റെനിറ്റ് മുതിരേന്തിക്കൽ
എത്ര പ്രാർത്ഥിച്ചിട്ടും, നോമ്പും ഉപവാസവുമെടുത്തിട്ടും ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നില്ല. ഞാൻ കാരണം വരുന്ന നാശങ്ങളും തടസ്സങ്ങളും! ദിവസേന നാം ആഗ്രഹിക്കുന്നതും ദൈവത്തോട് പ്രാർത്ഥിക്കുന്നതുമായ കാര്യങ്ങളിൽ ഭൂരിഭാഗവും ലോകകാര്യങ്ങളായിരിക്കും. അതുചിലപ്പോൾ ആഗ്രഹിക്കുന്ന ജോലി ആഗ്രഹിക്കുന്ന രാജ്യത്ത് ലഭിക്കുന്നതിനാകാം, മക്കളുടെ പഠനകാര്യങ്ങളാകാം, മക്കളും ജീവിതപങ്കാളിയും നല്ലജീവിതം നയിക്കുന്നതിനാകാം, കടബാധ്യതയോ രോഗങ്ങളോ മാറുന്നതിനാകാം. പക്ഷേ എത്ര പ്രാർത്ഥിച്ചിട്ടും, നോമ്പും ഉപവാസവുമെടുത്തിട്ടും ദൈവം പ്രാർത്ഥന കേൾക്കുന്നില്ലെന്ന് പലർക്കും തോന്നിയിട്ടില്ലേ..? അതുമൂലം ദൈവത്തോട് ചിലപ്പോൾ അനിഷ്ടം തോന്നിയിട്ടില്ലേ..?
ഉത്തരം ഒന്നുമാത്രം; ദൈവത്തിന്റെ ആഗ്രഹം മനസ്സിലാക്കുകയോ അതിന്റെ പൂർത്തീകരണത്തിനായി ശ്രമിക്കുകയോ ചെയ്യാതെയാണ് പല ഭൗതിക ആഗ്രഹങ്ങളുമായി നാം ദൈവത്തെ സമീപിക്കുന്നത്. നമ്മുടെ മക്കൾ ചില ആഗ്രഹങ്ങളുമായി നമ്മെ സമീപിക്കുമ്പോൾ നാം ചിലപ്പോൾ പറയാറില്ലേ..”ഞങ്ങൾ (മാതാപിതാക്കൾ) പറയുന്നത് നീ അനുസരിക്കുന്നില്ലല്ലോ..? അതുകൊണ്ട് നീ പറയുന്നത് ചെയ്തുതരുവാൻ ഇപ്പോൾ പറ്റില്ല..ആദ്യം ഞങ്ങൾ പറയുന്നത് അനുസരിക്കാൻ പഠിക്ക്…” എന്ന്..? അതുതന്നെയാണ് ഓരോ ഭൗതിക കാര്യവും ചോദിച്ചുകൊണ്ട് ദൈവത്തെ സമീപിക്കുമ്പോൾ, ദൈവവും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്..!!
എന്താണ് നമ്മെനോക്കി ദൈവം ആഗ്രഹിക്കുന്നത്..? എന്താണ് ദൈവം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്..? ദൈവം നമ്മോട് അരുളിചെയ്യുന്നു :
“ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ.” (ലേവ്യർ 11:45, ലേവ്യർ 19:2, 1 പത്രോസ് 1:15, 1 പത്രോസ് 1:16) ദൈവം വീണ്ടും തന്റെ ആഗ്രഹം നമ്മോട് പറയുന്നു: “നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്..അസന്മാർഗികതയിൽനിന്നു നിങ്ങൾ ഒഴിഞ്ഞുമാറണം..” (1 തെസലോനിക്ക 4 :3) അടുത്ത വചനംകൂടി കേൾക്കുമ്പോൾ പ്രാർത്ഥനയ്ക്കുത്തരം ലഭിക്കാത്തതിന്റെ കാരണം വീണ്ടും വ്യക്തമാകുന്നു :
“ദൈവം പാപികളുടെ പ്രാർത്ഥന കേൾക്കുകയില്ലെന്നു നമുക്കറിയാം. എന്നാൽ, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്നവന്റെ പ്രാർത്ഥന ദൈവം ശ്രവിക്കുന്നു.” (യോഹന്നാൻ 9 :31) തന്മൂലം, ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കി വിശുദ്ധിയിൽ ജീവിക്കുവാൻ പരിശ്രമിക്കാതെയും അതിനുവേണ്ട കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കാതെയും, എന്തെങ്കിലും ഭൗതികകാര്യങ്ങൾ ദൈവത്തോട് ചോദിക്കുവാൻ ദൈവവചനാടിസ്ഥാനത്തിൽ നമുക്ക് അർഹതയില്ല എന്നു കാണാം. തന്മൂലം ചോദിച്ചാലും നമുക്ക് ലഭിക്കില്ല.
