ഇറാനിൽ രണ്ടു വ്യത്യസ്ത മുസ്ലീം കുടുംബങ്ങളിൽ ജനിച്ച മർസിയയും മറിയവും തങ്ങളുടെ ജീവിതത്തിന്റെ സത്യത്തിനും അർത്ഥത്തിനും വേണ്ടി തീവ്രമായി അന്വേഷിക്കുകയായിരുന്നു. മറിയത്തിന് ഒരിക്കലും ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടില്ല, അവളുടെ ഹൃദയം ആഗ്രഹിച്ച അന്വേഷിച്ച ഉത്തരങ്ങൾ കണ്ടെത്താൻ പാടുപെട്ടു.
ഒരിക്കൽ മറിയയുടെ സഹോദരി ഒരു വൈകുന്നേരം വീട്ടിൽ വന്ന് അവൾക്ക് ലൂക്കായുടെ സുവിശേഷത്തിന്റെ ഒരു ഭാഗം അടങ്ങിയ ഒരു ചെറുപുസ്തകം നൽകി. പുസ്തകം വായിക്കാൻ പറഞ്ഞു, പക്ഷേ അവസാന പേജ് വായിക്കരുത്, കാരണം അത് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തന പ്രാർത്ഥനയായിരുന്നു. സത്യത്തിനായുള്ള എല്ലാ അന്വേഷണങ്ങളിൽ നിന്നും തളർന്നുപോയ മറിയത്തിന് ആ പുസ്തകം ഒരു തിരിനാളമായി തോന്നി.
ആ ചെറിയ പുസ്തകം വായിക്കാൻ തുടങ്ങിയപ്പോൾ; “അന്ന് യേശു എനിക്ക് സത്യം വെളിപ്പെടുത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം ഞാൻ വായിക്കുന്ന ഓരോ വാക്കും അത് എന്റെ ഹൃദയത്തോട് സംസാരിക്കുന്നതായി എനിക്ക് തോന്നി.” മറിയവും മർസിയയും യേശുക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തി.
പിന്നെയും കടമ്പകൾ ഏറെയുണ്ടായിരുന്നു മറ്റു വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിക്കാൻ അനുവാദമില്ലാത്ത ഇറാനിൽ നിന്നും അവർ തുർക്കിയിലേക്ക് യാത്ര തിരിച്ചു. അവിടെ ദേവാലയത്തിൽ നിന്നും ഇരുവരും ക്രിസ്തുമതം സ്വീകരിച്ചു. തുർക്കിയിൽ ബൈബിൾ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ച അവർ വളരെപ്പെട്ടന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി അതോടെ, ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കുവെച്ചുകൊണ്ട് രാജ്യത്തുടനീളം യാത്ര ആരംഭിക്കാൻ അവർ ഇറാനിലേക്ക് മടങ്ങി.
ടെഹ്റാനിൽ നിന്നാണ് ഇവരുടെ യാത്ര ആരംഭിച്ചത്. തിരികെ ഇറാനിൽ മടങ്ങിയെത്തിയ അവർ രഹസ്യമായി ക്രിസ്തുവിനെ പ്രഘോഷിക്കാൻ തുടങ്ങി . തങ്ങളുടെ താമസസ്ഥലം അവർ ദൈവത്തെ ആരാധിക്കാനുള്ള സ്ഥലമാക്കി മാറ്റി. ഏകദേശം 20000 ത്തോളം ബൈബിളുകൾ അവർ വിതരണം ചെയ്തു. രഹസ്യമായി ഭൂഗർഭ മുറികളിൽ പ്രാർത്ഥിക്കാൻ ഒത്തുചേർന്നു . പലപ്പോഴും ഇരുട്ടിന്റ മറപറ്റിക്കൊണ്ടായിരുന്നു അവരുടെ സുവിശേഷ വേല. ഒരുപാട് പ്രാവശ്യം പോലീസിനെക്കണ്ട് ഓടിയൊളിച്ചു. പക്ഷെ അതൊന്നും ക്രിസ്തു ഉള്ളിൽ കൊളുത്തിയ അഗ്നിയെ തെല്ലും കെടുത്തിയില്ല.
