“മനുഷ്യന് പദ്ധതികള് വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്ത്താവിന്റേതത്രേ. (സുഭാ 16:1). എത്രയെത്ര കാര്യങ്ങൾ നമ്മൾ തീരുമാനിച്ചു വെക്കുന്നല്ലേ? പക്ഷെ എല്ലാം നടക്കാറുണ്ടോ? ഇനി നടന്നാൽ തന്നെ നമ്മൾ വിചാരിക്കുന്ന പോലെ നടക്കാറുണ്ടോ? എന്റെ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നതാണ് കാര്യങ്ങൾ ഒട്ടും വിചാരിക്കാത്ത പോലെ ആയിത്തീരുന്നത്. ജീവിതത്തിലാദ്യമായി നാട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ് പ്ലാൻ ചെയ്തിരുന്നപ്പോഴാണ് 2020 -ൽ, എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊറോണക്കാലം പ്രമാണിച്ച്. ഇവിടുത്തെ പള്ളിയിൽ ബൈബിൾ വായിക്കുന്ന ടീമിൽ എന്നെ ചേർത്തിയതിനു ശേഷം അൾത്താരയിൽ കയറിയുള്ള ആദ്യവായനക്ക് പ്രാക്ടീസ് ചെയ്ത് എക്സൈറ്റഡ് ആയി ധൃതിയിൽ പോകുമ്പോൾ വണ്ടി ചെറുതായി മുന്നിലുള്ള വണ്ടിയിൽ പോയി ഇടിച്ച് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടേണ്ടി വന്നത് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ ഞാൻ നോക്കി നോക്കി ഇരുന്നതാണെ പോസ്റ്റിടാൻ. എന്റെ ബാല്യകാലം St . Xavier’s C.U.P.S സ്കൂളിൽ ആയിരുന്നു. നഴ്സറിയിൽ പഠിക്കുമ്പോ തൊട്ടു കാണുന്നതാണ് ഫ്രാൻസിസ് സേവ്യർന്റെ വലിയ സ്റ്റാച്യു. ആ ജീവചരിത്രം ഒക്കെ കേട്ട് പരിചയിച്ചതാണ് കൊച്ചിലേ. പക്ഷെ ഡിസംബർ 2 -ന് നിലത്തുവീണ് ഫോണിന്റെ ഡിസ്പ്ലേ പോയിക്കിട്ടി, ഒന്നും കാണാൻ പറ്റിയിരുന്നില്ല. അങ്ങനെ അതും കൊളമായി. അങ്ങനെ എത്രയെത്ര… സംഭവിക്കുന്ന ഒന്നും ആകസ്മികമാണെന്നു ഞാൻ വിചാരിക്കുന്നില്ല, ചിലതൊക്കെ നമ്മുടെ വേണ്ടാത്ത ചെയ്തികളുടെ ഫലമായും ചിലതൊക്കെ ദൈവഹിതപ്രകാരമായും അവിടുത്തെ പദ്ധതികളുടെ ഭാഗമായും സംഭവിക്കുന്നു. മനസ്സിലാക്കി എടുക്കേണ്ട ദൈവഹിതം ചില കാര്യങ്ങളുടെ പിന്നിലുണ്ടാവും.
ചിലപ്പോൾ നമ്മെ അച്ചടക്കമോ ക്ഷമയോ പഠിപ്പിക്കുന്നതായിരിക്കാം. സഹിക്കാൻ, ഒറ്റയ്ക്ക് പൊരുതാൻ, തനിച്ചാവാൻ ഒക്കെ ശീലിപ്പിക്കുന്നതായിരിക്കാം, അങ്ങനെ പലതും. ഭാവി കാണാൻ കഴിയുന്ന ദൈവത്തിന്, നമുക്ക് നല്ലത് ഏതാണെന്നറിയുന്നതു കൊണ്ടായിരിക്കാം ചില കാര്യങ്ങൾ നമുക്ക് നടന്നു കിട്ടാത്തതും കാലതാമസം വരുന്നതുമൊക്കെ. സെപ്റ്റംബർ 11 -ന് അമേരിക്കയിൽ ഭീകരാക്രമണത്തിൽ നിലംപതിച്ച രണ്ടു ടവറുകളിൽ ആ സമയത്ത് ആയിരിക്കേണ്ട പലരും ട്രാഫിക് ബ്ലോക്ക് മൂലമോ എണീക്കാൻ വൈകിയതുമൂലമോ ഒക്കെ രക്ഷപെട്ടത് പോലെ. പക്ഷെ ദൈവപരിപാലന ആണെന്നറിയാതെ നമ്മൾ അക്ഷമരാകുന്നു, ദേഷ്യപ്പെടുന്നു, നിരാശരാകുന്നു. നമ്മൾ എന്തെങ്കിലും ചെയ്തു കൊളമാക്കുന്നതിനു മുൻപേ ദൈവഹിതം അറിയുന്നത് എത്ര നല്ലതായിരിക്കും.