അതുകൊണ്ട്, നിങ്ങളുടെ ഭൗതികകാര്യങ്ങൾ ദൈവേഷ്ടപ്രകാരം നടക്കുവാനുള്ള വഴി, ആ ആഗ്രഹം നടക്കുവാൻ ജപമാലയും നൊവേനയും ചൊല്ലുകയോ, നോമ്പും ഉപവാസവും എടുക്കുകയോ അല്ല. പകരം, ചെയ്തുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പാപങ്ങൾ ഉപേക്ഷിച്ച്, കൂടുതൽ-കൂടുതൽ വിശുദ്ധിയിൽ ജീവിക്കുവാൻ തീരുമാനിക്കുകയും അതിനുള്ള കൃപ, ദൈവസന്നിധിയിൽനിന്നും ലഭിക്കുവാൻ പ്രാർത്ഥിക്കുകയുമാണ് വേണ്ടത്. (പല പാപങ്ങളും പാപങ്ങളാണെന്ന് പലർക്കും തോന്നാറില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ നയിക്കുന്ന ജീവിതം ദൈവത്തിന് പ്രീതികരമാണ് അവർ തെറ്റിദ്ധരിക്കുന്നു. അതിനാൽ പാപത്തെ തിരിച്ചറിയുവാനുള്ള കൃപയ്ക്കായും പ്രാർത്ഥിക്കണം.)
നമ്മുടെ വിശുദ്ധജീവിതത്തിൽ പുരോഗമനം സംഭവിക്കുമ്പോൾ, ഭൗതികകാര്യങ്ങൾ പ്രാർത്ഥിക്കാതെതന്നെ സംഭവിക്കുന്നത് കാണാം. അത്ഭുതപ്പെടേണ്ട, അങ്ങനെ സംഭവിക്കുമെന്ന് കർത്താവ് നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട് : “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും.” (മത്തായി 6 :33)
(‘അതോടൊപ്പം’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുമല്ലോ)
ചില ഭക്താഭ്യാസങ്ങൾമാത്രം നടത്തി, വിശുദ്ധിയിൽ ജീവിക്കുവാൻ ഒരു വിധത്തിലും ശ്രമിക്കാതെ, ജീവിതം ആസ്വദിക്കുവാനുള്ളതാണെന്ന് വാദിച്ചുകൊണ്ട് പാപത്തിൽ തുടരുന്നവരുണ്ട്. “ഇങ്ങനെ ജീവിച്ചിട്ടും എനിക്കൊന്നും സംഭവിച്ചില്ലല്ലോ, എനിക്ക് ധാരാളം പണമുണ്ടല്ലോ, മക്കളുണ്ടല്ലോ, ഒന്നിനും കുറവില്ലല്ലോ..” എന്നവർ ആത്മഗതം ചെയ്യുന്നു. അവരോട് വചനം മുന്നറിയിപ്പുതരുന്നു: “പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കർത്തൃകോപം സാവധാനമേ വരൂ..(പ്രഭാഷകൻ 5 :4)
ഓർക്കുക; സന്ധ്യാസമയത്ത് കൂട്ടുകാരോടൊന്നിച്ച് മദ്യപിച്ച്, രാത്രിയിൽ അശ്ളീല വീഡിയോകൾ ആസ്വദിച്ച്, സോഷ്യൽമീഡിയ വഴിയോ നേരിട്ടോ സ്ത്രീപുരുഷന്മാരോട് അവിശുദ്ധ ബന്ധം സ്ഥാപിച്ച്, അങ്ങനെ പലവിധത്തിൽ ‘ജീവിതം ആസ്വദിച്ചുകൊണ്ട്’ മുന്നോട്ടുപോകുന്നതിനിടയിൽ, “എന്റെ മക്കൾ നശിച്ചുപോകരുതേ, അവർക്ക് നല്ലഭാവി കൊടുക്കേണമേ..” എന്ന് നിങ്ങൾ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?
“ആണുങ്ങളാണെങ്കിൽ അൽപ്പമെങ്കിലും മദ്യപിക്കണം, അതുകൊണ്ട് ഞാനും മദ്യപിക്കും, മക്കൾക്ക് വേണമെങ്കിൽ അവരും മദ്യപിച്ചോട്ടെ” എന്ന് വീമ്പുപറയുന്ന അച്ചായന്മാർ ഒന്നോർത്തുകൊള്ളുക; നിങ്ങളുടെ ഒപ്പമിരുന്നോ അല്ലാതെയോ ഇപ്പോൾ മദ്യപിച്ചുപഠിക്കുന്ന മകൻ/മകൾ നാളെ വീര്യംകൂടിയ മയക്കുമരുന്നിനടിമയാകുകയും ക്രിമിനൽ കൂട്ടുകെട്ടിൽപ്പെട്ട് എല്ലാ വിധത്തിലും നശിച്ചുപോവുകയും ചെയ്യുമ്പോൾ, ഹൃദയംപൊട്ടി നിലവിളിച്ചിട്ട് കാര്യമില്ല. പ്രാർത്ഥനാസഹായം അന്വേഷിച്ചിട്ട് കാര്യമില്ല.
