വലിയശനി എന്നത് പരിത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിനങ്ങളായ നോമ്പുകാലത്തിന്റെ അവസാനം കുറിക്കുന്ന ദിനവും അതോടൊപ്പംതന്നെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളായ ഉയിര്‍പ്പുകാലത്തിലേക്ക് നയിക്കുന്ന ദിനവുമാണ്. ഇന്നത്തെ ആരാധനക്രമത്തില്‍ മൂന്ന് പ്രധാനകര്‍മ്മങ്ങള്‍ നാം അനുഷ്ടിക്കുന്നുണ്ട്.
1-മിശിഹാ ലോകത്തിന്റെ പ്രകാശമാണെന്ന് അനുസ്മരിച്ചുകൊണ്ട് നാം തിരി തെളിക്കുകയും ആ കര്‍മ്മത്തിലൂടെ ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. 2- ആദിമ സഭയിലെ ജ്ഞാനസ്നാന ക്രമത്തെ അനുസ്മരിച്ചുകൊണ്ട് നാം നമ്മുടെ ജ്ഞാനസ്നാന വ്രതം നവീകരിക്കും. 3-ജ്ഞാനസ്നാനത്തിന്റെ അവിഭാജ്യഘടകമായ അനുരഞ്ജത്തിന് തയാറാണെന്ന് കാണിക്കാന്‍ നാം നമ്മുടെ പാപങ്ങല്‍ ഏറ്റുപറയുകയും മറ്റുളളവരുമായി രമ്മ്യയപ്പെടുകയും ചെയ്യും.
വി. യോഹന്നാന് തന്റെ സുവിശേഷത്തില്‍ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത് എല്ലാവരെയും പ്രകാശിപ്പിക്കുന്ന വെളിച്ചമായിട്ടാണ് (1.9). ക്രിസ്തുവിന്റെ വെളിച്ചത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ലോകത്തിന്റെ വെളിച്ചമാകാനുളള വിളിയാണ് ഓരോ ക്രിസ്ത്യാനിയും സ്വീകരിച്ചിരിക്കുന്നത് (മത്തായി 5.14). ഈ വെളിച്ചത്തില്‍ പങ്കുപറ്റാന്‍ സാധിക്കണമെങ്കില്‍ ക്രിസ്തുവിനോടൊത്ത് മരിക്കാന്‍ (മാമോദീസ മുങ്ങാന്‍) നാം തയ്യാറാകണം: എനിക്ക് ഒരു മാമോദീസാ മുങ്ങുവാനുണ്ട് അത് നിവര്‍ത്തിയാകുവോളം ഞാന്‍ അസ്വസ്ഥനായിരിക്കും… (ലുക്കാ 12.50).
ക്രിസ്തുവിന്റെ സഹനത്തെ അവന്റെ മാമോദീസയായികണ്ട വി. പൗലോസ് ക്രിസ്തീയ മാമോദീസാ എന്നത് ക്രിസ്തുവിന്റെ പെസഹാ രഹസ്യത്തിലുളള പങ്കുചേരലാണ് എന്നു കരുതി: ”യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് നാംമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്… (റോമ 6.3-4). ഇന്നും, നൂറ്റാണ്ടുകള്‍ക്കുശേഷവും, ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഒരു മനുഷ്യന് ക്രിസ്തുവിന്റെ പീഡാനുഭവ- മരണ -ഉത്ഥാനങ്ങളില് പങ്കുചേരാന്‍ കഴിയുമെന്ന മഹാ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് വി. പൗലോസ്.
ഈ വലിയ ദൈവശാസ്ത്രതത്വം പഠിപ്പിക്കാനാണ് ആദിമ സഭയില്‍ വലിയ ശനിയാഴ്ചമാത്രം ജ്ഞാനസ്നാനം നല്‍കിയിരുന്നത്. അതായത് ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനുമിടയിലുളള ഏക ദിനമാണത്. ഈ ജ്ഞാനസ്നാനത്തിലൂടെ വിശ്വാസി ഭൂമിക്കടിയില്‍ വസിച്ച കര്‍ത്താവിനോട് താതാത്മ്യപ്പെടുന്നു. ഈ മരണത്തിലൂടെ അവന് ഉത്ഥാനത്തിന് അര്‍ഹനാവുകയും ചെയ്യുന്നു. അങ്ങനെ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനോടൊത്ത് പുതുജീവിതത്തിന് അവന് ഒരുങ്ങുന്നു.
