Anil Varghese
കൊച്ചച്ചന്റെ സ്പീഡിലുള്ള നടത്തം കപ്യാർ കുട്ടിച്ചേട്ടന് അത്ര പിടിച്ചില്ല. അല്ലേലും തനിക്ക് അറുപത്തിയഞ്ച് വയസ് ഉണ്ടെന്നതും രൂപതയിലേതന്നെ സീനിയർ കപ്യാര് ആണന്നുമുള്ള മൈൻഡ് എങ്കിലും വേണ്ടേ… കർണാടക ഫോറസ്റ്റിന് അടുത്തുള്ള കാലാങ്കി പൊതുവേ അച്ചന്മാർ വരാൻ മടിക്കുന്ന ഇടവകയാണ്. വികാരിയായി പ്രമോഷൻ കിട്ടിയ അച്ചൻ ഇവിടം തന്നെ ചോദിച്ചുവാങ്ങാൻ എന്തായിരിക്കും കാരണം…
ചെറിയ ചെറിയ കുന്നുകളിലാണ് വീടുകൾ അധികവും. ചെരുവുള്ള സ്ഥലമായതിനാൽ മിക്ക വീടുകൾക്ക് പുറകിലും മൺതിട്ട ഉണ്ടാകും. ചുരുക്കം വീടുകൾക്ക് മാത്രമേ പുറകുവശം കരിങ്കല്ലിലോ ചെങ്കല്ലിലോ കെട്ടിയെടുത്തിട്ടുള്ള ആർഭാടം ഉള്ളൂ…
ഒറ്റയടിപ്പാതകളിലും ഉരുളൻകല്ലുവെച്ച് കെട്ടിയുണ്ടാക്കിയ കയ്യാലകളിലും അച്ചൻ അത്രയും ഉഷാറിലാണ് നടന്നുകയറുന്നത്.
പുതിയതായി ചാർജെടുക്കുന്ന അച്ചന്മാർക്ക് രൂപത കൽപ്പി ച്ചുകൊടുത്തിട്ടുള്ള പണിയാണ് വീട് വെഞ്ചരിപ്പ്. എല്ലാവീടുകളും കയറി ഇറങ്ങി കാണാനും സ്ഥലമൊന്ന് പരിചയപ്പെട്ടു കിട്ടാനുമുള്ള ഒരു ഏർപ്പാട്. ഭവന സന്ദർശനം തന്നെ… വരുന്ന വഴിക്ക് ഒന്ന് വെഞ്ചരിച്ച് പോയേക്കാം എന്ന മട്ടിലാണ് കാര്യങ്ങൾ. കൊക്കെത്ര കുളം കണ്ടിരിക്കുന്നു എന്ന മട്ടിൽ ഒരുതരം നിസംഗതയാണ് കപ്യാർക്ക് ഈ കാര്യത്തിൽ. പ്രത്യേകിച്ച് വർഷങ്ങളായുള്ള മുട്ടുവേദനകൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോൾ.
വീട് വെഞ്ചരിപ്പ് കഴിഞ്ഞ് അച്ചൻ ഓരോ വീടിന്റെയും പുറകിലേക്ക് പോകുന്നുണ്ട്. ളോഹയിൽനിന്ന് സിമന്റ് കത്തിയുടെ രൂപത്തിലുള്ള ഒരു ചെറിയ സാധനം കൈയിലെടുത്ത് മണ്ണ് ചുരണ്ടി എടുക്കും. ബാഗിൽ കുറച്ച് കവറുകൾ വെച്ചിട്ടുണ്ട്. ഓരോ വീട്ടിൽനിന്നും ശേഖരിക്കുന്ന മണ്ണുകൾ ഓരോരോ കവറിൽ ഇട്ട് നമ്പർ ഇടുന്നുണ്ട്. വാർഡ് തിരിച്ച് അച്ചടിച്ചു വെച്ചിട്ടുള്ള ലിസ്റ്റിൽനിന്ന് ഓരോ വീടിനുമുള്ള നമ്പർ നോക്കി പറയേണ്ട ഉത്തരവാദിത്വം കപ്യാരുടേതാണ്. കവറിൽ നമ്പർ എഴുതി അന്നേരം തന്നെ ബാഗിലേക്കിടും.
