ഈജിപ്തിലെ സ്യൂയസ് കനാൽ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന ഇസ്മായീലിയയിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു, 1928 ൽ കേവലം 22 വയസ്സുകാരനായിരുന്ന ഹസ്സൻ അൽ ബന്ന. ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ നടന്നുവന്നിരുന്ന ഈജിപ്തിന്റെ പാശ്ചാത്യവൽക്കരണത്തിൽ ഏറെ അസ്വസ്ഥനായിരുന്നു ബന്ന. 1924 ൽ തുർക്കി ഖാലിഫേറ്റ് നിർത്തലാക്കിയ അട്ടാത്തുർക്കിന്റെ നടപടി അന്നു വിദ്യാർത്ഥിയായിരുന്ന ബന്നയെ ഏറെ പ്രകോപിപ്പിച്ചു. ഇസ്ലാമിക ലോകത്തോടുള്ള പടിഞ്ഞാറിന്റെ വഞ്ചനയും ഇസ്ലാമിനോടുള്ള യുദ്ധ പ്രഖ്യാപനവുമായാണ് ബന്ന അതിനെ കണ്ടത്. ഈജിപ്റ്റിലെ അൽ അസ്ർ യൂണിവേഴ്സിറ്റി കേന്ദ്രമായി വളർന്നുവന്ന ഇസ്ലാമിക പുനരുജ്ജീവന ചിന്തയുടെ പ്രണേതാക്കളിൽ പ്രമുഖനായിരുന്ന റഷീദ് റീദ്ദയുടെ ചിന്തകളിൽ ആകൃഷ്ടനായ ബന്ന, ഇസ്ലാമിക പുനരുജ്ജീവന ചിന്തയെ ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ വികസിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നി.
പ്രവാചക ചര്യയുടെ വഴിയിൽ
ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളുടെയും ചര്യകൾ പിൻതുടർന്നുകൊണ്ട്, ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുർ ആനിന്റേയും ശരിയത് നിയമങ്ങളുടെയും മാർഗത്തിൽ, മാതൃ രാജ്യത്തേ ഒരു ‘ഇസ്ലാമിക് സ്റ്റേറ്റാക്കി’ മാറ്റുന്നത്തിനുള്ള പദ്ധതിക്ക് അദ്ദേഹം രൂപം നൽകി. അല്ലാഹുവിന്റെ മാർഗത്തിൽ ‘ജിഹാദു’ നടത്താനും അനിസ്ലാമികമായ രാഷ്ട്രീയ രൂപങ്ങളെ ഉന്മൂലനം ചെയ്യാനുമായി, ഇസ്ലാമിക സമൂഹം ഒരു സംഘടിത ശക്തിയായി മുന്നേറേണ്ടതിന്റെ ആവശ്യകതയെ അവതരിപ്പിച്ചുകൊണ്ട്, 1928 ൽ അദ്ദേഹം ‘ഇസ്ലാമിക് ബ്രദർഹുഡ്’ എന്ന സംഘടനക്ക് രൂപം നൽകി.
പ്രസ്ഥാനത്തിന്റെ തുടക്കം ലളിതവും ജനകീയവും പരോപകാര പ്രവൃത്തികളിൽ അധിഷ്ഠിതവുമായിരുന്നു. ഇസ്മായീലിയയിലെ ചായക്കടകളിൽ വന്നുകൂടിയ തൊഴിലാളികളോട് അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവച്ചു. വിദേശ മേലാളന്മാരിൽനിന്നും അനീതികൾക്കിരയായ ഏതാനും തൊഴിലാളികൾ അദ്ദേഹത്തോടൊപ്പം ചേർന്നു. ഇസ്ലാമിന്റെ സാഹോദര്യ ആദർശത്തെ പുനരുദ്ധരിക്കാനും അനീതിക്കെതിരെ പൊരുതാനും അവർ നിശ്ചയിച്ചു. രാജ്യത്തിന്റെയും ഇസ്ലാമിക സമൂഹത്തിന്റെയും ആത്മാഭിമാനം വീണ്ടെടുക്കാനായി ‘ജിഹാദി’ന്റെ മാർഗത്തിൽ സ്വയം സമർപ്പിക്കാൻ അവർ പ്രതിജ്ഞയെടുത്തു. അങ്ങനെയാണ് ‘ഇസ്ലാമിക് ബ്രദർഹുഡ്’ പിറന്നുവീണത്!
