ക്രിസ്തുവിനോളം ‘അവളെ’ വേറെയാരും മനസ്സിലാക്കിയിട്ടില്ല… ഈ വാചകത്തിന് ബോബിയച്ചനോട് കടപ്പാട്….
ഇന്ന് ലോക വനിതാ ദിനം മാർച്ച് 8, ക്രൂശിത നെ കുറിച്ച് എഴുതാൻ ഇരുന്നപ്പോൾ… ആദ്യം മനസ്സിൽ വന്നത് ആബേലച്ചൻ്റെ കുരിശിൻറെ വഴിയുടെ പുസ്തകമാണ് അമ്പതു വർഷത്തിലേറെയായി കുരിശിൻറെ വഴിയുടെ പുസ്തകം.. എനിക്ക് ഓർമ്മവച്ച കാലം തൊട്ട് ഞാൻ കാണുന്ന ഈ പുസ്തകത്തിൻ്റെ മുഖചിത്രം അസ്തമയസൂര്യൻ്റെ പശ്ചാത്തലത്തിൽ കുരിശു ചുമന്നുപോകുന്ന ക്രിസ്തുവും അവനെ അനുഗമിക്കുന്ന ഒരു സ്ത്രീയുടെയും നിഴൽ ചിത്രം….
കൂടെയുണ്ടാകുമെന്ന് വാക്ക് കൊടുത്ത പുരുഷ ശിഷ്യൻമാർ പോലും ഉപക്ഷിച്ചു പോയ കുരിശിൻ്റെ വഴിയിൽ അവനോടൊപ്പം സ്ത്രീ സാന്നിധ്യങ്ങളായിരുന്നു എറെയും. അതു കൊണ്ടാകണം മുഖചിത്രത്തിലും അവൾ ഇടം പിടിച്ചത്….
നാലാം സ്ഥലത്താണ് ആദ്യ സ്ത്രീസാന്നിധ്യം നമ്മൾ കാണുന്നത് ‘അമ്മ സാന്നിധ്യം’. വിങ്ങിപൊട്ടുന്ന രണ്ടു ഹൃദയങ്ങൾ കവിഞ്ഞൊഴുകുന്ന നാല് കണ്ണുകൾ എന്ന് ആബേലച്ചൻ അടയാളപ്പെടുത്തുന്നു….. ഒരു ചെറിയ പനി വരുമ്പോഴേക്കും അടുത്ത് അമ്മ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയിട്ടുള്ളവരാണ് നമ്മളൊക്കെ… അല്ലേ!
ഒരു കുടുംബത്തിലെ മുഴുവൻ വേദനയും ചേർത്തു വെക്കുമ്പോഴാണ് അമ്മ ഉണ്ടാകുന്നതെന്ന് സേതുവിൻ്റെ അടയാളങ്ങളിലെ വാക്കുകൾ സത്യമാണ്….
സഹനങ്ങളെ, വേദനകളെ ഇത്രമാത്രം ഹൃദയത്തിൽ സ്വീകരിച്ചവൾ വേറെയില്ല… വേറെ ആർക്കു സാധിക്കും അവൻ്റെ വേദനകളുടെ ആഴമറിഞ്ഞ് ആശ്വസിപ്പിക്കാൻ. ‘ദി പാഷൻ ഓഫ് ക്രൈസ്റ്റിൽ ‘ മെൽഗിബ്സൺ ഒരുക്കുന്ന ഒരു ധ്യാനമുണ്ട്, കുരിശിൻ്റെ വഴിയിൽ വീണുപോകുന്ന ക്രിസ്തുവിനെ കാണുമ്പോൾ മേരിയുടെ മനസ്സിൽ സുന്ദരമായ ഫ്രെയിമുകളിൽ ഒരു ഫ്ലാഷ് ബാക്ക്, കുഞ്ഞായിരുന്ന ഈശോ വീഴുന്നതും അതുകണ്ടു ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിച്ചു ആശ്വസിപ്പിക്കുന്ന മേരിയും..
അമ്മയുടെ ആ സാന്നിധ്യം മാത്രം മതി മുന്നോട്ടു പോകാനുള്ള വഴികളിൽ കരുത്തു പകരാൻ. കുരിശിൻ്റെ വഴിയിലെ ‘അമ്മ സാന്നിധ്യം’ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട് അപരൻ്റെ സങ്കട ജീവിതങ്ങളിൽ ആശ്വാസത്തിൻ്റെ അമ്മ രൂപങ്ങളാകണമെന്ന്…..