കപ്യാർക്ക് കാര്യം ഒന്നും പിടികിട്ടിയില്ല. ഇനി വല്ല ചെകുത്താൻ പിടിത്തത്തിനുവല്ലതുമാണോ… അല്ലെങ്കിൽ കൃഷിക്ക് ആയിരിക്കും. മണ്ണിന്റെ വളം നോക്കി വിത്തിറക്കാൻ… എന്തിനാണ് ഈ മണ്ണ് ശേഖരണം എന്ന് ചോദിക്കാൻ പലവട്ടം ആലോചിച്ചു… വേണ്ട.. എന്തേലും ആയിക്കോട്ടെ… നടന്നുമടുത്ത തന്നോട് ഇനി മണ്ണ് വാരാനും കൂടി പറയുമോ എന്നോർത്ത് ഒന്നും ചോദിക്കാൻ നിന്നില്ല.
വാർഡിലെ മുഴുവൻ വീടുകളും സന്ദർശിച്ച് കഴിഞ്ഞാൻ ഏതെങ്കിലും വീട്ടിലെ സന്ധ്യാപ്രാർത്ഥനയും കഴിഞ്ഞാണ് അച്ചൻ പള്ളിയിലേക്ക് പോകുന്നത്.
കണിയാരശേരിൽ വീട്ടിലാണ് ഇന്നത്തെ പ്രാർത്ഥന. വീട്ടിലേക്ക് കയറിചെന്ന അച്ചൻ വിശാലമായി ഒരുക്കിവെച്ചി രുന്ന രൂപക്കൂടിലേക്കല്ല പോയത്. പകരം സ്റ്റെയർ കേസിന് സമീപത്തായി വെച്ചിരിക്കുന്ന പെയിന്റിംഗിന് അടുത്തേക്കാണ്. സ്റ്റെയർകേസ് താഴെ മുതൽ മുകളിലെ റൂംവരെ അഞ്ചാറ് ചിത്രങ്ങൾ ഉണ്ട്. അക്രിലിക്കിൽ ചെയ്തത്. നന്നായി ഫ്രെയിം ചെയ്ത പെയിന്റീങ്ങുകൾ അച്ചൻ ആണി യിൽനിന്ന് ഊരി മാറ്റി കൈയിൽ എടുത്ത് പിടിച്ച് നോക്കുകയാണ്.
”ഇത് ലിയാ മോളുടെ പെയിന്റിംഗ് ആണ് അച്ചാ… വരച്ചത് വേറെയും ഉണ്ട്… പെയിന്റിംഗ് പുസ്തകത്തിൽ.”
”അവൾ ഇവിടെ ഇല്ലേ..”
‘”ഇല്ല… മഠത്തിൽ ചേരാൻ പോയിരിക്കുവാ…”
“ആണോ…”
“നല്ല ചിത്രങ്ങൾ ആണല്ലോ…”
“അച്ചൻ വരയ്ക്കുമോ…”
“ആ കുറച്ച്…”
പ്രാർത്ഥന തുടങ്ങി.. കളിമണ്ണ് കുഴച്ച് പൊട്ടക്കണ്ണന് കാഴ്ച കൊടുത്ത ബൈബിൾ ഭാഗമാണ് വായിച്ചത്.
ജന്മനാ അന്ധനായ ഒരു മനുഷ്യന് ഈശോ കളിമണ്ണിൽ തുപ്പൽ കുഴച്ച് കണ്ണിൽ തേച്ചു… അയാൾക്ക് കാഴ്ച കിട്ടി.
