ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത് നൽകി.
ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവർത്തിദിവസമാക്കുകയും ചെയ്യുന്നു.
എന്നാൽ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്സിറ്റികൾ ടൈം ടേബിൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധവുമാണ്.
ഈ സാഹചര്യത്തിൽ ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ
ജൂൺ 28, 2023.
വിശുദ്ധ തോമാശ്ലീഹ യെക്കുറിച്ച് ഒരു ചെറു പഠനം…
(ജൂലൈ 3, St.Thomas day)
1.ആരാണ് വിശുദ്ധ തോമാശ്ലീഹ?
ഈശോയുടെ 12 ശ്ലീഹമാരിൽ ഒരുവനും, തീക്ഷ്ണമതിയും, ഭാരതീയ ക്രിസ്ത്യാനികളുടെ അപ്പസ്തോലനുമാണ് വിശുദ്ധ തോമാശ്ലീഹ. ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിൽ ഗലീലി പ്രദേശത്ത് ജനനം. ഈശോയുടെ പുനരുദ്ധാനത്തെ സംശയിച്ചതുകൊണ്ട് (jn 20, 25) ‘ അവിശ്വാസിയായ തോമ’ (doubting thomas) എന്ന അപരനാമത്തിലും, ‘നമുക്കും അവനോടു കൂടി പോയി മരിക്കാം’ (jn 11, 16) എന്നുപറഞ്ഞുകൊണ്ട് ഈശോയുടെ പിന്നാലെ നടന്ന ശിഷ്യൻ എന്ന നിലയിൽ ‘ ധീരനായ തോമ’ എന്ന അപരനാമത്തിലും, അറിയപ്പെടുന്നു. ‘ എന്റെ കർത്താവേ എന്റെ ദൈവമേ’ (jn 20, 28) എന്നുപറഞ്ഞുകൊണ്ട്, പിന്നീട് തന്റെ വിശ്വാസത്തെ ശക്തിയുക്തം പ്രഘോഷിച്ച വ്യക്തിയാണ് തോമശ്ലീഹ.
ഇന്ത്യയിലെ മൈലാപ്പൂരിൽ അദ്ദേഹം മരിച്ച് അടക്കപ്പെട്ടു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായി വാഴ്ത്തപ്പെട്ട മുതൽ എല്ലാവർഷവും ജൂലൈ മൂന്നാം തീയതി വിശുദ്ധന്റെ തിരുനാൾ ആചരിക്കപ്പെടുന്നു.
2.ചരിത്ര നാൾവഴികൾ…
വിശുദ്ധ തോമാശ്ലീഹ ഇന്ത്യയിലെത്തി എന്നതിനെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകൾ തീരെ കുറവാണ്.
കാരണങ്ങൾ:
a)ചരിത്രങ്ങൾ എപ്പോഴും എഴുതപ്പെടുന്നത് ലോകം മഹാന്മാർ എന്ന് കരുതുന്ന വ്യക്തികളെ കുറിച്ച് ആയിരിക്കും.
b)സാധാരണ ചരിത്രങ്ങൾ എഴുതപ്പെടുക രാജാക്കന്മാരെക്കുറിച്ചും, അധികാരത്തിൽ ഉള്ളവരെ കുറിച്ചും, ലോകത്ത് നടക്കപ്പെടുന്ന പ്രധാന സംഭവങ്ങളെ കുറിച്ചും ഒക്കെയാണ്…
c)ഈശോയോ ശിഷ്യന്മാരോ ചരിത്രപുരുഷന്മാർ ആയിരുന്നില്ല, അധികാര ശ്രേണിയിൽ പെട്ടവർ ആയിരുന്നില്ല, അവർ മഹത്തായി യുദ്ധങ്ങൾ ഒന്നും നടത്തിയിട്ടില്ല… അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരായി കണക്കാക്കപ്പെട്ട അവരെ കുറിച്ച് ലോകചരിത്രകാരന്മാർ അധികമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ( മോശമായ ചില വിവരണങ്ങൾ അല്ലാതെ)
d)എങ്കിലും AD 52 -ൽ തോമാശ്ലീഹാ ഇന്ത്യയിൽ എത്തി എന്ന് കരുതപ്പെടുന്നു.
ആദ്യമെത്തിയത് മുസിരിസ് പട്ടണം ആയ നോർത്ത് പറവൂരിൽ ആണ് എന്നാണ് ഇത്രയും കാലം കരുതിയിരുന്നത്. മറ്റൊരു ഉപകഥ കൂടി ഉണ്ടായിരുന്നു. തോമാശ്ലീഹ ആദ്യമെത്തിയത് പഞ്ചാബ് പ്രവിശ്യയിൽ ആയിരുന്നു എന്നത്. ചരിത്ര തെളിവുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് തന്നെ ഇത്രയും കാലം അത് കെട്ടുകഥയാണെന്ന് ആണ് കരുതിയിരുന്നത്.
