ജിൽസ ജോയ്
സോഷ്യൽ മീഡിയയെക്കുറിച്ച് നെഗറ്റീവ്സ് ആണ് കൂടുതൽ പറയപ്പെടുന്നതെങ്കിലും ചില അവസരങ്ങളിൽ കക്ഷി പലരുടെയും തുണക്കെത്താറുണ്ട്. അത്തരമൊരു സംഭവം ആണ് ചവിട്ടേറ്റ ആ പാവം കുഞ്ഞിന്റെ കാര്യത്തിലും. സംഭവം ക്യാമറയിൽ കുടുങ്ങുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തില്ലെങ്കിൽ ഇതൊന്നും ആരുമറിയാതെ പോയേനെ. കേസ് ആവുക പോലുമില്ലായിരുന്നു.
ഓർത്തുപോവാണ് എത്രയോ കുടുംബങ്ങളിൽ, നിരത്തുകളിൽ, സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങൾ യാതന അനുഭവിക്കുന്നുണ്ടാവും ആരുമറിയാതെ. എന്താണ് മനുഷ്യത്വം എന്ന് പറയുന്നത് ചില മനുഷ്യർക്കില്ലാതെ പോകുന്നതാവോ. ജപമാല മധ്യസ്ഥപ്രാർത്ഥനക്കിടയിൽ ഓർക്കാറുള്ള ഒരു വിഭാഗമാണ് ആരും തുണയില്ലാതെ പട്ടിണി കിടക്കുന്ന, യാതന അനുഭവിക്കുന്ന കുഞ്ഞുങ്ങൾ.
ചാരി നിന്ന് ഇതുപോലെ ഒരു പണി കിട്ടിയ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ലോകത്ത് എന്ത് നടന്നാലും ആത്മകഥ പറഞ്ഞ് വെറുപ്പിക്കും എന്ന് പറയാൻ സാധ്യതയുണ്ട് എല്ലാരും. സോറി, ഓരോന്ന് ഓർമ വരുമ്പോ എഴുതിപോകുന്നതാ. വേദനിക്കുന്നവരോടൊത്തു വേദനിക്കാനുള്ള മനസ്സുണ്ടാവാനും ക്ഷമ പഠിപ്പിക്കാനും ഒക്കെയായി ആണോ, ന്തോ സഹനങ്ങൾക്ക് ലൈഫിൽ കുറവൊന്നുമുണ്ടാവാറില്ല.
വിവാഹം കഴിഞ്ഞ് ദുബായിൽ വന്നിട്ട് ആദ്യമായി ജോലിക്ക് കേറിയ സമയം. ഇരുപത്തൊന്നാം വയസ്സിലാണ് ഒരു well known മണി എക്സ്ചേഞ്ചിൽ ജോലിക്ക് കയറുന്നത്. എല്ലാറ്റിലും പേടിയും പരിഭ്രമവവുമാണ് അപ്പൊ. എന്റെ മാനേജർ ആണെങ്കിൽ ഒരു കലിപ്പനും. അത് പോരളിയാ? ഒരു പുതിയ സ്റ്റാഫ് ജോലിക്കെത്തുമ്പോൾ സാധാരണ എല്ലായിടത്തും അവരോട് കുറച്ചു അനുഭാവപൂർവ്വം ഒക്കെ പെരുമാറില്ലേ? ഇവിടെ, മാനേജർക്ക് പുതിയ സ്റ്റാഫ് എന്നുവെച്ചാൽ ശത്രുക്കളാണ്. മെനക്കെടുത്താനായി വന്ന ജന്തുക്കൾ! എന്ന ഭാവം. കാരണം മണി എക്സ്ചേഞ്ച് ആയതുകൊണ്ട്, പണി ശരിക്ക് പഠിച്ചെടുക്കുന്നതുവരെ നമ്മൾ ചെയ്യുന്ന മിസ്റ്റേക്ക്സ് സോൾവ് ആക്കേണ്ടത് അവരല്ലേ. അതും തെറ്റ് പറ്റിയാൽ ഗമണ്ടൻ മിസ്റ്റേക്ക്സ് ആയിരിക്കും.
സൗത്ത് പറവൂരിലെ ബാങ്കിലേക്ക് പോവേണ്ട പൈസ നോർത്ത് പറവൂരിലേക്ക് പോകും. അക്കൌണ്ട് നമ്പർ ഒന്ന് തെറ്റിയാലോ കാനറാ ബാങ്കിന് പകരം ഫെഡറൽ ബാങ്കിന്റെ കോഡ് കൊടുത്താലോ ഒക്കെ, അയച്ച പൈസ വല്ലയിടത്തും ചെന്ന് കിടക്കും.
അന്നൊക്കെ തെറ്റി ഒരു ബാങ്കിലേക്ക് പോയ പൈസ തിരിച്ചു കിട്ടുക എന്ന് വെച്ചാൽ കുറെ നാളത്തെ പണിയാണ്. ഉൾപ്രദേശത്തെ ബാങ്കുകളിലൊന്നും ഇന്റർനെറ്റ് സൗകര്യം ആയിട്ടില്ല. നോർത്ത് ഇന്ത്യയിൽ ഒക്കെയാണെൽ പറയേം വേണ്ട. ബാങ്കിലേക്ക് ഫോൺ വിളിച്ചും മുറി ഹിന്ദിയൊക്കെ പറഞ്ഞും നമ്മൾ ഒരു വഴിയാവും.