പകൽ മുഴുവൻ മണ്ണ് ശേഖരണം, വൈകുന്നേരം കളിമണ്ണിന്റെ ബൈബിൾ വായന… അച്ചന് ഈ മണ്ണ് വിട്ടുള്ള പരി പാടിയില്ലേ…. കപ്യാർ ആലോചിച്ചു.
“കുട്ടിച്ചേട്ടാ, ഇന്നലെ നമ്മൾ പ്രയർ മീറ്റിംഗ് നടത്തിയ വീടില്ലേ… അന്നമ്മച്ചേടത്തിയുടെ. അവരുടെ വീടിന്റെ പിറക് വശത്ത് നിന്ന് ഒരുചാക്ക് മണ്ണ് കൊണ്ടുത്തരണം. കല്ലില്ലാതെ അരിച്ച് എടുക്കണം…”
“എന്നാത്തിനാ അച്ചാ…”
“അത് ഒരു വർക്ക് ചെയ്യാനുണ്ട്. കർഷകരുടെ ജാഥ വരുന്നുണ്ടല്ലോ… അതിന്റെ സ്റ്റേജിലേക്ക് കുറച്ച് ഇൻസ്റ്റഷൻ പ്ലാൻ ചെയ്യുന്നുണ്ട്. നാളെത്തന്നെ മണ്ണ് കൊണ്ടുവരണം കെട്ടോ…”
“ഉവ്വ… “
വർക്കും ഇൻസ്റ്റലേഷനും കുട്ടിച്ചേട്ടന് മനസിലായില്ല. എന്തോ മണ്ണുകുഴച്ചു കളിയുണ്ടെന്ന് മാത്രം അറിഞ്ഞു… കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല.
റബറിനും തേങ്ങയ്ക്കും കശുവണ്ടിക്കും വിലയില്ലാതെ കർഷകർ വല്ലാത്ത പ്രതിസന്ധിയിലാണ്. കർഷകൻ ഉത്പാദിപ്പിക്കുന്ന തിന്നാനുള്ള സാധനങ്ങൾ വിൽക്കാൻ ചെന്നാൻ വിലയില്ല. അത് വാങ്ങാൻ ചെന്നാലോ കൈപൊള്ളി തിരിച്ചു പോരുകയും ചെയ്യും.
“റബറിന് വില കിട്ടിയാലേ കർഷന് ഒന്ന് നേരേ നിൽക്കാൻ പറ്റൂ… വില കിട്ടിയേ മതിയാകൂ.. അതിന് എന്ത് രാഷ്ട്രീയ നീക്കു പോക്കിനും ഞങ്ങൾ തയാറാണ്… കർഷകന് ഇവിടെ മാന്യ മായി ജീവിക്കണം…”
ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്ന ബിഷപ്പിന്റെ വാക്കുകൾ അങ്ങ് സരമമായി ഒഴുകുകയാണ്… എല്ലാം കേട്ടുകൊണ്ടും കേൾവിക്കാരെ പ്രോത്സാഹിപ്പിച്ചും ബിഷപ്പിന്റെ പിന്നിൽ തന്നെയുണ്ട് അച്ചൻ… വേദിയുടെ ഏറ്റവും ആകർഷണം കളിമണ്ണ് കൊണ്ട് തീർത്ത കുറേ വർക്കുകൾ ആയിരുന്നു. കലപ്പയേന്തിയ കർഷകൻ, റബർ വെട്ടുന്ന വനിത, കുടത്തിൽ വെള്ളം എടുത്ത് കൃഷി നനയ്ക്കുന്ന വൃദ്ധ. വേദിയിലേക്ക് കയറിയ എല്ലാ വിശിഷ്ടാതിഥിക ളുടെയും നോട്ടം ഇൻസ്റ്റലേഷനിലേക്ക് ആയിരുന്നു. എന്നാൽ അത് ആരാണ് ചെയ്തത് എന്ന് ആരും ചോദിച്ചില്ല.
പ്രസംഗത്തിൽ ആരെങ്കിലും ഒരാൾ പറയുമെന്ന് അച്ചൻ പ്രതീക്ഷിച്ചു. പ്രസംഗിച്ച് ജനങ്ങളെ കൈയിലെടുത്ത മെത്രാൻ മഡ് ആർട്ടിനെക്കുറിച്ച് മൗനം പാലിച്ചു…
“പിതാവേ പ്രസംഗം കിടു… കർഷകർക്ക് വല്ലാത്ത ആവേശം കിട്ടി” എന്ന് അങ്ങോട്ട് ഹെഡ് ചെയ്ത് ബിഷപ്പിനോട് പറഞ്ഞിട്ടും തന്റെ ഇസ്റ്റലേഷനെക്കു റിച്ച് ഒന്നും പറയാത്തപ്പോൾ വിഷമം തോന്നി. ആരൊക്കെ മഡ് ആർട്ടിന്റെ ഫോട്ടോ എടുക്കുന്നുണ്ട്… മുൻപിൽ നിന്ന് സെൽഫിയും…
പേരെഴുതാതെ പോകുന്ന ശിൽപം, അറിയപ്പെടാതെ പോകുന്ന കവിതകൾ, കേൾക്കാതെ പോകുന്ന ഈണങ്ങൾ… എല്ലാം നിശബ്ദ വേദനകളാണ്.
നിർത്താതെ മഴയാണ്. കുരിശിൽ നിന്ന് ഇറക്കിയ യേശുവിനെ മടിയിൽ കിടത്തിയിരിക്കുന്ന പിയാത്ത ശില്പത്തിലെ യേശുവിന്റെ നെഞ്ചിൽനിന്ന് മണ്ണ് അടർന്നുപോയിട്ടുണ്ട്. മഴവെള്ളം മാതാവിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് പോലെ ഒഴുകി കൺകോണുകളിലൂടെ ഒഴുകുന്നുണ്ട്. നിർത്താതെയുള്ള കണ്ണീര് പോലെ…
കുരിശിൽ കിടക്കുന്ന യേശുവിന്റെ രൂപം വീടിന് പുറകിലായുണ്ട്… കാല് രണ്ടും മഴത്തുള്ളി വീണ് അടർന്നുപോയിട്ടുണ്ട്… ചുവപ്പുമണ്ണാണ്… വെള്ളം ഇറ്റ് വീഴുമ്പോൾ ചോരത്തുള്ളിപോ ലെയുണ്ട്…
“ദൈവം മണ്ണിൽനിന്ന് മനുഷ്യനെ സൃഷ്ടിച്ചു. ഇവിടെ അച്ചൻ മണ്ണിൽനിന്ന് വീണ്ടും മനുഷ്യനെ സൃഷ്ടിക്കുന്നു. ജീവന്റെ രണ്ട് അറ്റങ്ങൾ കൂട്ടുമുട്ടുകയാണ്. അച്ചന് നല്ല പശ യുള്ള മണ്ണ് വേണം… എന്നാലേ ഒന്ന് ഒന്നിനോട് പിടിച്ചു നിൽക്കുകയുള്ളൂ. പോകുന്ന ഇടത്തൊക്കെ മണ്ണിന്റെ സാമ്പിൾ ശേഖരിച്ച് വെള്ളവുമായി ചേർത്ത് നോക്കി അച്ചൻ തെരഞ്ഞടുക്കും. കർത്താവും അങ്ങനെ ഒരു സെലക്ഷൻ നടത്തി. ഒരു നല്ല മണ്ണ് കർത്താവിന് കിട്ടി… ഇതുപോലെ നല്ല ആർട്ടിസ്റ്റിനെ ആവശ്യമുണ്ടാകും അല്ലേ… അവിടെ സ്വർഗത്തിന്റെ പണിക്ക് വേണമായിരിക്കും.”
