വാട്സാപ്പിലെയും ഫേസ്ബുക്കിലെയും ‘വ്യാജ കന്യാസ്ത്രീ’യെയും ഇല്ലാത്ത ദുരിതം നടിച്ചു പിറകെ നടക്കുന്നവരെയും സൂക്ഷിക്കുക. മലയാളി ക്രൈസ്തവരെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ്… ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഇല്ലാത്ത ദുരിതം നടിച്ചും സാമ്പത്തിക തട്ടിപ്പ്.
വിവിധ ക്രിസ്തീയ മാധ്യമങ്ങളുടെയും ക്രിസ്ത്യന്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലും ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ച തട്ടിപ്പുകാരാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഇല്ലാത്ത ദുരിതം നടിച്ചും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നത്. രണ്ടു രീതിയിലാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഇതില്‍ ഒന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സഹായത്തിന് നിങ്ങള്‍ അര്‍ഹനായെന്നും അതിനായി നിങ്ങളുടെ വിവരങ്ങള്‍ അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ്. സിസ്റ്റര്‍ കരോലിന എന്ന വ്യാജ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന വാട്സാപ്പ് അക്കൗണ്ടില്‍ നിന്നാണ് പ്രധാനമായും സന്ദേശം വരുന്നത്.
50,000 പൗണ്ട് നല്‍കുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ നല്കുന്നവരോട് സാമ്പത്തിക സഹായം നല്‍കുന്നതിനായി നിശ്ചിത തുക നല്‍കണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. “പ്രിയപ്പെട്ടവരെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. “ഞാന്‍ റവ. സിസ്റ്റര്‍ കരോലിന. ഇത് എന്റെ പുതിയ വാട്സാപ്പ് നമ്പര്‍ ആണ്. ഞങ്ങള്‍ പാവപ്പെട്ടവരിലേക്ക് ഇറങ്ങി ചെല്ലുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് വ്യാജ സന്ദേശം ആരംഭിക്കുന്നത്.
തങ്ങള്‍ ദൈവവേല ചെയ്യുകയാണെന്നും പാവപ്പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള സഹായങ്ങള്‍ നല്കി ഒരിക്കല്‍ കൂടി അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും സന്ദേശത്തില്‍ പരാമര്ശിക്കുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി 100 കോടി പൗണ്ടാണ് ആന്‍ഡ്ര്യൂ എന്ന മെത്രാപ്പോലീത്ത നല്‍കിയിരിക്കുന്നതെന്നും, സഹായത്തിനര്‍ഹരാകുന്ന ഓരോ ഗ്രൂപ്പിനും 50,000 പൗണ്ട് ലഭിക്കുമെന്നും, ഭാഗ്യവശാല്‍ നിങ്ങളുടെ പേരും വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
“ദരിദ്രരോട് ദയ കാട്ടുന്നവന് ദൈവത്തിനാണ് കടം കൊടുക്കുന്നത്. അവിടന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങള്‍ 19:17) എന്ന ബൈബിള്‍ വാക്യവും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 50,000 പൗണ്ട് ലഭിക്കുന്നതിനായി നമ്മുടെ പേരും, അഡ്രസ്സും, വയസ്സും, തൊഴിലും, ഫോണ്‍ നമ്പറും, ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുന്ന വിവരങ്ങളാണ് വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. വാട്സാപ്പ് പേരിലുള്ളതും ഫോട്ടോയില്‍ ഉള്ളതും ‘യഥാര്‍ത്ഥ കന്യാസ്ത്രീ’ ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഇവരെ ബന്ധപ്പെടുന്നതോടെ തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യുന്നത്.