പൈസ തിരിച്ചു കിട്ടി വരുമ്പോഴേക്കും, അത്യാവശ്യത്തിനു വീട്ടിലേക്ക് അയച്ചിട്ടു കിട്ടിയില്ലെന്നും പറഞ്ഞ് അയച്ചവന്റെ തെറി കേട്ടു ചെവിക്ക് ഒരു പതം വന്നിട്ടുണ്ടാവും. ഇപ്പോൾ കാര്യങ്ങളൊക്കെ കുറെ ഭേദമാണ് കേട്ടോ. അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റാണെങ്കിൽ, പൈസ reject ആവലും resend ചെയ്യലും ഒക്കെ കുറേകൂടി ഫാസ്റ്റ് ആണ്. ഇങ്ങനൊക്കെ ആയതുകൊണ്ട് തെങ്കാശിപ്പട്ടണം സിനിമയിൽ പറയും പോലെ ‘പുതുതായി ചവിട്ടു കൊള്ളാൻ ചെന്ന ആളായിരുന്നു ഞാൻ ‘ മാനേജറിന്റെ. ആള് മാഗ്ലൂരിയൻ ആണേലും മലയാളം അറിയാം.
അന്നൊക്കെ ആണേൽ ഫുൾ ടൈം നിൽപ്പാണ് സ്റ്റാഫ് എല്ലാം ഓഫീസിൽ . മാനേജറിനു മാത്രം ഓഫീസിന് നടുവിലായി ഒരു മേശയും കസേരയും, പിന്നെ cash കൌണ്ടറിൽ ഉള്ളവർക്കും ഇരിക്കാം. ബാക്കിയുള്ളവർ കുത്തിപ്പിടിച്ചു നിൽപ്പ് തന്നെ. ആദ്യമൊക്കെ എനിക്ക് കാലുവേദന ആയിരുന്നു. അങ്ങനെയുള്ള ഒരു ദിവസം ആണ് കുറച്ചു ഫ്രീ ടൈം കിട്ടിയപ്പോൾ ബോധമില്ലാതെ ഞാൻ കലിപ്പൻ മാനേജറിന്റെ മേശയിൽ ചാരി നിന്നത് കാല് കഴച്ചപ്പോൾ.
ഇപ്പൊ കിട്ടും, ഇപ്പൊ കിട്ടും എന്ന് ചുറ്റുമുള്ള സ്റ്റാഫ് അടക്കം പറയുന്നത് ഞാൻ അറിയുന്നില്ല.
എന്തോ ആലോചിച്ചു നിൽപ്പാണ്. ഭാഗ്യത്തിന് കുഞ്ഞിനെ ചവിട്ടിയ പോലെ ചവിട്ടൊന്നും കിട്ടിയില്ല എനിക്ക് . ‘ജിൽസ’ എന്ന് ഉറക്കെയുള്ള വിളിയിൽ ഞാൻ ഞെട്ടിപ്പോയി. ” What nonsense is this ? ” -ന്നു ചോദിച്ചപ്പോൾ ഞാൻ ദയനീയമായി പറഞ്ഞു, ‘മ്മ്ഹും Nothing ‘ പിന്നങ്ങോട്ട് തുടങ്ങി ശകാരവർഷം. അന്നുണ്ടായ ഒരു ഞെട്ടലും മനസ്സിനേറ്റ മുറിവും. ഹോ! കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസ് റിനോവേറ്റ് ചെയ്ത് എല്ലാ സ്റ്റാഫിനും കസേരയൊക്കെ കിട്ടി ഇരിക്കാമെന്നായി. മാനേജർ ഒരു റൂമിലായി. എങ്കിലും ഇന്റർകോമിലൂടെ വിളിപ്പിച്ച് നല്ല ഡോസ് തരുന്നതിനും ‘കടക്കു പുറത്ത്’ എന്ന ആക്രോശത്തിനും കുറവൊന്നുമില്ലായിരുന്നു.
ആ ബ്രാഞ്ചിൽ ഉണ്ടായിരുന്ന മൂന്നര കൊല്ലം നന്നായി തന്നെ അനുഭവിച്ചു. പിന്നെ വേറെ ബ്രാഞ്ചിലേക്ക് പോയിട്ടാണ് ഒന്ന് ശ്വാസം നേരെയായത് എന്ന് പറയാം.
പിന്നീട് ഞാൻ സൂപ്പർവൈസറും കമ്പനിയുടെ Authorized Signatory -യും പലപ്പോഴും ബ്രാഞ്ച് ഇൻചാർജും ഒക്കെ ആയി. എനിക്കുണ്ടായ ദുരനുഭവം പിന്നീട് പുതിയതായി വരുന്ന സ്റ്റാഫുകൾക്ക് ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും മനുഷ്യത്വത്തോടെ പെരുമാറിയാൽ ഈ ലോകം എത്ര സുന്ദരമായിരിക്കും, ല്ലേ? മ്മടെ സൂസമ്മ ടോക്ക്സിൽ ആള് അവസാനം പറയും പോലെ, Let’s bring back humanity. എന്തിനാന്നേ ചുമ്മാ മനുഷ്യരെ വേദനിപ്പിക്കുന്നെ. പ്രത്യേകിച്ച് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ!