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി – വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തില്‍ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം.
ഇത് പതിനഞ്ച് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക.
പെസഹാ അപ്പം തയ്യാര്‍!
പെസഹാ പാല് ഉണ്ടാക്കുന്ന വിധം
പാചകരീതി
ചേരുവകള്‍
ശര്‍ക്കര — അരക്കപ്പ് (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക)
തേങ്ങാ പാല്; ഒന്നാം പാല് — 1 കപ്പ്
രണ്ടാം പാല് — 2 കപ്പ്
ചുക്ക് — ഒരു ചെറിയ കഷ്ണം
ജീരകം — ഒരു ചെറിയ സ്പൂണ്‍
ഏലക്ക — 2, 3 (എണ്ണം തൊലി കളഞ്ഞത്)
വറുത്ത അരിപ്പൊടി/കുത്തരി വറുത്തു പൊടിച്ചത് – രണ്ടു സ്പൂണ്‍.
പൂവന് പഴം – രണ്ടെണ്ണം വട്ടത്തില്‍ കഷണങ്ങളായി അരിഞ്ഞത് ( തിരുവിതാംകൂര്‍ ശൈലിയില്‍ ).
തയ്യാറാക്കുന്ന വിധം
ജീരകം, ചുക്ക് കഷ്ണം, ഏലക്ക എന്നിവ മിക്സിയില്‍ നന്നായി പൊടിച്ചെടുത്തതും അരിപ്പൊടിയും രണ്ടാം പാലില്‍ യോജിപ്പിച്ച്, അരിച്ചെടുത്ത കട്ടിയുള്ള ശര്‍ക്കര പാനിയില്‍ ചേര്‍ത്തു തിളപ്പിച്ചു കുറുക്കുക. നന്നായി ഇളക്കി കൊടുത്ത് കൊണ്ടേയിരിക്കണം. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ചില സ്ഥലങ്ങളില്‍ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടാറുണ്ട്.
കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക.
കുറുകി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വെക്കാം.
മധുരമുള്ള പെസഹാപാല് തയ്യാര്‍. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.
തിരുവിതാംകൂര്‍ ശൈലിയില്‍ പൂവന് പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. അത് പോലെ പെസഹാ പാലില്‍ തേങ്ങാക്കൊത്തോ, എള്ളോ ഒക്കെ ചെര്‍ക്കുന്നവരും ഉണ്ട്.
ശര്‍ക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേര്‍ച്ച സൃഷ്ടിക്കാന്‍ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.
News courtesy: www.ruchi.com