ഒരു പുതുവർഷം കൂടി കാണാൻ അനുവദിച്ച ദൈവത്തിന് നമ്മുക്കൊരുമിച്ച് ഒരായിരം നന്ദി പറയാം. എല്ലാവർക്കും പുതുവർഷ ആശംസകൾ. വീണ്ടുമൊരു പുതുവർഷം നമ്മെ സ്വാഗതം ചെയ്തിരിക്കുകയാണ്.
ഓരോ പുതു വർഷവും നമുക്ക് കിട്ടുന്ന ദൈവീക ദാനമാണ്. തീർച്ചയായിട്ടും ഇത് ഒരു സൗജന്യ ദാനം തന്നെയാണ്. പ്രത്യേകിച്ച് ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ നമ്മൾ പല വിധ സംഘർഷങ്ങളിൽ കൂടിയും മഹാമാരിയിൽ കൂടിയും ഒക്കെ കടന്നു പോകുന്ന കാലഘട്ടം.നമ്മെക്കാൾ ആരോഗ്യവും സൗന്ദര്യവും പണവും ഉള്ള എത്രയോ പേർ ഈ കഴിഞ്ഞ വർഷങ്ങളിൽ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്നിട്ടും നമ്മളെ ദൈവം കാത്തു പരിപാലിക്കുന്നു.നമ്മൾ പലപ്പോഴും പരാതികളുടെ കൂമ്പാരത്തിലാണ് ജീവിക്കുന്നത്..
പക്ഷേ ഒരിക്കലും നാം ചിന്തിക്കുന്നില്ല നമ്മൾ ഇന്നും ജീവിക്കുന്നു എന്നുള്ള മഹത്തായ സത്യം. അതാണ് ഏറ്റവും വലിയ നമ്മുടെ സമ്പത്ത് അഥവാ അനുഗ്രഹം. നാം എപ്പോഴും നന്ദി നിറഞ്ഞ ഹൃദയം ഉള്ളവരായിരിക്കണം… ദൈവത്തോടും, നമ്മുടെ ചുറ്റിലുമുള്ളവരോടും, നമ്മുടെ പ്രിയപ്പെട്ടവരോടും ഒക്കെ. കാരണം നമ്മുടെ ശരീരം, നമ്മുടെ മനസ്സ്, നമ്മൾ എന്ന വ്യക്തിത്വം ഇവയൊക്കെ ദൈവത്തോടും പ്രിയപ്പെട്ടവരോടും കടപ്പെട്ടവയാണ്.നമ്മുടെ കുടുംബം, നമ്മളുടെ മക്കൾ, മാതാപിതാക്കൾ, ജീവിതപങ്കാളികൾ, പ്രിയപ്പെട്ടവർ ഇവരൊക്കെയാണ് നമ്മുടെ ഓരോ ദിവസത്തെ നിലനിൽപ്പിന് കാരണക്കാർ.
അവരോടൊക്കെ നാം എപ്പോഴും നന്ദിയുള്ളവരായിരിക്കണം ഓരോ പുതുവർഷവും നാം ആഘോഷിക്കുമ്പോൾ, നമ്മുടെ ആയുസ്സ് ഓരോ വർഷം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന സത്യം മറക്കരുത്. ദൈവം ദാനമായി തന്ന ശരീരത്തെ മദ്യപാനം, പുകവലി, ലഹരി മരുന്ന് എന്നീ മാരക വിഷങ്ങൾ കൊണ്ട് സ്വയം നശിപ്പിക്കുകയോ ക്ഷയിപ്പിക്കുകയോ ചെയ്യരുത്.. കാരണം ജീവിതം ഒന്നേയുള്ളൂ വീണ്ടുമൊരു ജന്മം കൂടി വേണമെന്ന് ആഗ്രഹിച്ചാൽ കിട്ടുന്ന കാര്യമല്ല. നമ്മൾ ഏത് അവസ്ഥയിൽ ആയാലും കിട്ടുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് സ്വയം സന്തോഷിച്ഛ് മറ്റുള്ളവർക്ക് സന്തോഷം നൽകി മറ്റുള്ളവർക്ക് പ്രകാശമായി ജീവിച്ചു കൊണ്ട് ഈ ഭൂമിയിൽ നിന്നും കടന്നു പോകാൻ നമുക്ക് ശ്രമിക്കാം.
