ജോസഫ് പാണ്ടിയപ്പള്ളിൽ
നഷ്ടപ്പെട്ടുപോയ മകന്റെ ഉപമ, സ്നേഹനിധിയായ പിതാവിന്റെ ഉപമ, മുടിയനായ പുത്രന്റെ ഉപമ എന്നൊക്കെ വിളിക്കപ്പെടുന്ന ഉപമയാണ് നമ്മളിന്ന് ശ്രവിച്ചത്. മുടിയനായ പുത്രന്റെ കഥ പറയുമ്പോൾ അത് മുടിയയായ പുത്രിക്കും ബാധകമാണ്. എന്നാൽ ഈ ഉപമയെ രണ്ടു സഹോദരങ്ങളുടെ ഉപമ എന്ന് വിളിക്കുന്നതും ഉചിതം. ഈ രണ്ടു മക്കൾ രണ്ട് ആണ്കുട്ടികകളാകാം; രണ്ട് പെൺകുട്ടികളാകാം; ഒരാണും ഒരു പെണ്ണുമാകാമം. രണ്ടു മക്കളുടെ കഥ. മുടിയനായ പുത്രന്റെ ഉപമ എന്നതിന് പകരം സ്നേഹനിധിയായ പിതാവിന്റെ ഉപമ എന്ന പേര് കുറച്ചുകൂടി ചേരും.
മനുഷ്യരോടുള്ള നമ്മുടെ ഇണക്കവും പിണക്കവും ഉടക്കും വഴക്കും എങ്ങനെ പര്യവസാനിക്കാം; എങ്ങനെ പര്യവസാനിക്കരുത് എന്നൊക്കെ പറഞ്ഞു തരുന്ന ഉപമ ആണിത്. ദൈവത്തോടുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്തണം എന്ന് വ്യക്തമാക്കുന്ന ഉപമയും ആണിത്. ഒരു കുടുംബചരിത്രമായി ഈ ഉപമ വ്യാഖ്യാനിക്കാം. മനുഷ്യ ബന്ധങ്ങളുടെയും ദൈവമനുഷ്യ ബന്ധത്തിന്റെയും കഥയായും കരുതാം.
ഈ രണ്ടു പുത്രൻമാരെയും താരതമ്യം ചെയ്യുമ്പോൾ ഒരാൾ നല്ലവനെന്നും മറ്റെയാൾ മോശമെന്നും വിധിക്കാനാകില്ല. രണ്ടു വ്യത്യസ്ത ജീവിത ശൈലി ജീവിച്ചവരായിരുന്നു മൂത്ത പുത്രനും രണ്ടാമത്തെ പുത്രനും. കുടുംബത്തോടും മാതാപിതാക്കളോടും സാഹോദരങ്ങളോടും രണ്ടു വ്യത്യസ്തങ്ങളായ സമീപനരീതിയും ബന്ധവുമായിരുന്നു രണ്ടു പേർക്കും. അവരുടെ ആവശ്യങ്ങളും സ്വപ്നങ്ങളും വ്യത്യങ്ങളായിരുന്നു.
അതുകൊണ്ട് ഇളയവൻ ധൂർത്തപുത്രൻ, മൂത്ത പുത്രൻ മാന്യൻ എന്നിങ്ങനെയുള്ള ചിന്തകൾ ഈ ഉപമയെക്കുറിച്ചുണ്ട്. അതിലൊന്നും കാര്യമില്ല. ഏതു കാര്യം ഒരോരുത്തരും അവനവന്റെ അറിവിന്റെയും നെറിവിന്റെയും വെളിച്ചത്തിലാണല്ലോ വിലയിരുത്തുക.
ഇളയവൻ നഷ്ടപ്പെട്ട താന്തോന്നിയായ പുത്രനും പിതാവിന്റെ കരുണയിലും സ്നേഹത്തിലും തിരിച്ചു വന്നവനും എന്ന പൊതു ചിന്തയും വിമര്ശനവിധേയമാകണം.
ജീവിതത്തിൽ തെറ്റു പറ്റുന്നവരെയും പരാജയങ്ങൾ നേരിടുന്നവരെയും കണക്കുകൂട്ടലുകൾ തെറ്റി എല്ലാം നഷ്ട്ടപ്പെടുന്നവരെയും മുടിയനും നഷ്ടപ്പെട്ടവനും എന്ന് വിളിക്കുന്നതിൽ അപാകതയുണ്ട്. ഒന്നും ചെയ്യാൻ ധൈര്യപ്പെടാതെ സ്വപ്നങ്ങളൊന്നും മെനയാതെ പിതാവിന്റെ ഭവനത്തിൽ ദാസനെപ്പോലെ കഴിയുന്നതിൽ വലിയ മഹത്വമില്ല. ഒത്തിരി സ്വപ്നങ്ങളുമായി ഓടിനടന്നു പ്രവർത്തിക്കുമ്പോൾ കുറെ പരാജയങ്ങൾ സംഭവിക്കാം.
