വിശുദ്ധ അൽഫോൻസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2008-ൽ ഭരണങ്ങാനത്തു സംഘടിപ്പിച്ച പൊതുസമ്മേനത്തിൽ ഭാരതത്തിൻ്റെ പ്രഥമ പൗരനായിരുന്ന അബ്ദുൽ കലാം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ കേൾക്കുക:
“വിശുദ്ധ അൽഫോൻസയുടെ ഡയറിയിൽ എഴുതിയ ഒരു ചിന്ത എന്നെ വളരെയേറെ സ്വാധീനിച്ചു. അത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
‘എന്റെ പ്രവണതകൾക്കനുസരിച്ച് പ്രവർത്തിക്കാനോ സംസാരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വീഴുന്ന ഓരോ സമയത്തും ഞാൻ പ്രായശ്ചിതം ചെയ്യും. ആരെയും അവഗണിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. ഞാൻ എപ്പോഴും മറ്റുള്ളവരോട് മധുരമായി സംസാരിക്കും. എന്റെ കണ്ണുകളെ കണിശതയോടെ ഞാൻ നിയന്ത്രിക്കും. എന്റെ ഏറ്റവും ചെറിയ തെറ്റുകൾക്കുപോലും ദൈവത്തോട് ഞാൻ മാപ്പ് ചോദിക്കുകയും പ്രായശ്ചിത്തിലൂടെ പരിഹാരം ചെയ്യുകയും ചെയ്യും. എന്റെ സഹനങ്ങൾ എന്തുതന്നെ ആയാലും ഞാൻ ഒരിക്കലും പരാതിപ്പെടില്ല. എന്ത് അപമാനം എൽക്കേണ്ടിവന്നാലും ഈശോയുടെ തിരു ഹൃദയത്തിൽ ഞാൻ അഭയം കണ്ടെത്തും.’
മാനവരാശിക്ക് എത്രയോ ശക്തമായ സന്ദേശമാണ് വിശുദ്ധ അൽഫോൻസ നൽകിയിരിക്കുന്നത്. ഈ സ്വഭാവവിശേഷം നാം പിൻതുടർന്നാൽ മാത്രം മതി ലോകം എല്ലാവർക്കും സന്തോഷത്തോടെ താമസിക്കാൻ കഴിയുന്ന ഇടമായ് മാറും. വിശുദ്ധ അൽഫോൻസയുടെ ജീവിതം ആഴത്തിൽ പഠിച്ചാൽ സഹനങ്ങൾ ദൈവദാനമായി അവൾ സ്വീകരിച്ചെന്നും ലോകത്തെ അവൾ പരിത്യജിച്ചെന്നും നമുക്കു കാണാൻ കഴിയും. അവൾ ആഗ്രഹങ്ങളെ പരിത്യജിച്ചു. മറ്റുള്ളവർ അവളെ ചെറുതാക്കിയപ്പോഴും കുത്തുവാക്കു പറഞ്ഞപ്പോഴും ആ സഹനങ്ങൾ എല്ലാം ഒരു ചെറുപുഞ്ചിരിയോടെ അവൾ സ്വീകരിച്ചു.
ഒരിക്കലും മോശമായി പ്രതികരിക്കാതെ എല്ലായ്പ്പോഴും ക്രിയാത്മകമായി പ്രതികരിച്ച്, ശാന്തത നിലർത്തി അവൾ മറ്റുള്ളവരുടെ ഹൃദയം നേടി, അപ്പോഴും ഇപ്പോഴും വരാനുള്ള ഭാവിയിലും. വിവാഹിതരായ ദമ്പതികൾ ഒരു മോതിരം ധരിക്കുന്നു. എന്നാൽ, കന്യാസ്ത്രീകൾ മോതിരം ധരിക്കാറില്ല. എന്നാൽ ഈ കന്യാസ്ത്രീ ഒരു മോതിരം ധരിച്ചിരുന്നു അവൾ പറയുന്നതുപോലെ സഹനമായിരുന്നു അത്. അവൾ സഹിച്ചു. നിശബ്ദമായി അവൾ സഹിച്ചു. സഹനത്തിന്റെ ആഘോഷങ്ങളിൽ അണിയാൻ കഴിയുന്ന ഏറ്റവും നല്ല ആഭരണം നിശബ്ദതയാണന്ന് അവൾ അറിഞ്ഞിരുന്നു.’
