തികച്ചും അഭിമാനാർഹമായ നേട്ടമാണ് ഗഹന കൈവരിച്ചത്. വിദ്യാഭ്യാസ രംഗത്തെ പാലായുടെ അഭിമാനം ഉയർത്തിക്കാട്ടുകയാണ് ഗഹനയുടെ വിജയം. പത്രവായനയും സ്വന്തം നിലയിലുള്ള പഠനവും പിന്നെ ആത്മവിശ്വാസവുമാണ് ഗഹനയുടെ വിജയത്തിനാധാരം. തീർച്ചയായും
പാലായിലെ ചാവറ പബ്ളിക് സ്കൂൾ, സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ, അൽഫോൻസാ കോളജ്, സെൻ്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഉന്നത നിലവാരത്തിലുള്ള പഠനവും പ്രോത്സാഹനവും ഗഹനയ്ക്കു പ്രചോദനമേകിയിട്ടുണ്ട്.
ഗഹന വളർന്നു വരുന്ന കുട്ടികൾക്കു പ്രചോദനമാകുമെന്നതിലും സംശയമില്ല. ശ്രമിച്ചാൽ ആർക്കും സിവിൽ സർവ്വീസ് നേടാം എന്ന പാഠമാണ് ഗഹനയുടെ നേട്ടത്തിലൂടെ വിദ്യാർത്ഥി സമൂഹത്തിന് ലഭിക്കുന്നത്. പാലാ സെൻ്റ് തോമസ് കോളജിലെ ഹിന്ദി വിഭാഗം മുൻ തലവൻ പ്രൊഫ സി കെ ജെയിംസിൻ്റെയും ദീപാ ജോർജിൻ്റെയും മകളും ജപ്പാനിലെ ഇൻഡ്യൻ അംബാസിഡറായ സിബി ജോർജിൻ്റെ അനന്തരവളും കൂടിയാണ് ഗഹന.
ഗഹനയ്ക്കു പിന്തുണ നൽകിയ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ തുടങ്ങി എല്ലാവർക്കും ആശംസകൾ നേരുന്നു. ഭാവിയിൽ ഇന്ത്യയിലെ ഉന്നതപദവികളിലൂടെ പാലായുടെ യശ്ശസ് രാജ്യാന്തര തലത്തിൽ എത്തിക്കാൻ ഗഹനയ്ക്കു സാധിക്കുമാറാകട്ടെ എന്നും ആശംസിക്കുന്നു.
എം ജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ് മേരീസ് സ്കൂളിൽ പ്ലസ് റ്റൂ പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ നിന്ന് എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യു ജി സി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി.
ഫലം പ്രഖ്യാപിച്ച ദേശീയ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ നാലു റാങ്കും നേടി പെൺ കുട്ടികൾ മുന്നിലെത്തി. ആദ്യ ആറ് റാങ്കും കരസ്ഥമാക്കിയത് വനിതകളാണ്. ഇഷിത കിഷോറാണ് ഒന്നാം റാങ്ക് നേടിയത്. ഗരിമ ലോഹ്യ, എൻ ഉമാ ഹാരതി, സ്മൃതി മിശ്ര, മയൂർ ഹസാരിക, ഗഹന നവ്യ ജയിംസ്, വസീം അഹമ്മ് ഭട്ട്, അനിരുദ്ധ് യാദവ്, കനിക ഗോയൽ, രാഹുൽ ശ്രീവാസ്തവ എന്നിവരാണ് റാങ്ക് പട്ടിയിൽ ഉൾപ്പെട്ട ആദ്യ പത്ത് പേർ.
ദേശീയ തലത്തിൽ ആറാം റാങ്കുകാരി പാല സ്വദേശിയായ ഗഹാന നവ്യ ജെയിംസ് ആണ് സംസ്ഥാനത്ത് ഒന്നാമത്.ദേശീയ റാങ്കിംങ്ങിൽ 36 ആയ ആര്യ വി.എം 37 റാങ്കുകാരി ചൈതന്യ അശ്വതി 38 റാങ്കിനുടമയായ അനൂപ് ദാസ് 63 റാങ്കുകാരൻ ഗൗതം രാജ് തുടങ്ങിയവർ ആദ്യ 100 പേരിൽ ഉൾപ്പെടുന്നു. ആദ്യ അവസരത്തിൽ തന്നെ 910 റാങ്ക് വാങ്ങിയ നീലേശ്വരം സ്വദേശിയായ കാജൽ രാജുവും 913 റാങ്കുകാരി ഷെറിൻ ഷഹാനയും വിജയതിളക്കത്തിലൂടെ മുന്നിൽ എത്തിയവരാണ്. 933 ഒഴിവുകളാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്.
അതിജീവനത്തിൻ്റെ വിജയ കഥയുമായി വയനാട്ടുകാരി ഷെറിൻ ഷഹാന വീൽ ചെയറിൽ ഇരുന്നു നേടിയ 913 റാങ്കിനും തിളക്കം ഏറെയാണ്. വയനാട് കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകൾ ഷെറിൻ ഷഹാനയാണ് (25) 913ാം റാങ്ക് നേടിയത്.
വീടിന്റെ ടെറസില്‍ നിന്ന് വീണ് പരുക്കേറ്റതിനെതുടര്‍ന്ന് നടക്കാന്‍ കഴിയാതായ ഷെറിൻ വീല്‍ ചെയറിലിരുന്നാണ് പരീക്ഷയ്ക്ക് തയാറെടുത്തത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന് പരിശീലനം നേടിയത്. അബ്സല്യൂട്ട് ഐഎഎസ് അക്കാദമി ‘ചിത്രശലഭം’ എന്ന പദ്ധതിയിലെ ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളാണ് ഷെറിൻ.
പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെആർഎഫും നേടിയ ഷെറിൻ മലയാളത്തിലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്.ഇരുപത്തിരണ്ടാം വയസ്സിൽ വീഴ്ചയിൽ നട്ടെല്ലിനു കാര്യമായി ക്ഷതമേറ്റ ഷഹനയുടെ ജീവിതം കുറേനാളത്തേക്ക് മുറിയിലൊതുങ്ങി. അപകടത്തിനു ശേഷം രണ്ടു വർഷത്തോളം പൂർണ്ണമായും കിടക്കയിൽത്തന്നെയായിരുന്നു. എന്നാൽ നിരാശയാകാതെ അതിജീവനത്തിന്റെ പുതിയ വാതായനങ്ങൾ കണ്ടെത്തുകയായിരുന്നു ഷഹാന.
കടന്നുവന്നത് കഷ്ടപ്പാടിന്റെ വഴികളിലൂടെയായിരുന്നുവെന്നും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും ഷഹാനയുടെ സഹോദരി ജാലിഷ ഉസ്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പരീക്ഷയുടെ ഫലം അറിയുമ്പോൾ ഷഹാന സർജറി കാത്തു കിടക്കുകയാണെന്നും അവർ കുറിച്ചു.