മൂന്നു വർഷം മുൻപ് വരെയും ഏതൊരു വ്യക്തിയെപോലെ എനിക്കും ഇതൊരു സാധാരണ ദിനം ആയിരുന്നു… 2019 ഇൽ എന്നിലും ഞണ്ടുകൾ പിടിമുറുക്കി എന്ന് അറിഞ്ഞപ്പോൾ ഒട്ടും പതറിയില്ല.. പുനലൂർ താലുക്ക് ഹോസ്പിറ്റലിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചു ടെസ്റ്റുകൾ ചെയ്യുമ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ല…
മാമോഗ്രാമിന് വേണ്ടി അതി രാവിലെ പോയി അപ്പോയിന്റ്മെന്റ് എടുത്തത് സാഹപ്രവർത്തകൻ ആയ പ്രിയപ്പെട്ട ഷമീർ സാർ…. പിന്നീട് 15 വയസ്സുള്ള മകളുടെ കൈപിടിച്ചു RCC യിലേ ഇടനാഴിയിലേക്ക് കാലെടുത്തു വച്ചപ്പോൾ എങ്ങും നിശബ്ദത ആയിരുന്നു… കാത്തിരുന്ന സൂസൻ സിസ്റ്റർ എന്റെ കൈപിടിച്ചു മുന്നോട്ട് പോകുമ്പോൾ ചുറ്റുമുള്ള മുഖങ്ങളിൽ ഒക്കെ ഞാൻ കണ്ടത് നിർവികാരത മാത്രം… മോൾ ചോദിക്കുന്നുണ്ട് മമ്മി എന്താ ഇവിടെ നമ്മൾ എന്ന്.. മറുപടിയായി അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ഡോക്ടറുടെ അടുത്തേക്ക്…
അവളെ പുറത്ത് നിർത്തി ഞാനും സിസ്റ്ററും കൂടി അകത്തു കയറാമെന്ന് വിചാരിച്ചപ്പോൾ ഞങ്ങളെക്കാൾ മുന്നേ അവൾ അകത്തു കയറി സാറിനോട് പറഞ്ഞു എനിക്ക് എന്റെ അപ്പയോട് മമ്മിക്ക് എന്താണ് അസുഖം എന്ന് പറയണം അത് കൊണ്ട് ഞാനും ഇവിടെ നിന്നോട്ടെയെന്നു അനുവാദം വാങ്ങി മൊബൈലിൽ സാർ പറഞ്ഞത് ഒക്കെയും അവൾ റെക്കോർഡ് ചെയ്തു… അവിടുന്ന് അങ്ങോട്ട് വേദനയുടെ നാളുകൾ… ഉറക്കമില്ലാത്ത രാത്രികൾ.. അലറി കരയാൻ തോന്നിയ നിമിഷങ്ങൾ..അവശതയുടെ ദിവസങ്ങൾ..
ക്യാൻസർ ആണെന്ന് അറിയുമ്പോൾ സമൂഹത്തിന്റെ തുറിച്ചു നോട്ടം.. ഇനി അധികം ആയുസ്സില്ലെന്നുള്ള അടക്കം പറച്ചിൽ.. നമ്മുടെ ചുറ്റുപാടിൽ ആരെങ്കിലും മരിച്ചാൽ ഞാനാണോ മരിച്ചത് എന്നറിയാൻ വേണ്ടിയുള്ള കോളുകൾ… കുടുംബത്തിലെ ആഘോഷങ്ങളിൽ, ചടങ്ങുകളിൽ നിന്നുള്ള മാറ്റി നിർത്തലുകൾ… ക്യാൻസർ ആണെന്ന് അറിഞ്ഞാൽ ആകെ ഉള്ള മോൾക്ക് നല്ല ബന്ധങ്ങൾ ഒന്നും കിട്ടില്ലെന്ന് പറയുന്ന സമൂഹം…ക്യാൻസർ രോഗികളായ ഞങ്ങൾക്ക് വേണ്ടത് സഹതാപം അല്ല.. ചേർത്ത് പിടിക്കൽ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.. സ്നേഹത്തോടെ ഉള്ള പെരുമാറ്റം ആണ് കൊതിക്കുന്നത്..
കൂടെയുണ്ടെന്നുള്ള വാക്കുകൾ ആണ് ഞങ്ങളെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്… ഞങ്ങളുടെ കുറ്റം കൊണ്ടല്ല ഞങ്ങൾക്ക് രോഗം വന്നത്… നീട്ടികിട്ടുന്ന ഓരോ ദിവസവും ഞങ്ങൾക്ക് ബോണസ് ആണ്…ക്യാൻസർ എന്നിൽ പിടി മുറുക്കിയപ്പോൾ ആടി ഉലഞ്ഞത് എന്റെ കൊച്ച് കുടുംബം കൂടി ആണ്.. കുടുംബത്തിന്റെ സാമ്പത്തികഭദ്രതയാണ്.. അതുവരെ ഉള്ള സമ്പാദ്യവും പിന്നീട് കടം എടുത്തും ചികിത്സ തുടരുന്നു… ഈ ദിവസത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നത് എന്നെ ചേർത്ത് പിടിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ആണ്…
കഴിഞ്ഞ രണ്ടര വർഷമായി നാട്ടിൽ പോലും വരാതെ സ്വന്തം ആരോഗ്യം പോലും മറന്നു എനിക്ക് മരുന്ന് വാങ്ങാൻ വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്നു എന്റെ ചാച്ചനോട് ഈ ജന്മം മതിയാകില്ല സ്നേഹിച്ചു തീർക്കാൻ… പ്രാർത്ഥനകളാലും കരുതൽ ആയും കൂടെ നിൽക്കുന്ന എല്ലാവരോടും നിറയെ സ്നേഹം… ഇടയ്ക്ക് (സാഹചര്യംകൊണ്ട് മുടങ്ങി പോകുന്നത് ആണ് ) മരുന്ന് ഒക്കെ മുടക്കി പണി വാങ്ങിച്ചു എന്റെ ഡോക്ടർസ്ന്റെ മുന്നിൽ എത്തുമ്പോൾ ദേഷ്യപ്പെട്ടു വഴക്ക് ഒക്കെ പറയുമെങ്കിലും… സ്നേഹത്തോടെ ചേർത്ത് നിർത്തി കവിളിൽ തട്ടി നിനക്ക് ഒന്നുംഇല്ല മോളെ എന്ന് പറയുന്ന എന്റെ ഡോക്ടർസ്…
മനോബലം ഇല്ലെങ്കിൽ എന്നേ ഞാൻ ഈ ലോകം വിട്ട് പോയേനെ…സഹിക്കാൻ കഴിയാത്ത വേദനയിൽ ഇതൊക്കെ എഴുതുമ്പോഴും കുന്നോളം ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ട്.. മതിയാവോളം യാത്രകൾ പോകണമെന്ന അടങ്ങാത്ത ആഗ്രഹം.. എല്ലാത്തരം ക്യാൻസറുകൾക്കും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സ ലഭ്യമാണ്… നമ്മുടെ ഡോക്ടർസിൽ വിശ്വസിച്ചു ചികിത്സ തുടരുക… മറ്റുള്ള വ്യാജ പ്രചാരണങ്ങളിൽ ചെന്ന് ചാടാതിരിക്കുക.. കഴിവതും തുടക്കത്തിൽ തന്നേ രോഗം കണ്ടുപിടിച്ചു ചികിത്സ തേടുക.. അസുഖം ഭേദം ആയാലും കൃത്യമായ ഇടവേളകളിൽ ഫോളോഅപ്പ് നടത്തുക.
By, Sony D G