കഴിഞ്ഞുപോയ വർഷം നമുക്ക് ഒരുപാട് വേദനകളും, മുറിവുകളും, സന്തോഷങ്ങളും അനുഗ്രഹങ്ങളും ഒക്കെ നൽകിയ വർഷമാണ്… ചില ഓർമ്മകളിൽ നമ്മുടെ കണ്ണുകൾ നനയും. ചില ഓർമ്മകൾ മനസ്സിൽ കനലുകൾ കോരിയിടും. ചില ഓർമ്മകൾ ചെറിയ ചാറ്റൽ മഴ പോലെ മനസ്സിലേക്ക് പെയ്തിറങ്ങും. എന്തായാലും മനുഷ്യ മനസ്സുകൾ ഓർമ്മകളുടെ കിളിക്കൂടാണ്. മറ്റുള്ളവർ നമ്മെകുറിച്ച് ഓർക്കുമ്പോൾ ആ ഓർമ്മകൾക്ക് സുഗന്ധം ഉണ്ടാകണം. ഹൃദയത്തിൽ ആർദ്രദയും കരുണയും ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ഓർമ്മകൾക്ക് സുഗന്ധം നൽകാൻ കഴിയുകയുള്ളൂ. ജീവിതത്തിന്റെ മനം മടുക്കലിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഒക്കെ മുക്തി കിട്ടി, പ്രത്യാശയുടെ പാതയിലേയ്ക്ക് തിരികെ നടക്കാൻ ഈ പുതുവർഷം നമ്മെ സഹായിക്കട്ടെ.
ഈ പുതുവർഷവും ഇതിലെ 365 ദിവസങ്ങളും നമുക്കുള്ളതാണ്. ഇവയെ എങ്ങനെ ഫലദായകമായി ചിലവഴിക്കാം എന്നത് നമ്മുടെ കൈകളിലാണ്. കടന്നു പോകുന്ന ഓരോ വർഷവും വെറുതെ അലസമായി എറിഞ്ഞു കളയുന്ന രക്ന കല്ലുകൾ ആകാതിരിക്കട്ടെ. നമ്മെ ഓർക്കുന്ന ഓരോ വ്യക്തിയുടെയും ഓർമ്മകൾക്ക് സുഗന്ധം പകരുന്ന സാന്നിധ്യമായി മാറാൻ നമുക്ക് പരിശ്രമിക്കാം. സ്വയം പ്രകാശിക്കാം, അതുപോലെ മറ്റുള്ളവർക്കും ഒരു ചെറിയ മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നൽകാൻ നമ്മുടെ കൊച്ചു ജീവിതം കാരണമാകട്ടെ. മരിക്കാത്ത ഓർമ്മകളെ ജനിപ്പിക്കാനും ആർക്കൊക്കെയോ പ്രത്യാശ പകരുന്ന, കുറേപേരെയെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന സാന്നിധ്യമായി നമുക്ക് മാറാം.
2022 എന്ന പുതുവർഷം എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യട്ടെ. ഒപ്പം നന്മയുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും നല്ല നാളുകൾ സമ്മാനിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.ഈ കഴിഞ്ഞ വർഷം എന്റെ വാക്കുകൾ കൊണ്ടോ സന്ദേശം കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരുടെയെങ്കിലും മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ ഹൃദയപുർവ്വം മാപ്പ് ചോദിക്കുന്നു.. നിങ്ങളുടെ സ്നേഹത്തിനും, എല്ലാ പ്രോത്സാഹനത്തിനും ഒത്തിരി നന്ദി…എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
സസ്നേഹം, ഷേർലി മാത്യു (01.01.2022)