സ്കൂൾ കുട്ടിയാണ് ഞാൻ. എനിക്കൊരു സൗഹൃദമുണ്ട്. ആ സുഹൃത്ത് ഇപ്പോൾ എന്നെ ശാരീരികമായ ബന്ധത്തിന് നിർബന്ധിക്കുന്നു. സ്വകാര്യമായി കാണുന്നതിനു ക്ഷണിക്കുന്നു. ഫോണിൽ ചാറ്റ് ചെയ്യാൻ നിർബന്ധിക്കുന്നു. സ്കൂളിൽ വച്ച് കാണുമ്പോഴൊക്കെ തനിച്ചാകാനും ശരീരത്തിൽ സ്പർശിക്കാനും ശ്രമിക്കുന്നു. യാത്രയ്ക്ക് പോകാൻ വിളിക്കുന്നു. ചിലപ്പോൾ ഞാൻ വീണു പോകുമോ എന്നൊരു സംശയം. എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടതെന്നെനിക്കറിയില്ല.
NO എന്ന വാക്കിൻ്റെ ശക്തി തിരിച്ചറിയേണ്ട സമയമാണിത്. ഏത് ആൺ-പെൺ സൗഹൃദത്തിലും സംഭവിക്കാനിടയുള്ള ഒരു സാഹചര്യത്തിലാണ് കുട്ടി ഇപ്പോൾ. പല ഘട്ടങ്ങളിലൂടെ ഈയൊരു സാഹചര്യത്തെ വിജയകരമായി നേരിടാം.
ഒന്ന് : No എന്നു പറഞ്ഞാൽ No
യാതൊരു സംശയവും കൂടാതെ ഇത്തരത്തിലുള്ള സമീപനത്തോട് NO പറയുക. എന്നോട് ഇത്തരത്തിൽ ഇനി പെരുമാറാൻ പാടില്ല എന്ന് ഉറച്ച ബോധ്യത്തോടെ പറയുക.
അപ്പോൾ സുഹൃത്ത് പിണങ്ങില്ലേ?
ആ വ്യക്തിയുടെ സൗഹൃദം യഥാർത്ഥത്തിലുള്ളതാണെങ്കിൽ അയാൾ പിണങ്ങില്ല. നിങ്ങളോട് ആദരവും ബഹുമാനവും കൂടും. No എന്ന നിങ്ങളുടെ നിലപാട് വഴി വലിയ തെറ്റുകളിൽ നിന്ന് നിങ്ങളെയും ആ വ്യക്തിയെയും നിങ്ങൾ രക്ഷിക്കുന്നു. വിശുദ്ധീകരിക്കുന്നു. അതിനാൽ പിന്നീട് നിങ്ങളുടെ ഈ നിലപാടിന് അയാൾ നിങ്ങൾക്ക് നന്ദി പറയും.
സാഹചര്യങ്ങൾ ഒഴിവാക്കുക.
ശാരീരിക സ്പർശനത്തിലേക്കും ബന്ധങ്ങളിലേക്കും നയിക്കുന്ന എല്ലാ സ്വകാര്യ സാഹചര്യങ്ങളെയും പൂർണമായും ഒഴിവാക്കുക. ഇക്കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസും ചെയ്യാൻ പാടില്ല. സ്കൂൾ വിട്ടതിനു ശേഷം വരാന്തകളിലും, സ്കൂൾ പരിസരങ്ങളിലും, വഴിയിലും, കൂൾബാറുകളിലും മറ്റുമുള്ള സ്വകാര്യ കൂടിക്കാഴ്ചകൾ പൂർണമായും ഒഴിവാക്കുക. ശരീരത്തിൽ പടരുന്ന അഗ്നിയാണ് വികാരം. തീ പിടിച്ചു കഴിഞ്ഞിട്ട് ഒരുപക്ഷേ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല.
ഈ വചനം ഓർക്കണം, “സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്‍െറ പല്ലുകള്‍ സിംഹത്തിന്‍െറ പല്ലുകളാണ്; അതു ജീവന് അപഹരിക്കും.
പ്രഭാഷകന്‍ 21 : 2
ചെറിയ വിട്ടുവീഴ്ചകൾ വൻ വീഴ്ചയുടെ തുടക്കം.