ചാരിറ്റബിൾ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടാണ് ബ്രദർഹുഡ്, അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തീവ്ര ഭക്തിയുടെ ഒരു മതാത്മക തലവും പ്രവർത്തകരിൽ ക്രമേണ ശക്തിയാർജിച്ചുവന്നു. ‘ഇസ്ലാമിന്റെ തനിമ’യിലേക്കു സമൂഹത്തെ തിരികെയെത്തിക്കാനും, സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ദുരിതങ്ങളിൽ അവരോടൊപ്പംനിന്നു പ്രവർത്തിക്കാനും ബ്രദർഹുഡ് പ്രവർത്തകർ ശ്രദ്ധവച്ചു. ഇത് ബ്രദർഹുഡിന് സമൂഹത്തിലും ജനഹൃദയങ്ങളിലും ആഴത്തിൽ വേരോട്ടമുണ്ടാക്കി. ക്രമേണ സംഘടന ജനസാമാന്യത്തിനിടയിൽ ശക്തമായ ഒരു ജനകീയ പ്രസ്ഥാനമായി വളർന്നുവന്നു.
ഇസ്ലാമികവൽക്കരണം സമസ്ത മേഖലകളിലും
ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലേക്കും സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും ബ്രദർഹൂഡ് അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളും ഇസ്ലാമിക തത്വങ്ങൾക്കനുസൃതമാകേണ്ടതിന്റെ ആവശ്യകത ബ്രദർഹുഡ് പ്രവർത്തകർ ജനഹൃദയങ്ങളിൽ പതിപ്പിക്കുവാൻ, പരിശ്രമിച്ചു. അങ്ങനെ, ഏകദേശം ഒരു പതിറ്റാണ്ടുകൊണ്ട് ഈജിപ്ഷ്യൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പടർന്നുകയറി, ജനഹൃദയങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം സുദൃഢമായി പതിപ്പിക്കുവാൻ ഇസ്ലാമിക് ബ്രദർഹുഡിന് കഴിഞ്ഞു.
ചാരിറ്റിമുതൽ സായുധ സമരംവരെ
ഇതിനോടകം, സംഘടന അതിന്റെ രാഷ്ട്രീയ ലക്ഷ്യത്തിലേക്കു ചുവടുകൾ വച്ചുതുടങ്ങി. ഈജിപ്തിനെ ശരിയത് നിയമത്തിൻകീഴിൽ, ഒരു ഇസ്ലാമിക രാഷ്ട്രമാക്കി (ഇസ്ലാമിക് സ്റ്റേറ്റ്) മാറ്റുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ ശക്തമാവുകയായിരുന്നു. സംഘടനയിൽ ഒരു രഹസ്യ സായുധ സേനക്ക് ബ്രദർഹുഡ് രൂപം നൽകി. ഇസ്ലാമിക സമൂഹ നിർമ്മിതി ലക്ഷ്യമാക്കി ക്രമനുഗതമായി നടപ്പിലാക്കേണ്ട സാമൂഹ്യ – സാമ്പത്തിക – രാഷ്ട്രീയ മാറ്റങ്ങൾ സംഘടന വിഭാവനം ചെയ്തു. ഇസ്ലാമിക ധാർമികതയും നൈതികതയും രാഷ്ട്രത്തിന്റെ മാനദണ്ഡമാക്കാൻ ബന്ന ഈജിപ്ഷ്യൻ ഭരണകൂടത്തെ നിർബന്ധിച്ചു. സ്വാതന്ത്ര്യത്തിനു ശേഷവും ഈജിപ്തിൽ സ്വാധീനമുറപ്പിച്ചിരുന്ന കൊളോണിയൽ ശക്തികൾക്കെതിരെ, ആയുധമേന്തി ജിഹാദിൽ ഏർപ്പെടാനുള്ള കർത്തവ്യത്തിൽനിന്ന് ഒരു മുസ്ലിമിനും ഒഴിവില്ലെന്നും സംഘടന നിലപാടെടുത്തു. ബ്രദർഹൂഡ് ഈജിപ്തിന്റെ ഭരണം പിടിക്കുന്നതിനുള്ള നീക്കങ്ങളാരംഭിച്ചു.
