ഫാദർ ജെൻസൺ ലാസലെറ്റ്
ലാസലെറ്റിലെ കരയുന്ന മാതാവ്
പാവപ്പെട്ട രണ്ട്
ഇടയ പൈതങ്ങളുടെ കഥയാണിത്.
ഒരു നാൾ അവരിരുവരും ആടുകളെ മേയ്ക്കാൻ മലയിലേക്ക് പോയി.
ഒരു പാറക്കല്ലിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു. അല്പനേരം മയങ്ങിയ ശേഷം ഉണർന്ന് നോക്കിയപ്പോൾ അവരുടെ ആടുകളെ കാൺമാനില്ല.
അടുത്ത കുന്നിലേക്ക് അവർ ഓടിക്കയറി. അതിന് താഴെയുള്ള താഴ്വാരത്ത് ആടുകൾ മേയുന്നത് കണ്ടപ്പോൾ അവർക്കാശ്വാസമായി.
ഉച്ചഭക്ഷണം കഴിക്കാനിരുന്ന പാറ ലക്ഷ്യമാക്കി അവർ തിരിച്ചു നടന്നു.
പെട്ടന്നാണത് സംഭവിച്ചത്;
ആ പാറക്കല്ലിൽ ഒരു അഗ്നിഗോളം.
അതിനു നടുവിൽ ഒരു സ്ത്രീ ഇരുന്ന് കരയുന്നു. കുട്ടികളിൽ ഒരുവനായ മാക്സിമിൻ, കൂടെയുള്ള
മെലനിയോട് പറഞ്ഞു:
“സൂക്ഷിക്കുക അതൊരു ഭൂതമാണെന്ന് തോന്നുന്നു.
അത് നമ്മെ ആക്രമിക്കാൻ വന്നാൽ നമുക്ക് ഈ വടി ഉപയോഗിച്ച് തിരിച്ചാക്രമിക്കാം.”
ഇതെല്ലാം കണ്ടിട്ടും അസ്വഭാവികമായതൊന്നും സംഭവിക്കാത്തതു പോലെ ശാന്തമായ് നിന്നിരുന്ന ‘ലുലു’ എന്ന പട്ടിക്കുട്ടി അവരെ അതിശയപ്പെടുത്തി.
കുട്ടികളുടെ ഭയത്തെ ദുരീകരിച്ചു കൊണ്ട് ആ സ്ത്രീ എഴുന്നേറ്റ് പുഞ്ചിരിയോടെ അവരോട് പറഞ്ഞു:
“ഭയപ്പെടേണ്ട മക്കളെ
അടുത്ത് വരൂ ….
നിങ്ങളോടെനിക്ക് ചില
കാര്യങ്ങൾ പറയാനുണ്ട് …”
ഒരു കാന്തിക ശക്തിയാൽ അകപ്പെട്ടതുപോലെ അവർ
ആ സ്ത്രീയ്ക്കരികിലേക്ക് ഓടിയടുത്തു.
അവൾ അവരോട് പ്രാർത്ഥനയെക്കുറിച്ചും
മാനസാന്തരത്തെക്കുറിച്ചും
ദൈവാലയാദരവിനെക്കുറിച്ചും
വിശുദ്ധ ബലിയെക്കുറിച്ചും
തന്റെ പുത്രനെ ആദരിക്കേണ്ടതിനെക്കുറിച്ചും
സംസാരിച്ചു.
അവൾ പറഞ്ഞ
കാര്യങ്ങൾ മറ്റുള്ളവരോട് പറയണമെന്നും ആവശ്യപ്പെട്ടു.
1846 സെപ്തംബർ 19 -ന്
ഫ്രാൻസിലെ ലാസലെറ്റ് മലയിൽ
മാക്സിമിനും മെലനിയ്ക്കും പ്രത്യക്ഷപ്പെട്ട ആ സ്ത്രീ പരിശുദ്ധ കന്യകാമറിയമായിരുന്നു.
“നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ എന്റെ പുത്രന്റെ വിധിയുടെ കരങ്ങൾ താങ്ങി നിർത്താൻ ഇനിയുമെനിക്ക് കഴിയാതെ വരും” എന്ന അമ്മയുടെ കണ്ണീരിൽ ചാലിച്ച ഓർമപ്പെടുത്തൽ
നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കണം.
ദൈവരാജ്യ ശുശ്രൂഷയുടെ ആരംഭത്തിൽ ക്രിസ്തു നടത്തിയ ഓർമപ്പെടുത്തലും അതു തന്നെയായിരുന്നു:
“മാനസാന്തരപ്പെടുവിന്‍;
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു”
(മത്തായി 4 : 17).
പരിശുദ്ധ കന്യകാമറിയം
തന്റെ മകന്റെ വാക്കുകൾ തന്നെ ലാസലെറ്റ് മലയിൽ ആവർത്തിച്ചുവെങ്കിൽ
അവൾക്ക് നമ്മോടുള്ള സ്നേഹം
എത്ര വലുതാണെന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.
