Augustine Christi PDM
സ്കൂളിൽ പഠിക്കുമ്പോൾ മനസ്സിനെ മടുപ്പിക്കുന്ന സന്ദർഭമുണ്ടാകുമ്പോൾ എനിക്കുണ്ടായിരുന്ന ആദ്യത്തെ പ്രത്യാശ വൈകുന്നേരം ഒരുമിച്ചു കൂടുന്ന കൂട്ടുകാരുടെ സാന്നിധ്യമായിരുന്നു. വൈകുന്നേരമാകുമ്പോൾ എന്റെ വീടിന്റെ മുൻപിൽ ഞാൻ ഇറങ്ങി നിൽക്കും. കവലയിലേക്ക് പോകുന്ന പരിചയക്കാരോട് അല്പസമയമെങ്കിലും സംസാരിച്ചിട്ടേ വിടാറുള്ളു. ബൈക്കൊക്കെ നിർത്തിച്ചു വണ്ടി ഒതുക്കി സംസാരം കഴിഞ്ഞേ ഞങ്ങൾ പിരിയാറുള്ളു.
ഒരു ആറ് ആറരയ്ക്ക് തുടങ്ങിയാൽ സന്ധ്യാപ്രാർത്ഥനയ്ക്ക് മമ്മി വിളിക്കുന്നവരെ അവിടെ ഒരു സദസ്സ് തന്നെയുണ്ടാകും. പയ്യെപ്പയ്യെ അത് നിന്നു. സമയം കിട്ടാതെയായി. പഠനത്തിനും ജോലിക്കുമായി നാട് വിട്ടു. അന്നേരവും പക്ഷേ മനസ്സ് മടുപ്പിക്കുന്ന അവസ്ഥയ്ക്ക് മാത്രം കുറവില്ലാതെയായി. അന്നേരം കോളേജ് പ്രോഗ്രാമുകൾ, സിനിമ, ഭക്ഷണം, ഫോൺ എന്നിവയായിരുന്നു പ്രത്യാശ.
അതിനിടയിലാണ് യേശുവിനെ കണ്ടുമുട്ടുന്നത്. ചില പരാജയങ്ങളാണ് അതിന് വേദിയൊരുക്കിയത്. അന്നുവരെ സായാഹ്നങ്ങൾ മറ്റുപലതുകൊണ്ടും നിറച്ചിട്ടുണ്ടെങ്കിലും യേശുവിന്റെ അടുത്തുവന്നപ്പോഴാണ് സ്ഥായിയായ – അതായത് നിലനിൽക്കുന്ന സന്തോഷം അനുഭവിക്കാൻ തുടങ്ങിയത്. പ്രത്യാശ അനുദിനം വർധിച്ചത്. മറ്റെന്തിനും നിലനിൽപ്പുണ്ടായിരുന്നില്ല. യേശുവിൽ എത്തിയശേഷം അങ്ങനെയായിരുന്നില്ല.
ആ പ്രത്യാശയും ആനന്ദവും നാൾക്കുനാൾ വർധിക്കുകയാണുണ്ടായത്. പ്രശ്നങ്ങളെ എങ്ങനെ കാണണമെന്നും പരിഹരിക്കണമെന്നും പഠിച്ചത് അതിനുശേഷമാണ്.
ഇത് ഞാൻ പറയുന്നത്, യേശുവിനെ കണ്ടെത്തിയാൽ മറ്റെല്ലാം ഉപേക്ഷിക്കണമെന്നല്ല. ലോകത്തിനൊന്നും തരാനാകാത്തത് യേശുവിനു തരാനാകും എന്നസത്യമാണ്. യേശുവിനോട് അടുക്കുമ്പോൾ സമൂഹമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കണം എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്.
ദൈവത്തെ സ്നേഹിക്കുമ്പോഴാണ് സമൂഹത്തെ നന്നായി സ്നേഹിക്കാൻ നമുക്ക് പറ്റുന്നത്. ദിവസവും മണിക്കൂറുകൾ ദിവ്യനാഥനുമായി ലയിച്ചിരുന്നതിനാലാണ് ചെളിപുരണ്ട ചേരികളുടെ ഗന്ധം തെല്ലുപോലും പിന്തിരിപ്പിക്കാതെ മുൻപോട്ടു കുതിക്കാൻ വിശുദ്ധ മദർ തെരേസയെ പ്രേരിപ്പിച്ചത്. ഇവിടെ ഇങ്ങനെ ജീവിച്ചു മരിച്ചു ലോകത്തിന്റെ ട്രെൻഡ് മാത്രം ആസ്വദിച്ച് പോകാനല്ലാ നമ്മുടെ വിളി. യഥാർത്ഥ ആനന്ദം നാം കണ്ടെത്തേണ്ടത് ലോകത്തിൽ നിന്നല്ല. യേശുവിനാണ് യഥാർത്ഥ ആനന്ദത്തിലേക്ക് അതിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കുന്നത്.
ഈ ലോകത്തിനു നമ്മൾ അനുരൂപരാകരുത്. ഇത് നീ എന്ന് മനസ്സിലാക്കുന്നുവോ അന്ന് നീ നിത്യജീവനിലേക്ക് അടുത്തുതുടങ്ങി എന്ന് മനസ്സിലാക്കുക.
“നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.” [റോമാ 12:2]