ഈജിപ്തിൽ പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നേറുമ്പോൾത്തന്നെ, 1936 മുതൽ 39 വരെ നടന്ന പലസ്തീൻ – യഹൂദ പോരാട്ടത്തിലും, 1948 ലെ അറബ് – ഇസ്രായേൽ യുദ്ധത്തിലും പലസ്തീനൊപ്പം നിലകൊണ്ട ബ്രദർഹൂഡ്, അരങ്ങിലും അണിയറയിലും നിർണ്ണായക ശക്തിയായി. പലസ്തീൻ പ്രശ്നം അറബ് രാജ്യങ്ങളുടെ ഒരു പൊതുവിഷയമാക്കി വളർത്തിയെടുക്കുന്നതിലും, യഹൂദർക്കെതിരെ പലസ്തീൻ ജനതയെ മുൻനിർത്തി അറബ് രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കുന്നതിലും, ബ്രദർഹൂഡിന്റെ തന്ത്രങ്ങൾ വിജയം കണ്ടു. 1948 ൽ ഈജിപ്ഷ്യൻ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് നക്രാഷിയെ വധിച്ചുകൊണ്ട്, ബ്രദർഹുഡ് ഈജിപ്തിന്മേലുള്ള പിടിമുറുക്കി.
ഹമാസിന്റെ ജനനം
1948 ൽ ഇസ്രായേൽ രൂപീകൃതമായതിനെത്തുടർന്നു പലസ്തീനിൽ വേരുറപ്പിച്ച ഇസ്ലാമിക് ബ്രദർഹുഡ് രൂപംകൊടുത്ത ‘ഹമാസ്’ അക്ഷരാർത്ഥത്തിൽത്തന്നെ, ഇസ്ലാമിക് ബ്രദർഹുഡിന്റെ പലസ്തീനിയൻ മുഖവും ഇസ്രയേലിനെതിരെയുള്ള ആഗോള ഇസ്ലാമിക സഖ്യത്തിന്റെ രാഷ്ട്രീയ രൂപവുമായി മാറുകയായിരുന്നു.
ഇസ്ലാമിക് ബ്രദർഹുഡിന്റെതുപോലെ, ചാരിറ്റി, രാഷ്ടീയം, സായുധ പോരാട്ടം എന്നീ ത്രിവിധ തലങ്ങളും, ഓരോ വിഭാഗത്തിനും പ്രത്യേക നേതൃനിരയുമുള്ള ഒരു സങ്കീർണ്ണ സംഘടനാ സംവിധാനമാണ് ഹമാസിനുമുള്ളത്. ഒരു സംഘടനയായിരിക്കുമ്പോൾത്തന്നെ ഈ മൂന്നുതലങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുകയും അത്ഭുതകരമാംവണ്ണം ഏകോപിപ്പിക്കപ്പെടുകയും ചെയ്യുന്ന ഹമാസിന്റെ ഏറ്റവും വലിയ ശക്തി, ചാരിറ്റി പ്രവർത്തനങ്ങളിലൂടെ വളത്തിയെടുക്കുന്ന ജനപിന്തുണ തന്നെയാണ്. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ഏകലക്ഷ്യം മുൻനിർത്തി കരുക്കൾ നീക്കുന്ന ഹമാസിന്റെ മുഖ്യ ശത്രു ഇസ്രായേലാണെങ്കിലും, ജനപിന്തുണയിൽ പരസ്പരം മത്സരിക്കുന്ന ഇതര പലസ്തീനിയൻ സംഘടനകളുമായും അതു നിരന്തരം സംഘർഷത്തിലാണ്. ജനപിന്തുണയിൽ ഹമാസ് ഇതര സംഘടനകൾക്ക് ബഹുദൂരം മുന്നിൽ നിൽക്കുന്നതിനു വേറെയും കാരണങ്ങളുണ്ട്. അതിൽ മുഖ്യമായത്, ഇസ്ലാമിക ലോകത്തിന്റെ മതവികാരത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനുള്ള അതിന്റെ ശേഷിതന്നെയാണ്.