ചെയ്യാൻ പോകുന്ന കാര്യം വേണോ വേണ്ടയോ, ഒരു കാര്യം പറയണോ വേണ്ടയോ എന്നൊക്കെ അറിയുന്നത്. അതിനു ഒരു പേർസണൽ കണക്ഷൻ ആവശ്യമാണ്ഈശോയുമായി. വ്യക്തിപരമായ പ്രാർത്ഥന,കൂദാശാധിഷ്ഠിതമായ ജീവിതം, തിരുവചനവായന, ദൈവേഷ്ടമനുസരിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത ഇതെല്ലാം ആവശ്യമാണ്. നമുക്ക് ശരിയായ ആഗ്രഹമുണ്ടെങ്കിൽ, ചെറിയൊരു ശ്രമമെങ്കിലും നടത്തിയാൽ ബാക്കി ഈശോ നോക്കിക്കൊള്ളും. Best Friend ന്റെ സ്ഥാനം, നമ്മുടെ ലൈഫിലെ ഏറ്റവും പ്രധാന സ്ഥാനം തന്നെ ഈശോക്ക് കിട്ടണം. വാചികപ്രാർത്ഥനകൾ മാനസികപ്രാർത്ഥനക്ക് വഴി മാറണം. നിങ്ങളൊക്കെ പ്രാർത്ഥനയിലും ഈശോയുമായുള്ള റിലേഷന്ഷിപ്പിലും ഒരുപാട് പുരോഗമിച്ചവരായിരിക്കും . ഞാൻ തുടക്കക്കാർക്ക് വേണ്ടിയാണ് പറയുന്നത്.
ഡിഗ്രിക്ക് പഠിക്കുമ്പോൾ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് പുതിയ ഒരനുഭവത്തിലേക്ക് ഈശോ എന്നെ കൈപിടിച്ച് നടത്തിയത്. എന്തെന്നില്ലാത്ത സന്തോഷം, പ്രാര്ഥിക്കുമ്പോഴും കുർബ്ബാനയിൽ പങ്കെടുക്കുമ്പോഴുമൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ആർത്തി പിടിച്ചാണ് ഞാൻ വചനം വായിച്ചിരുന്നത്. പുതിയ അർത്ഥങ്ങൾ ഒക്കെ മനസ്സിലാവുന്നു. ദൈവാത്മാവ് നമ്മുടെ ജീവിതത്തെ നയിക്കുമ്പോഴത്തെ സന്തോഷം ഞാൻ അറിഞ്ഞു. യേശുനാമധ്യാനം ഈശോയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന് സഹായിക്കും. കണ്ണടച്ചും ചുണ്ടനക്കാതെയും മനസ്സിൽ പ്രാർത്ഥിക്കാനായി പരിശീലിക്കണമെങ്കിൽ ഇങ്ങനെ തുടങ്ങാം. (വീണ്ടും പറയുന്നു, തുടക്കക്കാർക്കാണെന്ന്) ശ്വാസം സാവധാനം ഉള്ളിലേക്കെടുക്കുമ്പോൾ മനസ്സിൽ പറയുക ‘യേശുവേ നന്ദി’, പുറത്തേക്ക് വിടുമ്പോൾ ‘യേശുവേ സ്തോത്രം’ ഇങ്ങനെ ദിവസത്തിൽ കുറെ നേരം ചെയ്യുക.
