ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഭീമ-കൊറേഗാവ് കേസിൽ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ മുതിർന്ന മനുഷ്യാവകാശ സംരക്ഷകന്‍ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്നു സ്ഥിരീകരിച്ച് പ്രമുഖ അന്താരാഷ്ട്ര ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗ്. മസാച്യുസെറ്റ്സ് ആസ്ഥാനമായ ആഴ്സണൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തലുകൾ വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു.
ഫാ. സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അൻപതിലേറെ ഫയലുകള്‍ സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡിസ്ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായത്. ഏറ്റവുമവസാനമായി 2019 ജൂൺ 5 -നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്സണൽ കൺസൾട്ടിംഗ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നീ മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തിലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
മനുഷ്യാവകാശ സംരക്ഷകരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തതുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന നിരവധി കണ്ടെത്തലുകളിൽ ഏറ്റവും പുതിയതാണ് ഇത്. ഫയൽ സിസ്റ്റം ഇടപാടുകൾ, ആപ്ലിക്കേഷൻ എക്സിക്യൂഷൻ ഡാറ്റ എന്നിവയിൽ അവശേഷിച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ആഴ്സണൽ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. “കീലോഗിംഗ്” എന്ന പ്രക്രിയ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്തത്. ഹാക്കർമാർ തന്റെ പാസ്വേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ വായിക്കാൻ കഴിയുന്നതിന്റെ ഉദാഹരണങ്ങളും മറ്റ് രേഖകളും ഇമെയിലുകളും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. ഫാദർ സ്റ്റാന്റെ ഉപകരണത്തിലെ 24,000 ഫയലുകളും ഹാക്കർ നിരീക്ഷിച്ചു.
നിരീക്ഷണത്തിനു പുറമേ, 2017 ജൂലൈയിൽ ആരംഭിച്ച് 2019 ജൂൺ വരെ നീണ്ടുനിൽക്കുന്ന രണ്ട് ഹാക്കിംഗ് കാമ്പെയ്നുകളിൽ ഫാ. സ്റ്റാന്റെ ഹാർഡ് ഡ്രൈവിൽ ഡിജിറ്റൽ ഫയലുകൾ തിരുകിക്കയറ്റി. ഫാ. സ്റ്റാനിന്റെ ഹാർഡ് ഡ്രൈവിൽ മാവോയിസ്റ്റ് കലാപവുമായി ബന്ധപ്പെടുത്തുന്ന അന്‍പതിലധികം ഫയലുകൾ സൃഷ്ടിച്ചു. റെയ്ഡിന് ഒരാഴ്ച മുമ്പ് 2019 ജൂൺ 5-ന് ഫാദർ സ്റ്റാനിന്റെ കംപ്യൂട്ടറിൽ അദ്ദേഹത്തെ കുറ്റാരോപിതനാക്കാൻ ഉതകുന്ന അന്തിമ രേഖ സ്ഥാപിച്ചു, ഭീമ കൊറേഗാവ് കേസിന്റെ രേഖകളുടെ ആധികാരികതയെക്കുറിച്ചും അതിൽ ഫാ. സ്റ്റാനിന്റെ പങ്കിനെ കുറിച്ചും വിദഗ്ധർ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചിട്ടും ഫാദർ സ്റ്റാനിനെ ആദ്യം അറസ്റ്റ് ചെയ്തത് ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്.
ടർക്കിഷ് ഒഡാടിവി കേസ്, ബോസ്റ്റൺ മാരത്തൺ ബോംബിംഗ് കേസ് എന്നിവയുൾപ്പെടെ ലാൻഡ്മാർക്ക് ഡിജിറ്റൽ ഫോറൻസിക് കേസുകളിൽ പ്രവർത്തിച്ച വളരെ പ്രഗത്ഭരായ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സനൽ കൺസൾട്ടിംഗ് നടത്തിയ കണ്ടെത്തല്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചയാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിവുള്ള ഏതൊരു ഡിജിറ്റൽ ഫോറൻസിക് വിദഗ്ധനും തങ്ങള്‍ നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കുമെന്ന് കഴിയുമെന്ന് ആഴ്സണൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന് കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.
ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി.
കഴിഞ്ഞ വര്‍ഷം ജൂലൈ 5-നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ ബ്രിട്ടീഷ് പാർലമെന്റൂം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും, യുഎന്നും അപലപിച്ചിരുന്നു. 2022 ജൂലൈയിൽ, ഫാദർ സ്റ്റാന്റെ ജീവിതത്തെയും പ്രവർത്തനത്തെയും ബഹുമാനിക്കുന്ന പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു.
അരമനയിലെ സുഖസൗകര്യങ്ങളില്‍ പരിചാരകരാല്‍ ശുശ്രൂശിക്കപ്പെട്ട് വാര്‍ധക്യ ജീവിതം നയിക്കാമായിരുന്ന ഒരു വൈദികന് എൺപത്തി നാലാമത്തെ വയസ്സില്‍ ഈവിധം ക്രൂരമായി തടവിലാക്കപ്പെട്ടതിന്റെ കാരണം അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളാണ്. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെ മര്‍ദിത ജനതയോടൊപ്പം നിന്ന് പോരാടിയതിന്റെ പേരിലാണ്, ശരീരം വലിയൊരളവില്‍ തളര്‍ന്നുകഴിഞ്ഞിട്ടും പക തീര്‍ന്നില്ല എന്ന മട്ടില്‍ മരണം വരെ ഹിന്ദുത്വ ഭരണകൂടത്താല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവറയില്‍ തന്നെ തളയ്ക്കപ്പെട്ടത്.
വാര്‍ധക്യത്തിന്റെ അവശതകളില്‍ പാര്‍ക്കിന്‍സസ് രോഗമടക്കം മൂര്‍ച്ഛിച്ച് സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പ്രാപ്തനല്ലാതായ സാധുവായ ഒരു വൃദ്ധനെ ജാമ്യവും ചികിത്സയുമെല്ലാം നിഷേധിച്ച് തടവറയിലിട്ട് കൊന്നതിലൂടെ സംഘപരിവാര്‍ ഭരണകൂടം രാജ്യത്തിന് നല്‍കുന്നത് ഒരു താക്കീതാണ്. ഇനിയുമൊരു സ്റ്റാന്‍ സ്വാമി ഇവിടെയുണ്ടാകാന്‍ പാടില്ല എന്ന ഭീഷണി. തങ്ങള്‍ക്കെതിരെ ചോദ്യം ഉയര്ത്തുന്നവരുടെയെല്ലാം സ്ഥിതി ഇതുതന്നെ ആയിരിക്കുമെന്നാണ് സംഘപരിവാര്‍ പറയാന്‍ ശ്രമിക്കുന്നത്.
ഫാ. സ്റ്റാൻ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടുക്കം ഉളവാക്കുന്നത്…
അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണ്. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു.
ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന കണ്ടെത്തൽ ഭീതിജനകമാണ്. താൻ ആർക്കുവേണ്ടി സംസാരിച്ചുവോ, ആ പാവപ്പെട്ടവരുടെ ഉന്നതി കാംക്ഷിക്കാത്ത ഒന്നായി ഇന്നത്തെ ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ വെളിപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമിയെ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ള സകലരും മനസ്സിലാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ആദർശ ശുദ്ധിയും ലോകം തിരിച്ചറിയേണ്ടതുണ്ട്.
ഫാ. സ്റ്റാനിന്റെ മരണശേഷവും തുടരുന്ന നിയമയുദ്ധത്തിൽ അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഒപ്പം നിന്നവർക്കും നീതിലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഫോറൻസിക്ക് ഏജൻസി, ആഴ്സണൽ കൺസൾട്ടൻസിയുടെ വെളിപ്പെടുത്തലുകൾ വിശദമായി പരിശോധിക്കുകയും, ഇത്തരമൊരു ഹീനമായ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടുകയും വേണം.
ഫാ. സ്റ്റാൻ സ്വാമിക്കൊപ്പം പ്രതിചേർക്കപ്പെട്ടവർക്കെതിരെയും ഇത്തരത്തിൽ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാർക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾവഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണം.
14/12/2022
-KCBC Commission for Social Harmony and Vigilance