വിദേശ കന്യാസ്ത്രീകളുടെ ഫോട്ടോ വെച്ച് മനുഷ്യരെ പറ്റിക്കാനാണ് നോക്കുന്നത്…? ചതിയാണ്, കൊടും ചതി…ആരും ഈ ചതിയിൽ വീഴരുത് കേട്ടോ!
സ്റ്റെപ്പ് 1 : വിദേശ കന്യാസ്ത്രീകളുടെ ഫോട്ടോ കൊണ്ട് ഫെയ്ക്ക് ഐ ഡി ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കും. ആ റിക്വസ്റ്റ് സ്വീകരിച്ചാൽ മെസഞ്ചറിൽ വന്ന് ചാറ്റിങ്ങ് തുടങ്ങും…
സ്റ്റെപ്പ് 2 : മെസഞ്ചറിൽ കൂടി പ്രാർത്ഥനകളും മറ്റും അയച്ച് തരും. ഒപ്പം ക്ഷേമം അന്വേഷിക്കും. പിന്നെ വാട്ട്സ്ആപ്പ് നമ്പർ കൊടുക്കാമോ എന്ന് ചോദിക്കും.
സ്റ്റെപ്പ് 3 : വാട്ട്സ്ആപ്പിൽ കൂടി ചാറ്റിങ്ങ് തുടങ്ങി ദിവസങ്ങൾ കഴിയുമ്പോൾ ഇംഗ്ലണ്ടിൽ അല്ലെങ്കിൽ അമേരിക്കയിൽ ജീവിക്കുന്ന കന്യാസ്ത്രീയായതിനാൽ പാവപ്പെട്ടവരെ സഹായിക്കണം എന്ന് ആഗ്രഹം ഉണ്ട്, അല്ലെങ്കിൽ കന്യാസ്ത്രീയുടെ അമ്മയുടെ പിറന്നാൾ ആയതിനാൽ പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആഗ്രഹം ഉണ്ട് എന്നൊക്കെ തട്ടും…
സ്റ്റെപ്പ് 4 : മുകളിൽ പറഞ്ഞവ എല്ലാം കണ്ണടച്ച് വിശ്വസിച്ചാൽ പിന്നെ നിങ്ങൾ ചതിയിൽ വീണു എന്നർത്ഥം. അവർ കുറെ സമ്മാനങ്ങളുടെ ഫോട്ടോ അയച്ച് തരും. അതായത് സ്വർണ്ണ വാച്ച്, മാല, ഫോൺ… പിന്നെ കുറച്ച് ഡോളറോ അല്ലെങ്കിൽ യൂറോയോ….
സ്റ്റെപ്പ് 5 : പാവപ്പെട്ട നിഷ്കളങ്കർ സ്വപ്നങ്ങളുടെ തേരിലേറി പല പദ്ധതികളും കണക്ക് കൂട്ടുമ്പോൾ അവർ നിങ്ങളുടെ അഡ്രസ്സും ബാങ്ക് ഡീറ്റെയിൽസും ചോദിക്കും.
സ്റ്റെപ്പ് 6 : നിങ്ങൾ നിങ്ങളുടെ അഡ്രസ്സും മറ്റും കൊടുത്ത് കഴിയുമ്പോൾ ഒരു മെസ്സേജ് വരും നിങ്ങൾക്കുള്ള സമ്മാനം അയച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവ നിങ്ങളുടെ കൈകളിൽ എത്തും എന്ന്.
സ്റ്റെപ്പ് 7 : ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ നോർത്ത് ഇന്ത്യയിൽ നിന്ന് ഒരു കോൾ നിങ്ങളെ തേടി എത്തും. നിങ്ങളുടെ സമ്മാനം ഡൽഹി എയർപോർട്ടിൽ തടഞ്ഞുവച്ചിരിക്കുന്നു, അതിനാൽ ഉടൻ 30000 രൂപ ഈ അക്കൗണ്ടിലേക്ക് ഇട്ടാൽ ഞങ്ങൾ ടാക്സ് അടച്ച് ആ സമ്മാന പായ്ക്കറ്റ് നിങ്ങളുടെ കൈകളിൽ എത്തിക്കും എന്ന്.
സ്റ്റെപ്പ് 8 : ഇത് വിശ്വസിച്ച് നിങ്ങൾ കാശ് അടച്ചാൽ നിങ്ങളുടെ 30000 രൂപയും പോകും നിങ്ങളുടെ സകല ഡീറ്റെയിൽസും വച്ച് അവർക്ക് വീണ്ടും വിവിധ തട്ടിപ്പുകൾ നടത്താൻ സാധിക്കും… ചിലപ്പോൾ ഒരു പായ്ക്കറ്റ് നിങ്ങളെ തേടി എത്തും. അത് വെറും പേപ്പറും കല്ലും തടിക്കഷണവും മറ്റും ആയിരിക്കും…
കേരളത്തിൽ ഒത്തിരി ആൾക്കാർ ഇങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പലരുടെയും അനുഭവം ആണ് ഇവിടെ കുറിച്ചിരിക്കുന്നത്. സൗമ്യത നിറഞ്ഞ പാവം വിദേശ കന്യാസ്ത്രീമാർ ഈ കഥകൾ ഒന്നും അറിയാതെ അവരുടെ സന്യാസഭവനങ്ങളിലും പാവപ്പെട്ടവരുടെ ഇടയിലും സേവനങ്ങളിൽ മുഴുകി ജീവിക്കുന്നുണ്ടാവും.
പിന്നെ ഒരു പച്ചയായ സത്യം പറയാം, വിദേശത്ത് ആണെങ്കിലും സ്വദേശത്ത് ആണെങ്കിലും കന്യാസ്ത്രീമാർ സ്വർണ്ണ വാച്ചും സ്വർണ്ണമാലയും ഒന്നും കൈകളിൽ സൂക്ഷിക്കുന്നവർ അല്ല. ദാരിദ്ര്യവ്രതം ചെയ്ത അവർ എന്തിനാ ഇതിൻ്റെ എല്ലാം പിന്നാലെ പോകുന്നത്… കലപ്പയിൽ കൈകൾ വച്ചിട്ട് പിന്തിരിഞ്ഞ് നോക്കുന്നവർ ദൈവരാജ്യത്തിന് യോഗ്യരല്ല…
ദയവ് ചെയ്ത് മലയാളികൾ ഇനി എങ്കിലും മനസ്സിലാക്കുക സമൂഹത്തിൽ സന്യസ്തരുടെ വില കളയാൻ വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് കരുക്കൾ നീക്കുന്ന “കശ്മലൻമാർ” ആണ് ഈ ചതികൾക്ക് പിന്നിൽ. ഇനിയെങ്കിലും നിങ്ങൾ ചതിയിൽ വീഴരുത് എന്ന് യാചിക്കുന്നു.
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ
1 Comment
എന്നോടും ഈ സിസ്റ്റർ ടെ പേരിൽ ചിലർ പണം തട്ടിയെടിക്കാൻ നോക്കി അവസാനം രക്ഷപെട്ടു