തിരുസഭ ഇന്ന് വിശുദ്ധ ക്ലാര പുണ്ണ്യവതിയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ വിശുദ്ധ യെക്കുറിച്ചുള്ള ചില ചിന്തകൾ. കസൻദ് സാക്കിസിന്റെ വി. ഫ്രാൻസീസിനെകുറിച്ചുള്ള പുസ്തകത്തിൽ വി. ക്ലാരയുടെയും വി. ഫ്രാൻസിസിന്റെയും നിഷ്കളങ്കമായ പ്രണയത്തിന്റെ അല്ല സൗഹൃദത്തിന്റെ ഒരു കഥയുണ്ട്.
പ്രണയത്തിലായിരുന്നു വി. ഫ്രാൻസീസും വി. ക്ലാരയും. പൊടുന്നനെ ഒരു ദിനം ഫ്രാൻസീസ് ചുവടുമാറുന്നതായി ക്ലാരയ്ക്ക് ഒരു സംശയം. അവനിൽ ആദ്യം ഉണ്ടായിരുന്ന പ്രണയം നുരയുന്നില്ല, തന്നേക്കാളധികം മറ്റാരോടോ ഉള്ള അനുരാഗം അവനിൽ സ്ഫുരിക്കുന്നുണ്ട്, തുടങ്ങിയ ഒത്തിരി ആശങ്കകൾ. അനാവശ്യമായ തെറ്റിദ്ധാരണകൾക്കിടം നൽകാതെ ക്ലാര ചോദ്യം ഫ്രാൻസീസിനോട് തന്നെ ചോദിക്കുകയാണ്.
എന്തുകൊണ്ടാണ് നിനക്ക് എന്നോട് ആദ്യം ഉണ്ടായിരുന്ന പ്രണയം ഇല്ലാത്തത്? അതോ, നിനക്ക് മറ്റാരോടെങ്കിലും പ്രണയം തേന്നുന്നുണ്ടോ എന്നൊക്കെ? ഫ്രാൻസീസിൽ നിന്ന് ക്ലാര പ്രതീക്ഷ ഉത്തരത്തെക്കാളുപരി , അവളുടെ സകല സ്വപ്നങ്ങളേയും തകർക്കുന്ന ഒരു ഉത്തരമാണ് ഫ്രാൻസീസിന്റെ നാവിൽ നിന്നും വീണത്.
അവന് പ്രണയം തോന്നിയിരിക്കുന്നു. ഇന്നലെ വരെ തന്റെ പ്രണയകവാടത്തിന്റെ കാവൽക്കാരനായിരുന്നവൻ ഇന്ന് മറ്റാരുമായോ അനുരാഗത്തിന്റെ കനവുകൾക്ക് നിറമേകുന്നതിൽ വ്യാപൃതനാണ്.
കൂടുതൽ വ്യക്തതയാഗ്രഹിച്ച ക്ലാരയോട് ഫ്രാൻസീസ് പറഞ്ഞു.
അതേ, ഞാൻ പ്രണയത്തിലാണ്,
തീവ്രാനുരാഗത്തിലാണ് –
എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന എന്റെ ദൈവത്തോട്…
നിന്റെ പ്രണയം എന്റെ ഇരുൾ വീണ നടവഴികളിൽ
ഒരു മിന്നാമിനുങ്ങിന്റെ വെട്ടം തന്നിട്ടുണ്ട് എന്നത് സത്യമാണ്
എന്നാൽ, എന്റെ ദൈവം സൂര്യനെപ്പോലെ എന്റെ മുൻപിൽ ഉദിച്ചു നിൽക്കുമ്പോൾ
ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് തീർത്തും പ്രസക്തിയില്ലാതായിപ്പോകുന്നു…
അവർ തമ്മിലുള്ള മറ്റൊരു സൗഹൃദത്തിന്റെ ചിന്ത ഇതാണ്.
ഫ്രാൻസിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില ഗോസിപ്പുകൾ ഒരവസരത്തിൽ ഉയർന്നു വന്നു… അതിൽ ചിലതു ഫ്രാൻസീസിന്റെ ചെവിയിലും എത്തി. സിസ്റ്റർ, അവർ നമ്മെക്കുറിച്ച് എന്താണ് പറയുന്നതെന്നു കേട്ടുവോ..?ക്ലാരക്ക് മറുപടി പറയാനായില്ല, തന്റെ ഹൃദയം നിലച്ചതുപോലെ അവൾക്കു തോന്നി.