അടുത്തിരുന്നോ, പക്ഷേ തൊടരുത്. തൊട്ടോ പക്ഷേ അമിതമാവരുത്. ഇത്തരം വിട്ടുവീഴ്ചകൾ വലിയ വീഴ്ചയുടെ തുടക്കമാണ്. ഇത്തരം ബാലിശ നിബന്ധനകൾ വഴി നിങ്ങൾ ബലഹീനരാണെന്നും ഏതു വിധത്തിലും നിങ്ങളെ ചൂഷണം ചെയ്യാൻ സാധിക്കുമെന്നും സുഹൃത്തിന് മനസ്സിലാവും. ഇത്തരത്തിലുള്ള നിബന്ധനകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് തന്നെ എല്ലാ ചൂഷണങ്ങളിലേക്കും നിങ്ങളെ അയാൾ നയിക്കും. അതിനാൽ Zero Tolerance ഇക്കാര്യത്തിൽ ഉണ്ടാവണം. എന്നു വച്ചാൽ തിന്മയ്ക്ക് ഇത്തിരി ഇടം പോലും നൽകരുത്.
വിദേശ രാജ്യത്തൊക്കെ ബോയ്ഫ്രണ്ട് ഗേൾ ഫ്രണ്ട് സംസ്ക്കാരവും ഡേറ്റിങ്ങും ഒക്കെ ഉണ്ടല്ലോ? ഭാവിയിൽ വിവാഹം കഴിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ അല്പ സ്വല്പമൊക്കെ അടുത്തിരുന്നാൽ എന്താണ് കുഴപ്പം?
ഡേറ്റിംഗ് സംസ്കാരം വഴി സംഭവിക്കുന്നത് കുടുംബങ്ങളുടെ ശിഥിലീകരണമാണ്. അമേരിക്കയിൽ കൗമാരപ്രായക്കാരുടെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനം ആത്മഹത്യയാണ്. ബന്ധങ്ങളിലെ പാളിച്ചകളും മാനസിക സംഘർഷങ്ങളുമാണ് മുഖ്യ കാരണം. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഇടയിൽ പോലും ഭ്രൂണഹത്യകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി ദിനപത്രത്തിൽ കോട്ടയം ജില്ലയിൽ മാത്രം ഒരു പോലീസ് സ്റ്റേഷനിൽ ഒരു മാസം രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു എന്ന് റിപ്പോർട്ടുണ്ട്. ഇതിനർത്ഥം വിവാഹപൂർവ ലൈംഗികത നമ്മുടെ നാട്ടിലും പെരുകുന്നു എന്നാണ്. അതുവഴി പീഡന കേസുകൾ കൂടുന്നു. അവിവാഹിതരായ അമ്മമാരുടെ എണ്ണം വർധിക്കുന്നു. ഇത്രയും വലിയ അരാജകത്വത്തിലേക്ക് നിങ്ങൾക്ക് നടന്നടുക്കണോ?
വിവാഹത്തിന് മുമ്പ് തന്നെ ശാരീരികബന്ധത്തിനു ഒരാൾ നിങ്ങളെ നിർബന്ധിക്കുന്നുവെങ്കിൽ അവിടെ ആ വിവാഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഇവിടെ സുഹൃത്തിൻ്റെ ലക്ഷ്യം വൈകാരികമായ സംതൃപ്തി മാത്രമാണ്. വിവാഹ ജീവിതമാണ് ലക്ഷ്യമെങ്കിൽ നിങ്ങളെ ശാരീരികബന്ധത്തിനു നിർബന്ധിക്കേണ്ട കാര്യമില്ല.
കാരണം വിവാഹശേഷം അത് ഏറ്റവും വിശുദ്ധമായി സംഭവിക്കാവുന്നതാണല്ലോ. അപ്പോൾ ഇത് വിവാഹ വാഗ്ദാനം തന്നുള്ള ശാരീരിക ദുരുപയോഗമാണ്. ഭാവിയിൽ ഞാൻ നിന്നെ വിവാഹം കഴിക്കും അതുകൊണ്ട് ഇപ്പോൾ ഞാൻ പറയുന്നതുപോലെ ചെയ്യുക എന്ന് നിങ്ങളെ നിർബന്ധിക്കുന്നെങ്കിൽ ഓർക്കുക, നിങ്ങൾ ഒരു വേട്ടക്കാരിൻ്റെ ഇരയായി മാറുകയാണ്.
ഒരു സമ്മതം അടുത്ത ഘട്ടത്തിനുള്ള ബ്ലാക്ക് മെയിൽ കാരണം.
