ഇത് നീതിമാനായ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ കോടതി വിധി… പ്രതി ഇരയെ ഒരു പ്രാവശ്യം ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിയെങ്കിൽ ഇരയ്ക്കൊപ്പം നിന്നേനെ. പ്രതിയുമായി പരസ്പര സമ്മതത്തോടെ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഇര പറഞ്ഞാലും പ്രതിക്കെതിരേ നിന്നേനെ. എന്നാൽ സുബോധമുള്ള, ഒരു സന്ന്യാസ സമൂഹത്തിന്റെ മുഴുവൻ സൂപ്പീരിയറാകാൻ മാത്രം ശേഷിയുള്ള ഒരു സ്ത്രീയെ കുറേ വർഷങ്ങൾക്കൊണ്ട്, അതും സമൂഹമായി ജീവിക്കുന്ന സ്ത്രീയുടെ താമസസ്ഥലത്തു ചെന്ന് 13 പ്രാവശ്യം പ്രതി ബലാത്സംഗം ചെയ്തെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ മനസില്ല.
സാധാരണ ഗതിയിൽ പീഡന കേസുകളിൽ ഇരയുടെ വാക്കുകൾ തെളിവായെടുക്കുന്ന കോടതിയും ഇവിടെ സത്യം കണ്ടെത്തിയിരിക്കുകയാണ്. കോടതി വിധിയെത്തുടർന്ന് നീതി മരിച്ചുവെന്നൊക്കെ പറഞ്ഞുള്ള പ്രതികരണങ്ങൾ ചാനലുകളിൽ കാണുന്നുണ്ട്. എന്നാൽ നീതി നടപ്പാക്കുകയെന്നാൽ ചില നിക്ഷിപ്ത താല്പര്യക്കാരുടെ പകിടകളിക്ക് ചൂട്ടു പിടിച്ചുകൊടുക്കുകയെന്നതല്ല എന്ന് മാധ്യമ ജഡ്മിമാർക്കൊക്കെ മനസിലാക്കാൻ ഇതുപോലുള്ള വിധികൾ കാരണമാകട്ടെ.
സഭ കോടികൾ മുടക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു വിധി വന്നിരിക്കുന്നത് എന്ന പതിവു ആരോപണമുയർത്താൻ ആരെങ്കിലും തയ്യാറായിരിക്കുന്നുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾകൂടി ആരോപണത്തിൽ ഉൾപ്പെടുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുമല്ലോ. ഇനി വേണ്ടത് ഇങ്ങനെയൊരു കേസുണ്ടാകാനും പ്രതിയെ അറസ്റ്റ് ചെയ്യാനുമുള്ള സാഹചര്യമൊരുക്കിയവരെക്കുറിച്ചുള്ള അന്വേഷണമാണ്. സമരപ്പന്തലിൽ പ്രത്യക്ഷപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇപ്പോഴും ലഭ്യമാണല്ലോ.
ചില സ്കൂൾ കുട്ടികൾ പോലും സമരപ്പന്തലിൽ വന്നിരുന്ന് ഇരയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചത് ആരും മറന്നിട്ടില്ലല്ലോ. സമകാലിക സാഹചര്യത്തിൽ സഭയുടെ അടിത്തറ തോണ്ടുവാൻ കിണഞ്ഞു ശ്രമിക്കുന്ന ചില ശക്തികൾക്കൊപ്പം സഭയിലാണെന്നവകാശപ്പെടുന്ന ചില മുന്നേറ്റക്കാരും കൂട്ടു ചേർന്നിട്ടുണ്ടെന്നത് നാം കാണാതിരുന്നു കൂടാ.
ഒരു ലത്തീൻ രൂപതയുടെ മെത്രാനായ പ്രതിയുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലാത്ത സീറോമലബാർ സഭയെയും ഈ കേസിലേയ്ക്കു വലിച്ചിഴച്ച സാഹചര്യമൊക്കെ വീണ്ടും പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിക്കനുകൂലമായി വിധിവന്ന സാഹചര്യത്തിൽ ആശ്വസിച്ചിരിക്കാതെ ഇതിന്റെ പിന്നിലെ ഗൂഡാലോചനകൾ പുറത്തു കൊണ്ടുവരാനാണ് സഭയുടെ ഉത്തരവാദിത്വപ്പെട്ടവർ ഇനി ശ്രദ്ധിക്കേണ്ടത്.
2,000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. ഒരു കേസിന്റെ കാര്യത്തിൽ ചെയ്യേണ്ടതൊക്കെയും ചെയ്തിട്ടാണല്ലോ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇത് നീതിമാനായ ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ കോടതി വിധി! അതിൽ ദുഃഖിക്കുന്നവർക്ക് ദുഃഖിക്കാൻ മാത്രേ സമയം ഉണ്ടാവൂ.