അതിപ്രകാരമാണ്, ‘ ഇന്ത്യയിലേക്ക് പോയി മിഷൻ പ്രവർത്തനം നടത്താൻ ദർശനം ലഭിച്ചത് വഴി, തോമാശ്ലീഹ ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ഭാഗമായി പേർഷ്യയിൽ എത്തിച്ചേർന്നു.
അവിടെ വെച്ച് തക്ഷശില കേന്ദ്രമാക്കി അഫ്ഗാനിസ്ഥാൻ പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളെ യോജിപ്പിച്ച് ഭരിച്ചിരുന്ന ഒരു നാട്ടു രാജ്യത്തിന്റെ (parthiyan kingdom) രാജാവായ ഗുണ്ടഫറിന്റെ മന്ത്രിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാജകൊട്ടാരം പണിയാനായി പാർത്തിയൻ പ്രവിശ്യയിൽ എത്തിപ്പെടുകയും ചെയ്തു.
രാജാവിന്റെ നിർദ്ദേശപ്രകാരം, പണം സ്വീകരിച്ച് രാജകൊട്ടാരം പണിയാൻ ഇറങ്ങി തിരിച്ച തോമാശ്ലീഹാ പണമെല്ലാം പാവപ്പെട്ടവർക്ക് ഇടയിൽ വിതരണം ചെയ്തു. കൊട്ടാരം പണി കാണാനിറങ്ങിയ രാജാവ് താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കി തോമാശ്ലീഹായെ കൊല്ലുവാനായി കാരാഗ്രഹത്തിൽ ആക്കി. അന്ന് രാത്രി ഉറങ്ങവേ രാജാവിന് മരിച്ചുപോയ അനിയൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞത്രെ, ആ നീതിമാനെ കൊല്ലരുത്. അവന്റെ
നീതിപൂർവകമായി പ്രവർത്തിയിൽ വഴി, നിന്റെ ധനം പാവപ്പെട്ടവരിൽ എത്തിയപ്പോൾ, അതിന്റെ നന്മയാൽ ദൈവം നിനക്ക് സ്വർഗ്ഗത്തിൽ മനോഹരമായ മറ്റൊരു ഭവനം കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്ന്. തോമാശ്ലീഹാ ദൈവ പുരുഷൻ ആണെന്ന് മനസ്സിലാക്കിയ രാജാവ് അനേകം സമ്മാനങ്ങളുമായി അദ്ദേഹത്തെ കപ്പലിൽ യാത്രയാക്കി. ആ യാത്രയിലാണ് തോമാശ്ലീഹ കേരളത്തിൽ എത്തപ്പെട്ടത്.
എന്നാൽ ഇക്കാലമത്രയും ചരിത്രപരമായി ഇങ്ങനെ ഒരു രാജാവ്+ രാജ്യം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഇല്ലായിരുന്നു. എന്നാൽ 80 കൾക്ക് ശേഷം പഞ്ചാബ് പ്രവിശ്യയിൽ നടത്തപ്പെട്ട ചില ഖനനങ്ങൾക്കിടയിൽ (archeological survey) ഗുണ്ടഫർ രാജാവിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ട വെള്ളിനാണയങ്ങളും, (AD46) എഡി ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഉപയോഗിച്ചിരുന്ന നാണയങ്ങളും കണ്ടെടുക്കപ്പെട്ടു.
ഇക്കാലമത്രയും കെട്ടുകഥയായി കരുതപ്പെട്ടിരുന്ന രാജാവിനെയും രാജ്യത്തെയും കുറിച്ചുള്ള തെളിവുകൾ ലഭിച്ചു. അതിന്റെ ഫലമായി, എഡി ഒന്നാം നൂറ്റാണ്ടിൽ, ഇന്ത്യയിലെ ചില നാട്ടുരാജ്യങ്ങൾ ക്ക് റോമാസാമ്രാജ്യം ആയി പേർഷ്യയും കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
അങ്ങനെ, തോമാശ്ലീഹാ ഇന്ത്യയിൽ എത്തിയതിനും കേരളത്തിൽ എത്തും മുമ്പ് പഞ്ചാബിലാണ് എത്തപ്പെട്ടത് എന്നും ചരിത്രപരമായി ഒരു തെളിവ് ലഭിച്ചു.
കൊടുങ്ങല്ലൂർ, പാലയൂർ, നോർത്ത് പറവൂർ, കോക്കമംഗലം, നിലയ്ക്കൽ, നിരണം, കൊല്ലം, തിരുവിതാംകോട് (അരപ്പള്ളി) എന്നിവിടങ്ങളിലായി ഏഴര പള്ളികൾ തോമാശ്ലീഹ സ്ഥാപിച്ചു എന്ന് ഭാരതീയ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുണ്ടെങ്കിലും, ചരിത്രപരമായ തെളിവുകൾ കൂടുതൽ ഇല്ലാത്തതുകൊണ്ട്, തോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല എന്ന് വാദിക്കുന്നവരും ഉണ്ട്…
3)വിശുദ്ധ തോമാശ്ലീഹായുടെ ധീരതയും വിശ്വാസവും.
