കോവിഡ് 19 നു വാക്സിൻ കണ്ടുപിടിച്ചപ്പോൾ നിരീശ്വരന്മാരും യുക്തിവാദികളും പ്രചരിപ്പിച്ചു “ശാസ്ത്രം ജയിച്ചു; ദൈവം പരാജയപ്പെട്ടു.” ജയിംസ് വെബ് ടെലിസ്കോപ്പ് അനന്തവിദൂരതയിൽ മിഴി തുറന്നതോടെ ഈ മുദ്രാവാക്യവുമായി നാസ്തികന്മാർ വീണ്ടും ശക്തിയാർജിക്കുന്നു.
ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
ഈ പ്രപഞ്ചത്തിലുള്ള സകലതും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്; ഇത് ദൈവവിശ്വാസിയുടെ അടിസ്ഥാന ബോധ്യമാണ്. സൃഷ്ടപ്രപഞ്ചത്തിലെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് അടുക്കും ചിട്ടയോടുംകൂടി മനുഷ്യന് അന്വേഷിച്ചു മുന്നേറുന്നു, ഈ പ്രക്രിയയും അതിൻ്റെ മാനദണ്ഡങ്ങളുമാണല്ലോ ശാസ്ത്രം എന്നറിയപ്പെടുന്നത്. ശാസ്ത്രത്തിൻ്റെ വഴിയിലൂടെ സഞ്ചരിച്ച് വിദൂരതയിലുള്ള ഗാലക്സികളിലേക്ക് എത്തിച്ചേരുന്നതിനും വൈറസ് വെല്ലുവിളികളെ നേരിടുന്നതിനുമായി വിവിധ ഉപകരണങ്ങളും പ്രതിവിധികളും ശാസ്ത്രം കണ്ടെത്തുന്നു.
ഈ കണ്ടെത്തലുകളുടെയെല്ലാം അടിസ്ഥാനഘടകം ദൈവസൃഷ്ടിയായ മനുഷ്യമസ്തിഷ്കമാണ്.
“ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍” (ഉല്‍പ്പത്തി 1:28). എല്ലാ കീഴടക്കലുകളിലും ആക്രമണവും ചെറുത്തുനില്‍പ്പും ഉണ്ടായിരിക്കും. ഇതിനോടകം നിരവധി പ്രതികൂലങ്ങളെ കീഴടക്കിത്തന്നെയാണ് മനുഷ്യവംശം ഇവിടെ വരെ എത്തിയത്.
ഭൂമിയെയും അതിലുള്ള പ്രതികൂലങ്ങളെയും കീഴടക്കി അതിജീവനം സാധ്യമാക്കുന്നതിന് ദൈവം മനുഷ്യന് നല്കിയ ആയുധമാണ് മനുഷ്യമസ്തിഷ്കം. മസ്തിഷ്കത്തിന്റെ ശക്തി എത്രമേല്‍ ഉണ്ടെന്ന് അറിയണമെങ്കില്‍ സങ്കീര്‍ത്തനം 8:3-5 വാക്യങ്ങള്‍ ശ്രദ്ധിക്കണം. “നിന്റെ വിരലുകളുടെ പണിയായ ആകാശത്തേയും നീ ഉണ്ടാക്കിയ ചന്ദ്രനേയം നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന് എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന് എന്തുമാത്രം? നീ അവനെ ദൈവദൂത്മാരേക്കാള്‍ അല്‍പ്പം മാത്രം താഴ്ത്തി”.
മനുഷ്യനെ അത്ര നിസ്സാര ജീവിയായിട്ടല്ല ദൈവം സൃഷ്ടിച്ചത്. ഈ സൃഷ്ടി, നക്ഷത്രവ്യൂഹങ്ങളിലേക്കും പ്രപഞ്ചവിസ്മയങ്ങളിലേക്കും അതിൻ്റെ നിഗൂഢതകളിലേക്കും കടന്നുചെന്നില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളൂ. മനുഷ്യന് അതിനൊക്കെ സാധിക്കാതെ വരുമ്പോഴേ ദൈവം പരാജയപ്പെടുകയുള്ളൂ. മനുഷ്യന് അത്യത്ഭുതം നിറഞ്ഞ കണ്ടെത്തലുകള്‍ നടത്തുന്തോറും ദൈവത്തിന്റെ വിജയമാണ് പ്രഘോഷിക്കപ്പെടുന്നത്. മനുഷ്യന് ആര്‍ജ്ജിച്ചെടുത്ത എല്ലാ അറിവുകളുടെയും തുടക്കം ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്നും ആയിരുന്നു.
