തൊടുപുഴ ചീനിക്കുഴിയിലെ ഹമീദ് എന്ന മനുഷ്യപ്പിശാച് തൻ്റെ മകനെയും, രണ്ടു കൊച്ചുമക്കളെയും കത്തിച്ചു കൊന്ന വാർത്താപ്രളയമാണ് മാധ്യമങ്ങളിൽ. വായിച്ചു മനസ്സും കത്തിക്കരിഞ്ഞിരിക്കുമ്പോഴൊക്കെ മനുഷ്യത്വത്തിൻ്റെ ആൾരൂപംപോലെ രാഹുൽ രാജൻ എന്ന നല്ല അയൽക്കാരൻ്റെ ചങ്കുപൊട്ടിയുള്ള വിതുമ്പലിനൊപ്പം ബഹിർഗമിക്കുന്ന കണ്ണുനീർത്തുള്ളികൾ മനസിനു ഇത്തിരിയൊന്നുമല്ല സമാശ്വസത്തിൻ്റെ കുളിർമ പകരുന്നത്.
അയൽവാസികളായ പ്രിയരുടെ ജീവൻ രക്ഷപ്പെടുത്താൻ സ്വയം മറന്നു പരിശ്രമിച്ചിട്ടും സാധിക്കാത്തതിൽ നിസ്സഹായനായി, മനുഷ്യസ്നേഹത്താൽ നഷ്ടബോധത്തോടെ വിങ്ങിപ്പൊട്ടുന്ന ആ വലിയ മനുഷ്യൻ്റെ ചിത്രം ചില്ലുകൂട്ടിലിട്ടു വച്ചിരിക്കുകയാണ് ഞാൻ. ഇതുപോലെയുള്ള സുമനസുകളേക്കൊണ്ടു നിറയട്ടെ നമ്മുടെ നാട് എന്നാണ് പ്രാർത്ഥന.”ചേട്ടായി രക്ഷിക്കണേ” അയൽവീട്ടിൽ നിന്ന് അസ്നമോളുടെ നിലവിളി കേട്ടതോടെ മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയും രക്ഷിക്കാനായി ഓടിയെത്തുകയായിരുന്നു രാഹുൽ രാജൻ.
ചുറ്റും തീ പടർന്നപ്പോൾ കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെയാണ് ആദ്യം ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അലറി വിളിച്ചത്. കാരണം അവർക്ക് അറിയാമായിരുന്നു ഈ മനുഷ്യൻ ഓടിയെത്തുമെന്നും, എത്തിയാൽ തങ്ങളുടെ ജീവൻ രക്ഷപ്പെടുമെന്നും. അയാൾ എത്തി. ഓടിക്കിതച്ചുതന്നെ എത്തി.അപ്പോഴേക്കും പെട്രോൾ നിറഞ്ഞ കുപ്പികൾ വീണ്ടും വീണ്ടും മുറിക്കുള്ളിലേക്ക് കത്തിവീണു കൊണ്ടേയിരുന്നു. ചുറ്റും തീ പടരുന്നതോ, തൻ്റെ അപകട സാധ്യതയോ ഗൗതിക്കാതെ രാഹുൽ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. സ്വാർത്ഥമനുഷ്യസ്നേഹ പ്രേരണയാൽ ലഭ്യമായ അനിധരസാധാരണമായ ആത്മബലം പേശികളിൽ ആവാഹിച്ച് കിടപ്പുമുറിയുടെ വാതിലും അയാൾ ചവിട്ടിത്തുറന്നു.
രാഹുലെത്തിയിട്ടും ശുചിമുറിക്കുള്ളിലായ കുടുംബം പേടിച്ച് പുറത്തേക്ക് വന്നില്ല; അവർ വെള്ളം തേടി ശുചിമുറിയിൽ ആയിരുന്നു. അവിടെ വെള്ളം ഇല്ലായിരുന്നു. പെട്രോൾ ഒഴുകിപ്പരന്ന് ഫൈസലിനും ഭാര്യയ്ക്കും മക്കൾക്കും പൊള്ളലേറ്റു. കിടക്കയ്ക്ക് തീപിടിച്ചു. രാഹുൽ വെള്ളമെടുക്കാൻ എത്തിയപ്പോൾ വെള്ളമില്ല; വൈദ്യുതി കണക്ഷനുമില്ല. സ്വന്തം മകനും, മക്കളും ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതുകളും ഫൈസലിൻ്റെ എഴുപൊത്തൊമ്പതുകാരൻ കൊലയാളി ബാപ്പ ഹമീദ് അടച്ചിരുന്നു. എന്നിട്ടോ? കലിയടങ്ങാതെ അയാൾ പെട്രോൾ കുപ്പി വലിച്ചെറിഞ്ഞു കൊണ്ടേയിരുന്നു. അസഹ്യമായ പുകയും മുറിക്കുള്ളിൽ നിറഞ്ഞിരുന്നതിനാൽ രാഹുലിന് ഒന്നും കാണാനുമായില്ല.
കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടുന്നത് കണ്ടതോടെ ആ അപ്പൻ പിശാച്, ഹമീദ് പിൻവാതിൽ വഴി കടന്നു.ബാക്കി രാഹുൽ പറയട്ടെ:” രാത്രി 12.45 ന് ഫൈസലിന്റെ നമ്പറിൽ നിന്ന് ഫോൺ വന്നു. ഞാൻ ഞെട്ടിയുണർന്നു. ‘‘ചേട്ടായി രക്ഷിക്കണേ..’’ എന്ന് അസ്നമോളുടെ നിലവിളി. പിന്നൊന്നും ആലോചിച്ചില്ല ഞാൻ അവരുടെ വീട്ടിലേക്ക് ഓടി. ഓടുന്ന വഴിക്ക് തന്നെ വീട്ടിൽ തീ ആളുന്നത് കാണാമായിരുന്നു. വീട് മുൻഭാഗത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിത്തുറന്നപ്പോൾ ഹാളിൽ നിന്ന ഹമീദ് കിടപ്പുമുറിയിലേക്ക് പെട്രോൾ കുപ്പി എറിയുന്നതാണ് കാണുന്നത്. ഹമീദിനെ തട്ടിമാറ്റി ഞാൻ മുറിയുടെ വാതിലും ചവിട്ടിത്തുറന്നു.അപ്പോഴേക്കും അടുത്തുള്ള ശുചിമുറിയിൽ ഫൈസലും ഭാര്യയും മക്കളും കയറി വാതിൽ അടച്ചിരുന്നു.
കിടക്കയ്ക്ക് തീ പിടിച്ചിരിക്കുകയായിരുന്നു. പുകയും തീയും മൂലം ഒന്നും കാണാൻ സാധിച്ചിരുന്നില്ല.എനിക്ക് അങ്ങോട്ട് കയറാനും പറ്റിയില്ല. ഹമീദ് ഒരു കുപ്പി പെട്രോൾ കൂടി റൂമിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ പേടിച്ച് പുറത്തേക്ക് ഓടി വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോൾ വെള്ളമുണ്ടായിരുന്നില്ല. വൈദ്യുതിയും പോയിരുന്നു. മോട്ടർ അടിക്കാൻ എന്റെ വീട്ടിലേക്ക് ഞാൻ ഓടി. ഇവിടെ നിന്നായിരുന്നു പൈപ്പ് കണക്ഷൻ. അവിടത്തെ ടാങ്കിലെ വെള്ളവും ഹമീദ് തുറന്നു വിട്ടിരുന്നു.പമ്പിലേക്കുള്ള വൈദ്യുതി കണകഷനും വിഛേദിച്ചു. ഞാൻ തിരിച്ച് ഓടിയെത്തിയപ്പോഴേക്കും ഹമീദ് പിൻവശം വഴി കടന്നുകളഞ്ഞു.
അഗ്നിരക്ഷാസേന എത്തി തീ അണച്ച് ശുചിമുറി തുറന്നപ്പോൾ കണ്ട കാഴ്ച…(പൊട്ടിക്കരഞ്ഞുകൊണ്ട്) എന്റെ വീട്ടിൽ വളർന്ന കുട്ടികളാണ്… അവരാണ്… നാലുപേരും ചേർന്ന് കെട്ടിപ്പിടിച്ച്… എനിക്ക് അങ്ങോട്ട് നോക്കാൻ പോലും പറ്റിയില്ല… കുറച്ചു മുന്നേ എനിക്ക് എത്താൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ…’’ തൻ്റെ സ്വന്തം വീട്ടിൽ അപകടം പറ്റിയ അതേ വികാരമാണ് ഈ മനുഷ്യസ്നേഹിക്ക്. രാഹുൽ രാജൻ !താങ്കളെപ്പോലെയുള്ള മനുഷ്യരാണ് ഈ നാടിൻറെ ഭാഗ്യം. ഇതുപോലെയുള്ള അയൽക്കാരാകാൻ താങ്കൾ ഞങ്ങൾ അനേകർക്ക് പ്രചോദനമാണ് സഹോദരാ.
വചനം:…
ഈശോ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും”(ലൂക്കാ.10:27)”നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനം നല്കാന് പിറ്റേന്നു രാവിലെ വരെ കാത്തിരിക്കരുത്. ..അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം. ഏഷണി പറഞ്ഞു നടക്കുകയോ അയല്ക്കാരന്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണ് കര്‍ത്താവ്. സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്.
അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന് മൂലം നീ തെറ്റുകാരനാകും.നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഞാനാണ് കര്‍ത്താവ്.( ലേവ്യ.19:13-18)”ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന് പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടത്?(അവന് പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന് മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവന് ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക”(മത്താ.19:16-19) “രണ്ടാമത്തെ കല്പനയും ഇതിനുതുല്യം തന്നെ.
അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.”(മത്താ.22:39)”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയ നിയമം നിങ്ങള്‍യഥാര്‍ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു” ( യാക്കോ 2:8) “പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. സ്നേഹം അയല്ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല.
അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്നേഹമാണ്” (റോമ 13:8-10)”നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്നേഹിക്കണം. കാരണം, നിങ്ങള്‍ ഈജിപ്തുദേശത്തു വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്”(ലേ വാ 19:34)ചിത്രം: മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയപ്പോൾ വിതുമ്പുന്ന മനുഷ്യ സ്നേഹത്തിൻ്റെ ഹൃദയസ്പർശിയായ പ്രതീകം
By, സൈ സി. എം. ഐ