നമ്മുക്കായി വീണ്ടും ഒരു പുതുവർഷം കൂടി. ഒരു പുതു വർഷ സന്ദേശം കൂടി എഴുതുവാൻ എന്നെ അനുവദിച്ച സർവ്വശക്തനായ ദൈവത്തിനു ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് നിങ്ങൾക്കെല്ലാവർക്കു നേരുന്നു പുതുവത്സരാശംസകൾ. ഹൃദയത്തിലും മുഖത്തും കളങ്കമില്ലാത്ത പുഞ്ചിരിയോടെ ഈ നവ വർഷത്തെ നമ്മുക്ക് സ്വീകരിക്കാം.
ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും നേട്ടങ്ങളും കോട്ടങ്ങളും അനുഗ്രഹങ്ങളും പിഴവുകളും കുറവുകളും ഒക്കെ കൊണ്ട് നിറഞ്ഞ 2022 എന്ന വർഷം കൂടി നാപിന്നിട്ടിരിക്കുന്നു. ഒരുപാട് തീരുമാനങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കഴിഞ്ഞ വർഷം നമ്മൾ തുടക്കത്തിൽ തന്നെ എടുത്തിരുന്നു. അതിൽ പകുതി ഒക്കെ നാം പ്രാവർത്തികമാക്കിക്കാണും ബാക്കിയുള്ളത് ഇന്നും ഇനിയും ബാക്കിയായിരിക്കും അതിന് കാരണം നാം എപ്പോഴും ജീവിതത്തിൽ പല കാര്യങ്ങളിലും ഒത്തിരി ഒഴിവുകഴിവുകൾ പറയുന്നവരാണ്.
എനിക്ക് അതിനൊന്നും സമയമില്ല , അതിനൊന്നും പണമില്ല, എനിക്ക് അതൊന്നും അറിയില്ല, എന്നെ കൊണ്ട് അതൊന്നും കഴിയില്ല, ഞാൻ ഒത്തിരി ശ്രമിച്ചു, പക്ഷേ പറ്റിയില്ല, ഞാൻ ക്ഷീണിതനാണ് തുടങ്ങി ഒട്ടനവധി ഒഴിവു കഴിവുകൾ. നാമെല്ലാം ഒത്തിരി അറിവുകൾ ഉള്ളവരാണ്. എന്താണ് നല്ലത്, എന്താണ് ചെയ്യേണ്ടത് എന്നൊക്കെ നമ്മുക്ക് നന്നായി അറിയാം.. പക്ഷേ നാം പലപ്പോഴും ചെയ്യാറില്ല.
നമുക്ക് സമയ കുറവുണ്ടെങ്കിൽ അനാവശ്യ കാര്യങ്ങൾക്കായി നാം ചിലവഴിക്കുന്ന സമയം അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി ചിലവഴിച്ചാൽ സമയക്കുറവ് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. രോഗിയാണെങ്കിൽ, കുറച്ച് വ്യായാമവും കുറച്ച് സന്തോഷമുള്ള കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുകയും ചെയ്യുകയാണെങ്കിൽ എത്ര കാലം നാം ജീവിക്കുന്നുവോ അത്രയും കാലം സന്തോഷമായി ജീവിക്കാൻ നമ്മുക്ക് കഴിയും. മരുന്നുകൾക്ക് നമ്മുക്ക് യാതൊരു സന്തോഷവും തരാൻ കഴിയില്ല. പക്ഷെ ഈ ലോകത്തിൽ സന്തോഷത്തേക്കാൾ വലിയ മരുന്നില്ല എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ.
എന്നെകൊണ്ട് ഇതൊന്നും ചെയ്യാൻ കഴിയില്ല അഥവാ എനിക്ക് ഇതിനൊന്നും കഴിവില്ല എന്ന് മനസ്സിൽ ചിന്തിക്കുന്നവർ ഓർക്കുക, മറ്റുള്ളവർക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ എനിക്ക് എന്ത് കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന്. ഈ ഒറ്റ വാക്യം ഉള്ളിൽ വന്നാൽ, പറ്റില്ല എന്നോർത്ത് നാം മാറ്റിവച്ചിരിക്കുന്ന പലതും നമ്മുക്ക് ചെയ്യാൻ കഴിയും. അതിനാൽ നമ്മുക്ക് ആത്മവിശ്വാസം കൈവിടാതിരിക്കാം. ആത്മവിശ്വാസം എന്നത് നാം മറ്റുള്ളവരെക്കാൾ കേമനാണ് എന്ന് ചിന്തിക്കുന്നതല്ല.
മറിച്ച് നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താൻ ഒരു കാരണവുമില്ലെന്ന് നാം സ്വയം അറിയുന്നതാണ്. കാരണം അവർ അവരാണ്, നാം നാമാണ്. അതുപോലെ മറ്റുള്ളവരുടെ ബലഹീനതകളെ ആയുധമാക്കി എവിടെയും ജയിക്കാൻ ശ്രമിക്കാതിരിക്കാം. നമ്മുടെ കഴിവിനെ അഥവാ ആത്മ വിശ്വാസത്തെ ആയുധമാക്കാം . ഈ ലോകത്തിൽ എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷേ ഒരു മനുഷ്യന്റെ വ്യക്തിത്വം, പെരുമാറ്റം, സംസ്കാരം, അറിവ് ഇവയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ഇല്ല എന്നോർക്കുക.