ഞാൻ വിശുദ്ധ അൽഫോൻസായുടെ മണ്ണിലായിരിക്കുമ്പോൾ എല്ലാ സഹനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിച്ച വിശുദ്ധ അൽഫോൻസയുടെ ഗാനം എന്റെ ചെവികളിൽ മുഴങ്ങുന്നു. ആ ഗാനം ഇപ്രകാരമാണ്: ‘എനിക്കു എന്തു ദാനം ചെയ്യാൻ കഴിയും. ദാനം ചെയ്യുന്നതിൽ ഞാൻ ക്രിസ്തുവിനെ കാണുന്നു.’
ഈ സന്ദർഭത്തിൽ ദാനത്തെക്കുറിച്ചുള്ള ഒരു കവിത ഉണർത്തിയ ചിന്തകൂടി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ‘ഓ എന്റെ സഹപൗരന്മാരെ, നൽകുന്നതിൽ നിങ്ങൾ ആത്മാവിലും ശരീരത്തിലും സന്തോഷം സ്വീകരിക്കുന്നു. നിങ്ങൾക്ക് നൽകാനായി എല്ലാമുണ്ട്. നിങ്ങൾക്കു അറിവുണ്ടെങ്കിൽ അതു പങ്കുവെക്കുക, നിങ്ങൾക്കു വിഭവങ്ങൾ ഉണ്ടെങ്കിൽ അവ ആവശ്യക്കാരുമായി പങ്കുവെക്കുക. സഹനങ്ങളുടെ വേദന മാറ്റാനും ദുഃഖ ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും നിങ്ങളുടെ മനസും ഹൃദയവും ഉപയോഗിക്കുക. നൽകുന്നതിൽ നിങ്ങൾ സന്തോഷം സ്വീകരിക്കുന്നു. സർവശക്തൻ നിങ്ങളുടെ എല്ലാ പ്രവർത്തികളെയും അനുഗ്രഹിക്കട്ടെ.’
BY, Simon Varghese
ലുത്തിനിയ…
കർത്താവെ കനിയണമേ,
മിശിഹായെ കനിയണമേ ,
കർത്താവെ ഞങ്ങളണക്കും
പ്രാർത്ഥന സദയം കേൾക്കണമേ,
സ്വർഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ.
നരരക്ഷകനാം മിശിഹായെ
ദിവ്യാനുഗ്രഹമേകണമേ
ഭാരത നാടിന് മണിമുത്തേ
കേരളസഭയുടെ നൽസുമമേ
അൽഫോൻസാമ്മേ പ്രാർത്ഥിക്കണേ
നൽവരമാരി പൊഴിക്കണമേ .
വേദനയോടെ സഹിച്ചവളേ
സഹനത്തിന് ബലിയായവളെ
കുരിശിൻ പാത പുണർന്നവളെ…
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്യ്
ത്യാഗത്തിന് ബലിവേദികളിൽ
അർപ്പിതമായൊരു പൊൻസുമമേ
ക്ഷമയുടെ ദർപ്പണമായവളെ
പ്രാർത്ഥിക്കണമേ ഞങ്ങള്ക്കായ്
സഹനത്തിൻ കൂരമ്പുകളേ
ശിഷ്ടമതാക്കിത്തീർത്തവളെ
പൊന്കതിര് വീശും താരകമേ..
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
സാന്ത്വനമേകി നടന്നതിനാൽ
സ്വന്തസുഖങ്ങൾ മറന്നവളേ
വിണ്ണിലുയർന്നൊരു വെണ്മലരേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ക്ലേശമതെല്ലാം തിരുബലിയായ്
നാഥന് കാഴ്ചയണച്ചവളെ
ധരയിൽ നന്മ പൊഴിച്ചവളെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്..
