തിരുവനന്തപുരം: CMI സെന്റ് ജോസഫ് തിരുവനന്തപുരം പ്രവിശ്യാംഗമായ ഫാ. മാത്യു (സിബി) ചെത്തിക്കളം (57), 2022 ജനുവരി 25 ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതം മൂലം നിര്യാതനായി.
ചങ്ങനാശ്ശേരി അതിരൂപതയില്‍ പച്ചചെക്കിടിക്കാട് ലൂര്‍ദ് മാതാ ഇടവകയില്‍ പരേതരായ ചെത്തിക്കളം മാത്തച്ചന്റെയും തങ്കമ്മയുടെയും ഏഴു മക്കളില്‍ ആറാമത്തെ മകനായി 1965 ഏപ്രില്‍ ഒന്നാം തീയതി സിബിച്ചന് ഭൂജാതനായി. വത്സമ്മ (വെട്ടുകല്ലാങ്കുഴി, എറണാകുളം), ബേബിച്ചന്, ജോയിച്ചന്‍, തങ്കച്ചന്, ഡെയ്സമ്മ (നടിച്ചിറ, വേഴപ്ര), ബെന്നിച്ചന് എന്നിവര്‍ സഹോദരങ്ങളാണ്. തന്റെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാത്യു അച്ചന് 1980 ജൂണ്‍ 8ാം തീയതി മാന്നാനം മേരി ഇമ്മാക്കുലേറ്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1985 മാര്‍ച്ച് 19ന് പുനലൂര്‍ നിര്മ്മല്ഗിരി നവസന്യാസ ഭവനത്തില്‍ ആദ്യവ്രത വാഗ്ദാനം നടത്തി.
ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ നിന്നും ഫിലോസഫിയിലും തിയോളജിയിലും, ബാംഗളൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും സോഷ്യോളജി, സൈക്കോളജി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലും ബിരുദം നേടി. 1994 ഡിസംബര്‍ 27ാം തീയതി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തില്‍ വച്ച് മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന്റെ കൈവയ്പു ശുശ്രൂഷയിലൂടെ തിരുപ്പട്ടം സ്വീകരിച്ച്, 28ാം തിയതി പച്ചചെക്കിടിക്കാട്, ലൂര്‍ദ് മാതാ ഇടവകയില്‍ പ്രഥമ ദിവ്യബലി അര്‍പ്പണം നടത്തി.
സെന്റ് മേരീസ് ചര്‍ച്ച് കൂത്രപ്പള്ളി, തിരുഹൃദയ ഇടവക പുനലൂര്‍, നിത്യസഹായ മാതാ ചര്‍ച്ച് ചെങ്കുളം, ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ചെറുകടവ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. പുനലൂര്‍ നവസന്യാസ ഭവനത്തില്‍ ടീം മെമ്പര്‍ ആയിരുന്നു.
മാന്നാനം സെന്റ് ജോസഫ് ട്രെയിനിങ് കോളേജില്‍ ബി എഡ് പഠിച്ചു. ചമ്പക്കുളം ഫാ തോമസ് പോരൂക്കര സെന്‍ട്രല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍, എസ് എച്ച് യു പി സ്കൂള്‍ റ്റീച്ചര്‍, കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ റ്റീച്ചര്‍, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. ചമ്പക്കുളം ഗാഗുല്‍ത്താ ആശ്രമത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ അവിടെ സണ്‍ഡേ സ്കൂള്‍ ഡിറക്ടറായും ദീര്‍ഘ കാലം സേവനം ചെയ്തു.
പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ ആശ്രമാംഗമായിരിക്കയില് സെന്റ് ജോസഫ് സ്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ വാര്ഡന് എന്നീ ജോലികള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചു. പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂളിന്റെ ബാസ്കറ്റ്ബോള്‍ പരിശീലകന്, നാഷണല്‍ ബാസ്കറ്റ്ബോള്‍ റഫറി (ഗആഅ മിറ ആഎക) എന്നീ സേവനങ്ങള്‍ വഴി അനേകം യുവാക്കളുടെ ഉന്നമനം ലക്ഷ്യമാക്കി വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു . 2021 ല്‍ റിട്ടയര്‍മെന്റിനു ശേഷം വളരെ തീക്ഷ്ണതയോടെ ഇടവക സേവനത്തിനായി തന്റെ ജീവിതം മാറ്റിവച്ചു. കരുമാടി സെന്റ് നിക്കോളാസ് ഇടവകയില്‍ വികാരിയായി സേവമനുഷ്ഠിക്കുമ്പോള് ഹൃദയാഘാതം മൂലം നിര്യാതനായി.
2022 ജനുവരി 26 ബുധനാഴ്ച രാവിലെ ഏഴു മണിക്ക് മൃതശരീരം ചമ്പക്കുളം ഗാഗുല്‍ത്താ മൊണാസ്റ്ററി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. ഉച്ചയ്ക്ക് ശേഷം മൃതസംസ്കാര കര്‍മ്മങ്ങളുടെ രണ്ടാം ഭാഗം സി എം ഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തമ്പറമ്പില്‍ നിര്‍വഹിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് വിശുദ്ധ കുര്ബാനയോടു കൂടി ആരംഭിക്കുന്ന മൂന്നാം ഭാഗത്തിന് സി എം ഐ തിരുവനന്തപുരം പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ സെബാസ്റ്റ്യന്‍ ചാമത്തറ നേതൃത്വം നല്‍കും. കര്‍മ്മങ്ങളുടെ നാലാം ഭാഗം ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.
ബഹു. സിബി (മാത്യു) ചെത്തിക്കളം അച്ചനെ സി എം ഐ സഭയ്ക്കും ദൈവജനത്തിനുമായി നല്കിയ നല്ല ദൈവത്തിനു നന്ദി പറയാം. പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമല്ലോ.
ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സി എം ഐ
പ്രൊവിന്‍ഷ്യല്‍
സെന്റ് ജോസഫ് പ്രോവിന്‍സ്
തിരുവനന്തപുരം
25th Jan 2022