ഈ മഹാ രഹസ്യത്തെ അനുസ്മരിപ്പിക്കാന്‍ ആദിമസഭ അര്‍ത്ഥിയെ ജലത്തില്‍ മുക്കിയാണ് സ്നാനം നല്‍കിയിരുന്നത്. ജലത്തിലേക്ക് ഇറങ്ങുന്നവന് മരിച്ച് ഭൂമിയില്‍ അടക്കപ്പെടുന്ന കര്‍ത്താവിനോട് ഒന്നായി തിരുന്നു. ജലത്തില്‍ നിന്ന് പുറത്തുവരുന്നവന് കര്‍ത്താവിനോടൊത്ത് ഉയര്ത്തതിനാല് പുതുജീവന്‍ അര്‍ഹനാകുന്നു: ”ഉറങ്ങുന്നവനെ ഉണരുക; മരിച്ചവരില്‍ നിന്ന് എഴുന്നേല്ക്കുക; ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും” (എഫേ 5.14).
മാമോദീസാവഴി ക്രിസ്തുവിന്റെ മരണോത്ഥാനങ്ങളില്‍ പങ്കാളിയാകുന്ന ശിഷ്യന് ക്രസ്തുവിനാല് പ്രകാശിതനാകുന്നവനാണ്. ലോകത്തിന് മരിച്ചവന് ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ജീവിക്കുന്നവനാണ് (കോളോ 2.12). ഈ മരണത്തിലൂടെ അവന് ക്രിസ്തുവിന്റെ മൗതിക ശരിരത്തിലേക്ക് പ്രവേശിക്കുകയാണ് (1കോറി 12.13). അതുവഴി അവന് ക്രിസ്തുവിനെ ധരിക്കുകയാണ് (ഗലാ 3.27). ഇപ്രകാരമുളള മാമോദീസാ സ്വീകരിക്കുന്നില്ലങ്കില്‍ ഒരുവന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല (യോഹ 3.5) കാരണം ക്രിസ്തുവെന്ന ഏക വഴി മാത്രമേ ദൈവരാജ്യത്തിലേക്കുളളു.
മാമോദീസായിലൂടെ നാം പുതിയ വെളിച്ചത്തിലേക്ക് വിളിക്കപ്പെട്ടവരാണ്: ”നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട് വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍ അന്ധകാരത്തില്‍ നിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ നന്മകള് പ്രകീര്‍ത്തിക്കണം” (1പത്രോസ് 2.9).
ആദിമസഭ ക്രിസ്തുവിനെ പ്രകാശമായി കണ്ടതും അവനാല്‍ പ്രകാശിപ്പിക്കപ്പെട്ട് പുതുജീവന്‍ പ്രാവിക്കുന്നവനാണ് ക്രിസ്ത്യാനിയെന്ന് ചിന്തിക്കാന്‍ തുടങ്ങിയതും പഴയ നിയമത്തിലെ ഇസ്രയേല്‍ ജനത്തിന്റെ ദൈവാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്.
ഈജിപ്തില്‍ നിന്ന് ജനത്തെ മോചിപ്പിച്ചതിനുശേഷം അഗ്നിസ്തംഭമായി ദൈവം ഇസ്രയേലിനെ നയിച്ചിരുന്നു. ആ വെളിച്ചത്തില്‍ അവര്‍ പ്രകാശിതരാവുകയും ശത്രുക്കളില്‍ നിന്ന് രക്ഷനേടുകയും ചെയ്തു: ”അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റ് മോശയോട് ചേര്‍ന്നു” (1കോറി 10.2) എന്നാണ് വി. പൗലോസ് പറയുന്നത്. അങ്ങനെ മോശയോടും പ്രകാശമായ ദൈവത്തോടും ചേര്‍ന്നുനിന്ന ജനം രക്ഷനേടുകയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി സീനായ മലയില്‍വെച്ച് ജനന്മമെടുക്കുകയും ചെയ്തു.