മലയാളി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ തട്ടിപ്പ് ‘ഇല്ലാത്ത ദുരിതം’ നടിച്ച് സാമ്പത്തിക സഹായം യാചിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. സ്ത്രീ ശബ്ദത്തില്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വോയിസ് മെസേജ് തുടരെ തുടരെ അയക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓരോരുത്തരേ ബന്ധപ്പെടുമ്പോഴും സഹായത്തിനായി ഓരോ കാരണങ്ങളാണ് ഇവര്‍ നിരത്തുന്നത്. ഇവരുടെ തട്ടിപ്പിന് മലയാളി ക്രൈസ്തവരായ ചിലര്‍ ഇരകളായെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രവേശിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ പേഴ്സണല്‍ വാട്സാപ്പിലേക്ക് വ്യാജ സഹായ അഭ്യര്‍ത്ഥന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. തട്ടിപ്പ് ഏറുന്ന പശ്ചാത്തലത്തില്‍ അപരിചിത നമ്പറില്‍ നിന്നു വ്യക്തിപരമായി ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കുകയാണ് വേണ്ടതെന്ന് സൈബര്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
വിദേശ കന്യാസ്ത്രീകളുടെ ഫോട്ടോ വെച്ച് മനുഷ്യരെ പറ്റിക്കാനാണ് നോക്കുന്നത്…? ആരും ഈ ചതിയിൽ വീഴരുത്.
സ്റ്റെപ്പ് 1 : വിദേശ കന്യാസ്ത്രീകളുടെ ഫോട്ടോ കൊണ്ട് ഫെയ്ക്ക് ഐ ഡി ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കും. ആ റിക്വസ്റ്റ് സ്വീകരിച്ചാൽ മെസഞ്ചറിൽ വന്ന് ചാറ്റിങ്ങ് തുടങ്ങും…
സ്റ്റെപ്പ് 2 : മെസഞ്ചറിൽ കൂടി പ്രാർത്ഥനകളും മറ്റും അയച്ച് തരും. ഒപ്പം ക്ഷേമം അന്വേഷിക്കും. പിന്നെ വാട്ട്സ്ആപ്പ് നമ്പർ കൊടുക്കാമോ എന്ന് ചോദിക്കും.
സ്റ്റെപ്പ് 3 : വാട്ട്സ്ആപ്പിൽ കൂടി ചാറ്റിങ്ങ് തുടങ്ങി ദിവസങ്ങൾ കഴിയുമ്പോൾ ഇംഗ്ലണ്ടിൽ അല്ലെങ്കിൽ അമേരിക്കയിൽ ജീവിക്കുന്ന കന്യാസ്ത്രീയായതിനാൽ പാവപ്പെട്ടവരെ സഹായിക്കണം എന്ന് ആഗ്രഹം ഉണ്ട്, അല്ലെങ്കിൽ കന്യാസ്ത്രീയുടെ അമ്മയുടെ പിറന്നാൾ ആയതിനാൽ പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആഗ്രഹം ഉണ്ട് എന്നൊക്കെ തട്ടും…
സ്റ്റെപ്പ് 4 : മുകളിൽ പറഞ്ഞവ എല്ലാം കണ്ണടച്ച് വിശ്വസിച്ചാൽ പിന്നെ നിങ്ങൾ ചതിയിൽ വീണു എന്നർത്ഥം. അവർ കുറെ സമ്മാനങ്ങളുടെ ഫോട്ടോ അയച്ച് തരും. അതായത് സ്വർണ്ണ വാച്ച്, മാല, ഫോൺ… പിന്നെ കുറച്ച് ഡോളറോ അല്ലെങ്കിൽ യൂറോയോ….
സ്റ്റെപ്പ് 5 : പാവപ്പെട്ട നിഷ്കളങ്കർ സ്വപ്നങ്ങളുടെ തേരിലേറി പല പദ്ധതികളും കണക്ക് കൂട്ടുമ്പോൾ അവർ നിങ്ങളുടെ അഡ്രസ്സും ബാങ്ക് ഡീറ്റെയിൽസും ചോദിക്കും.
സ്റ്റെപ്പ് 6 : നിങ്ങൾ നിങ്ങളുടെ അഡ്രസ്സും മറ്റും കൊടുത്ത് കഴിയുമ്പോൾ ഒരു മെസ്സേജ് വരും നിങ്ങൾക്കുള്ള സമ്മാനം അയച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവ നിങ്ങളുടെ കൈകളിൽ എത്തും എന്ന്.