“എന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നവൻ തങ്ങളെത്തന്നെ ത്യജിച്ച് അനുദിനം തങ്ങളുടെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” ( ലൂക്ക 9:23 ) എന്ന ദൈവവചനത്തിൽ ഇരുവരും ഉറച്ചുനിന്നു. മൂന്ന് വർഷത്തോളം അവർ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ ക്രിസ്തു സന്ദേശം പ്രചരിപ്പിച്ചു. ഒരു വലിയ ക്രിസ്ത്യൻ സംഘം ബൈബിളുകൾ വിതരണം ചെയ്യാൻ തുടങ്ങിയെന്ന് ഉദ്യോഗസ്ഥർ പാർലമെന്റിൽ അറിയിച്ചു. വാസ്തവത്തിൽ അത് പുറത്തു ബാഗും അതിൽ ബൈബിളും കൊണ്ട് നടക്കുന്ന ഞങ്ങൾ രണ്ട് പെൺകുട്ടികൾ മാത്രമായിരുന്നു എന്ന് മർസിയ പറയുന്നു. ഒരു നിർഭാഗ്യകരമായ ദിവസം പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ അവർക്ക് മനസിലായി തങ്ങൾ പിടിക്കപ്പെടാൻ പോകുന്നു.
അറസ്റ്റു ചെയ്യപ്പെട്ട അവരെ രണ്ടുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിരവധി തവണ ചോദ്യം ചെയ്യപ്പെടലിനു വിധേയമാക്കിയതിനുശേഷം ഇറാനിലെ കോടതി അവരെ മരണശിക്ഷക്ക് വിധിച്ചു. അതിനുശേഷം ഇരുവരെയും ഇറാനിലെ കുപ്രസിദ്ധമായ ടെഹ്റാനിലെ എവിൻ ജയിലിലേക്ക് അയച്ചു. ആളുകൾ പതിവായി പീഡിപ്പിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ജയിലാണിത്. ഇരുമ്പഴികൾക്ക് പിന്നിൽ വധശിക്ഷ അല്ലെങ്കിൽ ബലാത്സംഗ ഭീഷണികൾ എപ്പോഴും അവർ പ്രതീക്ഷിച്ചു. ഉറക്കക്കുറവ്, വൈദ്യുതാഘാതം, കഠിനമായ മർദനം തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച്, ക്രൂരവും മാരകവുമായ രീതിയിൽ അവർ പീഡിപ്പിക്കപ്പെട്ടു.
മൂത്രത്തിൽ മുക്കിയ പുതപ്പുകളായിരുന്നു അവർക്ക് കിടന്നുറങ്ങുന്നതിനും പുതക്കുന്നതിനും നൽകപ്പെട്ടത്. ഭീഷണിപ്പെടുത്തുകയും തങ്ങൾ പീഡിപ്പിക്കപ്പെടുമോ എന്ന ഭയവും എപ്പോഴും ഉണ്ടായിരുന്നതായി അവർ ഓർക്കുന്നു. പലപ്പോഴും തണുത്തുറഞ്ഞതും വൃത്തികെട്ടതുമായ തറകളിൽ ഉറങ്ങേണ്ടി വന്നു. ഒന്നിലധികം തവണ, തിരികെ മതത്തിലേക്ക് മടങ്ങാനും യേശുവിലുള്ള വിശ്വാസം നിഷേധിക്കാനും അവരുടെമേൽ സമ്മർദ്ദം ഉണ്ടായി.
