‘ദിവ്യകാരുണ്യത്തി൯െറ വാനമ്പാടി’ യായ അഞ്ജനയെ കുറിച്ച്
സോഷ്യൽ മീഡിയ വഴിയാണ് വായിച്ചറിഞ്ഞത്. ഒരു സാധാരണ പെൺകുട്ടിയുടെ മരണശേഷം അവളെക്കുറിച്ച് ഇത്രയധികം കുറിപ്പുകൾ വായിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ അവളെ കുറിച്ച് കൂടുതൽ അറിയാൻ ആവേശം തോന്നിയിരുന്നു. അങ്ങനെയാണ് ‘ദിവ്യകാരുണ്യത്തി൯െറ വാനമ്പാടി ‘എന്ന പുസ്തകം എ൯െറ കൈകളിൽ എത്തുന്നത്.
ചില തിരക്കുകളിൽ പെട്ട് മൂന്ന് ദിവസത്തോളം, വായിക്കാൻ കഴിയാതെ ആ പുസ്തകം എ൯െറ കയ്യിൽ ഇരുന്നു. അഞ്ജനയെ കുറിച്ച് അറിയാനുള്ള ആവേശത്താൽ തിരക്കിനിടയിൽ ഉള്ള ഒരു യാത്രയിൽ ആ പുസ്തകം കൂടെ കൂട്ടി. നിറകണ്ണുകളോടെ അതിലേറെ ദൈവസന്നിധിയിൽ ലജ്ജയോടെ ഞാനാ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. കാരണം ഓരോ താളുകൾ മറിക്കും തോറും അവളുടെ ജീവിതം എന്നെ വെല്ലു വിളിക്കുകയായിരുന്നു ദിവ്യകാരുണ്യ സന്നിധിയിലേക്ക്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉച്ചതിരിഞ്ഞ് തിരുമണിക്കൂർ ആരാധന മുടങ്ങാതെ നടത്തിയിരുന്നു ഞാൻ. എത്ര തിരക്കിനിടയിലും ഉച്ചതിരിഞ്ഞ് മൂന്നു മണിയാവുമ്പോൾ ചങ്കിനുള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു സക്രാരി മുമ്പിലേക്ക് ഓടിയെത്താൻ. പിന്നീടെപ്പോഴോ ആ പതിവ് ശീലം എനിക്ക് നഷ്ടപ്പെട്ടു. സമയമില്ലാതെ പരക്കം പായുന്ന എൻ്റെ അബദ്ധത്തിലുള്ള ഒരു വിളി പോലും കേട്ട് ഇറങ്ങി വരാൻ വെമ്പൽ കൊണ്ട്, ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പത്തിലേക്ക് തന്നെ മുഴുവനായും ആവാഹിച്ച് …
എനിക്ക് ഭക്ഷണ യോഗ്യമാം വിധം അശുദ്ധമായ എൻ്റെ കരങ്ങളിലൂടെ, അറപ്പില്ലാതെ എൻ്റെ നാവിൻ്റെ നനവിലലിയാൻ…. സദാ എന്നോടൊപ്പമായിരിക്കാൻ ഹൃദയം തുടിച്ച് സക്രരികളിൽ അവൻ്റെ നിറസാന്നിധ്യം. ഓരോ പ്രഭാതത്തിലും തന്നെതന്നെ എനിക്ക് വിരുന്നൊരുക്കി അവൻ കാത്തിരിക്കുന്നു എന്ന തിരിച്ചറിവിൽ…
അതിരാവിലെ….. അനാരോഗ്യത്തിലും… കിടക്കയ്ക്ക് തീപിടിച്ചാലെന്ന പോലെ… ബലിപീoത്തിലേക്കണയാൻ അവിടുത്തെ സ്നേഹം എന്നെ നിർബന്ധിക്കുന്നു.
എന്നിട്ടും. നിത്യവുമുള്ള വിശുദ്ധബലി ബലി മുടക്കുന്നില്ല എന്നതൊഴികെ,
ഇപ്പോൾ കുറച്ചു നാളുകളായി തിരക്കൊഴിഞ്ഞ സമയം കിട്ടിയാൽ ഈശോയുടെ അടുത്ത പോയിരിക്കാം എന്നായി.
അഞ്ജനയുടെ ജീവിതം ഒരു തിരിച്ചുവരവിന് എനിക്ക് വഴിയൊരുക്കി.
സഹനവു൦ സഹനജീവിതങ്ങളും ഒരു വലിയ പാഠശാലയാണ്.
അത് നമ്മെ നമ്മെ ഊതി തെളിച്ചും ഉരുക്കി വാർത്തും ഒരു പുതിയ സൃഷ്ടിയാക്കുന്നു.
മുറിവേറ്റ കുഞ്ഞാട് ഇടയനോടെന്ന പോലെ സഹനം നമ്മെ ദൈവത്തോടടുപ്പിക്കും.
ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടികൊടുക്കാതെ ഓടുന്നതിനിടയിൽ….
ഈ ആയുസ്സിൻ്റെ അർത്ഥവും നിയോഗവും വിശുദ്ധിയുമൊക്കെ നശിച്ചുപോകു൦ എങ്കിലും
ഉയിരേകിയവൻ്റെ ഉയിരായി മാറും വരെ ഉടയവനാൽ ഉരുക്കി വാർക്കപ്പെടണം ഓരോ ജീവിതവും.
ജീവിതത്തിൻ്റെ വഴിത്താരകളിൽ നിന്ന് ദൈവം നമുക്ക്
പ്രിയപ്പെട്ടതെന്തെങ്കിലും തിരിച്ചെടുക്കുമ്പോൾ ജന്മത്തെ ശപിക്കാതിരിക്കുക.
ഓർക്കുക….
ദൈവം നമ്മുടെ കരങ്ങൾ ശൂന്യമാക്കുകയാണ്.
കൂടുതൽ മനോഹരമായത് എന്തിനോവേണ്ടി…..
ദൈവാത്മാവി൯െറ പ്രേരണ അനുസരിച്ച് അഞ്ജനയുടെ ജീവിതം യുവതലമുറയ്ക്കും വരും തലമുറകൾക്കും ഒരു പാഠപുസ്തകമായി ജനങ്ങളിലേക്ക് എത്തിച്ച ഗ്രന്ഥകർത്താക്കൾക്ക്
ഏറെ നന്ദിയും പ്രാർത്ഥനാശംസകളു൦.
BY, Jincy Santhosh