സ്റ്റെപ്പ് 7 : ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ നോർത്ത് ഇന്ത്യയിൽ നിന്ന് ഒരു കോൾ നിങ്ങളെ തേടി എത്തും. നിങ്ങളുടെ സമ്മാനം ഡൽഹി എയർപോർട്ടിൽ തടഞ്ഞുവച്ചിരിക്കുന്നു, അതിനാൽ ഉടൻ 30000 രൂപ ഈ അക്കൗണ്ടിലേക്ക് ഇട്ടാൽ ഞങ്ങൾ ടാക്സ് അടച്ച് ആ സമ്മാന പായ്ക്കറ്റ് നിങ്ങളുടെ കൈകളിൽ എത്തിക്കും എന്ന്.
സ്റ്റെപ്പ് 8 : ഇത് വിശ്വസിച്ച് നിങ്ങൾ കാശ് അടച്ചാൽ നിങ്ങളുടെ 30000 രൂപയും പോകും നിങ്ങളുടെ സകല ഡീറ്റെയിൽസും വച്ച് അവർക്ക് വീണ്ടും വിവിധ തട്ടിപ്പുകൾ നടത്താൻ സാധിക്കും… ചിലപ്പോൾ ഒരു പായ്ക്കറ്റ് നിങ്ങളെ തേടി എത്തും. അത് വെറും പേപ്പറും കല്ലും തടിക്കഷണവും മറ്റും ആയിരിക്കും…കേരളത്തിൽ ഒത്തിരി ആൾക്കാർ ഇങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പലരുടെയും അനുഭവം ആണ് ഇവിടെ കുറിച്ചിരിക്കുന്നത്.
സൗമ്യത നിറഞ്ഞ പാവം വിദേശ കന്യാസ്ത്രീമാർ ഈ കഥകൾ ഒന്നും അറിയാതെ അവരുടെ സന്യാസഭവനങ്ങളിലും പാവപ്പെട്ടവരുടെ ഇടയിലും സേവനങ്ങളിൽ മുഴുകി ജീവിക്കുന്നുണ്ടാവും… പിന്നെ ഒരു പച്ചയായ സത്യം പറയാം, വിദേശത്ത് ആണെങ്കിലും സ്വദേശത്ത് ആണെങ്കിലും കന്യാസ്ത്രീമാർ സ്വർണ്ണ വാച്ചും സ്വർണ്ണമാലയും ഒന്നും കൈകളിൽ സൂക്ഷിക്കുന്നവർ അല്ല. ദാരിദ്ര്യവ്രതം ചെയ്ത അവർ എന്തിനാ ഇതിൻ്റെ എല്ലാം പിന്നാലെ പോകുന്നത്… കലപ്പയിൽ കൈകൾ വച്ചിട്ട് പിന്തിരിഞ്ഞ് നോക്കുന്നവർ ദൈവരാജ്യത്തിന് യോഗ്യരല്ല… ദയവ് ചെയ്ത് മലയാളികൾ ഇനി എങ്കിലും മനസ്സിലാക്കുക സമൂഹത്തിൽ സന്യസ്തരുടെ വില കളയാൻ വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് കരുക്കൾ നീക്കുന്ന “കശ്മലൻമാർ” ആണ് ഈ ചതികൾക്ക് പിന്നിൽ. ഇനിയെങ്കിലും നിങ്ങൾ ചതിയിൽ വീഴരുത് എന്ന് യാചിക്കുന്നു.
Fake Nun Scammers on Facebook ( Courier scammers )After sending a friend request and chatting with the person, the fake nun (Scammer) claims to have sent a gift but the victim has to deposit a prescribed amount to claim it. Most of the profiles of these nuns you can see as they claim to be a Mother Superior or Mother General of a well-known congregation.So far, scammers used to send text messages or emails stating that the recipient is entitled to receive a large amount of money but will have to supply bank account details, or to pay a token amount before the payment can be passed. Now, a new scam has come to light were Indians are only being targeted.Beware ! Don’t accept requests from these Fake nuns. They are scammers and don’t share your what’s app number with strangers on Facebook. Don’t lose your money. ” Money doesn’t fall from the sky “. Use a bit of common sense and do some research.