ക്രൂരമായ അവസ്ഥകൾക്കും വധശിക്ഷയുടെ നിരന്തരമായ ഭീഷണികൾക്കുമിടയിൽ, ഇരുവരും തങ്ങളുടെ ജയിൽ മുറി ഒരു മിഷൻ ഫീൽഡ് ആക്കി, യേശുക്രിസ്തുവിന്റ സദ്വാർത്ത പങ്കുവെക്കുന്നത് തുടർന്നു. എല്ലായിടവും ഒരു ദേവാലയമാക്കി മാറ്റാം; ജയിൽ പോലെയുള്ള ഇരുണ്ട, ക്രൂരമായ സ്ഥലം പോലും മർസിയ പറയുന്നു. ആദ്യം ഞങ്ങൾ ഞങ്ങളുടെ മോചനത്തിനായി പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജയിലിൽ മറ്റ് സ്ത്രീകളെ കണ്ടുമുട്ടുന്നതിലൂടെ – ഭവനരഹിതരോ അടിമകളോ ആയ ചിലർ – ക്രിസ്തുമതത്തിന്റെ സന്ദേശം ഏറ്റവും കൂടുതൽ കേൾക്കേണ്ട ആളുകളുമായി സുവിശേഷം പങ്കിടാൻ ദൈവം ഞങ്ങൾക്ക് അവസരം നൽകിയെന്ന് ഞങ്ങൾ മനസ്സിലാക്കി.
നൂറുകണക്കിന് സഹതടവുകാരെ ക്രിസ്തുമതത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ക്രിസ്ത്യൻ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. “ഞങ്ങൾക്ക് ജയിലിൽ ബൈബിൾ കൈവശം വയ്ക്കാൻ അനുവാദമില്ല, പക്ഷേ ഞങ്ങൾ ജയിലിൽ വചനം പഠിപ്പിച്ചു” -അമിരിസാദെ പറഞ്ഞു. തടവുകാരിൽ ചിലർ തുടക്കത്തിൽ അവരോട് പുച്ഛം പ്രകടിപ്പിക്കുകയും അവരെ ‘വൃത്തികെട്ട ക്രിസ്ത്യാനികൾ’ എന്ന് വിളിക്കുകയും ചെയ്തു, എന്നാൽ പിന്നീട് അവരെ അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. എല്ലാ ദിവസവും, തടവുകാർക്ക് മർസിയയുടെയും മറിയത്തിന്റെയും ജീവിതത്തിലൂടെ ദൈവത്തിന്റെ അത്ഭുതങ്ങളും ശക്തിയും കാണാൻ കഴിഞ്ഞു. ദൈവം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുണ്ട് എന്ന് മനസിലാക്കിയ തടവുകാർ അവരുടെ അടുത്തേക്ക് വന്നു.
അന്നുമുതൽ, എല്ലാ തടവുകാരും അവരെ ബഹുമാനിക്കാനും അവരെ ശ്രദ്ധിക്കാനും തുടങ്ങി. രണ്ടു മിഷനറിമാരുമായും സമയം ചെലവഴിക്കാൻ എല്ലാവർക്കും താൽപ്പര്യമുണ്ടായി. മാത്രമല്ല, ചില ഗാർഡുകൾ അവരുടെ പെരുമാറ്റം കാരണം ഒരു ദിവസം ക്ഷമാപണം നടത്തുകയും അവരുടെ പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, തടവിലാക്കപ്പെട്ട മിഷനറിമാർക്ക് സഹക്രിസ്ത്യാനികൾ അയച്ച കത്തുകൾ വായിച്ച് മറ്റ് കാവൽക്കാർ ജിജ്ഞാസുക്കളും യേശുവിനെക്കുറിച്ച് ചോദിച്ചറിയാനും തുടങ്ങി.
അനേകം തടവുകാർക്ക് ക്രിസ്തുവിന്റ പുതുജീവൻ ലഭിച്ചതിനാൽ എവിൻ ജയിൽ ഒരു ദേവാലയമായി മാറി. ദൈവത്തിന്റെ സാന്നിധ്യവും ശക്തിയും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കിരുവർക്കും ഒരു ദിവസം പോലും ജയിലിൽ കഴിയാൻ കഴിയുമായിരുന്നില്ല എന്ന് ആഴമായ ബോധ്യത്തോടെ മറിയം പറയുന്നു . മറിയവും മർസിയയും ഓരോ അത്ഭുതവും ഓരോ പ്രാർത്ഥനയും സുവിശേഷം പങ്കുവെച്ച ഓരോ നിമിഷവും തങ്ങളെ താങ്ങിനിർത്തിയ ദൈവത്തിന് നന്ദി പറയുന്നു.