പലസ്തീൻ വിഷയത്തെ മുസ്ലിം ലോകത്തിന്റെ ഒരു വൈകാരിക പ്രശ്നമാക്കി മാറ്റുന്നതിൽ, ഹമാസ് ത്ഭുതകരമായ മികവാണ് കാട്ടുന്നത്! 1988 ൽ പ്രസിദ്ധീകരിച്ച ഹമാസിന്റെ ചാർട്ടർ, 11 ആം നമ്പറിൽ, ഇസ്രായേൽ ഉൾപ്പെടുന്ന സമ്പൂർണ്ണ പലസ്തീനിനെ മുസ്ലിം ലോകത്തിനു ‘അള്ളാഹു നൽകിയ വഖഫായി’ പ്രഖ്യാപിച്ചിരിക്കുന്നു! അങ്ങിനെ, ഇസ്ലാമിൽ വിശ്വസിക്കുന്ന എല്ലാ ജനതയുടെയും മതപരമായ ഒരു പ്രശ്നമായി പലസ്തീൻ പ്രശ്നത്തെ മാറ്റിയെടുക്കുന്നതിൽ ഹമാസ് വിജയംകണ്ടു! ‘അല്ലാഹുവിന്റെ വഖഫ്’ ജൂതന്മാരായ കാഫിറുകളിൽനിന്നും മോചിപ്പിക്കുക എന്നത്, അങ്ങനെ, സകല മുസ്ലീമുകളുടെയും ബാധ്യതയായിത്തീർന്നിരിക്കുന്നു! എന്തുകൊണ്ടാണ്, പലസ്തീൻ പ്രശ്നം ഇങ്ങു കേരളത്തിൽപോലും, ഒരു അതി വൈകാരിക പ്രശ്നമായി മാറുന്നത് എന്ന് ഇതു വ്യക്തമാക്കുന്നു.
ത്രിമാന മുഖങ്ങളുടെ അഗോളവൽക്കരണം
ഈജിപ്തിൽ ഇസ്ലാമിക് ബ്രദർഹുഡ് ആവിഷ്കരിച്ച, ത്രിവിധ മാർഗങ്ങളിലൂടെയുള്ള ഇസ്ലാമിക രാഷ്ട്ര സ്ഥാപന മാതൃക, ഇന്ന് ആഗോളതലത്തിൽത്തന്നെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ അംഗീകൃത രൂപമായി വളർന്നിരിക്കുന്നു. ഇക്കാര്യത്തിൽ, സുന്നി-ഷിയാ വ്യത്യാസങ്ങൾ ബാധകമല്ല എന്നതിന്റെ ഉദാഹരണമാണ്, ജോർദാനിലെ ഹിസ്ബുല്ലയുടെയും ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെയും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് ഇതര ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സംഘടനാ രൂപവും പ്രവർത്തന രീതികളും! ആഴത്തിലുള്ള പഠനത്തിനും വിശകലനങ്ങൾക്കും വിധേയമായിട്ടുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ രാഷ്ട്രീയ രൂപങ്ങൾ ഇന്ന് ഒരു രഹസ്യമല്ല. “ഹാൻഡ്ബുക് ഓഫ് പൊളിറ്റിക്കൽ ഇസ്ലാം” എന്ന ഗ്രന്ഥം ഇതിന്റെ ഒരു സമഗ്ര ചിത്രം അനാവരണം ചെയ്യുന്നുണ്ട്.
ശക്തിപ്രാപിക്കുന്ന സലഫി-വഹാബി മതാത്മകത
19, 20 നൂറ്റാണ്ടുകളിലുണ്ടായ ഇസ്ലാമിക പുനരുജ്ജീവന ചിന്തയുടെയും രാഷ്ട്രീയ ഉണർവിന്റെയും ഫലമായി ആഗോളതലത്തിൽ വളർന്നുവന്ന സലഫി-വഹാബി ചിന്തയുടെ അതിപ്രസരം, ആഗോളതലത്തിൽ എന്നപോലെ ഇങ്ങു കേരളത്തിലും, നിരവധി മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ, ഈ പ്രസ്ഥാനങ്ങൾ തഴച്ചു വളരുന്നതിൽ അത്ഭുതമില്ല. ബൃഹദാഖ്യാനങ്ങൾ, അപ്രസക്തമാക്കുന്ന പോസ്റ്റ് മോഡേൺ ചിന്താലോകത്ത്, ഐഡിയോളജികൾ തകർന്നടിയുകയും, ഐഡൻറ്റിറ്റിക്കുവേണ്ടിയുള്ള ത്വര തീവ്രതരമാവുകയും ചെയ്യുമ്പോൾ, ആഗോളതലത്തിൽതന്നെ, മതാധിഷ്ഠിത രാഷ്ട്രീയ രൂപങ്ങൾ ശക്തിപ്രാപിക്കാനുള്ള സാധ്യത വർധിച്ചുവരികയാണ്.
