Sheen Palakkuzhy
‘The Pope’s Exorcist’ എന്ന ചലച്ചിത്രം ഗബ്രിയേൽ അമോർത് എന്ന കത്തോലിക്കാ വൈദികന്റെ പിശാചിനെതിരായ പോരാട്ടത്തെ ആധാരമാക്കിയുള്ള കഥയാണ്. അതിൽ ദൈവകരുണ ആഘോഷിക്കപ്പെടുന്ന ഹൃദയസ്പർശിയായ ഒരു സന്ദർഭമുണ്ട്.
പൈശാചിക അപഹാരങ്ങൾക്കെതിരായ പോരാട്ടത്തിനിറങ്ങുമ്പോൾ ഒരുക്കമായി അദ്ദേഹം ഒരു കുമ്പസാരം നടത്തുന്നുണ്ട്. അതിൽ അദ്ദേഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച ഒരു കാര്യമുണ്ട്.
നാളുകൾക്കു മുമ്പ്, കടുത്ത ശാരീരിക മാനസിക പീഡനങ്ങൾക്കിരയായ ഒരു പെൺകുട്ടിയുടെ അതിജീവനവുമായി ബന്ധപ്പെട്ട് ഒരു സഹായാഭ്യർത്ഥന അദ്ദേഹത്തിന്റെ മുന്നിലെത്തുന്നു. അവൾ കടന്നു പോകുന്ന മാനസിക വിഭ്രാന്തിയിൽ നിന്ന് അവളെ മോചിപ്പിക്കണം എന്നതായിരുന്നു ആ ആവശ്യം. പക്ഷെ ആ ദൗത്യം അദ്ദേഹം മറ്റൊരാളെ ഏൽപ്പിക്കുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ ഉള്ളിൽ തോന്നിയ ചെറിയ ഒരീഗോയാണ്.
Excorcism -പോലെ ഗൗരവമേറിയ കാര്യങ്ങൾ ചെയ്യുന്ന താൻ മാനസിക രോഗം പോലെയുള്ള ചെറിയ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടോ? No! This is not my job! This is not my job! അതായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. നിർഭാഗ്യവശാൽ ആ പെൺകുട്ടിക്ക് രക്ഷപെടാനായില്ല. അവൾ ഫാദർ ഗബ്രിയേലിന്റെ കൺമുന്നിൽ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന് തന്റെ തെറ്റു മനസ്സിലായി. ചെയ്യാൻ കഴിയുമായിരുന്ന ആ നന്മ ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേട്ടയാടി. കുമ്പസാരത്തിൽ അക്കാര്യം ഏറ്റുപറയുമ്പോൾ പാറപോലെ കരുത്തനായ ആ മനുഷ്യൻ വിങ്ങിപ്പൊട്ടുന്നുണ്ട്.
ഒടുവിൽ ദൈവത്തിന്റെ അനന്ത കരുണയിൽ ഫാദർ ഗബ്രിയേൽ പാപമോചിതനാകുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥന വഴി ആ പെൺകുട്ടിയും! This is not my job! പിശാചിന്റെ ഏറ്റവും വലിയ ഒരു കെണിയാണത്! ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഇതേ ന്യായീകരണം പറഞ്ഞ് ചെയ്യാൻ കഴിയുമായിരുന്ന പല നന്മകളും ചെയ്യാതെ പോയിട്ടുണ്ടെന്ന് മനസ്താപത്തോടെ ഓർക്കുന്നു.
സഹോദര ഘാതകനായ കായേനോട് ‘നിന്റെ സഹോദരനെവിടെ?’ എന്ന് ദൈവം ചോദിക്കുമ്പോൾ കായേൻ പറയുന്ന മറുപടിയുടെ വ്യംഗ്യം അതാണ്: ‘ഞാനവന്റെ കാവൽക്കാരനാണോ?’ That’s not my job! സമരിയാക്കാരന്റെ ഉപമയിലെ പുരോഹിതനും ലേവായനും ചിന്തിക്കുന്നത് ഈ വഴിക്കാണ്: This is not my job! കരുണയുള്ളവർക്ക് അങ്ങനെ പറയാനാകുമോ? സഭയ്ക്കെന്തിനാണ് രാഷ്ട്രീയം? സഭയെന്തിനാണ് നിലപാട് പറയുന്നത്? സഭയെന്തിനാണ് സമരം ചെയ്യുന്നത്? എന്നൊക്കെ ചോദിക്കുന്നവരോടാണ്:
Yes! This is our job!
മനുഷ്യസമൂഹത്തിന്റെ വിഷയങ്ങൾ സഭയുടേയും വിഷയങ്ങളാണ്. അതുകൊണ്ടാണ് സാമൂഹ്യ പ്രബോധനങ്ങളിൽ സഭ എന്നും ശ്രദ്ധ വയ്ക്കുന്നത്. അതുകൊണ്ടാണ് അബോർഷൻ കൊലപാതകമാണെന്നു സഭ പറയുന്നത്. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ‘ലൗദാത്തോ സി’ എന്ന പാരിസ്ഥിതിക ചാക്രിക ലേഖനമെഴുതിയത്. അതുകൊണ്ടാണ് കർഷക, തുറമുഖ, സംവരണ വിഷയങ്ങളിലൊക്കെ സഭ ആകുലയാകുന്നത്. കാരണം കരുണ സഭയുടെ സ്വഭാവമാണ്, മുഖപ്രസാദമാണ്. അതില്ലാത്ത സഭ വിരൂപയായിരിക്കും.
നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6:36). മാനുഷിക പരിമിതികളും പുഴുക്കുത്തുകളുമൊക്കെയുണ്ടാവും. പ്രതിസന്ധികളുണ്ടാവും. നഷ്ടങ്ങളുണ്ടാവും. എന്നിരുന്നാലും, This is our job! നമ്മുടെ ഇടപെടൽ ആവശ്യമുള്ള സാഹചര്യങ്ങളിൽ ‘This is my job’ എന്നു തിരുത്തി ചിന്തിക്കാൻ തക്കവണ്ണം നമ്മുടെ ഉള്ളിൽ കരുണയുടെ ഒരു പുഴ ഉറവെടുക്കട്ടെ!
നാളെ പുതു ഞായറാണ്, ദൈവകരുണയുടെ തിരുനാളുമാണ്! ദൈവം അനുഗ്രഹിക്കട്ടെ!