ഉണ്ടായ വിജയങ്ങൾ പരാജയങ്ങളെ അപ്രസക്തമാക്കും. എന്നാൽ ഇളയ പുത്രന്റെ കാര്യത്തിൽ തന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. തൊട്ടതെല്ലാം പരാജയപ്പെട്ടു. ഒപ്പം മോശമായ ജീവിതശൈലി അവനെ തകർത്തുകളഞ്ഞു. എല്ലാ കണക്കുകൂട്ടലുകളും തെറ്റി ഒന്നും ഇല്ലാത്തവനും നിസ്സഹായനുമായ ഇളയ പുത്രൻ പിതാവിന്റെ അടുത്തേക്ക് തിരിച്ചുവരാൻ തീരുമാനിക്കയാണ്.
മാനസന്തരം ജീവിതത്തിന്റെ ഏതു ഘട്ടത്തിലും സാധിക്കും എന്നതുകൊണ്ട് ആരെയും നഷ്ടപ്പെട്ടവൻ എന്ന് വിളിക്കാൻ ആകില്ല.
എല്ലാവര്ക്കും എപ്പോൾ വേണമെങ്കിലും നന്നാക്കാനും ചീത്തയാകാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കിയാലും എപ്പോൾ വേണമെങ്കിലും തുല്യ അവകാശത്തോടെ സമൂഹത്തിലും കുടുംബത്തിലും integrate ചെയ്യാൻ സാധിക്കുമെന്ന് പാഠം കൂടി ഈ ഉപമ തരുന്നുണ്ട്.
ഇതുവരെ എങ്ങനെയാണ് രണ്ടു പുത്രന്മാരും ജീവിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നു എന്നും ഭാവിയിൽ ഈ രണ്ടുപേരും എങ്ങനെ ആയിരിക്കും ജീവിക്കുക എന്നും ചിന്തിക്കുന്നതും ഉചിതമാണ്. മൂത്ത പുത്രനുമായി അനുരഞ്ജനപ്പെടാനുള്ള പിതാവിന്റെ ശ്രമം എങ്ങനെ അവസാനിച്ചു എന്നും പിതാവിന്റെ ആശ്വസിപ്പിക്കുന്ന വസ്തുനിഷ്ഠമായ വാക്കുകൾ മൂത്ത പുത്രനിൽ എന്ത് മാറ്റങ്ങൾ വരുത്തി എന്നും ഉപമയിൽ പ്രതിപാദിക്കുന്നില്ല.
ഒരുപക്ഷെ പിതാവിന്റെ വാക്കുകൾ കേട്ട് മൂത്ത പുത്രൻ വീടിനുള്ളിലേക്ക് കടന്നുവന്നുകൊണ്ട് ആഘോഷത്തെ കുറച്ചുകൂടി ആഘോഷമാക്കിയിരിക്കാം. മറിച്ചു മൂത്ത മകൻ പ്രതിഷേധിച്ചു വീട് വിട്ടുപോയി എന്നും വരാം. അക്കാര്യത്തെക്കുറിച്ചു കൃത്യമായി ഈശോ ഒന്നും പറയുന്നില്ല.
തന്റെ രണ്ടു പുത്രന്മാരും ഏത് രീതിയിൽ ജീവിച്ചാലും എന്തൊക്കെ പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നാലും രണ്ടു പേരും പിതാവിന് ഒരുപോലെ പ്രധാപ്പെട്ടതായിരുന്നു എന്നതാണ് വസ്തുത.
ഭാവിയിൽ അവർ രണ്ടുപേരും പരസ്പരം എങ്ങനെ സഹകരിച്ചു സഹോദര്യത്തോടെ ജീവിക്കും എന്നതിലാണ് കാര്യം.
എല്ലം നശിപ്പിച്ചിട്ട് തിരിച്ചു വന്ന പുത്രന് കിട്ടുന്ന സ്വീകരണം കാണുബോൾ ഒരു പക്ഷെ തോന്നാം കുറച്ചുനാൾ ഉഴപ്പി നശിച്ചിട്ടു തിരിച്ചിവരുന്നത് അത്ര മോശമല്ലല്ലോ എന്ന്. എന്തൊരു സ്നേഹം! എന്തൊരു ആഘോഷം! അതുതന്നെയാണ് മൂത്ത പുത്രനും ഓർത്തത്. എന്നാൽ എല്ലാം നശിപ്പിച്ചിട്ടു തിരിച്ചു വരുന്നതിൽ നാണക്കേടും അപമാനവും മറ്റൊരു ജീവിത ശൈലി സ്വീകരിക്കാനുള്ള നിശ്ചയ ദാർഢ്യവും പിതാവിനോടും ബന്ധുക്കളുടെയും മുഖത്ത് നോക്കാനുള്ള ധൈര്യവും ഒക്കെ ഓർക്കുമ്പോൾ പിതാവൊരുക്കുന്ന ആഘോഷം വളരെ ചെറിയ ഒരംഗീകാരമായി കരുതിയാൽ മാത്രം മതി.
