പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ് ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ് ഇതിന്റെ ഉത്ഭവത്തിന് ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ് ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്.
നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന് പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ് ഇത് പ്രോൽസാഹിപ്പിച്ചത്.
തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന പേരില്‍ ഈ തിരുന്നാൾ കുർബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഓശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ് ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ് തിരുനാള്‍ സെപ്റ്റംബർ 15-നു നടത്താന്‍ നിശ്ചയിച്ചത്.
ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ് അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടത്. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന് ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞിട്ടുള്ള സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് – Inside the Vatican, sept.2004).
തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ അതികഠിനമായ വേദനയാണ് ഈ തിരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മേ ഓർമ്മപെടുത്തുന്നു.
ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ:-
1) ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35)
2) ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15).
3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക 2:41-50).
4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31).
5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30).
6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37).
7) യേശുവിന്റെ മൃതസംസ്കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മർക്കോ 15:40-47).
ദൈവമാതാവിന്റെ നിരവധിയായ കണ്ണീർധാരകൾ, നമ്മേ രക്ഷാമാർഗ്ഗത്തിലേക്ക് നയിക്കട്ടെ. തന്റെ പ്രിയ പുത്രന് അനുഭവിച്ച വേദനകളെ സന്തോഷപൂര്‍വ്വം ഉള്‍കൊണ്ട പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമ്മുടെ വേദനകള്‍ പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ നമ്മുക്ക് സമര്‍പ്പിക്കാം.
വ്യാകുല മാതാവിന്റെ ജപമാല
ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു, പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍ സ്തുതിക്കുന്നു. “ഇതാ കര്‍ത്താവിന്റെ ദാസി” എന്നു പറഞ്ഞുകൊണ്ടു ദൈവമാതൃത്വം സ്വീകരിച്ചസമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ടു രക്ഷാകര്‍മ്മത്തില്‍ തന്റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ!
അവിടുത്തെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് പാപങ്ങളിന്മേല് യഥാര്‍ത്ഥമായ മനസ്താപവും പാപസാഹചര്യങ്ങളെ വിട്ടൊഴിഞ്ഞു അവിടുത്തെ തിരുക്കുമാരനെ അധികമധികം സ്നേഹിക്കുവാനുള്ള നല്‍വരവും നല്കണമേ. അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവത്തിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകൊണ്ടു ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യം വഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
ഒന്നാം രഹസ്യം
ശെമയോന്റെ പ്രവചനം
പരി. വ്യാകുലമാതാവേ! ശെമയോന്റെ ദീര്‍ഘദര്‍ശനം ശ്രവിച്ചപ്പോള്‍ അവിടുത്തെ മൃദുലഹൃദയം അനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് എളിമയെന്ന പുണ്യത്തെയും ദൈവഭയമെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
രണ്ടാം രഹസ്യം
തിരുക്കുടുംബം ഈജിപ്തിലെക്കു ഒടിയൊളിക്കുന്നു
പരി. വ്യാകുലമാതാവേ! അങ്ങേ തിരുസുതന്നെ ഹേറോദേസ് രാജാവു വധിക്കുവാനന്വേഷിക്കുന്നു എന്നറിഞ്ഞു പരദേശത്തേക്ക് ഓടിപ്പോകേണ്ടിവന്നപ്പോഴും ആ അഞ്ജാതദേശത്തു വസിച്ചപ്പോഴും അങ്ങ് അനുഭവിച്ച ദു:ഖത്തെ ദൈവത്തിരുമനസ്സിന് സദാ കീഴ്വഴങ്ങുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
മൂന്നാം രഹസ്യം
ബാലനായ ഈശോയേ കാണാതാകുന്നു
പരി.വ്യാകുലമാതാവേ! അങ്ങേ തിരുക്കുമാരന് പന്ത്രണ്ടുവയസ്സില്‍ മൂന്നു ദിവസത്തേക്ക് അങ്ങയെ വിട്ടു പിരിഞ്ഞു കാണാതായപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് വിരക്തിയെന്ന പുണ്യത്തെയും അറിവെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
നാലാം രഹസ്യം
ഗാഗുല്‍ത്തയിലേക്കുള്ള വഴിമദ്ധ്യേ മാതാവും പുത്രനും തമ്മില്‍ കാണുന്നു
പരി.വ്യാകുലമാതാവേ! അങ്ങേ തിരുക്കുമാരന് കുരിശുവഹിച്ചുകൊണ്ടു കൊലക്കല്‍ത്തിലേക്ക് പോകുന്നതിനെ ദര്ശിച്ചപ്പോള് അവിടുന്നനുഭവിച്ച വ്യസനപാരവശ്യത്തെ ഓര്‍ത്ത് ക്ഷമയെന്ന പുണ്യത്തെയും ആത്മശക്തിയെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
അഞ്ചാം രഹസ്യം
പരി.അമ്മ കുരിശിന്റെ ചുവട്ടില്‍
പരി.വ്യാകുലമാതാവേ! നിന്റെ തിരുക്കുമാരന് കുരിശില്‍ മരണവേദന അനുഭവിക്കുന്നത് അങ്ങ് ദര്ശിച്ചപ്പോള് അവിടുത്തേക്കുണ്ടായ കഠിനവേദനയെക്കുറിച്ച് ഈ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ ക്ഷമയോടെ സഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
ആറാം രഹസ്യം
തിരുശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
പരി.വ്യാകുലമാതാവേ! നിന്റെ തിരുക്കുമാരന്റെ തിരുവിലാവ് കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോഴും ആ തിരുമേനി മടിയില്‍ കിടത്തിയപ്പോഴും അവിടുന്നനുഭവിച്ച അത്യധികമായ വ്യസനത്തെക്കുറിച്ച്, ഞങ്ങളുടെ പാപങ്ങളില്‍ ശരിയായ മനസ്താപവും അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള ദൈവദാനവും ഞങ്ങള്‍ക്ക് തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
ഏഴാം രഹസ്യം
ഈശോയുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു
പരി.വ്യാകുലമാതാവേ!അവിടു ത്തെ തിരുക്കുമാരന് കല്ലറയില്‍ സംസ്കരിക്കപ്പെട്ടപ്പോള്‍ അവിടുന്നനുഭവിച്ച കഠോരവേദനകളെക്കുറിച്ച് വിശ്വാസം, ശരണം, സ്നേഹം, എന്നീ ദൈവികപുണ്യങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹം തരുവിക്കണമേ.
1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.