ഓഗസ്റ്റ് 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനുള്ള ഒരുക്കമായി സഭ പതിനഞ്ചു നോമ്പ് ആചരിക്കുന്നു. നാളെ മുതൽ ആരംഭിക്കുന്ന പതിനഞ്ചു നോമ്പ് നമുക്കും ഭക്ത്യാദരവുകളോടെ ആചരിക്കാം. സാധിക്കുന്ന ആളുകൾ നോമ്പ് നോക്കാൻ പരിശ്രമിക്കുക…. കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കട്ടെ!
‘ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവർ ഒരിക്കലും മരിക്കുകയില്ല’ എന്ന കർത്താവിന്റെ വചനത്തിന് ഉദാത്തമായ സാക്ഷ്യമാണ് പരിശുദ്ധ അമ്മ. ആത്മശരീരങ്ങളോടെ സ്വർഗ്ഗാരോപണം ചെയ്ത പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കങ്ങൾ നാം ആരംഭിക്കുകയാണ്.
നാളെ മുതൽ ആരംഭിക്കുന്ന 15 നോമ്പോടുകൂടിയാണ് നമ്മൾ സ്വർഗ്ഗാരോപണ തിരുനാളിന് ഒരുങ്ങുന്നത്. വചനം പാലിച്ച പരിശുദ്ധ അമ്മയെപ്പോലെ വചനവുമായി ആഴമായ ബന്ധം നിലനിർത്താൻ നമുക്ക് പ്രത്യേകം പരിശ്രമിക്കാം. നിത്യത സ്വന്തമാക്കിയ പരിശുദ്ധ അമ്മയെ പോലെ നമുക്കും നിത്യതക്കായി തീവ്രമായി ആഗ്രഹിക്കാം.
ഈ പതിനഞ്ചു നോമ്പിൽ സ്വർഗ്ഗാരോപിതയായ
പരിശുദ്ധ കന്യകയെ ധ്യാനിക്കുകയും സ്വർലോക രാജ്ഞിയോടുള്ള നൊവേന പ്രാർത്ഥനനടത്തുകയും ചെയ്യാം.
ഭക്തിപൂർവ്വം മഹിമയുടെ ദിവ്യരഹസ്യങ്ങൾ ധ്യാനിച്ചുകൊണ്ട് ജപമാല ചൊല്ലി പ്രാർത്ഥിക്കാം.
പരിഹാരത്തിന്റെ മാർഗത്തിൽ ഇഷ്ടമുള്ള ഭക്ഷണ പദാർഥങ്ങൾ ഉപേക്ഷിക്കാം.
മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന മാനവരാശിയെ
ത്രിലോകറാണിയായ പരിശുദ്ധ കന്യകയുടെ മദ്ധ്യസ്ഥതയിലൂടെ
നിത്യപിതാവിന് സമർപ്പിച്ചുകൊണ്ട് 51-ആം സങ്കീർത്തനവും
കരുണകൊന്തയും ചൊല്ലി പ്രാർത്ഥിക്കാം.
മാതാവിന്റെ മഹത്വത്തെ ധ്യാനിച്ചുകൊണ്ട് മറിയത്തിന്റെ സ്തോത്രഗീതം ചൊല്ലാം.
നമ്മുടെ ഭവനങ്ങളിൽ പരി.കന്യകയുടെ തിരുസ്വരൂപം അലങ്ക രിച്ച് പ്രതിഷ്ഠിക്കുകയും
അമ്മയുടെ മാതൃസഹായം ഉത്സാഹപൂർവ്വം തേടുകയും ചെയ്യാം.
നോമ്പിന്റെ ദിനങ്ങളിൽ അരമണി ക്കൂർ ദൈവവചനം
വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം.
ഏവർക്കും അനുഗ്രഹദായകമായ പതിനഞ്ച് നോമ്പ് ആശംസിക്കുന്നു.
ഇന്ന് ഓഗസ്റ്റ് ഒന്ന്…
പരിശുദ്ധ മാതാവേ, അമ്മയുടെ സ്വർഗ്ഗാരോപണതിരുനാളിനായി ഇന്നു മുതൽ പതിനഞ്ച് ദിവസം ഞങ്ങൾ പ്രാർത്ഥിച്ചു ഒരുങ്ങുകയാണ്…
അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം ഈ സങ്കീർണ്ണമായ അവസ്ഥയിൽ ഞങ്ങൾ യാചിക്കുന്നു….
ഹൃദയത്തിൽ അൽപം പോലും സംശയത്തിനിട കൊടുക്കാതെ, അമ്മയുടെ പ്രാർത്ഥനയിലൂടെ അത്ഭുതങ്ങൾ സംഭവിക്കാൻ നീ ഇടയാക്കുമെന്ന് വിശ്വസിക്കാൻ കൃപ തരണമേ… കോറോണയെ ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ നീ നിന്റെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ!
നമുക്ക്പ്രാർത്ഥിക്കാം..
നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവു അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു… പരിശുദ്ധ മറിയമേ… തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി എപ്പോഴും ഞങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ… ആമ്മേൻ!