ബിഷപ്പിന് സ്വരം മുറിഞ്ഞു…
“അച്ചാ, അങ്ങ് ചേർത്ത മണ്ണും വെള്ളവും വെറുതേ ആവില്ല. പശിമയുള്ള മണ്ണിൽ അങ്ങയുടെ വിരൽ പതിഞ്ഞത് വെറുതേ ആവില്ല. കാരണം ഹൃദയങ്ങളെ അത്രയും ചേർത്ത് നിർത്തിയ ഒരു കലാകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നീ മണ്ണിലേക്ക് തന്നെ പൊയ്ക്കോ… പൊയ്ക്കോ… ഞങ്ങളുടെ ഹൃദയം തുരന്ന് നീ എടുത്തിട്ടുള്ള സ്നേഹത്തിന്റെ മണ്ണ് ഉണ്ടല്ലോ. അതുമായിട്ട് പൊയ്ക്കോ… നിന്റെ ഓർമയിൽ ഞങ്ങൾ ഇവിടെ പണിതോളാം നീ ബാക്കി വെച്ച സ്വപ്നങ്ങൾ…
നീ തന്നിട്ടുപോയ നിറങ്ങളുണ്ടല്ലോ…അത് ഇനി ഞങ്ങൾ എല്ലാരും കൂടി വീതിച്ചെടുത്തോളാം… നിന്റെ ചായക്കൂട്ടിന് അത്ര വരില്ല എന്നാലും… എടാ… നിന്നെപ്പോലെ ഒരു കലാകാരനെ ഞാൻ കണ്ടിട്ടില്ലെടാ…” സാമ്പ്രാണിത്തിരിയുടെ മണം. പതിഞ്ഞ ഒപ്പീസ് പാട്ട്. എവിടെനിന്നൊക്കെയോ തേങ്ങലുകൾ… പ്രസംഗത്തിനിടയ്ക്ക് ബിഷപ്പിന്റെ ഊറാലയിൽ കണ്ണീർ ഇറ്റ് വീണത് ആരും കണ്ടില്ല.
“കാറിന് എന്തിനായിരുന്നു ഇത്രയും സ്പീഡ്… നേരംപുലരും മുമ്പുള്ള കറുത്ത യാമത്തിൽ ലോകത്തിലെ ഏറ്റവും നല്ലവരെ മാത്രം പിടിച്ചുകൊണ്ടുപോകാൻ കൂളിവരുമെന്ന് അച്ചന് അറിയില്ലാരുന്നോ..” കോളനിയിലെ ചിരുതേച്ചി പിച്ചും പേയും പറയുന്നത് പോലെ പറഞ്ഞു.
സെമിനാരിയിൽ പോകുന്നതുവരെ ആ മഡ് ആർട്ടിസ്റ്റിന് മുടങ്ങാതെ നല്ല പശിമയുള്ള മണ്ണ് കൊണ്ടുക്കൊടുത്തിരുന്നത് ചിരുതേച്ചി ആയിരുന്നു.
“എന്നെ വരയ്ക്കാമെന്ന് പറഞ്ഞിട്ട് പോയതാ… പോട്ടേ… അവൻ പോട്ടേ… കർത്താവേ ഇത്രേം തിരക്ക് വേണാരുന്നോ…” കുഴഞ്ഞുവീണ ചിരുതേച്ചിയെ കുറച്ചു പേർ ചേർന്ന് എടുത്തു കൊണ്ടുപോകുന്നത് ബിഷപ് നോക്കിനിന്നു. ഭിത്തിയിൽ ചാരിനിന്നുപോയ ബിഷപ്പിനെ ളോഹയിൽ കുറച്ച് ചെളി പറ്റി… ചോരയും വെള്ളവും കലർന്ന നിറമായിരുന്നു അതിന്… തൂവാലകൊണ്ട് ബിഷപ് ചെളി തൂത്തു… ബാക്കി വന്ന ചെളിയിൽ ചിരിക്കുന്ന ഉണ്ണീശോയെ വരച്ച് വെച്ചത് പോലെ ബിഷപ്പിന് തോന്നി!