ഫാ. ഷീൻ പാലക്കുഴി
കിഴക്ക് വെള്ളകീറുമ്പോഴാണ് ദിവസവും പള്ളിയിൽ വിശുദ്ധ കുർബാന തുടങ്ങാറ്. ഒരൊറ്റ ദിവസം പോലും മുടങ്ങാതെ അതിനെത്തുന്ന ഒരമ്മയുണ്ട്.
ഒരു ദിവസം പള്ളി കഴിഞ്ഞ് അമ്മ കാത്തു നിന്നു.
”അച്ചോ, ഞാനിനി കുറെ നാളത്തേക്ക് പള്ളിയിൽ വരില്ല. വിദേശത്തു ജോലി ചെയ്യുന്ന മകളുടെ അടുത്തേക്കു പോകണം; അവൾ വീണ്ടുമൊരമ്മയാവുന്നു. കുറച്ചു നാൾ അവൾക്കൊപ്പം നിൽക്കണം. അച്ചന്റെ പ്രാർത്ഥനയുണ്ടാവണം!”
യാത്ര പറഞ്ഞ് അവർ നടന്നകന്നു.
മൂന്നു മാസം കഴിഞ്ഞ് വീണ്ടുമൊരു പ്രഭാതത്തിൽ ആയമ്മയെ വീണ്ടും കണ്ടു. മധുരമുള്ള കുറെ ചോക്ലേറ്റുകളുമായി പള്ളിമുറ്റത്തു കാത്തു നിൽക്കുകയായിരുന്നു അവർ.
“പോയ കാര്യങ്ങളൊക്കെ ഭംഗിയായിരുന്നോ?” മധുരം നീട്ടിയപ്പോൾ കുശലം ചോദിച്ചു.
“എല്ലാം ഭംഗിയായിരുന്നച്ചോ, ഒന്നൊഴിച്ച്!”
“അതെന്താ?”
“ദിവസവും വിശുദ്ധ കുർബ്ബാനയ്ക്കു പോകാൻ കഴിഞ്ഞില്ല. അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.”
വിഷാദം നിറഞ്ഞിരുന്നു ആ വാക്കുകളിൽ!
“സാരമില്ലെന്നേ… വിഷമിക്കണ്ട! സാഹചര്യം അനുവദിക്കാത്തതുകൊണ്ടല്ലേ!” ഒന്നാശ്വസിപ്പിക്കാനാഞ്ഞതാണ്.
“സാരമുണ്ടച്ചോ, സാരമുണ്ട്!” അവർ പൊടുന്നനെ ഗൗരവം പൂണ്ടു.
“ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് ജീവിതത്തിലെ വലിയൊരു നഷ്ടമാണ്. പങ്കെടുക്കാൻ കഴിയുന്ന ഓരോ വിശുദ്ധ കുർബ്ബാനയും എനിക്കത്രമേൽ വിലപ്പെട്ടതാണ്!”
ഉള്ളിലെവിടെയോ ഒരു പിടച്ചിൽ!
ആത്മാവിന്റെ ചിറകടി!
പങ്കെടുക്കാൻ കഴിയുന്നത് അത്ര വിലപ്പെട്ടതെങ്കിൽ അതിൽ അർപ്പകനും ബലിവസ്തുവുമാകാൻ കഴിയുന്നത് എത്രമേൽ വിശിഷ്ടമാണ്! ഈ മണ്ണിലെ അവസാന ശ്വാസം വരെയും അതർപ്പിക്കാൻ നിയോഗിക്കപ്പെടുന്നത് ഭാഗ്യങ്ങളിൽ ഭാഗ്യവും!
ഒരു പുരുഷായുസ്സിന്റെ മുഴുവൻ സൗരഭ്യവും ഉടച്ചൊഴിച്ച്, വരയ്ക്കപ്പെട്ട മേശയുടെ ശിഖരങ്ങളിൽ കൂടുകൂട്ടിയവർ ഇതൊന്നും മറന്നുകൂടാ! ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും വഴിപ്പെട്ടുകൂടാ!
ഇടയ്ക്കൊക്കെ മറന്നു പോയാൽ എല്ലാം വീണ്ടും ഓർമ്മിപ്പിക്കാൻ ചിലരെ ദൈവം എഴുനേൽപ്പിക്കും!
പട്ടമേറ്റിട്ട് ഇന്നലെ രാത്രി പതിനഞ്ചാണ്ടു പിന്നിട്ടു. കറുത്തും വെളുത്തും ഒന്നര പതിറ്റാണ്ടു നീണ്ട ഈ പൗരോഹിത്യ യാത്രയിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമേയുള്ളൂ; എന്തെങ്കിലും ചെയ്തതിന്റേയോ നേടിയതിന്റേയോ പേരിലല്ല!
ക്ലാവു പിടിച്ചു മണ്ണിൽ കിടന്ന വെറുമൊരോട്ടു പാത്രത്തെ കണ്ടെടുത്ത് അഗ്നിശുദ്ധി വരുത്തി അതിവിശുദ്ധ സ്ഥലത്തു പ്രതിഷ്ഠിച്ച അളവറ്റ കരുണയോർത്തിട്ടാണ്!
ദൈവമേ… ദൈവമേ!