12 അപ്പസ്തോലന്മാരുടെ കൂട്ടത്തിലേറ്റവും ധീരനും തീക്ഷണമതിയാകുമായിരുന്നു ദിദിമോസ് എന്ന് വിളിക്കപ്പെടുന്ന വിശുദ്ധ തോമാശ്ലീഹ.
നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്നുള്ള വാക്കിലൂടെ ക്രിസ്തുവിനു വേണ്ടി ജീവിക്കുവാനും മരിക്കുവാനുള്ള തീഷ്ണത അവൻ വെളിവാക്കി.
ഈശോയുടെ മരണത്തിനുശേഷം പേടിച്ചു മുറിയിൽ ഒളിച്ചിരുന്ന് ശ്ലീഹന്മാരിൽ തോമസ് ഈശോ പ്രത്യക്ഷപ്പെടുമ്പോൾ അവരോട് കൂടെ ഇല്ലായിരുന്നു. അവൻ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഇതുവരെ പ്രസക്തമായ മറുപടിയില്ല. എങ്കിലും നമുക്ക് ചിന്തിക്കാം. കൂട്ടത്തിലെ ധൈര്യശാലി ആയതുകൊണ്ട് ഒരുപക്ഷേ, മറ്റുള്ളവർക്ക് ഭക്ഷണം വാങ്ങാൻ പുറത്തുപോയതു ആവാം.
അവന്റെ പാർശ്വത്തിൽ വിരൽ വയ്ക്കാതെ വിശ്വസിക്കില്ല എന്ന് പറയുമ്പോഴും തന്റെ അവിശ്വാസത്തേക്കാൾ ഉപരി, ഈശോയേ ഒരു നോക്ക് കാണുവാൻ ഉള്ള ആഗ്രഹം ആയിരിക്കാം കൂടുതൽ നിഴലിച്ചു നിന്നത്.
ഈശോയെ കണ്ടമാത്രയിൽ വിരൽ വച്ച് അവിശ്വാസം പരിഹരിക്കുക അല്ല തോമാശ്ലീഹാ ചെയ്തത്, മറിച്ച് എന്റെ കർത്താവേ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട്, ഉദ്ഘാടനം ചെയ്ത ക്രിസ്തുവിനെ കണ്ട സന്തോഷം അവൻ വിളിച്ചു പറയുകയാണ്.
4.ഭാരതീയ ക്രിസ്ത്യാനിയും തോമാശ്ലീഹയുടെ ചൈതന്യവും…
തോമാശ്ലീഹയുടെ മക്കൾ എന്ന് അവകാശപ്പെടുന്ന ഭാരതീയ ക്രിസ്ത്യാനികൾ, നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്നുള്ള തീക്ഷണത ചങ്കിൽ ഏറ്റെടുത്തവരാണ്. പക്ഷേ പലപ്പോഴും സ്വാർത്ഥ മോഹങ്ങളിൽ പെട്ട നമ്മൾ ക്രിസ്തുവിന്റെ പിന്നാലെ നടക്കാതെ, സ്വന്തം താൽപര്യങ്ങളുടെ പിന്നാലെ നടക്കുന്നു. ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ആയി, സ്വയം ജീവൻ ബലികൊടുത്ത, തോമാശ്ലീഹായെ പോലെ രക്തസാക്ഷിയാവാൻ ഉള്ള
മനോഭാവത്തോടെ, വചനം പ്രഘോഷിക്കാൻ സന്നദ്ധതയുള്ള അനേകം വിശുദ്ധരായ ശുശ്രൂഷകർ തിരുസഭയിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. തോമാശ്ലീഹാ ഇന്ത്യയിൽ വന്നിട്ട് രണ്ടായിരത്തോളം വർഷം കഴിഞ്ഞിട്ടും ഇതുവരെ രണ്ട് ശതമാനം പോലും ഇന്ത്യക്കാർ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ല എന്നത് ഇത്രയും കാലം ഇവിടെ ജീവിച്ച് ക്രൈസ്തവരുടെ ഇടുങ്ങിയ മനോഭാവത്തെയും, ഭജനം പ്രഘോഷിക്കുന്നതിൽ, രക്തസാക്ഷി ആകുന്നതിൽ ഉള്ള താൽപര്യക്കുറവിനെയും ധീരതയോടെ വചനം പ്രഘോഷിക്കാൻ ഇറങ്ങി തിരിക്കാനുള്ള മടിയും ആണ് വെളിവാക്കുന്നത്.
ഉണരട്ടെ ക്രിസ്തുവിൻ ചൈതന്യം നമ്മളിൽ… എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നവർ കുരിശ് വഹിക്കണമെന്ന ക്രിസ്തുവിന്റെ വചനത്തോട് ചേർന്ന് സഹനം ഏറ്റെടുത്തു വചനം പ്രവേശിക്കാൻ നമുക്കും ഇറങ്ങി തിരിക്കാം…
കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ…
ദുക്റാന തിരുന്നാളിന്റെ മംഗളങ്ങൾ!!!