ഇതൊരു വിലാപമാണ്….
അറബിക്കടലിൽ ചക്രവാതച്ചുഴി ഉണ്ടാവുമ്പോൾ…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമ്പോൾ…
കാലം മാറി കാലവർഷവും തുലാവർഷവും കലിതുള്ളി അലറുമ്പോൾ…
ചാനൽമുറിയുടെ ശീതളിമയിൽ ഇരുന്നു മലയോര കർഷകന്റെ അണ്ണാക്കിലേക്ക് അവഹേളനങ്ങളുടെ കൂരമ്പുകൾ കുത്തിയിറക്കുന്ന കപട പരിസ്ഥിതി വാദികളോടാണ് ഈ രോദനം. മഴ പെയ്യുമ്പോഴേല്ലാം എന്തിനുമേതിനും കർഷകന്റെ മെക്കിട്ടു കയറുന്ന ബുദ്ധിരാക്ഷസ്സന്മാരോടുള്ള ഒരപേക്ഷ.
ഗാഡ്ഗിലും പരിസ്ഥിതി വാദികളും എല്ലാം മലയോര കർഷകന്റെ നെഞ്ചത്ത് കയറാൻ തുടങ്ങിയതിനും എത്രെയോ മുമ്പ്… എന്റെ ഓർമകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു യാത്ര.
മലയോര കർഷകന്റെ മക്കൾ മൂടുകീറിയ ട്രൗസറും, കാലിലെ അഞ്ച് വിരലുകളിലും ഉള്ളി ചതച്ചു കെട്ടിയ മുറിവുകളുമായി പത്തും പന്ത്രണ്ടും കിലോമീറ്ററുകൾ കാൽനടയായി സ്കൂളിൽ പോയിക്കൊണ്ടിരുന്ന കാലം…. പൂനൂർ പുഴയുടെ ഉത്ഭവ സ്ഥാനത്താണ് എന്റെ ഗ്രാമം.
അവധി ദിവസങ്ങൾ ആർത്തുല്ലസിക്കാൻ… മണിക്കൂറുകളോളം നീന്തിതുടിക്കാൻ…. പൊട്ടാമക്കുഴിയും, ആനിക്കുഴിയും, പാറക്കുഴിയും എല്ലാം സൗജന്യമായി നീന്തൽക്കുളങ്ങൾ ഒരുക്കിയിരുന്ന ബാല്യം….ശൗച്യാലയങ്ങൾക്ക് പരസ്യവും രാക്ഷ്ട്രീയവും വരുന്നതിനു മുമ്പ്, ശക്തമായൊരു മഴ വരാൻ ഞങ്ങൾ പ്രാർത്ഥിക്കുമായിരുന്നു. എന്നാലേ പുഴയും പരിസരവുമെല്ലാം ഒന്ന് വൃത്തിയാകൂ.
അന്നും ഈ പുഴ നിറഞ്ഞു കവിയുമായിരുന്നു. കയറിയത് പോലെ ഇറങ്ങിപ്പോകാനും ഒഴുക്കുണ്ടായിരുന്നു. ഞങ്ങളന്നു വീടിന്റെ ചുമരുകൾ തേച്ചിരുന്നത് ഈ പുഴയിൽ നിന്നെടുക്കുന്ന നാടൻ മണൽ ഉപയോഗിച്ചായിരുന്നു. വാരിയിടത്തോളം മണൽ പിറ്റേന്ന് തിരിച്ചെത്തുമായിരുന്നു.
അന്നും കരിങ്കല്ല് കൊണ്ട് തന്നെയാണ് തറ കെട്ടിയിരുന്നത്.
വലിപ്പത്തിൽ തീരെ ചെറിയ ഒന്നോ രണ്ടോ കരിങ്കൽ ക്വാറികൾ ഒഴിച്ചാൽ കോഴിക്കോട് ജില്ലയിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുഴയിപ്പോൾ തൂർന്ന് നിരന്നിരിക്കുന്നു. മഴ പെയ്താൽ ചുറ്റും വെള്ളം കയറുകയായി… ഒഴുകാൻ സ്ഥലമില്ലാത്തതിനാൽ അങ്ങാടിയിലേക്ക് ഒഴുക്കായി… കാൽനട പറ്റില്ല, വാഹനങ്ങൾ ഓടില്ല. പുഴമണൽ വാരുന്നത് പ്രകൃതിവിരുദ്ധം ആയതിനാൽ കരിങ്കൽ പൊടിയേ ചുമര് തേയ്ക്കാൻ പറ്റുകയുള്ളത്രെ!!