ആഘോഷമൊന്നും ഒരുക്കി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ വീണ്ടും നിരാശനായി വീണ്ടും വിട്ടുപോകാൻ അവനു തോന്നുമായിരുന്നുള്ളു. അതുകൊണ്ടു ആഘോഷം മനസാന്തരത്തിനു ലഭിച്ച ചെറിയൊരു അംഗീകാരം എന്ന് മാത്രം കരുതിയാൽ മതി. കാരണം മാനസാന്തരവും തിരിച്ചുവരവും തിരിഞ്ഞുനടപ്പും ഒട്ടും എളുപ്പമുള്ള വഴിയല്ല. മാത്രമല്ല ആഘോഷിക്കുന്നത് പിതാവും പിതാവിന്റെ ഭവനത്തിൽ ഉള്ളവരും ആണ്. അവരുടെ സന്തോഷത്തിന്റെ പ്രകടനമാണ് അത്. ഇളയ പുത്രൻ അതിനു കാരണമായി.
ആഘോഷങ്ങൾ ജീവിതത്തിൽ ആവശ്യമായ കാര്യമാണ്. പിതാവുമായി തെറ്റിപ്പിരിഞ്ഞിട്ടു തിരിച്ചു വരൻ ഇളയ പുത്രന് എന്ത് മാത്രം പ്രയാസമുണ്ടായിരിക്കും എന്ന മനസിലാക്കാൻ നമുക്ക് ചിലോരോടൊക്കെ മിണ്ടാൻ എന്ത് പ്രയാസമുണ്ടെന്നും ചിലരെയൊക്കെ സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും ലിസ്റ്റിൽ നിന്നും പുറത്താക്കിയിട്ടു വീണ്ടും രമ്യപ്പെടാൻ എന്ത് മാത്രം പ്രയാസമുണ്ടെന്നും ഓർത്താൽ മതി. മാത്രമല്ല ചിലരെയൊക്കെ നമ്മൾ നിത്യതമായി പുറത്താക്കിയിരിക്കയാണ്.
ഒരീക്കലും അവർക്കൊക്കെ മനസ്സിൽ ഇരിപ്പിടം കൊടുക്കാൻ ഇതുവരെ നമുക്ക് ഒരു പ്ലാനുമില്ല. നമ്മളതിന് തറ്റാറാകുമോ എന്ന ചോദ്യം തന്നെയാണ് ഇളയ പുത്രയും അഭിമുഖീകരിച്ചത്. തിരിചുവരവിലൂടെ ഉത്തരം പല എളിമപ്പെടലും അതിജീവിച്ചു മാതൃക ആയിരിക്കയാണ് ഇളയ പുത്രൻ. അതുകൊണ്ട് ഒരാഘോഷം എന്തുകൊണ്ടും യുക്തമാണ്.
അസൂയാലുവായ മൂത്ത പുത്രന്റെ ഉപമ എന്ന് ഇതുവരെ ആരും ഈ ഉപമയെ വിളിച്ചു കേട്ടില്ല. അങ്ങനെയൊരു പേരിൽ ഈ ഉപമ അറിയപ്പെടുന്നതിലും തെറ്റില്ല. കാരണം എല്ലാം തന്റേതാണെന്നറിയാതെ പിതാവിന്റെ ഭവനത്തിൽ അന്യനായി കഴിഞ്ഞവനായിരുന്നു മൂത്ത പുത്രൻ. പിതാവിന് പ്രിയപ്പെട്ടവനാണ് താനെന്ന് അവനറിയാതെ ജീവിച്ചു. പല മാതാപിതാക്കളും പല മക്കളും ഇന്നനുഭവിക്കുന്നതും അതുതന്നെ. ധൂർത്തനായ പുത്രൻ തന്റെ ആരെന്ന കാര്യവും മൂത്ത പുത്രൻ മറന്നു.
ഈ ഉപമയിൽ പിതാവ്, മൂത്ത പുത്രൻ ഇളയ പുത്രൻ എന്നീ മൂന്നു കഥാപാത്രങ്ങളാണുള്ളത്. അവരിൽ ആരുടെ സ്ഥാനത് നമ്മളെ പ്രതിഷ്ഠിക്കാൻ സാധിക്കും. മൂത്തവന്റെ സ്ഥാനത്തോ ഇളയവന്റെ സ്ഥാനത്തോ അതോ പിതാവിന്റെ സ്ഥാനത്തോ. ഒരു പക്ഷെ പലപ്പോഴായി ഈ മൂന്ന് റോളുകളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും . ചിലർ എന്നും ദൂർത്തനും ചിലർ എന്നും മൂത്തവനും ആയിരിക്കും. എന്നാൽ എന്നും പിതാവിനെപ്പോലെ ആയിരിക്കുന്നതാണ് മനോഹരം. അതിനുള്ള കൃപ ആശംസിക്കുന്നു.
കൈത്തകാലം രണ്ടാം ഞായർ: ലൂക്ക 15:1-32