ഒരു വാക്ക് ഉച്ചരിച്ചാൽ കരഞ്ഞു പോകും. നാം പിരിയേണ്ടിരിക്കുന്നു ഫ്രാൻസീസ് കൂട്ടിചേർത്തു. സിസ്റ്റർ പൊയ്ക്കോളൂ, ഇരുട്ടു വീഴും മുൻപ് മഠത്തിലെത്താം. ഞാനും പുറകെ ഉണ്ടാകും തനിച്ച്, ദൈവം എനിക്ക് നൽകിയ നിർദ്ദേശം അതാണ്. ക്ലാര വഴിമദ്ധ്യേ തളർന്നു വീണു. അല്പസമയത്തിന് ശേഷം എണിറ്റു മുന്നോട്ടു നടന്നു. തിരിഞ്ഞു നോക്കാതെ… പാത ഒരു വനത്തിലേക്ക് നീണ്ടു…. പെട്ടന്ന് ക്ലാരക്ക് നിയന്ത്രണം നഷ്ടമായി അവൾ ഏതാനും നിമിഷം കാത്തുനിന്നു.
“നാം ഇനി എന്നു കാണും ഫാദർ?” അവൾ ചോദിച്ചു, “പനിനീർ പൂക്കളെ വിരിയിക്കുന്ന വേനൽക്കാലമെത്തുമ്പോൾ” അവൻ മറുപടി പറഞ്ഞു, അപ്പോൾ അവിടെ അത്ഭുതം സംഭവിച്ചു. മഞ്ഞുപുതച്ചു കിടന്ന പ്രദേശമാകെ ആയിരക്കണക്കിന് പൂക്കൾ വിടർന്നു. ക്ലാര പൂക്കളിറുയെടുത്തു ഒരു പൂച്ചെണ്ടുണ്ടാക്കി ഫ്രാൻസിസിനു സമ്മാനിച്ചു. അതിനു ശേഷം ഫ്രാൻസീസും ക്ലാരയും വേർപിരിഞ്ഞിട്ടില്ലയെന്നു ഐതീഹ്യം കൂട്ടിചേർക്കുന്നു.
ഐതീഹ്യത്തിന്റെ പ്രതീകാത്മക ഭാഷ നമ്മെ വശീകരിക്കും. പക്ഷേ അത് വെളിപ്പെടുത്തുന്നത്, അവരുടെ സ്നേഹത്തിന്റെ, ആഴമായ സൗഹൃദത്തിന്റെ, പ്രണയത്തിന്റെ സ്ഥായിഭാവമാണ്. ക്ലാരയും, ഫ്രാൻസിസും വേർപിരിഞ്ഞില്ല എന്നതിനർത്ഥം ഒരേ സുവിശേഷ ദൗത്യത്തിൽ അവർ ഐക്യപെട്ടിരുന്നു എന്നാണ്. അവർക്കുപരിയായും അവരിൽക്കവിഞ്ഞും മൂന്നാമതൊരു യഥാർത്ഥയുമായി അവർ ഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ക്ലാരയെയും വിശുദ്ധ ഫ്രാൻസിസ് പുണ്യവാളന്റെ ജീവിതത്തെയും സംബന്ധിച്ച് ഒട്ടേറെ കഥകളും കൗതുകങ്ങളും ഉണ്ട്.
വി. ക്ലാരയുടെ ജീവചരിത്രം ഇപ്രകാരമാണ്.
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സ്ത്രീയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്.
വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള് തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന് ഗ്രാമപ്രദേശത്തുള്ള ഒരു ദേവാലയത്തില്‍ താമസിച്ചു.
1212 മാര്‍ച്ച് 18-ന് അവള്‍ക്ക് സഭാ വസ്ത്രം നൽകി. വിശുദ്ധ ഫ്രാന്‍സിസിന്റെ ഉപദേശത്തില്‍ അവള് ഒരു സന്യാസിനീ സമൂഹത്തിനു രൂപം നല്‍കുകയും അവരുടെ സുപ്പീരിയര്‍ ആയി വര്‍ത്തിക്കുകയും ചെയ്തു. ഏതാണ്ട് 42 വര്‍ഷത്തോളം വിശുദ്ധ സഹ കന്യാസ്ത്രീകളെ വളരെയേറെ ഉത്സാഹത്തോടും വിവേകത്തോടും കൂടി നയിച്ചു.
ഇന്നസെന്റ് നാലാമന് പാപ്പായുടെ സമ്മതത്തോടു കൂടി പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റെതായ ജീവിതമായിരുന്നു വിശുദ്ധയും അവളുടെ സന്യാസിനി സമൂഹവും നയിച്ചു വന്നിരുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെ പരിപൂര്‍ണ്ണമായും പിന്തുടരുകയായിരുന്നു വിശുദ്ധ ചെയ്തിരുന്നത്.
