റെനിറ്റ് അലക്സ്
2022 -ലെ ക്രിസ്തുമസ് ദിനത്തിൽ, കുവൈറ്റിൽ വളരെ അടുപ്പത്തിലുണ്ടായിരുന്നവരും, ഏതാനും മാസങ്ങൾക്കുമുൻപ് UK യിലേയ്ക്ക് കുടിയേറിയവരുമായ കുടുംബത്തോട് സംസാരിക്കുകയുണ്ടായി. ഒരു ദേശത്ത് ആദ്യം ചെല്ലുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾകൂടാതെ, നിരാശയോടെ അവർ പങ്കുവച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതായിരുന്നു -Spiritual dryness..!!
ചുറ്റുമുള്ളവരുടെ ദൈവവിശ്വാസമില്ലാത്ത ജീവിതംകണ്ട്, സ്വയം പ്രാർത്ഥിക്കുവാൻപോലും തോന്നാത്ത അവസ്ഥ. പുറത്തിറങ്ങിയാൽ ഭയം തോന്നിപ്പിക്കുന്നരീതിയിൽ ദേഹംമുഴുവൻ പച്ചകുത്തിയും അലക്ഷ്യവസ്ത്രങ്ങൾ ധരിച്ചും നടക്കുന്ന യുവജനങ്ങൾ… ആഴ്ചയിൽ ഒരിക്കൽപോലും വി. കുർബാനയ്ക്കുപോകാതെ, ദൈവത്തെ മറന്നുജീവിക്കുന്ന പല മലയാളികുടുംബങ്ങളുടേയും മക്കൾ… ഇംഗ്ലീഷ് കുർബാനയ്ക്കുപോയാൽ ഭൂരിപക്ഷവും പ്രായമായവർ… ആത്മീയജീവിതത്തിനും വളർച്ചയ്ക്കും അത്യാവശ്യം നല്ല സാഹചര്യമുണ്ടായിരുന്ന ഒരു രാജ്യത്തുനിന്നും Spiritually dry -ആയ ഒരു മരുഭൂമിയിൽ എത്തിയ അവസ്ഥയിൽ ആർക്കും നിരാശയും ദുഖവും ഉണ്ടാകാം.
ഇതിവരുടെമാത്രം അവസ്ഥയല്ല. നഴ്സസ് മിനിസ്ട്രിയിലും, ജീസസ് യൂത്തിലുമൊക്കെ ആക്റ്റീവ് ആയി പ്രവർത്തിച്ച് ആത്മീയ ഫലപുഷ്ടിയുമായി പാശ്ചാത്യ രാജ്യങ്ങളിലെത്തുന്ന പലർക്കും ഇതേ അഭിപ്രായമാണ്. അപ്പോൾ നിങ്ങൾ എന്തിനാണ് അങ്ങോട്ടു പോയത് ..? മെച്ചപ്പെട്ട ജീവിതസാഹചര്യം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ആ തീരുമാനത്തിൽ ദൈവം നിരാശപ്പെടും. വളരെ spiritual ആയി ജീവിച്ചിരുന്ന നിങ്ങളെ എന്തിനാണ് ദൈവം അങ്ങോട്ട് വിട്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ..? പരിശുദ്ധാത്മാവിന്റെ അഗ്നികെട്ടുപോയി കരിക്കട്ടയായി ജീവിക്കുന്നവരുടെ കൂടെക്കൂടി, ഒരിക്കൽ തീക്കട്ടയായിരുന്ന നിങ്ങൾ അഗ്നികെട്ട് അവരെപ്പോലെ കരിക്കട്ട ആകാനോ..? അതോ നിങ്ങളിലെ അഗ്നി ജ്വലിപ്പിച്ച് ചുറ്റുമുള്ളവരെക്കൂടി ദഹിപ്പിച്ച് തീക്കട്ട ആക്കാനോ..?
നേരത്തെ സൂചിപ്പിച്ച കുടുംബത്തിലെ കുടുംബനാഥൻ ചെയ്ത രണ്ടുപ്രവൃത്തികൾ ഒരുപക്ഷേ നമ്മിലെ വിളി തിരിച്ചറിയുവാൻ ഏവരെയും സഹായിച്ചേക്കും. പള്ളിയിൽ എത്തുവാൻ അദ്ദേഹത്തിന് കുറച്ചുസമയം നടക്കേണ്ടതുണ്ട്. അദ്ദേഹം ജപമാല കൈകളിൽ പിടിച്ചുകൊണ്ട് വാഹനം പോകുന്ന റോഡിലൂടെ ജപമാല ചൊല്ലിക്കൊണ്ട് നടക്കുവാൻ തുടങ്ങി. ആ നാട്ടുകാർക്ക് അത്ര പരിചിതമായ കാഴ്ച്ചയായിരുന്നില്ല അതെന്ന് വാഹനത്തിൽ പോയിരുന്ന വെള്ളക്കാരുടെ reaction കണ്ടപ്പോൾ അദ്ദേഹത്തിന് മനസ്സിലായി.
