ദൈവസമാനതകൾ യേശുക്രിസ്തുവിൽ മാത്രം! കർത്താവായ യേശുക്രിസ്തുവിനെ ചരിത്രപുരുഷനായും, മഹാന്മാരിൽ ഒരാളായും, സാമൂഹികനവോദ്ധാന നായകനായും, ദൈവീകപ്രതിനിധിയായും, പ്രവാചകനായുമെല്ലാം പലർ ചിത്രീകരിക്കുന്നത് കാണാറുണ്ട്. ശരിയാണ്, യേശുക്രിസ്തുവിൽ ഈ സദ്ഗുണങ്ങളും സ്വഭാവങ്ങളുമെല്ലാമുണ്ട്.
എന്നാൽ പ്രിയപ്പെട്ടവരേ, യേശുക്രിസ്തു സത്യദൈവമാണെന്നു മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യാത്തപക്ഷം നാം എങ്ങുമെത്തുന്നില്ല. ദൈവം തന്നെയായ യേശുവിൽ എന്തെല്ലാമാണ് ദൈവമെന്ന സത്യത്തിന്റെ സമാനതകൾ എന്നത് ആരംഭം മുതലുള്ള പലരുടേയും സംശയവും ചോദ്യവുമാണ്. അവയിൽ പ്രധാനപ്പെട്ട ചോദ്യം യേശു എങ്ങനെ ദൈവമാകുന്നു എന്നതാണ്?
സത്യദൈവത്തെ ആത്മാർഥമായി കണ്ടെത്തണം, ന്യായമായും അറിയണം ആരാധിക്കണം എന്ന ആഗ്രഹത്തോടെ പ്രസ്തുത ചോദ്യം ഉള്ളിലെങ്കിലും ഉന്നയിക്കുന്നവർക്ക് ലളിതമായ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുകയാണ്.
യേശുക്രിസ്തുവിൽ കണ്ടെത്താവുന്ന ഏതാനും ദൈവസമാനതകൾ ഇവയാണ്. വിശുദ്ധ ബൈബിൾ അടിസ്ഥാനമാക്കി പരിശോധിച്ചാൽ ഇപ്പറയുന്നവ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.
- ദൈവം പരിശുദ്ധൻ, പാപമില്ലാത്തവനായിരിക്കും ; യേശുക്രിസ്തുവിൽ ഇത് സത്യമാണ്. (വി . യോഹന്നാൻ 8:46)
- ദൈവം പാപമോചകനായിരിക്കും, യേശു പാപങ്ങൾ മോചിക്കുന്നവനാണ്. (വി ലൂക്കാ 5:32, 1 തിമോ 1:15)
- തെറ്റുകൾക്ക് പൊറുതി നൽകാൻ സ്വയമേ അധികാരമുണ്ടായിരിക്കും. അതേ കുറ്റങ്ങൾക്ക് ക്ഷമ നൽകാൻ മനുഷ്യപുത്രന് അധികാരമുണ്ട്. (വി ലൂക്കാ 5:20, വി ലൂക്കാ 7:47, വി യോഹന്നാൻ 8:11)
- അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കും. യേശുക്രിസ്തുവിലൂടെ മാനവരാശി നേടിയ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാവാത്തതാണ്. (വി ലൂക്കാ 9:11,
- ജീവൻ നൽകുവാൻ സാധിക്കും, മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും അധിപതിയാണ് യേശുക്രിസ്തു. (വി യോഹന്നാൻ 11:25)
- സൗഖ്യദായകനാണ് (വി ലൂക്കാ 13:12)
- എല്ലാത്തിന്റെയുംമേലും അധികാരമുണ്ടായിരിക്കും. കാറ്റും കടലും വസ്തുവും പദാർത്ഥവും യേശുവിലൂടെ രൂപമാറ്റം കൊള്ളുന്നു. (വി മർക്കോസ് 6:48,8:6)
- പിശാചുക്കളെ പുറത്താക്കാനും ബഹിഷ്കരിക്കാനും ദൈവത്തിനുമാത്രമേ സാധിക്കൂ. പൈശാചികശക്തി വിട്ടുപോകുന്നത് യേശുക്രിസ്തുവിന്റെ നാമത്താലും ശക്തിയാലുമാണ്. (വി മർക്കോസ് 1:24,25).
- മനുഷ്യനെ വിധിയ്ക്കാനുള്ള അധികാരമുണ്ടായിരിക്കും. അവൻ പാപപരിഹാരർത്ഥമായി ഒരിക്കൽ വന്നു, ഇനി വരിക വിധിയാളനായിയായിരിക്കും. (ഹെബ്രാ 9:28,29)
- മരണമില്ലാത്തവനായിരിക്കും. അവൻ അനാദിമുതലുള്ളവനാണ്. മരണത്തിനു അധീനനാണ്.(വെളിപാട് 1:18)
- എല്ലാവരാലും ആരാധിക്കപ്പെടും. ഭൂവാസികളും സർവ്വസൃഷ്ടിജാലങ്ങളും ആരാധിക്കുന്നവനും ആരാധനയ്ക്ക് അർഹനുമാണ് യേശുക്രിസ്തു. (വി മത്തായി 28:17)
- ഇതെല്ലം നിലനിൽക്കേ ഏറ്റവും പ്രധാനപ്പെട്ടതും നമുക്കോരോരുത്തർക്കും വ്യക്തിപരമായി ലഭിച്ചതും നാം മനസ്സിലാക്കേണ്ടതുമായ ദൈവസമാനത എന്തെന്നുവച്ചാൽ മനുഷ്യനുവേണ്ടി പരിഹാരം ചെയ്ത ദൈവം യേശുക്രിസ്തുമാത്രമാണ് എന്നസത്യമാണ്.
ഹി ഈസ് എ യൂണിവേഴ്സൽ റിഡീമർ, നമ്മെ പൂർണ്ണമായും നിഷ്കളങ്കരക്തത്താൽ വീണ്ടെടുത്തവൻ. പരിശോധിച്ചു നോക്കൂ… ഇവയെല്ലാം യേശുക്രിസ്തുവിൽ മാത്രമാണ് പൂർണ്ണത പ്രാപിക്കുന്നത്. എന്നാൽ അവൻ ഇതെല്ലാം ഉണ്ടായിരിക്കേ, ഇവയെല്ലാം സാധ്യമായിരിക്കേ, ഇവയൊന്നും നിലനിർത്തേണ്ട ഒരുകാര്യമായി പരിഗണിക്കാതെ ഒരു ദാസനെപ്പോലെ തന്റെ ദാസൻ തന്നെയായ മനുഷ്യന്റെ രൂപംതന്നെ അവൻ സ്വീകരിച്ചു. അവൻ നമ്മെപ്പോലെ ഒരുവനായി.
നമ്മിൽ ഒരുവനായി. അത് നമ്മെ പ്രതിനിധീകരിക്കാനും നമുക്ക് വേണ്ടി ത്രിത്വയ്ക ദൈവത്തിനുമുൻപിൽ മാധ്യസ്ഥ്യം വഹിക്കാനുമാണ്.
യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
1 കോറി 3:11
യേശുക്രിസ്തുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും!
By, Augustine Christi