അമ്മയുടെ വാക്കുകൾ നെഞ്ചേറ്റി നമുക്ക് അനുതാപത്തോടെ ക്രിസ്തുവിലേക്ക് തിരിയാം.
ലാസലെറ്റ് മാതാവിന്റെ
പ്രത്യക്ഷീകരണ തിരുനാൾ മംഗളങ്ങൾ
ഏവർക്കും നേരുന്നു.
സെപ്തംബർ-19.
………………………..
ഒരു പാറക്കല്ലില്‍ ഇരുന്ന് തന്റെ കരങ്ങളില്‍ മുഖം അമര്‍ത്തി കരഞ്ഞുകൊണ്ടാണ് ലാസലെറ്റിലെ കന്യക കുഞ്ഞുങ്ങള്‍ക്ക് ദര്‍ശനം നല്‍കിയത്. തുടര്‍ന്ന് അവിടെനിന്നും എഴുന്നേറ്റ് കുട്ടികളുമായി സംസാരിച്ച മുഴുവന്‍ സമയവും അവള് കരയുകയായിരുന്നു. ‘അവള് സംസാരിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകുകയായിരുന്നു. എന്നാല്‍ അവ നിലംപതിക്കാതെ അപ്രത്യക്ഷമായി’ എന്നാണ് ആ കുട്ടികള്‍ പറഞ്ഞത്.
പരിശുദ്ധ കന്യകാമാതാവ് തന്റെ പ്രത്യക്ഷത്തിന്റെ മുഴുവന്‍ നിയമവും കരഞ്ഞുകൊണ്ട് സന്ദേശം നല്കിയ ഏകസ്ഥലം ലാസലെറ്റ് ആണ്. അതുകൊണ്ടുതന്നെ ലാസലെറ്റ് മാതാവിനെ ‘കരയുന്ന മാതാവ്’, ‘കണ്ണുനീരിന്റെ മാതാവ്’ എന്നും വിളിച്ചുവരുന്നു. പാദങ്ങള്‍വരെ നീണ്ടുകിടക്കുന്ന മേലങ്കിയും അതിനു മുകളിലായി പാവപ്പെട്ട കര്‍ഷകസ്ത്രീകള്‍ ധരിക്കാറുള്ള ഉപരിവസ്ത്രവും അവള് ധരിച്ചിരുന്നു.
സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരിയായി മാതാവ് വന്നത് അവള് നമുക്ക് ഏതൊരവസ്ഥയിലും സമീപസ്ഥയാണ് എന്ന ഉറപ്പ് തരുന്നതിനുകൂടിയാണ്.
പ്രാര്‍ത്ഥന, പരിത്യാഗം, തീക്ഷ്ണത എന്നീ മൂന്നു കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കണമെന്ന് ലാസലെറ്റിലെ മരിയന്‍ പ്രത്യക്ഷം ഓര്‍മപ്പെടുത്തുന്നു. മാതാവ് പാറക്കല്ലില്നിന്നും എഴുന്നേറ്റ് കുട്ടികളെ തന്റെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തി. അവര്‍ക്കിടയിലൂടെ ആര്‍ക്കും കടന്നുപോകാന്‍ പറ്റാത്തത്ര അടുപ്പത്തിലായിരുന്നു അവള്.
അതിനുശേഷമാണ് തന്റെ സന്ദേശങ്ങള്‍ മാതാവ് മക്കളിലൂടെ ലോകത്തിന് നല്‍കിയത്. ആ അമ്മയുടെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചിരുന്നു. ഏറെ സ്നേഹത്തോടെയായിരുന്നു അവര്‍ ആ കുട്ടികളോട് സംസാരിച്ചത്.
മാതൃദര്‍ശനം ലഭിച്ച ആ രണ്ടു പൈതങ്ങളും സാധാരണ ജീവിതം നയിച്ച് മരണം പ്രാപിച്ചു. അവരിലൂടെ നല്കപ്പെട്ട ആ സന്ദേശങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്കിപ്പുറവും പ്രസക്തിയുണ്ട്. ഏവരുടെയും മാനസാന്തരത്തിനും ആത്മീയ ഉണര്‍വിനും തിരുസഭയോടുള്ള സ്നേഹത്തിനും നോമ്പിനും ഉപവാസത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള ആ അമ്മയടെ ഓര്മപ്പെടുത്തലുകള് നമുക്ക് മറക്കാതിരിക്കാം. നമ്മുടെ തിരിച്ചുവരവിനായി സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലെത്തി കരഞ്ഞ അമ്മയാണവള്‍. അനുരഞ്ജകയായ അമ്മ. ആ കണ്ണീരിനുള്ള മറുപടി നമ്മുടെ വിശുദ്ധ ജീവിതമല്ലാതെ മറ്റെന്താണ്?