പയ്യെപ്പയ്യെ ജപമാലയും കരുണക്ക് വേണ്ടിയുള്ള പ്രാർത്ഥനയും സങ്കീർത്തനങ്ങളുമൊക്കെ നിങ്ങൾക്ക് ഉള്ളിൽ ഉരുവിടാൻ പറ്റും. സങ്കീർത്തനങ്ങളിലെ യാചനകൾ കാണാതെ പഠിച്ചു ഉള്ളിൽ പറഞ്ഞുകൊണ്ടിരിക്കുന്നത് വളരെ നല്ല പ്രാർത്ഥനയാണ്. മനസ്സിൽ ഈശോയോട് സംസാരിച്ചു കൊണ്ടിരിക്കുക, ഈശോയെ ഞാൻ ഇന്ന സ്ഥലത്തേക്ക് ഇന്ന കാര്യത്തിന് പോവാണ് ട്ടോ. നീ കൂടെ വേണേ. എണീക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ സംസാരിക്കണം ഉള്ളിൽ. കൂടെക്കൂടെ ഓരോന്നിനും നന്ദി പറയണം. ഈശോ ചെറിയ ചെറിയ അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടത്തി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാണാം. (എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടാവുമല്ലേ ഉള്ളിൽ പ്രാർത്ഥിക്കാൻ ഞാൻ പരിശീലിച്ചത് ഇങ്ങനെ തുടങ്ങിയിട്ടായിരുന്നെ.
ദൈവാത്മാവ് എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഞാൻ അനുഭവിച്ചറിയാൻ തുടങ്ങി. ഒരു കാര്യം ചെയ്യാൻ വിചാരിച്ചാൽ അത് ഈശോയ്ക്കിഷ്ടമുള്ളതല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് (Uneasiness) ഉള്ളിൽ അനുഭവപ്പെടാൻ തുടങ്ങി. ഒരു കാര്യം ആരോടെങ്കിലും പറയാൻ പോകുമ്പോൾ അത് ദൈവഹിതമല്ലെങ്കിൽ സെയിം ഫീലിംഗ് ഉണ്ടാകും. അപ്പോൾ ഞാൻ അവിടെ ഫുൾസ്റ്റോപ്പിടും. ഈശോ തടഞ്ഞിട്ടും ഞാൻ ആ കാര്യം ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അതിനു പശ്ചാത്തപിക്കേണ്ടി വന്നിരിക്കും. ഒരുപാട് വട്ടം ഈശോയുടെ മുന്നറിയിപ്പും ശിക്ഷണവും അവഗണിച്ചാൽ ആ സ്നേഹച്ചൂട് നേർത്തുനേർത്ത് ഇല്ലാതെയാകും. പിന്നെ കുമ്പസാരിച്ചും പ്രാർത്ഥിച്ചും മാപ്പുചോദിച്ചും ഒക്കെ പിന്നേം കൂട്ടാവാൻ പണിപ്പെടും. എന്റെ തന്നിഷ്ടത്തിനൊത്തു പറഞ്ഞും പ്രവർത്തിച്ചും നടന്നത് കൊണ്ട്, ഞാൻ ഇപ്പോൾ ഇക്ഷ ഇഞ്ഞ ഒക്കെ വരച്ചുകൊണ്ടിരിക്കാണ്.
ദൈവത്തിന്റെ ദാനങ്ങളും വിളിയും പിൻവലിക്കപ്പെടാവുന്നതല്ല എന്ന ഒരു ആശ്വാസമുണ്ട്. ഞാൻ ഇടക്ക് പിശാചിനോട് പറയും, “എന്റെ ശത്രുക്കളെ.. എന്നെക്കുറിച്ച് ആഹ്ലാദിക്കേണ്ട. വീണാലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിലിരുന്നാലും കർത്താവ് എന്റെ വെളിച്ചമായിരിക്കും” ഈശോയോടും മാതാവിനോടുമൊക്കെ ആത്മാർത്ഥസുഹൃത്തിനോടെന്ന പോലെ സംസാരിക്കുന്നവരും അവർ പറയുന്നത് കേൾക്കുന്നവരുമൊക്കെ ഈ ലോകത്തിലുണ്ട്. അത്രയുമൊക്കെ ഔന്നത്യത്തിൽ ഉള്ളവരോടല്ല, പ്രാർത്ഥനയുടെ എബിസിഡി പഠിക്കുന്നവർക്കാണ് ഞാൻ എന്റെ എളിയ അനുഭവങ്ങൾ പങ്കുവെച്ചത്.