അവിടെ വെച്ച് തന്റെ നിയമം നല്‍കികൊണ്ട് ദൈവം അവരെ സ്വന്തമാക്കി തങ്ങഴുടെ രക്ഷകനായ ക്രിസ്തുവിനെ ദൈവമായി കണ് ട സഭ അവനെ പ്രകാശമായി പ്രഘോഷിക്കുകയാണ് വലിയ ശനിയാഴ്ച ചെയ്യുന്നത്. പുതിയ ജനമാകാനുളള മരുഭൂമിയിലെ സ്നാനം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ദൈവവുമായുളള ഒരു ഉടമ്പടിയായിരുന്നു. ദൈവപ്രമാണം പാലിക്കുക എന്നതായിരുന്നു ഈ ഉടമ്പടിയുടെ വ്യവസ്ത. സഭയും മാമോദീസാ എന്ന ഉടമ്പയിലൂടെ ക്രിസ്തുവിന്റെ മൗതിക ശരീരത്തില്‍ അംഗമായിതിരുന്നവന് ഒരു കല്പന നല്‍കുന്നുണ്ട് അതാണ് കര്‍ത്താവിന്റെ സ്നേഹത്തിന്റെ പുതിയ പ്രമാണം (യോഹ 13.34-35).
ദൈവവുമായുളള ഉടമ്പടിക്ക് മുമ്പ് ഇസ്രായേല്‍ ജനം സ്വയം ശുദ്ധീകരിച്ചതുപോലെ(പുറ 19.10) ക്രിസ്തുവുമായി ഉടമ്പടിയില്‍ പ്രവേശിക്കുവാന്ആഗ്രഹിക്കുന്നവന്, ക്രിസ്തുവിനാല്‍ പ്രകാശിതനാകാന് ആഗ്രഹിക്കുന്നവന് സ്വയം വിശുദ്ധീകരിക്കുകയും അനുതപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും മറ്റുളളവരോട് ക്ഷമിക്കുകയും വേണം. ഈ രഹസ്യങ്ങളെല്ലാം അനുസ്മരിച്ചുകൊണ് ടാണ് ആദിമസഭയിലെപ്പോലെ നാം പാപങ്ങള്‍ ഏറ്റുപറയുന്നതും ജ്ഞാനസ്നാന വ്രതം നവീകരിക്കുന്നതും.
വിശുദ്ധ ഗ്രിഗറി നസ്സിയാന്ണ് മാമോദീസായെകുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ദൈവത്തിന്റെ ഏറ്റവും മനോഹരവും മഹത്തരമായ ദാനമാണ് മാമോദീസ. നാം അതിനെ ദാനമെന്നും കൃപയെന്നും അഭിഷേകമെന്നും ജ്ഞാനോദയമെന്നും നിത്യതയുടെ വസ്ത്രമെന്നും നവജനനത്തിന്റെ സ്നാനമെന്നും മുദ്രയെന്നും വിളിക്കുന്നു: അത് ദാനമാണ് കാരണം അത് സ്വന്തമായി ഒന്നുമില്ലാത്തവനാണ് നല്കപ്പെടുന്നത്; അത് കൃപയാണ് കാരണം പാപികള്‍ക്കുപോലും അത് നല്കപ്പെടുന്നു;
അത് സ്നാനമാണ് കാരണം അത് പാപത്തെ ജലത്താല്‍ കഴുകി വിശുദ്ധികരിക്കുന്നു; അത് അഭിഷേകമാണ് കാരണം അത് രാജകീയ- പൗരോഹിത്യ ധര്‍മ്മത്തിനായി ഒരുവനെ അഭിഷേകം ചെയ്യുന്നു.; അത് ജ്ഞാനമാണ് കാരണം അത് മനുഷ്യെ പ്രകാശിപ്പിക്കുന്നു. അത് വസ്ത്രമാണ് കാരണം അത് നമ്മുടെ അപമാനത്തെ മറയ്ക്കുന്നു; അത് മുദ്രയാണ് കാരണം അത് ദൈവത്തിന്റെ നമ്മുടെമേലുളള അധികാരത്തെ ചൂണ്ടികാണിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
നമ്മിലുളള അന്ധകാരത്തിന്റെ തലങ്ങളേതെന്നും മരണം ആവശ്യമായ മേഘലകള്‍ ഏവയെന്നും നമുക്ക് ആത്മശോധന ചെയ്യാം. യഥാര്‍ത്ഥമായ അനുതാപവും അനുരഞ്ജനവും ആവശ്യപ്പെടുന്ന മൃത്യുവരിക്കാന് നമുക്ക് തയ്യാറാകാം. അപ്പോള്‍ ക്രിസ്തു നമ്മെ പ്രകാശിപ്പിക്കുകയും പുതുജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും.
ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസം. സാധ്യമായ വിധത്തിൽ ഈ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ദൈവപുത്രന്റെ ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. വിശുദ്ധ ശനിയുടെ ആത്മീയത കുറേക്കൂടി നിശ്ശബ്ധമാകാനുള്ള ക്ഷണമാണ്. ക്രിസ്തു അതുകൊണ്ടായിരിക്കാം മരുഭൂമിയിലേക്ക് പോയത്. മരുഭൂമി നിശ്ശബ്ധതയെ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയാണ്.
നഗരം ഹൃദയമില്ലാത്ത ഒരാരവം മാത്രമാണെന്ന് ഗുരുക്കന്മാര്ക്കറിയാം. നിശ്ശബ്ദതയില്‍ മൂന്നു കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആദ്യത്തെത് സ്വയം കണ്ടെത്തലാണ്. കലക്കവെള്ളത്തിലെങ്ങനെ മുഖം നോക്കാനാവുമെന്നു മരുഭൂമിയിലെ പിതാക്കന്മാര്. മൗനം ഒരു കണ്ണാടിയാണ്. സ്വയം കണ്ടെത്താനും തിരുത്താനുമുള്ള ദര്‍പ്പണം. മൗനം ആരെയും മുനിയാക്കും. രണ്ടാമതായി മൗനം ബന്ധങ്ങള്‍ ദൃഡമാക്കും. പറയുന്നത് മാത്രം കേള്‍ക്കുന്ന ബന്ധങ്ങള്‍ക്ക് അധികം ആയുസ്സില്ല.
നിനക്ക് നിശ്ശബ്ദതയുടെ സൗന്ദര്യം അറിയില്ലെങ്കില്‍ പ്രണയിക്കുന്നവരോട് ചോദിക്കൂ, അവര്‍ പറയും നിശ്ശബ്ദതയുടെ സംവേദനങ്ങളെപ്പറ്റി. മൂന്നാമതായി ദൈവത്തിന്റെ മൃദുമന്ത്രണങ്ങള്‍ കേള്‍ക്കണമെങ്കിലും നിശ്ശബ്ദതരാകാതെ തരമില്ല. ശാന്തമാവുക ഞാന്‍ ദൈവമാനെന്നറിയുക എന്ന് ബൈബിള്‍. ലോകത്തോട് നിങ്ങള്‍ക്ക് പുലര്‍ത്താവുന്ന ഏറ്റവും വലിയ അനുഭാവമാണ് നിശ്ശബ്ദത. പരുക്ക് പറ്റിയ മനുഷ്യരെ നിങ്ങളുടെ ഭാഷണങ്ങള്‍ കൊണ്ട് കൂടുതല്‍ ഭാരപ്പെടുത്തരുത്.
പരീക്ഷയില്‍ തോറ്റ നിങ്ങളുടെ കുഞ്ഞുമകളെ വെറുതെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുക – ഒരു വാക്കും പറയാതെ. ഇതിന്റെയര്‍ത്ഥം മിണ്ടരുതെന്നല്ല. മിണ്ടാം. നിങ്ങളുടെ വാക്കുകള്‍ക്ക് മൗനത്തേക്കാള്‍ സുഗന്ധവും പ്രകാശവുമുണ്ടെങ്കില്. അപ്പോള്‍ പര്‍വ്വതം സമതലത്തോട് സംസാരിക്കുന്നതുപോലെയെന്തോ ഒന്ന് സംഭവിക്കുന്നു.