സംഭവം നടന്നത് ഒരു രണ്ട് വർഷം മുമ്പുള്ള വിഭൂതിക്കാണ്…..
വിഭൂതി തിരുക്കർമ്മങ്ങൾ കഴിഞ്ഞ് പള്ളിയിൽ നിന്ന് പോകുന്നവരോട് കുശലം പറഞ്ഞ് നിൽക്കുമ്പോഴാണ് വളരെ ദ്വേഷ്യത്തോടെ പിറുപിറുത്ത്ക്കൊണ്ട് അയാൾവന്നത്, അടുത്ത് വന്നപ്പോൾ അയാൾ സ്വരമുയർത്തി പറഞ്ഞു “അച്ചൻ ഈ അൾത്താര പിള്ളാരെ ശരിക്കൊന്ന് ഉപദേശിക്കണം…
മറുപടി പറയാൻ എനിക്ക് ഇടം നല്‍കാതെ അയാൾ തുടർന്നു…. “എനിക്ക് കൊടുക്കാനുള്ളത് ഞാൻ ശരിക്ക് കൊടുത്തുണ്ട്… “
അടിപൊളി ! ഞാൻ പറഞ്ഞു
എന്താ പ്രശ്നം?
“അച്ചോ കുർബ്ബാന കഴിഞ്ഞ് പുറത്ത് കടക്കുമ്പോഴേക്കും ഇവൻമാര് ഉപവാസം കളഞ്ഞച്ചോ….”
ഒന്നും മനസ്സിലാകാത്തതു കൊണ്ട് ഞാൻ അയാളെ തന്നെ നോക്കി.
അയാൾ തുടർന്നു ”അച്ചോ ഇവൻമാര് അവിടെ ഇരുന്നിരുന്ന നേർച്ച അവിൽ എടുത്ത് തിന്നു …”
“ആ …. ഇതിനാണോ ചേട്ടൻ ഇത്രയും ബഹളം കൂട്ടിയത്? അത് അവർക്ക് വിശന്നട്ടാവും…”
അയാൾ എന്നെ കലിപ്പിച്ച് ഒന്ന് നോക്കി
“അച്ചാ ഇന്ന് കരിക്കുറി തിരുന്നാളാ ഉപവാസ ദിവസം, അന്നട്ടാണ് ഇവൻമാര്…. “
പറയാൻ വന്നതിനെ അയാൾ വിഴുങ്ങി, അയാളുടെ കലിപ്പടങ്ങിയിട്ടില്ല,..
ഞാൻ പറഞ്ഞു, “എൻ്റെ ചേട്ടാ കർത്താവിൻ്റെ ശിഷ്യൻമാർ വരെ ഉപവാസം തെറ്റിച്ചവരാ, പിന്നെയല്ലേ നമ്മുടെ പിള്ളേര്….”
”അച്ചനോട് പിള്ളേരെ ഉപദേശിക്കാനാ പറഞ്ഞേ…”
”അതാണ് പറഞ്ഞ് വരുന്നത് ചേട്ടാ, അന്നും ഇതുപോലെ കുറച്ച് പേർ വന്ന് കർത്താവിൻ്റെ അടുത്ത് വന്ന് സീനിട്ടാതാ… അവരും ഇവരും ഒക്കെ ഉപവസിക്കുന്നു നിൻ്റെ ശിഷ്യൻമാർ മാത്രം…..”
ഇത്രയും ആയപ്പോഴേക്കും ചേട്ടൻ കട്ട കലിപ്പിൽ റിവേഴ്സിട്ട് പോയി….
ഇതിനുശേഷം, ഉപവാസ ദിനമായതുകൊണ്ട് ഒരു ഗ്ലാസ് കട്ടനടിക്കാൻ ഊട്ടുമുറിയിൽ കയറി, ഗ്ലാസ്സിൽ കാപ്പിയെടുത്ത് കുടിക്കുന്നതിനിടയിൽ കണ്ണ് പതിഞ്ഞത് ചെപ്പിലിരിക്കുന്ന കായ വറുത്തതിൽ… ചെപ്പ് തുറന്ന് ഒരു പിടി വാരി വായിലാക്കി ചവച്ചിരിക്കുമ്പോഴാണ് അന്ത്യത്താഴ സീനിലെ കർത്താവ് എന്നെ നോക്കിട്ട് ഒരു ഡയലോഗ്, ”എന്തോന്ന് ആർത്തിയെടയിത്… ഉപവാസമൊക്കെയല്ലേ…. പതുക്കെ കേറ്റ് തൊണ്ടയിൽ കുടുങ്ങും “
ചവച്ചു കൊണ്ടിരുന്നത് ഇറക്കിയിട്ട് ഞാൻ പറഞ്ഞു, ഒക്കെ മായ്ച്ചു കളഞ്ഞു ഇനി ആദ്യം പൂജ്യം തുടങ്ങാം…..
പുള്ളിക്കാരൻ ചിരിച്ചു, ”ഉവ്വാ,….ഇന്ന് ഇനി ഇതു പോലെ എത്ര മായിച്ച് കളയലുകളുണ്ടാകും?”
ഞാനും ചിരിച്ചു…
ഇനി,
നന്നായി ഉപവസിക്കുന്നവർക്ക് വായിക്കാൻ….. ഏശയ്യ 58: 5- 7
ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നും വിളിക്കുക?
ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍െറ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
ഓർക്കാം.
മനുഷ്യപുത്രന് ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്!
By, Xteen
വായിക്കാം…. വളരാം…
ആത്മീയതയുടെ ആനന്ദത്തിലേക്ക്…
ഇനി നിങ്ങൾക്കും എഴുതാം… നിങ്ങളുടെ ചെറുതും വലുതുമായ ദൈവാനുഭവ ചിന്തകൾ, നല്ല വാർത്തകൾ ഞങ്ങൾക്കും അയച്ച് തരിക, nasraayanlive@gmail.com അവ നമ്മുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതാണ്.
www.nasraayan.com