റെനിറ്റ് അലക്സ്
എംബറർ ഇമ്മാനുവേൽ സഭയിൽ ആത്മരക്ഷ കണ്ടെത്തുന്നവർ!
എംബറർ ഇമ്മാനുവേൽ സഭയിൽ രക്ഷ കണ്ടെത്തുന്ന കത്തോലിക്കാ വിശ്വാസികൾ അറിയുക…
നിങ്ങൾ സാത്താന്റെ ചതിക്കുഴിയിൽ പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ രക്ഷയിൽനിന്നും നിങ്ങളെ പൂർണ്ണമായും സാത്താൻ തട്ടിയെടുത്തിരിക്കുന്നു. ഇതു തെളിയിക്കുവാൻ ഒരുപാടുകാര്യങ്ങൾ വിവരിച്ചു സമയംകളയേണ്ടതില്ല. ഒറ്റക്കാരണംകൊണ്ട് ജ്ഞാനമുള്ളവർക്ക് ഇതു ഗ്രഹിക്കാനാകും.
ഇവരുടെ പ്രബോധനപ്രകാരം, യേശുക്രിസ്തു ശരീരം സ്വീകരിച്ച് രണ്ടാമതും വന്നു കഴിഞ്ഞു!
ഇപ്പോൾ ഇപ്പോൾ മറ്റൊരു രൂപത്തിൽ, വേഷപ്രശ്ചന്നനായി ഭൂമിയിൽ നമ്മുടെ ഇടയിൽ ഉണ്ട്!(ജോസഫും മേരിയും ഉണ്ടോ എന്നറിയില്ല!!!) ഇതൊക്കെ ഏതു ബൈബിളിൽ പറയുന്നു എന്നോർത്ത് അന്തം വിടേണ്ട. നമ്മുടെ ബൈബിളിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വാചകങ്ങൾ പ്രത്യകരീതിയിൽ കൂട്ടിച്ചേർത്തു, വേണ്ടവിധത്തിൽ മേമ്പൊടി ചേർത്തു ദുർവ്യാഖ്യാനം നടത്തിയപ്പോൾ യേശു വീണ്ടും ഭൂമിയിൽ ജനിച്ചു എന്ന പാഷണ്ഡത രൂപംകൊണ്ടു!!! ‘വചനംവച്ച് ഇതുതെളിയിച്ചുതരാം’ എന്നു വെല്ലുവിളിക്കുന്ന എംബറർ ഇമ്മാനുവേൽ ശിഷ്യഗണത്തെയും സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചു.
മറ്റൊരു മതവിഭാഗത്തിൽ, തീവ്രവാദികൾ രൂപംകൊണ്ട് മറ്റുളളവരെ കൊല്ലാൻ ആരംഭിച്ചത്, അവരുടെ മതഗ്രന്ഥം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരൽപ്പം ശ്രമിച്ചാൽ, വെളുപ്പിനെ കറുപ്പാക്കാൻ ഏതു മതഗ്രന്ഥമുപയോഗിച്ചും സാധിക്കും എന്നത് ഒരു യാഥാർഥ്യമാണ്.
ആത്മാവിനെ നിത്യനാശത്തിലേയ്ക്ക് നയിക്കുന്ന സാത്താന്റെ കെണി ഇതിലെവിടെയെന്ന് മനസ്സിലാകണമെങ്കിൽ, അവിടുന്നും ഇവിടുന്നും വചനം പെറുക്കിക്കൊണ്ടുവന്നു യോജിപ്പിക്കാതെ മത്തായി-അദ്ധ്യായം 24 മുഴുവൻ വായിച്ചു ധ്യാനിക്കുക. (ദൈർഘ്യം മൂലം പ്രധാനഭാഗങ്ങൾ മാത്രം സൂചിപ്പിക്കുന്നു; ബാക്കി ബൈബിളിൽ വായിക്കുമല്ലോ) നമ്മൾ ചതിക്കപ്പെടാതിരിക്കാൻ തന്റെ രണ്ടാംവരവ് എങ്ങനെയായിരിക്കുമെന്ന് വളരെ വ്യക്തമായി യേശു അവിടെ പറഞ്ഞുവയ്ക്കുന്നു.
“അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.” (മത്തായി 24:29) “അപ്പോള്‍ ആകാശത്തിൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.” (മത്തായി 24:30)
വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നു പറയുന്ന യേശുവിനെ ഭൂമിയിൽ കണ്ടെത്തിയാൽ ആ യേശു ആരായിരിക്കും? അതും വചനത്തിൽ മുൻകൂട്ടി യേശു പറഞ്ഞുവച്ചിരിക്കുന്നു.
“ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങൾ വിശ്വസിക്കരുത്.”(മത്തായി 24:23) “കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും.”(മത്തായി 24:24)
‘ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.അതുകൊണ്ട്, അവന് മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്. അവന് മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.”(മത്തായി 24:25-26) ശരീരത്തോടെ ഭൂമിയിൽ യേശു വരില്ല എന്നുറപ്പിക്കുന്ന വചനങ്ങളാണിത്. ഭൂമിയിൽ വരുന്ന ശരീരമുള്ള ക്രിസ്തുമാർ എല്ലാവരും കള്ളക്രിസ്തുമാർ എന്ന് യേശു പറഞ്ഞിട്ടും വിശ്വാസമില്ലാതെ, സാത്താന്റെ പിടിയിൽപെട്ടുപോയവർ മറ്റുള്ളവരെയും ആ വലയിൽ കുരുക്കുന്നു. എന്തൊരു കഷ്ടം!
“കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”(മത്തായി 24:27) ഇതിൽനിന്നും രണ്ടുകാര്യങ്ങൾ വ്യക്തം:
1.) യേശുവിന്റെ രണ്ടാം വരവ് മിന്നൽപ്പിണർ പോലെ വാനമേഘങ്ങളിൽ ആയിരിക്കും.
2 ഒട്ടനവധി കള്ളക്രിസ്തുമാർ ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും വിശ്വസിക്കത്തക്കരീതിയിൽ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുവാനുള്ള ശക്തി അവർക്കുണ്ടായിരിക്കയും ചെയ്യും.
ദൈവത്തിൽനിന്നല്ലാത്ത ഇവർക്ക് അത്ഭുതങ്ങൾ കാണിക്കുവാനുള്ള ശക്തി എവിടെനിന്നായിരിക്കും? ലൂസിഫറിൽനിന്നെന്നു വ്യക്തം. ഈ സാത്താൻ ആവസിക്കുന്ന വ്യക്തികളെയാണ്, അല്ലെങ്കിൽ സാത്താനെത്തന്നെയാണ് എംബറർ ഇമ്മാനുവേൽ അംഗങ്ങൾ, ‘രണ്ടാംവരവിലെ ക്രിസ്തു’ എന്നു പേരിട്ട് യുഗാന്ത്യത്തിൽ സ്വീകരിക്കുവാൻ പോകുന്നത് എന്നതാണ് ഇതിലെ അംഗങ്ങൾക്ക് വരാൻപോകുന്ന ഏറ്റവും വലിയ അപകടവും ദുരന്തവും. എതിർക്രിസ്തു എന്നത് സാത്താൻതന്നെയാണ്. യേശു പ്രവർത്തിച്ചതിനേക്കാളും (അതിലേറെ അത്ഭുതങ്ങൾ ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ പറയുന്നത്) അത്ഭുതങ്ങളും അടയാളങ്ങളുമായി മനുഷ്യശരീരം സ്വീകരിച്ചുവരുന്ന എതിർക്രിസ്തുവിനെയും ഇവർ ക്രിസ്തുവായി കണക്കാക്കിയേക്കാം. അതായത് പലദേശത്തും പല ക്രിസ്തുമാർ!