വിവാഹത്തിന് പുറത്ത്, ഈ ആധുനികലോകത്ത് പല വഴികളിലൂടെ ലഭിക്കുന്ന ലൈംഗിക സുഖങ്ങളും മറ്റു ലഹരികളും നിങ്ങൾ ആസ്വദിച്ചുനടക്കുമ്പോൾ, സാത്താൻ നയിക്കുന്ന അതേ വഴികളിലൂടെ മക്കളും സഞ്ചരിക്കുമെന്ന് മറന്നുപോകരുത്. എല്ലാം പിടിവിട്ടുപോയതിനുശേഷം, മക്കളെ രക്ഷിക്കണമെന്ന് ദൈവസന്നിധിയിൽ നിലവിളിക്കാൻ നമുക്ക് യോഗ്യതയുണ്ടോ? നിലവിളിച്ചാൽ ദൈവം കേൾക്കുമോ..? പാപിയുടെ പ്രാർത്ഥന ദൈവം കേൾക്കില്ലെന്ന് വചനത്തിലൂടെ നേരത്തെ പറഞ്ഞുവല്ലോ.
മാത്രമല്ല മറ്റൊരു കാര്യംകൂടി വചനത്തിലൂടെ ദൈവം നമ്മെ ഓർമിപ്പിക്കുന്നു: “പാപം നിമിത്തം മനുഷ്യനെ അങ്ങു (ദൈവം) ശിക്ഷിക്കുമ്പോൾ, അവനു പ്രിയങ്കരമായതിനെയെല്ലാം അവിടുന്നു കീടത്തെപ്പോലെ നശിപ്പിക്കുന്നു.”(സങ്കീ. 39 :11)
അതുകൊണ്ട്, നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ലെന്ന് തോന്നിത്തുടങ്ങിയാൽ, കുടുംബത്തിൽ അനർത്ഥങ്ങളുടെ സൂചന ലഭിച്ചാൽ, നിത്യജീവിതത്തിൽ അസ്വസ്ഥകളും തടസ്സങ്ങളും തോന്നിത്തുടങ്ങിയാൽ, അത് മാറുവാൻ ദൈവത്തോട് യാചിക്കുന്നതിനുമുൻപ്, “ദൈവമേ..ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്റെ എന്തെങ്കിലും കുറവുകൊണ്ടാണോ..? ആണെങ്കിൽ എന്റെ പാപങ്ങൾ എനിക്ക് വെളിപ്പടുത്തിത്തരേണമേ.., കുറവുകൾ നികത്തി ദൈവേഷ്ടപ്രകാരം ജീവിക്കുവാനുള്ള കൃപ തരേണമേ…” എന്ന് പ്രാർത്ഥിച്ചുതുടങ്ങേണ്ട സമയമാണിത്.
എല്ലാ കാര്യങ്ങളും ദൈവം നമ്മുടെ ജീവിതത്തിൽ സംഭവിക്കുവാൻ അനുവദിക്കുന്നത് നമ്മുടെ വിശുദ്ധീകരണത്തിന് മാത്രമാണ്. അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ നമുക്ക് സാധിക്കണം. അഗസ്റ്റിൻ എന്ന മകന്റെ ദുർനടപ്പ് കാരണമാണ് മോനിക്ക എന്ന അമ്മ വിശുദ്ധയായത്. മകനെയും പ്രാർത്ഥനയിലൂടെ വിശുദ്ധനാക്കുവാൻ ആ അമ്മയ്ക്ക് കഴിഞ്ഞു..
സ്വന്തം കഴിവിനാൽ ആർക്കും വിശുദ്ധി കൈവരിക്കുവാനാകില്ല. വിശ്വാസത്തോടെ കൈകൊള്ളുന്ന കൂദാശകളിലൂടെയും ആത്മീയശുശ്രൂഷകളിലൂടെയും മറ്റും ലഭിക്കുന്ന ദൈവകൃപയിലൂടെ മാത്രം ലഭിക്കുന്ന കാര്യമാണത്. ബുദ്ധിയുടെ കെട്ടുകൾ മാറ്റിവച്ച്, കരിസ്മാറ്റിക് ശുശ്രൂഷകളോടുള്ള പുച്ഛം മാറ്റിവച്ച്, ഈ ആധുനികയുഗത്തിൽ ദൈവം നമുക്ക് നൽകിയിട്ടുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്താതെ നടക്കുന്നവർക്ക് ദൈവസന്നിധിയിൽ ഒരു ന്യായീകരണത്തിനും അവസരമില്ല എന്നോർക്കുക.
നമ്മൾ വിതയ്ക്കാത്ത വിത്തിൽനിന്നും നല്ല ഫലം കൊയ്യാമെന്നു വിചാരിക്കരുത്. നമ്മൾ വിതയ്ക്കുന്നതേ നമ്മിലൂടെയും പ്രിയപ്പെട്ടവരിലൂടെയും കൊയ്യുവാൻ സാധിക്കൂ… തന്ന വാക്ക് ദൈവം ഉറപ്പായും പാലിക്കും. അതിനാൽ ദൈവം നമുക്ക് നൽകിയ ഉറപ്പുള്ള വാക്ക് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു: “അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങൾ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും.” (മത്തായി 6 :31-33) ദൈവനാമം മഹത്വപ്പെടട്ടെ..ആമേൻ..