ഒമ്പത് മാസത്തിനുശേഷം കൃത്യമായി പറഞ്ഞാൽ 259 ദിവസങ്ങൾക്ക് ശേഷം ചോദ്യം ചെയ്യൽ, ജീവപര്യന്തം തടവ്, വധശിക്ഷയുടെ സാധ്യത എന്നിവയ്ക്ക് ശേഷം ഐക്യരാഷ്ട്രസഭയുടെ ആംനസ്റ്റി ഇന്റർനാഷണലിന്റയും അന്താരാഷ്ട്ര സമൂഹത്തിന്റയും ഇടപെടലുകളിലൂടെ മർസിയയും മറിയവും സ്വാതന്ത്ര്യം നേടി. എന്നിരുന്നാലും, രണ്ടുപേർക്കും സന്തോഷിക്കാൻ സാധിച്ചില്ല കാരണം സുഹൃത്തുക്കളെ ഉപേക്ഷിക്കണമെന്ന് അവർക്ക് അറിയാമായിരുന്നു. ആ ഇരുണ്ട സ്ഥലത്ത് കഷ്ടപ്പെടുന്ന നിരപരാധികളെ കുറിച്ച് ചിന്തിക്കുന്നത് അവരുടെ ഹൃദയത്തിന് വലിയ ഒരു ഭാരമുണ്ടാക്കി.
ഞങ്ങൾ ആ ജയിലിൽ ആയിരുന്നതിന് ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. ഞങ്ങൾ അവിടെ കണ്ട അനീതികൾ പ്രത്യേകിച്ച് സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ലോകവുമായി പങ്കിടണമെന്നു ദൈവം ആഗ്രഹിച്ചു. ആ ജയിലിൽ കഴിയുന്ന ഭൂരിഭാഗം സ്ത്രീകൾക്കും വേണ്ടി ശബ്ദമാകുമെന്ന് ഞങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തു. ഇന്ന്, പീഡിപ്പിക്കപ്പെടുന്നവർക്ക് പ്രത്യാശ നൽകാൻ അവർ ലോകമെമ്പാടും അവരുടെ കഥ പങ്കിടുന്നു. “പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാനും ഇപ്പോൾ പീഡിപ്പിക്കപ്പെടുന്ന ക്രിസ്തുവിലുള്ള തങ്ങളുടെ സഹോദരങ്ങളെ പ്രാർത്ഥിക്കാനും പിന്തുണയ്ക്കാനും ആളുകളെ പ്രചോദിപ്പിക്കാനും ഇരുവരും ഫലപ്രദമായി അവരുടെ സുവിശേഷവേല പ്രയോജനപ്പെടുത്തുന്നു.
അമേരിക്കയിലെത്തിയ ഇരുവരും തങ്ങളുടെ പഠനത്തോടും ജോലിയോടും കുടുംബത്തോടുമൊപ്പം ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. മറിയം റോസ്റ്റംപൂർ, മർസിയ അമിരിസാദെ എന്നിവർ ചേർന്ന് എഴുതിയ ‘ക്യാപ്റ്റീവ് ഇൻ ഇറാൻ’ ( CAPTIVE IN IRAN )എന്ന പുസ്തകത്തിൽ കുപ്രസിദ്ധമായ എവിന് ജയിലിലെ തങ്ങളുടെ 259 ദിവസങ്ങൾ വിവരിക്കുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത വിശ്വാസത്തിന്റെ അതിശയകരമായ അനുഭവകഥയാണിത്.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില് നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. (അപ്പ പ്രവ 4 : 12 ) യേശു ഏക രക്ഷകൻ!
BY, റോബിൻ സക്കറിയാസ്