അതുകൊണ്ടുതന്നെയാണ് ബൈബിളിൽ ‘കള്ളക്രിസ്തുമാർ’ എന്നുപറയുന്നതും. പ്രിയപ്പെട്ടവരേ…നിത്യനാശത്തിന്റെ പടുകുഴിയിലേയ്ക്കാണ് നിങ്ങൾ എംബറർ ഇമ്മാനുവേലിന്റെ സീയോൻ ഗേറ്റ് കടന്നുചെല്ലുന്നത് എന്നു മറക്കരുത്. യേശുവിന്റെ രണ്ടാംവരവുവരെ താൻ മരിക്കില്ലെന്നും, ആസ്ഥാനത്തു പണിയുന്ന പേടകത്തില്‍ പ്രവേശിക്കുന്നവർമാത്രം രക്ഷപെടുമെന്നുമുള്ള പൊള്ളയായ വാഗ്ദാനം അംഗങ്ങൾക്കു നൽകി, പണവും വാങ്ങി പേടകത്തില്‍ സീറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്ത ഇവരുടെ നേതാവിനെന്തു സംഭവിച്ചു എന്ന് പലർക്കുമറിയാമെന്നുകരുതുന്നു.
ഇതെല്ലാം സാത്താന്റെ തന്ത്രങ്ങളാണെന്നു നമ്മെ ബോധ്യപ്പെടുത്താൻ, മരണമില്ലെന്നവകാശപ്പെട്ട അദ്ദേഹത്തെ ദൈവം ഭൂമിയിൽനിന്ന് തിരിച്ചെടുത്തു. ഈ മരണം കണ്ടിട്ടെങ്കിലും ആളുകൾ ഇതിലെ വഞ്ചന മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിച്ചിട്ടുണ്ടാകാം. മാമ്മോദീസ വഴി പരിശുദ്ധാത്മാവിനെ സ്വീകരിച്ച കത്തോലിക്കാവിശ്വാസികളേ…കർത്താവിന്റെ സഭയെയും കർത്താവിന്റെ വാക്കുകളെയും അവിശ്വസിച്ച്, വെറും സാധാരണക്കാരായ ചില വ്യക്തികൾ പറയുന്ന യുക്തിയിൽ വിശ്വസിച്ച്, അതിന്റെ പുറകേപോകാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു?
വ്യക്തികൾ നമ്മെ വഴിതെറ്റിക്കാതിരിക്കാൻ പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ ജ്ഞാനത്തിനും അറിവിനുമായി പ്രാർത്ഥിക്കുക. സ്വന്തം ആത്മാവിനെ അറിഞ്ഞുകൊണ്ടു കൊല്ലരുത്. അന്തിക്രിസ്തുവിനെ കാത്തിരിക്കുന്നവരാകരുത് നമ്മൾ; പകരം യേശുക്രിസ്തുവിനെ കാത്തിരിക്കുന്നവരാകണം നമ്മൾ. ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ, ഈശോ അതിനുള്ള കൃപ നമ്മിൽ വർഷിക്കും. കാരണം നമ്മുടെ ഈശോ കരുണക്കടലാണ്, കരുണയുടെ രാജാവാണ്, ആ കരുണയിൽ ആശ്രയിക്കുക.
ഒരിക്കലും തെറ്റാത്ത ഉത്തരം ഉറപ്പായും ലഭിക്കും. സാത്താന്റെ നുണചതിയിൽ പെട്ടുപോകരുത്. “കാരണം, അവന് നുണയനും നുണയുടെ പിതാവുമാണ്.”(യോഹന്നാൻ 8:44)
“എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.” (ജെറമിയ 33 :3)
ദൈവനാമം മഹത്വപ്പെടട്ടെ…ആമ്മേൻ..
യേശു ഏകരക്ഷകൻ – ലോകരക്ഷകൻ