ചിലർ വാഹനം നിർത്തി അദ്ദേഹത്തോട് “Hello..”, “How are you..” തുടങ്ങിയ വാക്കുകളാൽ ലോഹ്യം ചോദിച്ചു. അവർക്കായി… ആ ദേശത്തിനായി… ദൈവത്തിന്റെ രാജ്യം വരുവാനായി ചൊല്ലപ്പെട്ട ജപമാല..!!! ആ ജപമാല പാഴായിപോകുമോ..? മറ്റൊരു ദിവസം സ്മാരകമായി കാത്തു പരിപാലിക്കുന്ന ഒരു ദൈവാലയത്തിൽ പ്രവേശിച്ചപ്പോൾ, കാഴ്ചക്കാരെയും ഫോട്ടോ എടുക്കുന്നവരെയുമല്ലാതെ പ്രാർത്ഥിക്കുന്ന ആരെയും അവിടെ കാണുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഒരു ചമ്മലും മനസ്സിൽ വിചാരിക്കാതെ മുട്ടുകുത്തി കൈവിരിച്ച് അദ്ദേഹം പ്രാർത്ഥിക്കുവാൻ തുടങ്ങി. ഒരു വെള്ളക്കാരൻ തന്റെ മകനോട് ഇദ്ദേഹത്തെ ചൂണ്ടികാണിച്ച് എന്തോ പറയുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. എന്തൊക്കെയായാലും സ്വർഗ്ഗം സന്തോഷിക്കുന്ന ഒരു മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ അദ്ദേഹത്തിനായി. പരിശുദ്ധാത്മ അഗ്നിയാൽ മറ്റൊരു ദേശത്ത് തീ പിടിപ്പിക്കുവാൻ ദൈവം നിങ്ങളെ അയക്കുമ്പോൾ, അവിടെ നിങ്ങൾ നിരാശപ്പെട്ടുനിൽക്കരുത്. ആത്മീയ ജീവിതത്തിലെ നിരാശ എല്ലാ നാശത്തിന്റെയും തുടക്കമായേക്കാം.
സാത്താന്റെ ഈ കെണിയിൽ വീണുപോകരുത്. ആ ദേശത്തിന്റെ അവസ്ഥയിൽ ഹൃദയഭാരം വേണം; എന്നാൽ നിരാശ അരുത്. ഓരോ ക്രിസ്ത്യാനിയെയും ദൈവം പലരീതിയിലുള്ള മിഷൻ ഏല്പിച്ചിരിക്കുന്നു. ചിലരോട് പ്രാർത്ഥിക്കുവാൻ… ചിലരോട് പ്രസംഗിക്കുവാൻ… ചിലരോട് പ്രവർത്തിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു. അതിനുള്ള സാധ്യതകൾ ദൈവം എല്ലാ ദേശത്തും ഒരുക്കിവച്ചിട്ടുണ്ട്. അധികമാളുകൾ വരുന്നില്ലെങ്കിലും ദൈവാലയവും ദിവ്യകാരുണ്യ ചാപ്പലും കൈകളിൽ ജപമാലയുമുണ്ടെങ്കിൽ നിങ്ങളിലെ കനൽ കെട്ടുപോകില്ല. കൂടുതൽ ജ്വലിപ്പിച്ചാൽ, തണുത്തുറഞ്ഞു നിൽക്കുന്ന ആ ദേശത്ത് അഗ്നിയിറക്കുവാൻ നിങ്ങൾക്കു സാധിക്കും.
നിരവധി ആത്മാക്കളെ നേടുവാനും സാധിക്കും. ഇതാണ് ഓരോ ദേശത്തേയ്ക്കും നമ്മെ വിടുമ്പോൾ ദൈവം ആഗ്രഹിക്കുന്നത്. ഇതാണ് നമ്മുടെ ദൗത്യം. ദൈവത്തിന്റെ ഈ പദ്ധതിയോട് സഹകരിക്കുവാൻ നമ്മുടെ ജീവിതവ്യഗ്രത തടസ്സമാകാതിരിക്കട്ടെ. “നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യും.” (1 തെസലോനിക്കാ 5 :24) “നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും.”
(ഏശയ്യാ 41 :13) ദൈവനാമം മഹത്വപ്പെടട്ടെ… ആമേൻ.