ദാരിദ്ര്യത്തിന് മാതൃകയെ
അനുസരണത്തിന് വിളനിലമേ
ശുദ്ധതയേവം കാത്തവളെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
പ്രാർത്ഥനയ്ക്കും മലരുകളെ
ക്രിസ്തുവിനർച്ചന ചെയ്തവളെ
കാരുണ്യത്തിന് നിറകുടമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്…
ക്ലരസഭാതൻ വാടിയിലായ്
പൊട്ടിവിരിഞ്ഞൊരു നറുമലരെ
കന്യകമാരുടെ മാതൃകയെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
പാരിൻ ശാന്തി പരാതിയോരാ
ഫ്രാൻസിസ് താതനു നൽസുതയെ
ധന്യതയാർന്നൊരു കന്യകയെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
വേദനയാൽ വൻ ക്ലേശത്താൽ
നിൻസുധരൂഴിയിൽ വലയുമ്പോൾ
ആതുരരിവരുടെ ആശ്രയമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്….
സഹനം തന്നുടെ വീഥിയതിൽ
ത്യാഗസുമങ്ങൾ ചൊരിഞ്ഞിടുവാൻ
സ്നേഹത്തിന് മധുഗീതവുമായ്
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
അനുദിനമുയരും ക്ലേശങ്ങൾ
പരിഹാരത്തിന് കരുവാക്കി
നാഥന് മോദമണച്ചിടുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്..
അന്ത്യദിനത്തിൽ നിൻ സുധരാം
ഞങ്ങൾ നിന്നുടെ സവിധത്തിൽ
വന്നണയാനായ് കനിവോടെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിന് മേഷമേ ,നാഥാ
പാപം പൊറുക്കേണമേ
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിന് മേഷമേ, നാഥാ
പ്രാർത്ഥന കേൾക്കേണമേ…
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിന് മേഷമേ ,നാഥാ
ഞങ്ങളിൽ കനിയേണമേ .
ധൂപാർപ്പണ ഗാനം
ഉയരണമേ പ്രാര്ത്ഥനയഖിലേശാ
ഉയരണമേ സുരഭില ധൂപം പോൽ
സ്വർഗത്തിന് നിൻ തിരു സന്നിധിയിൽ
വെള്ളപ്പൂ പോലെ വിടരേണം..
പ്രാർത്ഥിക്കാം…
അൽഫോൻസാമ്മയുടെ മദ്യസ്ഥതയാൽ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ. അനുഭവിക്കുന്നവരെ സമൃദ്ധമായ് അനുഗ്രഹിക്കണമേ . അൽഫോൻസാമ്മയുടെ സഹായത്താൽരോഗികൾക്ക് രോഗശാന്തിയും ,ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവർക്കു സമാശ്വാസവും ലഭിക്കുമാറാകട്ടെ . അൽഫോൻസാമ്മയെ വിശുദ്ധ പുണ്യങ്ങളാൽ അലങ്കരിക്കുവാൻ തിരുമനസായ സർവേശ്വരാ , അങേ മക്കളായ ഞങ്ങളും ഈ ലോകത്തിൽ ജീവിക്കുന്ന കാലമത്രയുംആ കന്യകയെപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങേക്കു ശുശ്രൂഷാ ചെയ്യുവാനും നിർഭാഗ്യം പ്രാപിച്ചു പരലോകത്തിൽ അങേ നിരന്തരം സ്തുതിച്ചു വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങേ തിരുക്കുമാരൻ ഈശോ മിശിഹായുടെ നാമത്തിൽ ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
സമാപന പ്രാർത്ഥന…
‘ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ചോദിച്ചിട്ടില്ല, .സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെല്ലാം അവൻ നിങ്ങള്ക്ക് തരും ; (യോഹ :2324) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങേ നാമത്തിൽ പിതാവിനോട് ഞങ്ങൾ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങൾക്ക് ലഭിക്കുവാനിടയാകണമേ . ഈശോമറിയാം യൗസേപ്പേ , നിങ്ങളുടെ പ്രത്യേകഭക്തയായ അൽഫോൻസാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരവും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വർഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങൾക്കിപ്പോൾ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (………………………………………………………………………………………………………………..) അങേ വിശ്വസ്ത ദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോട് കൂടി ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.