എല്ലാ ശാസ്ത്രശാഖയും ഈ അന്വേഷണത്തിന്റെ വിവിധങ്ങളായ മേഖലകളിലൂടെ ദൈവാന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ദൈവസൃഷ്ടിയുടെ മർമ്മങ്ങളെ അറിയുന്തോറും കുറേ മനുഷ്യരെങ്കിലും ദൈവനിഷേധികളാകുന്നു. അറിവ് അവരെ ദൈവത്തിലേക്ക് നയിച്ചില്ല. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവാനുള്ള വ്യഗ്രതയില്‍ മനുഷ്യന് മനുഷ്യന്റെതന്നെ ശത്രുവായി. യഹൂദകൂട്ടക്കൊലയില്‍ ഹിറ്റ്ലറെ സഹായിച്ചത് ജർമിനിയിലെ യൂണിവേഴ്സിറ്റി പ്രഫസര്‍മാരും ഗവേഷകരുമായിരുന്നു എന്നറിയുമ്പോഴേ മനുഷ്യന് തന്റെ അറിവിനെ ഉപയോഗിച്ച് കീഴടക്കാന്‍ ശ്രമിച്ചത് മനുഷ്യനേ തന്നെയായിരുന്നു എന്ന യാഥാര്‍ത്ഥ്യം കണ്ട് നാം ഞെട്ടിപ്പോകുന്നത്.
ലോകത്തിലെ ഓരോ പ്രതികൂലത്തെയും കീഴടക്കിക്കഴിയുമ്പോഴും ദൈവത്തോടു മത്സരിച്ചു ജയിക്കുന്നു എന്നാണ് നാസ്തികരുടെ ചിന്ത. അറിവിന്റെ എല്ലാ ശാഖകളുടെയും അടിസ്ഥാനപരമായ കണ്ടെത്തലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നമേ നടത്തിയത് ദൈവവിശ്വാസികളായ യഹൂദരും ക്രൈസ്തവരും ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ തന്നെയായിരുന്നു.
“ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍” എന്ന് ദൈവം മനുഷ്യനോട് ആണ് ആവശ്യപ്പെട്ടത്. ഇതില്‍ ക്രിസ്ത്യാനിയും യഹൂദനും ഇതരമതസ്ഥരും യുക്തിവാദികളും എല്ലാം ഉള്‍പ്പെടുന്നു. അതിനാല്‍ എല്ലാ ശാസ്ത്രീയ നേട്ടങ്ങളും മനുഷ്യന്റെ കണ്ടെത്തലാണ്. ഇവിടെ നിരീശ്വരന്റെ കണ്ടെത്തല്‍പോലും സകലത്തെയും കീഴടക്കുവാനുള്ള ദൈവകല്പ്പനയുടെ അടിസ്ഥാനത്തിൽ ആന്തരികമായി അവനിൽ മഥിക്കുന്ന അന്വേഷണത്വരയുടെ പ്രതിഫലനമാണ്.
അതിനാല്‍ ശാസ്ത്രവും വിശ്വാസവും തമ്മിൽ പോരടിക്കുന്നില്ല, പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന യാഥാർത്യങ്ങളാണ്. ശാസ്ത്രത്തിന്റെ വിജയം മനുഷ്യന്റെ വിജയമാണ്, മനുഷ്യന്റെ വിജയം ദൈവത്തിന്റെ വിജയംതന്നെയാണ്.
By, മാത്യൂ ചെമ്പുകണ്ടത്തിൽ