ശാരീരികബന്ധത്തിന് ഒരിക്കൽ സമ്മതം മൂളിയാൽ ഒരു പക്ഷേ അന്നത്തെ ചിത്രങ്ങളും ഫോട്ടോകളും സുഹൃത്ത് എടുത്തു വച്ചേക്കാം. ആ സംഭവം ഓർമിപ്പിച്ച് വീണ്ടും വീണ്ടും നിരന്തരമായി തെറ്റിലേക്ക് അയാൾ നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തു കൊണ്ടു പോകും. നിയന്ത്രിക്കാനാവാത്ത മാനസികസംഘർഷങ്ങൾ നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും.
അതുകൊണ്ട് ഒരു സമ്മതം വീഴ്ചയുടെ തുടക്കമാണെന്ന് തിരിച്ചറിയുക.
ഇത്തരത്തിൽ ഒരു സുഹൃത്ത് നിങ്ങളെ നിർബന്ധിക്കുന്നുണ്ടെങ്കിൽ എപ്പോഴും സുഹൃത്തുക്കൾക്കൊപ്പമോ ബന്ധുക്കൾക്കൊപ്പമോ ആയിരിക്കുക. അപ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് സമ്മർദ്ദത്തിലൂടെ കടന്നുവരാനാവില്ല.
തനിച്ചാവാതിരിക്കുക
വീട്ടിൽ തനിച്ചാകുന്ന സാഹചര്യം ഒഴിവാക്കുക. തനിച്ചായാൽ തന്നെ ആ വിവരം സുഹൃത്തിനെ അറിയിക്കാതിരിക്കുക. അറിയിച്ചാൽ എത്ര ദൂരെ നിന്നും ഈ സുഹൃത്ത് ചിലപ്പോൾ സുഹൃത്തുക്കളുമായി, അല്ലെങ്കിൽ ഒറ്റയ്ക്ക് നിങ്ങളുടെ വീടിൻ്റെ പരിസരത്ത് റോന്തു ചുറ്റും. അത് നിങ്ങളെ സമ്മർദ്ദത്തിലേക്കും ഭയത്തിലേക്കും നയിക്കും.
ചെറിയ വീഴ്ചകളിൽ ഭയപ്പെടാതെ കൂടുതൽ ശക്തരാവുക
ഒരിക്കൽ ഇത്തരത്തിൽ വീഴ്ചകൾ നിങ്ങൾക്ക് വന്നു പോയിട്ടുണ്ടെങ്കിൽ പിന്നീട് ആ സുഹൃത്തുമായുള്ള എല്ലാ ബന്ധങ്ങളെയും മുറിച്ചുമാറ്റുക. എത്രയും വേഗം ഒരു കൗൺസിലറെ കണ്ട് നിങ്ങളുടെ മനസ്സിലെ ആശങ്കയും ഭയവും ഇറക്കിവയ്ക്കുക. സുഹൃത്ത് ഭീഷണിപ്പെടുത്തിയാൽ പരാതിപ്പെടുക.
ആശ കൊടുക്കാതിരിക്കുക ഒരിക്കലും ശാരീരികബന്ധത്തിന് നിർബന്ധിക്കുന്ന സുഹൃത്തിനോട് നാളെ ആവട്ടെ, പിന്നീടാവട്ടെ തുടങ്ങിയ വാഗ്ദാനങ്ങൾ കൊടുക്കരുത്. അത് ആ വ്യക്തിയെ ഭ്രാന്ത് പിടിപ്പിക്കും. അത് നിങ്ങളെ ഭയപ്പെടുത്തും.
ഫോൺ വഴിയുള്ള ലൈംഗികചുവയുള്ള ചാറ്റ് അപകടകരം.
നേരിട്ടുള്ള ശാരീരിക ബന്ധം പോലെ തന്നെ അപകടകരമാണ് ഫോൺ വഴിയുള്ള ചാറ്റിങ്ങും അപകടകരമാണ്. ഫോൺ വഴിയുള്ള ചാറ്റിങ്ങിൽ നിങ്ങൾ ഇത്തരത്തിലുള്ള വിഷയങ്ങൾ സംസാരിച്ചാൽ അതുപയോഗിച്ച് സുഹൃത്ത് നിങ്ങളെ നേരിട്ടുള്ള ശാരീരികബന്ധത്തിന് നിർബന്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നൂറുശതമാനവും ഫോൺ വഴിയുള്ള ചാറ്റ് നിർത്തുക.
വിശുദ്ധി ഒരു സമ്പത്താണെന്ന് തിരിച്ചറിയുക വിവാഹജീവിതത്തിൽ തൻറെ പങ്കാളിക്കായി തന്നെത്തന്നെ ഒരു സമ്മാനമായി കാത്തുസൂക്ഷിക്കുക.
സ്നേഹപൂർവ്വം,
കൗൺസിലർ – സുവാറ.