frjincecheenkallel
പരാതി ഒന്നും അല്ല. എന്റെ ഉള്ളിലുള്ള ചില കാര്യങ്ങളാണ്. നീ പറ….
എന്നോട് ഒന്ന് മിണ്ടിയിട്ട് എത്ര നാളായി? എങ്ങനാ ഇങ്ങനെയൊക്കെ എല്ലാം മറക്കാൻ നിനക്ക് പറ്റുന്നത്? ഒരിക്കൽ ദിവസം മുഴുവൻ മണിക്കൂറുകൾ സംസാരിച്ചിരുന്നവരല്ലേ നമ്മൾ. അന്ന് നമ്മൾ ഒരുമിച്ചിരുന്ന ആ മണിക്കൂറുകളൊക്കെ എത്ര പരിശുദ്ധമായ സ്നേഹമാണ് നമ്മൾ പങ്കിട്ടത്. സമയത്തെയും കാലത്തെയും എല്ലാം പിന്നോട്ട് ഓടിച്ച നമ്മൾ മാത്രമുള്ള നമ്മുടെ സമയങ്ങൾ…. ഞാനൊന്നും മറന്നിട്ടില്ല.
ഇന്ന് നിനക്ക് ഒന്നിനും സമയമില്ല. ഞാനെന്ന ഒരാൾ ഇവിടെ ഉണ്ടെന്നുള്ള കാര്യം പോലും നീ ഓർക്കുന്നുണ്ടോ എന്ന് എനിക്കൊരു പേടിയുണ്ട്. സംസാരിക്കില്ലെങ്കിലും ഒന്ന് വന്ന് എന്നെ കണ്ടു കൂടെ നിനക്ക്? ഒന്നും പറയാതെ, ഒരു കാരണവും കൂടാതെ എന്നെ ഇത്രമാത്രം അവഗണിക്കാൻ നിനക്ക് എങ്ങനെ പറ്റും?
നീ ഇങ്ങനെ ഒന്നും ആയിരുന്നില്ല. ഒന്നുറപ്പാണ്. നീ ഒരുപാട് മാറി. കാരണമെന്തെന്ന് പലവട്ടം ചോദിച്ചിട്ടും നീ ഒന്നും പറയുന്നില്ല. അറിയാൻ എനിക്ക് അവകാശമില്ലേ?ഒന്നുമില്ലെങ്കിലും ഞാൻ ഇങ്ങനെ പിറകെ നടന്ന് കെഞ്ചുന്നത് കാണാൻ പറ്റുന്നില്ലേ നിനക്ക്? നീ ഒരുപാട് മാറി.
എന്തായാലും നിന്റെ കൂട്ടുകാരോട് ഞാൻ എല്ലാം അന്വേഷിക്കുന്നുണ്ട്. നിന്നിലെ ചില മാറ്റങ്ങൾ അവരും ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ഞാൻ അറിഞ്ഞു നീ അവരെയൊന്നും ഒഴിവാക്കിയിട്ടില്ല, ഇപ്പോഴും അവരെ വിളിക്കാറുണ്ട്, അവരൊന്ന് സങ്കടപ്പെട്ടാൽ നീ എല്ലാ തിരക്ക് മാറ്റിവെച്ച് ഓടിച്ചെല്ലാറും ഉണ്ട് . നല്ലതുതന്നെ. നിന്നിലെ ആ നന്മ അറിഞ്ഞ് ആ കൂട്ടുകാർ നിന്നെ ഒത്തിരി അധികം സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം.
അതിൽ എനിക്ക് പരിഭവം ഇല്ല. എന്റെ സങ്കടം പക്ഷെ, നീയെന്താ എന്നോട് മാത്രം ഇങ്ങനെ? എന്തിന് എന്നെ മാത്രം ഇങ്ങനെ വേദനിപ്പിക്കുന്നു? അവരുടെ കൂടെ ഇരിക്കാനും അവരെ പോയി കാണാനും നിനക്ക് സമയമുണ്ട്. പക്ഷെ ഞാൻ ഒന്ന് അടുത്ത് കാണണം സംസാരിക്കണം എന്ന് ആഗ്രഹിച്ച് എത്ര തവണ നിന്നോട് പറഞ്ഞു, എത്ര പേരെ കൊണ്ട് നിന്നോട് പറയിപ്പിച്ചു. അവഗണന ഒരുതരം കൊലപാതകം ആണെന്ന് നിനക്ക് ഇനിയും മനസ്സിലായിട്ടില്ലേ?
ഇല്ല. നിനക്കത് നന്നായിട്ടറിയാം. ഒരിക്കൽ നിന്റെ പ്രിയപ്പെട്ട ഒരാൾ മിണ്ടാതെ മറയത്ത് ഇരുന്നപ്പോൾ നീ അനുഭവിച്ചതല്ല ഇതേ സങ്കടം? അന്നാണ്, നീ ഓർക്കുന്നുണ്ടോയെന്ന് അറിയില്ല, അന്നാണ് നീ എന്നെ പരിചയപ്പെട്ടത്. അന്ന് നീ പറന്നത് ഞാൻ മറന്നിട്ടില്ല… വിട്ടുപോവില്ല എന്നൊരു വാക്ക് നീ എനിക്ക് തന്നിരുന്നു. എന്നിട്ടിപ്പോൾ എന്താ അതേ വേദന നീ എനിക്ക് തരുന്നത്? അത്രയധികം നിന്റെ കൂടെ നിന്നതിന്, സ്നേഹിച്ചതിന് നീ എനിക്ക് തരുന്ന സമ്മാനമാണോ ഇതെല്ലാം?
