കണ്ണൂർ: ദീപക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടറും തലശേരി അതിരൂപത മുൻ വികാരി ജനറലും ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് ഉൾപ്പെടെ കുടിയേറ്റ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും സ്ഥാപകനുമായ മോൺ. മാത്യു എം. ചാലിൽ (85) അന്തരിച്ചു.
ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. ഭൗതികശരീരം ഇപ്പോൾ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിന് വെച്ചിരിക്കയാണ്. ഇന്ന് വൈകുന്നേരം 4 മുതൽ 6 വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും, 6 മുതൽ ചെമ്പേരി പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും.
നാളെ (06-03-2023- തിങ്കളാഴ്ച) രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനീയറിങ് കോളജിലും പൊതുദർശനമുണ്ടാകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 02.30-ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ നടക്കുമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചു.
മലബാറിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച, പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ പണിത് മലയോരത്തിന്റെ വികസന ശില്പി കൂടിയായിരുന്നു പ്രിയപ്പെട്ട ചാലിലച്ചൻ. ചെമ്പേരിയിൽ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പണിത് മലയോരത്തിന്റെയും ഉത്തരമലബാറിലെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ കർമശ്രേഷ്ഠന് വേദനയോടെ വിട…. പരേതന്റെ ആത്മശാന്തിക്കായി പ്രാർഥനകളോടെ നസ്രായൻ മീഡിയ ടീം.