ഏതാണ്ട് നാല്‍പ്പത്തി രണ്ട് വര്‍ഷത്തോളം തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ച വിശുദ്ധ, ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി “പാവപ്പെട്ട സ്ത്രീകളുടെ സഭ” എന്ന സന്യാസിനീ സമൂഹത്തിനു രൂപം നല്കി. ക്ലാരയുടെ മരണശേഷം, അവർ സ്ഥാപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം “വിശുദ്ധ ക്ലാരയുടെ സഭ” എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
ഇപ്പോൾ ആ സമൂഹം “പാവപ്പെട്ട ക്ലാരമാർ” (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു. ഈ സന്യാസിനീ സമൂഹത്തിന്റെ നിയമാവലിയും വിശുദ്ധ തന്നെയായിരുന്നു തയ്യാറാക്കിയിരുന്നത്. നഗ്നപാദരായി നടക്കുക, വെറും നിലത്ത് കിടക്കുക തുടങ്ങി മറ്റുള്ള സന്യാസിനീ സമൂഹങ്ങളില്‍ നിന്നും വളരെ കര്‍ക്കശമായ ജീവിതമായിരുന്നു ഈ സന്യാസിനികള്‍ പാലിച്ചു വന്നിരുന്നത്. ദാരിദ്ര്യമായിരുന്നു അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം.
ഏതാണ്ട് 27 വര്‍ഷങ്ങളോളം രോഗത്താല്‍ പീഡിതയായിരുന്നു വിശുദ്ധ. 1253 ഓഗസ്റ്റ് 11-നാണ് വിശുദ്ധ മരണപ്പെടുന്നത്. മരണത്തിനു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പുഷ്പമായിരുന്നു വിശുദ്ധ ക്ലാര. ലോകത്തിന്റെ ഭൗതീക വസ്തുക്കളില്‍ ദരിദ്രയും, എന്നാല്‍ തന്റെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്നു വിശുദ്ധ.
പുല്‍ത്തൊട്ടി മുതല്‍ കുരിശു വരെ ദരിദ്രനായിരുന്ന യേശുവിന്റെ ഒരു ഉത്തമ മാതൃകയെന്നും വിശുദ്ധയെ വിശേഷിപ്പിക്കാം. ക്രിസ്തീയ ദാരിദ്ര്യത്തില്‍ ആത്മീയത കണ്ടെത്തുവാന്‍ വിശുദ്ധ ക്ലാരയുടെ മാതൃക നമ്മെ സഹായിക്കട്ടെ. വിശുദ്ധ ക്ലാരയെ സ്വന്തമാക്കാതെ സ്വന്തമാക്കി ജീവിത അവസാനം വരെ പ്രണയിച്ച വിശുദ്ധ ഫ്രാൻസിസ്നെ പോലെ നിന്റെ ജീവിതം വിശുദ്ധവും നിഷ്കളങ്കവുമായ ദൈവസ്നേഹത്താൽ നിറയട്ടെ.
കുടുംബ-വിവാഹബന്ധങ്ങൾക്കു പുറത്ത് സ്ത്രീ-പുരുഷസൗഹൃദം സാമാന്യമായി വിലക്കപ്പെട്ടിരുന്ന കാലത്ത്, ഫ്രാൻസിസും ക്ലാരയും നിലനിർത്തിയ ഉദാത്തമായ സൗഹൃദം നമുക്കും പ്രചോദമകട്ടെ. വിദൂരതയിലെ സൂര്യനെ കൈപ്പിടിയിലൊതുക്കുന്ന സമുദ്രത്തെ ആരാണു ഇഷ്ടപ്പെടാത്തത് …. സ്നേഹത്തിന്റെ അനന്തത നമ്മിലേക്കു കൈമാറുന്ന സൗഹൃദത്തെ ആരാണ് ഇഷ്ടപ്പെടാത്തത്. ..
ഉറ്റ സുഹൃത്തുക്കളായിരുന്ന വി. ഫ്രാൻസിസും വി. ക്ലാരയും സൗഹൃദത്തിന്റെ വിശുദ്ധി നമുക്കായ് കാണിച്ചു തന്നു. പ്രണയത്തിനു മപ്പുറമുള്ള സുഹൃദബന്ധം കാണിച്ചുതന്നു.
സൗഹൃദം എല്ലാക്കാലവും നമ്മെ മറ്റാരെയോ….. കാണിച്ചുതരുന്നു.. അത് ഒരു പക്ഷേ നിന്റെ മാതാപിതാക്കളെയാകാം… മക്കളെയാകാം… മറ്റാരെക്കൊയോ ആകാം.. അല്ലെങ്കിൽ
അത് ദൈവത്തിലേക്കു തന്നെയാകാം… അനന്തതയെ സ്പർശിക്കാൻ സൗഹൃദം കാരണമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു… നമ്മുടെ സൗഹൃദം സെൽഫിക്കുവേണ്ടി മാത്രം ആകാതിരുക്കട്ടെ!