ജനാധിപത്യത്തിലേക്കുള്ള ദൂരം
തീവ്ര ഇസ്ലാമിക രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാൻ കഴിയണമെങ്കിൽ, ജനാധിപത്യം, മനുഷ്യ ചരിത്രത്തിൽ നടന്ന രാഷ്ട്രീയ രൂപപരിണാമങ്ങളിൽ, അവസാനത്തേതാണ് (ഏറ്റവും ഉന്നതമാണ്) എന്ന ഫ്രാൻസിസ് ഫുക്കുയാമയുടെ ദർശനത്തെ ലോകം ഗൗരവപൂർവം ചർച്ച ചെയ്യണം. ഇതര രാഷ്ട്രീയ രൂപങ്ങളെല്ലാംതന്നെ, സമഗ്രാധിപത്യത്തിലേക്കും സർവ്വാധിപത്യത്തിലേക്കും, അടിമത്വത്തിലേക്കുമുള്ള ചുവടുവയ്പ്പുകളായിരുന്നു എന്ന ഫുക്കുയാമയുടെ ദർശനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തണം. ഗോത്ര ഭരണവും, തിയോക്രസിയുടെയും സ്വേച്ഛാധിപത്യത്തിന്റെയും വിവിധ രൂപങ്ങളും സർവ്വാധിപത്യ പ്രവണതയുള്ള പ്രത്യയശാസ്ത്രങ്ങളും ചരിത്രത്തിന്റെ വിവിധ ദശകളിൽ പരീക്ഷിച്ചു പാഠമുൾക്കൊണ്ട മനുഷ്യ സമൂഹത്തിനുമുൻപിൽ, പരിമിതികളേറെയുണ്ടെങ്കിലും, ജനാധിപത്യം എന്ന രാഷ്ട്രീയ രൂപത്തിന്റെ മഹത്വം പ്രോജ്വലമായിത്തന്നെ നിൽക്കുന്നു എന്നതിനെ മതരാഷ്ട്ര വാദികൾക്ക് നിഷേധിക്കാനാവുമോ?
ഉപസംഹാരം
മതരാഷ്ട്ര സിദ്ധാന്തങ്ങളുടെ പേരിലായാലും സർവ്വാധിപത്യ പ്രവണതയുള്ള പ്രത്യയശാസ്ത്രങ്ങളുടെ പേരിലായാലും, കാലഹരണപ്പെട്ട രാഷ്ട്രീയ രൂപങ്ങളുടെ പുനഃസ്ഥാപനത്തിനുവേണ്ടി, വ്യക്തികളുടെ ജീവനും, അന്തസ്സും സ്വാതന്ത്ര്യവും അവകാശങ്ങളും, അടിയറവയ്ക്കാൻ പ്രബുദ്ധം എന്നവകാശപ്പെടുന്ന ആധുനിക മനുഷ്യ സമൂഹം തയ്യാറകുമോ? ചരിത്രത്തിന്റെ ചുവരെഴുത്തുകൾ ചൂണ്ടുപലകകളാകുമോ? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ, ചരിത്രത്തിൽ നടത്തുന്ന ചുവടുവയ്പ്പുകൾ, മനുഷ്യ വംശത്തെ മുന്നോട്ടു നയിക്കുമോ അതോ പിന്നോട്ടടിക്കുമോ? 2022 കുറേക്കൂടി പ്രകാശപൂരിതമായിരിക്കുമെന്നു പ്രത്യാശിക്കാം!
By, ഫാ. വർഗീസ് വള്ളിക്കാട്ട്