ആശാസ്ത്രീയമായ വരട്ടുവാദങ്ങൾ പറഞ്ഞു കരിങ്കൽ ഘനന മാഫിയക്ക് ചൂട്ട് പിടിച്ചത് പരിസ്ഥിതി വാദികളോ കർഷക ജനതയോ?? പുഴയുടെ സ്വാഭാവിക ഒഴുക്ക് സാധ്യമാവാൻ, അടിഞ്ഞു കൂടുന്ന മണൽ കൂമ്പാരങ്ങൾ ഒഴിവാക്കേണ്ടത് തന്നെയല്ലേ?? നിയമാനുസൃത മാർഗങ്ങളിലൂടെ അതനുവദിച്ചാൽ ക്വാറി മാഫിയയുടെ അനാവശ്യ ചൂഷണങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയില്ലേ??
അതോ, അവരുടെ പ്രതിഫലം സ്വീകരിച്ച്, പ്രകൃതിസ്നേഹത്തിന്റെ മാസ്ക്കുമണിഞ്ഞു പരിസ്ഥിതിവാദികൾ എന്ന ലേബലിൽ നടത്തപ്പെടുന്ന പ്രഹസനങ്ങളോ ഇതെല്ലാം??? നിരതെറ്റി വളരുന്ന ഒരു മരം വെട്ടുമ്പോൾ, പത്തു മരങ്ങൾ പകരം നട്ടുപിടിപ്പിക്കുന്ന…, എന്നും ആക്രോശങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭയപ്പെടുന്ന മലയോര കർഷകന്റെ തലയോട്ടിയിൽ ആണിയടിച്ചു വേണോ നിങ്ങളുടെ പരിസ്ഥിതി വാദങ്ങൾ??
അൻപത് വർഷങ്ങൾക്ക് മുൻപും ഞാൻ താമസിക്കുന്നിടത്ത് ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. കല്ലാനോട് സെന്റ് മേരീസ് പള്ളിയുടെ സെമിത്തെരിയിൽ നെടുനീളെ കീറിയ കാനയിൽ വിറങ്ങലിച്ച ഒമ്പതു മൃതദേഹങ്ങൾ ഒന്നിച്ചടക്കിയത്, കിളികുടുക്കിലെ ഉരുൾപൊട്ടലിന്റെ വേദനിക്കുന്ന ഓർമ്മകൾ അവശേഷിപ്പിക്കുന്നു.
അന്ന്… കപ്പ നട്ട് ഞങ്ങൾ തന്നെ പറിച്ചു കാന്താരി മുളകരച്ചു കൂട്ടി ഞങ്ങൾ തന്നെ തിന്നുമായിരുന്നു. ഇന്നത്… കാട്ടുപന്നികൾ പറിച്ചെടുത്തു കരുമുറെ തിന്നും തിന്നാതെയും നശിപ്പിക്കുന്നു. അന്ന്… ഞങ്ങൾ നട്ട തെങ്ങിലെ തേങ്ങ കൊണ്ട് ചമ്മന്തി അരച്ച് കഞ്ഞി കുടിച്ചിരുന്നു. ഇന്നത്… കുരങ്ങ് പറിച്ചു പറമ്പ് നീളെ തൂവിയിടുന്നു മച്ചിങ്ങയടക്കം. അന്ന്… കമുകിൻ തൈയ്യും റബ്ബർ തൈകളും കുരുമുളക് വള്ളികളും ഞങ്ങളുടെ സ്വപ്നങ്ങളുടെ പൂർത്തീകരണമായിരുന്നു. ഇന്നത്… കാട്ടാനകളുടെ ഇഷ്ടഭോജ്യങ്ങളാണ്.
