ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ‘ഹൈവേ ഹിപ്നോസിസ്’ എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്നോട്ടിക് അവസ്ഥയാണ്. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന് വ്യത്യസ്തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ് നാം ഉറങ്ങുന്നതെന്ന് നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.
നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്തരല്ല. വളരെ അപകടകരമായ അവസ്ഥയാണിത്. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്നോസിസിെൻറ ഫലമായി ഉണ്ടാവുക.
ശാസ്ത്രീയവശം
സാഹചര്യം ഗുരുതരമാണെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടാകും. ഹൈവേ ഹിപ്നോസിസിന് ശാസ്ത്രീയമായ ചില കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ദീർഘമായി റോഡ് യാത്ര ചെയ്യുന്നവർക്ക് റോഡിന്റെ ഭൂരിഭാഗവും, അല്ലെങ്കിൽ കണ്ട കാഴ്ച്ചകളിലധികവും ഓർമ്മിക്കാനാവില്ല. പ്രത്യേകിച്ച് ഇടവേളകളില്ലാതെ തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഇത് സാധാരണമാണ്. ഇതിനുകാരണം ചില മസ്തിഷ്ക പ്രവർത്തനങ്ങളാണ്. ഒരു വ്യക്തി ഇന്ദ്രിയങ്ങളുടെ പിന്തുണയില്ലാതെ കാർ ഓടിക്കുന്ന അവസ്ഥയാണ് ഹൈവേ ഹിപ്നോസിസിെൻറ കുറഞ്ഞ രൂപം. നമ്മുടെ തലച്ചോർ സൃഷ്ടിക്കുന്ന പ്രതീതി യാഥാർഥ്യങ്ങളാണ് ഇതിനുകാരണം. മനുഷ്യന്റെ മസ്തിഷ്കം ഏറെ സങ്കീർണ്ണമാണ്. ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ, സ്റ്റിയറിങും ആക്സിലലേറ്ററും നിയന്ത്രിക്കുന്നതുപോലുള്ള തുടർച്ചയായ കർമങ്ങൾ ബ്രെയിൻ സ്വയമേവ ഏറ്റെടുക്കുന്നു. വളരെ സുഗമമായി നടക്കുന്ന പ്രക്രിയ നാം ചിലപ്പോൾ അറിയണമെന്നുതന്നെയില്ല. ഇതുതന്നെയാണ് ഹൈവേഹിപ്നോസിസിെൻറ അടിസ്ഥാന കാരണവും.
തടസങ്ങളില്ലാത്ത റോഡ്, സുഖപ്രദമായ ഡ്രൈവർ സീറ്റ്, പശ്ചാത്തല സംഗീതം തുടങ്ങിയവ നമ്മുടെ തലച്ചോറിനെ ട്രാൻസ് പോലെയുള്ള അവസ്ഥയിലേക്ക് നയിക്കും. നമ്മുടെ മനസ്സ് എത്രത്തോളം ജാഗ്രതയുള്ളതാണ് എന്നതിനെ ആശ്രയിച്ച് ഹൈവേ ഹിപ്നോസിസ് നീണ്ടുനിൽക്കും. ഇത് ചില സെക്കൻഡുകളിൽ തുടങ്ങി നിരവധി മിനിറ്റുകൾ നിലനിൽക്കാം. ഡ്രൈവർ ഹൈവേ ഹിപ്നോസിസിലൂടെ കടന്നുപോകുമ്പോൾ, കൂടുതൽ ജോലിയില്ലാത്തതിനാൽ തലച്ചോറിന്റെ ഒരു ഭാഗം അടച്ചുപൂട്ടാൻ തുടങ്ങുന്നു.
മസ്തിഷ്കം ഊർജ്ജം ലാഭിക്കാൻ തുടങ്ങുകയും എല്ലാ പ്രവർത്തികളും യാന്ത്രികമാവുകയും ചെയ്യും. ഈ സമയത്ത് നമ്മുടെ കാലും കൈകളും വാഹനത്തെ നിയന്ത്രിക്കുന്നു. അത് ഡ്രൈവർക്ക് മനസ്സിലാകണമെന്നില്ല. വാഹനത്തിന് മുന്നിൽ എന്തെങ്കിലും തടസംവന്നാൽ മസ്തിഷ്കം ഉണരും. എന്നാൽ ഡ്രൈവർ പ്രതികരിക്കുമ്പോഴേക്കും സമയം വൈകിയിരിക്കും. ഹൈവേയിലെ അതിവേഗ അപകടങ്ങളിൽ ഭൂരിഭാഗവും ഇക്കാരണത്താലാണ് സംഭവിക്കുക.
ഡ്രൈവറുടെ മസ്തിഷ്കം എപ്പോൾ ഹിപ്നോസിസിലേക്ക് പോകുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നമ്മുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
പലപ്പോഴും ഹൈവേകളിൽ ചെറു ഹംപുകൾ ചേർത്തുവച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. ഹൈവേ ഹിപ്നോസിസ് തടയാനാണിത്. റംപ്ൾ സ്ട്രിപ്സ് അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ് എന്ന് വിളിക്കുന്ന ഇവ ഒരുപരിധിവരെ ഫലപ്രദവുമാണ്. ഇതുകൂടാതെ യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾകൂടി പരിശോധിക്കാം.
- ലോങ് ഡ്രൈവുകൾക്കിടയിൽ ഇടവേളകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. 60-90 മിനിറ്റ് ഡ്രൈവ് ചെയ്തശേഷം ഒരു ബ്രേക്ക് എടുക്കുക. നമ്മുടെ തലച്ചോറിന് ഇടവേളയുമില്ലാതെ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ യത്രക്കിടയിൽ ബ്രേക്കുകൾ അനിവാര്യമാണ്.
- അതിരാവിലെയോ അർധരാത്രിക്കുശേഷമോ വാഹനമോടിക്കുന്നത് ഉറക്കം വരുത്താനുള്ള സാധ്യത വർധിപ്പിക്കും. വിശ്രമത്തിനായി ശരീരം തലച്ചോറിനെ അടച്ചുപൂട്ടാൻ ശ്രമിക്കും. കഴിയുമെങ്കിൽ അത്തരം സമയങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം.
- ഉയർന്നതോതിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക (എനർജി ഡ്രിങ്ക്സ്), എസി ഓഫ് ചെയ്ത് വാഹനം ഒാടിക്കുക, സഹായി ഒപ്പമുണ്ടെങ്കിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയവയും നല്ലതാണ്.
- ഒന്നോ രണ്ടോ മണിക്കൂറുകളുടെ ഇടവേളയിൽ വാഹനം വശങ്ങളിലേക്ക് നിർത്തി സോഷ്യൽ മീഡിയകൾ പരിശോധിക്കുക, ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതും ഹൈവേ ഹിപ്നോസിസ് തടയാൻ മികച്ച മാർഗമാണ്.