ആറാം സ്ഥലം വേറോനിക്ക ഈശോയുടെ തിരുമുഖം തുടക്കുന്നു… സഖി സാന്നിധ്യമാണിത്… വീണ്ടും ആബേലച്ചൻ്റെ വാക്കുകൾ കടംകൊള്ളുകയാണ്… അവൾക്ക് ഈശോയെ ആശ്വസിപ്പിക്കണം….ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല… ആത്മാവ് ആത്മാവിനെ തൊടുന്ന പ്രണയമെന്നൊക്കെ പറയില്ലേ… ഉടലിൻ്റെ അളവുകോലുകളിൽ നിന്ന് പ്രണയത്തെ സ്വതന്ത്രമാക്കുന്ന അവസ്ഥ. സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷിച്ച ഒരു വിവാഹമുണ്ട്…. നെഞ്ചിനു താഴേക്ക് തളർന്നു പോയ പ്രണവിൻ്റെ ജീവിതത്തിലേക്ക് കൂട്ടായി വന്ന ഷഹാന…. പ്രണയത്തെക്കുറിച്ചുള്ള നമ്മുടെ സമവാക്യങ്ങൾ തകർത്തുകളയുന്നു…
അവൾ തൂവാലക്കൊണ്ട് അവൻ്റെ രക്തം നിറഞ്ഞ മുഖം ഒപ്പിയെടുക്കുമ്പോൾ, ആശ്വസിപ്പിക്കുമ്പോൾ പറയാതെ പറയുന്നുണ്ട് ദേ ഞാനും നിന്നോടുകൂടെയുണ്ടെന്ന്…. പുരുഷൻ്റെ കണ്ണുകൾ നിറയാൻ പാടില്ല… അവനു കരയാൻ അനുവാദമില്ലല്ലോ… അതു കൊണ്ടാകണം കണ്ണു നിറയുമ്പോഴേക്കും തൂവാല നീട്ടി ദേ ആ കണ്ണു തുടച്ചേ എന്ന് പറഞ്ഞ് ചേർത്തു നിർത്തുന്ന സഖി സാന്നിധ്യങ്ങൾ വലിയ കരുത്താകുന്നത്
എട്ടാം സ്ഥലം ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി അവർക്കു പരിചിതനായ ക്രിസ്തു കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നത് കാണുമ്പോൾ ഹൃദയം പൊട്ടുമാറ് കരയാതിരിക്കാൻ അവർക്കാവില്ലല്ലോ….കുരിശു വഴിയിലെ സോദരി സാന്നിധ്യങ്ങൾ….
എ. അയ്യപ്പൻ കുറിക്കുന്നുണ്ട്,
ഇലകളായി ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിക്കൊരു ഒരു കാമിനി അല്ല ആനന്ദത്താലും ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു പെങ്ങളില വേണം (പെങ്ങളില)
തല്ലു കൂടാനും പിണങ്ങാനും പുന്നാരിക്കാനും സ്നേഹിക്കാനും കൂടെ നിന്ന് കരയാനുമുള്ള സോദരി സാന്നിധ്യങ്ങൾ…
പന്ത്രണ്ടാം സ്ഥലത്ത് മറിയവും സലോമിയും മറ്റ് ഒരുപാട് സ്ത്രീകളും അവൻറെ കുരിശിനു ചുവട്ടിൽ ഉണ്ടായിരുന്നു. പേരിന് യോഹന്നാൻ എന്ന പുരുഷ സാന്നിധ്യവും. ആ സ്ത്രീകൾക്ക് അവിടെ ആയിരിക്കാതിരിക്കാനാകില്ല കാരണം അവനോളം ആരും അവരെ മനസ്സിലാക്കിയിട്ടില്ല… ചേർത്തു നിർത്തിയിട്ടില്ല…
അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ എന്ന അമ്മ വാക്യത്തെ അവൻ വിലവയ്ക്കുന്നു… ഒറ്റപ്പെട്ടുപോയ അമ്മ യുടെ വിലാപത്തിനു മുന്നിൽ മകന് ഉയിരേകുന്നു…
കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്നവരോട് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൻ മാറ്റിയെഴുതിയത് അവളുടെ ജീവിതം ആയിരുന്നു… കിണറ്റിൻകരയിലെ സൗഹൃദത്തോടെ അവൻ അവൾക്ക് സമ്മാനിച്ചത് ആദ്യ സുവിശേഷ പ്രഘോഷക എന്ന സ്ഥാനമായിരുന്നു…
അവൻറെ വസ്ത്ര വിളുമ്പിൽ അവൾ സ്പർശിച്ചപ്പോൾ അവൾക്ക് ലഭിച്ചത് പുതിയൊരു ജീവിതമായിരുന്നു. കൂനിപോയവളുടെ ജീവിതത്തെ അവൻ നേരെ നിർത്തി. അവളുടെ സുഗന്ധതൈല കൂട്ടിന് വിലയിട്ടവനെ നോക്കി നിന്നെക്കാൾ അധികമായി അവൾ എന്നെ സ്നേഹിക്കുന്നു എന്ന് ക്രിസ്തു പറയുമ്പോൾ…. മർത്ത – മറിയം സോദരിമാരുടെ ആതിഥേയം സ്വീകരിക്കുന്നവൻ, ഭണ്ഡാരത്തിൽ വീണ കിഴിക്കെട്ടുകൾ കാണാതെ വിധവയുടെ ചില്ലിക്കാശിനെ വിലവയ്ക്കുന്നു…. മേരി മാഗ്ദലിൻ്റെ കണ്ണീരിനു മുമ്പിൽ അവളുടെ ഗുരു സാന്നിധ്യമായി അവൻ മാറുന്നു…
സത്യമാണ് ക്രിസ്തുവിനോളം വേറെയാരും ‘ അവളെ ‘ മനസ്സിലാക്കിയിട്ടില്ല……
By, Xteen