ഒഴിവാക്കിക്കോ…
പക്ഷേ ഇത്രയധികം എന്നെ മുറിപ്പെടുത്തല്ലേ… നിന്നെ മാത്രം ഓർക്കുന്ന ഒരു ഹൃദയം എനിക്കുണ്ട്. ഇനിയും അതും മിടിക്കുന്നത് നിന്നെ ഓർത്താണ്.
ഇതു നീ വായിക്കുമോ പൂർത്തിയാക്കുമോ എന്നൊന്നും എനിക്കറിയില്ല. ഞാൻ എങ്ങും പോകില്ല കാത്തിരിക്കും. നീ വരണം. ഒരുതവണ വാ…നമുക്ക് എല്ലാം സംസാരിക്കാം. നീ ഇവിടെ എന്റെ അടുത്ത് ഒന്ന് വന്നിരുന്നാൽ മതി. എല്ലാം ശരിയാകും എന്ന് എനിക്ക് ഉറപ്പുണ്ട്. കൂട്ടുകാരോട് പോലും പറയാത്ത പലകാര്യങ്ങളും നീ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഒന്നും മറന്നിട്ടില്ല. അന്ന് പറഞ്ഞത് ഇന്ന് ഞാൻ വീണ്ടും പറയുകയാണ്. നിനക്കെല്ലാം പറയാനും കരയാനും ചിരിക്കാനും ഞാനില്ലേ…. ഉണ്ടെന്ന് നിനക്ക് അറിയാം. പക്ഷേ എന്നിട്ടും നീ ഇന്ന് ഏറ്റവും കൂടുതൽ മാറ്റിനിർത്തുന്നത് എന്നെത്തന്നെയാണല്ലോ..
സാരമില്ല.. ഇത് ആദ്യമായല്ലല്ലോ നീ എന്നിൽ നിന്ന് മാറിനിൽക്കുന്നത്.
എല്ലാ തവണയും നീ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണയും വരും എന്നെനിക്കറിയാം. പക്ഷേ കാത്തിരിക്കുംതോറും നീ എന്നിൽ നിന്ന് വളരെ അകലേക്ക് പോകും പോലെ ഒരു തോന്നൽ, ഒരു പേടിയാണ് എനിക്ക്. അത്കൊണ്ടാ ഞാൻ ഇത്തവണ ഇത്രയും നിർബന്ധം പിടിച്ച് നിന്റെ പുറകെ വരുന്നത്. നീ ഇല്ലാതെ എനിക്ക് പറ്റില്ല… സത്യം.
എന്തോ ഒരു വിഷമം നിന്നെ പിടിച്ചുലയ്ക്കുന്നുണ്ടെന്ന് എനിക്കറിയാം. നീ അത് പറഞ്ഞില്ലെങ്കിലും എനിക്ക് അത് അറിയാം. എനിക്ക് മനസ്സിലാവും. ഒറ്റപ്പെടലും വേദനയും ഒറ്റുകൊടുക്കലുമൊക്കെ ഞാനും അനുഭവിച്ചിട്ടുള്ളതല്ലേ…. എനിക്കറിയാം. എന്തായാലും നീ വാ.. ഇനി അധികം താമസിക്കരുത്
ശരിക്കും നീ വരുന്നതോർത്ത് ഞാനിവിടെ ഒരു സ്വപ്നലോകത്താണ്.. പഴയപോലെ നീയും ഞാനും മാത്രമുള്ള ഒരു സമയത്തെ ഓർത്ത്… നീ വരുമെന്ന് എനിക്ക് അറിയാം. വരണം….
നിനക്ക് ചാരാൻ ഈ തോള് ഇവിടെ എന്നും ഉണ്ടാവും… നിനക്ക് തല ചായ്ച്ച് കരയാൻ ഈ നെഞ്ച് ഇവിടെയുണ്ടാവും… ശാന്തമായി കിടന്നുറങ്ങാൻ എന്റെ മടിത്തട്ടും, നിന്റെ മുടിയിഴകൾ തഴുകാൻ എന്റെ കൈകളും…
പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മ എന്നെ ഇങ്ങനെ ഉറക്കിയിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടുള്ളതാണല്ലോ… നീ മറന്നു കാണും… ആ, ഇപ്പോഴാ ഓർത്തത്..
അമ്മ നിന്നെ പ്രത്യേകം അന്വേഷിച്ചായിരുന്നു. നിന്നെ തിരികെ കൊണ്ടുവരാൻ അമ്മ ഒത്തിരി പരിശ്രമിക്കുന്നുണ്ട്. എപ്പോഴും എന്റെ അടുത്ത് വന്ന് നിന്നെക്കുറിച്ച് പറയും. എത്ര വിഷമം വന്നാലും നീയാ ജപമാല മുടക്കാറില്ലെന്നും, അതുകൊണ്ടുതന്നെ തളർന്നാലും നീ വീണുപോകില്ലെന്നും അമ്മയ്ക്ക് അറിയാം. അമ്മ നിന്നെ എന്റെ അടുത്തേക്ക് കൊണ്ടുവരുമെന്നും എനിക്കറിയാം. അതാണ് ഇപ്പൊ എന്റെ ഒരു വലിയ ആനന്ദം.
എന്തായാലും ഒത്തിരി എഴുതി നേരം പോയി. നാളെ നീ വരണം. എന്നും നമ്മൾ കണ്ടിരുന്ന ആരാധന ചാപ്പലിൽ ഞാൻ ഉണ്ടാവും…. നിന്നെയും കാത്ത്…..
Still… I Love You.
നിന്റെ ഈശോ