ഒന്നും ആധികാരികമായി പറഞ്ഞതല്ല, എന്റെ തുടക്കകാലത്തെ അനുഭവങ്ങൾ ഷെയർ ചെയ്തെന്നു മാത്രം. വിശുദ്ധ ഫൗസ്റ്റീന പറഞ്ഞു, “ദൈവം ഒരാത്മാവിൽ പ്രവർത്തിക്കണമെങ്കിൽ ആ ആത്മാവ് തനിയെ പ്രവർത്തിക്കുന്നത് നിർത്തണം. അല്ലാത്ത പക്ഷം ദൈവം അയാളിൽ തൻറെ ഇഷ്ടം നിറവേറ്റില്ല”. ഇതൊട്ടും എളുപ്പമല്ല, നമ്മുടെ ഇഷ്ടങ്ങളുടെ ബലി കഴിക്കൽ. ആർച്ചു ബിഷപ്പ് വാൻത്വാൻ പറയുന്നു, “നാം എന്തുചെയ്യണം, എന്ത് സംസാരിക്കണം എന്ന് നമ്മോട് നിർദ്ദേശിക്കുന്ന ഏകവ്യക്തി ദൈവമായിരിക്കണം”. വിശുദ്ധ എവുപ്രാസ്യമ്മ പറഞ്ഞു, “ദൈവമേ, നിന്റെ തിരുമനസ്സ് എന്നിൽ നിറവേറ്റണമേ എന്ന സുകൃതജപം എന്റെ ആത്മാവിനു ഭക്ഷണം പോലെ ഞാൻ ചൊല്ലിയിരുന്നു”. ആത്മീയകാര്യങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളും ആണെങ്കിൽ പോലും ദൈവത്തിനു ഇഷ്ടമാകുമെന്നു വിചാരിച്ചു ദൈവഹിതം നോക്കാതെ ചെയ്യരുത് .
എത്രയോ പോസ്റ്റുകൾ ഞാൻ പാതിവഴിയിൽ നിർത്തി ഡെലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ബൈബിൾ തുറന്നു വായിക്കുമ്പോഴും ഈശോ നമ്മോട് സംസാരിക്കും. അപ്പോൾ ഇന്നത്തെ കത്തി ഇത്ര പോരെ? എല്ലാ വെക്കേഷന് മുൻപും ഞാൻ കുർബ്ബാനയിൽ നിയോഗം വെച്ചു പ്രാർത്ഥിക്കും കേട്ടോ. പോയി തിരിച്ചെത്തുന്ന വരെ ആപത്തൊന്നുമില്ലാതെ കാര്യമായ അസുഖങ്ങളില്ലാതെ എല്ലാരേയും കാക്കണേ എന്നും പറഞ്ഞ്. ഈശോ അത് അക്ഷരം പ്രതി എടുത്തതിൽ കൊറച്ചു പരിഭവമുണ്ട്. തിരിച്ചു വീട്ടിലെത്തി കഴിഞ്ഞാണ് കോവിഡ് പോസിറ്റിവ് എന്ന റിസൾട്ട് വന്നത്.
പണ്ടൊക്കെ ഞാൻ പല പ്രാവശ്യം ഈശോയോടു ചോദിച്ചട്ടുണ്ട് എന്തെ എന്നെ ഒരു കന്യാസ്ത്രീ ആവാൻ വിളിച്ചില്ലെന്ന്. എങ്കിൽ പിന്നേ എനിക്ക് നിന്നെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാരുന്നില്ലേ. നല്ല വീട്, വസ്ത്രം, തുടങ്ങിയ ലൗകികകാര്യങ്ങളിൽ വല്ലോം ശ്രദ്ധിക്കണമായിരുന്നോ എന്നൊക്കെ. ആര് കേൾക്കാൻ, അവന്റെ ഹിതമല്ലേ നടക്കൂ. നടന്നോട്ടെ, എന്നും എന്നേക്കും അവൻ മഹത്വപ്പെടട്ടെ!
By, ജിൽസ ജോയ്
1 Comment
Good message and heart touching