പശ്ചിമ ഘട്ടത്തിന്റെ ഭാഗമല്ലാത്ത ഉത്തരേന്ത്യൻ – വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭയാനകമായ രീതിയിൽ ഉരുൾ പൊട്ടുന്നുണ്ട്. വെള്ളപ്പൊക്കം ഉണ്ടാവുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ ഭൂഖണ്ടങ്ങളിലും വിനശകരമായ മഴ പെയ്യുന്നില്ലേ?? ഉരുൾ പൊട്ടുന്നില്ലേ?? വെള്ളപ്പൊക്കമില്ലേ?? പിന്നെന്തേ കേരളത്തിൽ മാത്രമിത് പരിസ്ഥിതിക പ്രശ്നമായത്?? എല്ലാ കുറ്റങ്ങളും കർഷകന്റേതാണെങ്കിൽ…
നാലുനേരവും ഉരുളയുരുട്ടി തിന്നാൻ നിങ്ങൾക്കൊക്കെ മറ്റെന്തെങ്കിലും ചെപ്പടിവിദ്യ അറിയാമെങ്കിൽ ഞങ്ങൾക്ക് കൂടി പറഞ്ഞു തരിക. ഞങ്ങളും… കയ്യും കെട്ടിയിരുന്നു… എ സിയിലുറങ്ങി… എഴുന്നേൽക്കുമ്പോൾ വെസ്റ്റേൺ ക്ലോസെറ്റിൽ അമർന്നൊന്നിരുന്നു, കർഷകനെ നാല് തെറി പറയാൻ സമയം കണ്ടെത്താം.
നിങ്ങൾ പടച്ചുവിടുന്ന തത്വശാസ്ത്രങ്ങളുടെ ചൂരും ചൂടുമടിച്ചു തഴച്ചു വളരുന്ന ക്വാറി മാഫിയകൾ അടക്കമുള്ളവർ സുഖമായി വാഴട്ടെ. പുഴമണൽ കൊണ്ട് ഭിത്തി തേച്ചാൽ ശരിയാവില്ല, അതിനു കരിങ്കൽ പൊടിയേ പറ്റൂ എന്ന് പറയാൻ മാത്രം ബുദ്ധി ഞങ്ങൾക്കില്ല.
പ്രകൃതിയുടെ താളത്തിനൊത്തേ എന്നും എല്ലാ നാട്ടിലും കർഷകർ ജീവിച്ചിട്ടുള്ളൂ…ജീവിക്കാൻ ആവുകയുള്ളൂ. മഴയും മഴക്കെടുതികളും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. മലകളും മലയിടിച്ചിലുകളും ഞങ്ങൾക്ക് അന്യമല്ല. വെള്ളവും വെള്ളപ്പൊക്കവുമെല്ലാം ബാല്യം മുതലുള്ള ഞങ്ങളുടെ അനുഭവങ്ങളാണ്. ഭയപ്പാടുകളല്ല, അതിജീവനങ്ങളാണ് ഞങ്ങളുടെ ജീവിതമന്ത്രം.
എന്നും ഒറ്റപ്പെടുത്താൻ എളുപ്പമുള്ള ഒരു വർഗ്ഗമാണ് കർഷകൻ.
പകലന്തിയോളം പണിയെടുത്തു നടുവൊടിയുമ്പോൾ, വാഗ്വാദങ്ങൾക്ക് സമയം ലഭിക്കാതെ പോകുന്ന പാവങ്ങൾ. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും അന്തരീക്ഷ മാറ്റങ്ങൾക്കുമെല്ലാം പഴിചാരപ്പെട്ട്…. എപ്പോഴും കുതിര കയറാൻ വിധിക്കപ്പെട്ട ഒരു ചൂഷിതവർഗ്ഗം….
ലോകത്തിലെ മുഴുവൻ മഴക്കെടുതികൾക്കും കുറ്റമാരോപിക്കപ്പെട്ടു അവഹേളിതരാകാൻ വിധിക്കപ്പെട്ട, പശ്ചിമഘട്ടത്തിലെ കർഷകരിൽ ഒരുവനായ ഞാൻ ഈ തേങ്ങൽ ഇവിടെ അവസാനിപ്പിക്കുന്നു… മഴമേഘങ്ങൾ കാണുമ്പോഴെല്ലാം ചാനൽ ചർച്ചയിൽ ചൂടേറിയ ഒരു തെറിയഭിഷേകവും പ്രതീക്ഷിച്ചുകൊണ്ട്….
By, ആന്റെണി, തലയാട്.