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. 2022 എന്ന വർഷവും കടന്നു പോയി. സന്തോഷമായാലും സങ്കടമായാലും എന്താണെങ്കിലും അവയെല്ലാം കടന്നു പോയി. കഴിഞ്ഞു പോയ ഓരോ വർഷങ്ങളും നമ്മുടെ ജീവിത പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളാണ്. പുതിയൊരു അധ്യായം കൂടി ദൈവം നമ്മുടെ ജീവിതത്തിൽ തുറന്നിരിക്കുന്നു. 2023 എന്ന പുതുവർഷം.
പുതിയ തീരുമാനങ്ങളോടെ, പുത്തൻ ഉണർവോടെ, കഴിഞ്ഞു പോയ വർഷങ്ങൾ നൽകിയ പാഠങ്ങളിൽ നിന്നും പഠിച്ചവ ഒക്കെ ഉൾക്കൊണ്ടു കൊണ്ട് ഈ പുതുവർഷത്തെ നമ്മുക്ക് സ്വീകരിക്കാം.
കഴിഞ്ഞ വർഷം നമുക്ക് സമ്മാനിച്ച വേദനകളും മുറിവുകളും നഷ്ടങ്ങളും കോട്ടങ്ങളും ഒക്കെ മറന്നു കൊണ്ട് ഈ പുതു വർഷത്തെ നമ്മുക്ക് വരവേൽക്കാം. 2023 എന്ന നവ വർഷത്തിലെ 365 ദിവസങ്ങളും സുന്ദരമായും സന്തോഷമായും സൗഹാർദ്ദപരമായും ജീവിക്കാൻ നമുക്ക് ശ്രമിക്കാം.. ആരെയും വേദനിപ്പിക്കാത്ത ഒരു പുഞ്ചിരിയിലൂടെ, ആരെയും മുറിവേൽപ്പിക്കാത്ത ഒരു തലോടലിലൂടെ, ആർക്കും ആശ്വാസമേകുന്ന ഒരു വാക്കിലൂടെ കൊച്ചു കൊച്ചു കരുതലുകളിലൂടെ, നാം ആയിരിക്കുന്ന ഇടങ്ങൾ, അത് കുടുംബമാ യാലും സമൂഹമായാലും, ജോലിസ്ഥലം ആയാലും, കമ്മ്യൂണിറ്റി ആയാലും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പരസ്പരം അനുഗ്രഹത്തിന്റെയും കരുതലിന്റെയും സ്വർഗ്ഗങ്ങൾ ആക്കി മാറ്റാൻ നമുക്ക് ശ്രമിക്കാം.
മുന്നോട്ടുള്ള 365 ദിവസങ്ങൾ. അവയിൽ എന്ന് ആർക്ക് എപ്പോൾ എങ്ങനെ എന്തു സംഭവിക്കും എന്ന് നമ്മുക്കറിയില്ല. നല്ലതും ചീത്തയുമായ കുറെ കാര്യങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മനുഷ്യൻ തീർത്തും നിസ്സഹായനും അഞ്ജനുമാണ്. ഈശ്വര ശക്തിയിൽ മാത്രം ആശ്രയിക്കുകയും വിശ്വാസമർപ്പിച്ചു പറ്റുന്ന നന്മകൾ ചെയ്തു ജീവിക്കുകയുമല്ലാതെ മറ്റു വഴികൾ ഒന്നുമില്ല. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.
നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും നാമറിയാതെ വലിച്ചെറിയുന്ന ഓരോ അമൂല്യ രക്നങ്ങൾ ആണെന്ന് മറക്കാതിരിക്കാം. ജാതിമത ഭേതമന്യേ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവർക്കും ഒരു ദിവസം ഈ മനോഹരമായ ഭൂമി ഉപേക്ഷിച്ചു പോകണം. നാം ഇവിടം വിട്ടു പോയാലും കുറച്ചു പേരുടെയെങ്കിലും ഉള്ളിലും ഓർമ്മകളിലും സുഗന്ധം പരത്തി നമ്മുക്ക് ജീവിക്കണ്ടേ. അതിനായി കുറച്ചു സദ്കർമ്മങ്ങൾ ചെയ്തു പോസിറ്റീവ് എനർജി പ്രസരിപ്പിച്ചു ചിരിച്ചു സന്തോഷമായി ജീവിക്കാം. നാം കാരണം ആരുടെയും മനസ്സും ശരീരവും വേദനിക്കാതിരിക്കട്ടെ. ആരുടെയും കണ്ണുകൾ നനയാതിരിക്കട്ടെ.
ഈ പുതു വർഷം എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും സമാധാനവും പരസ്പര സ്നേഹവും നിങ്ങൾ ഓരോരുത്തരുടെയും ഹൃദയത്തിലും കുടുംബത്തിലും കൂട്ടായ്മയിലും നിറയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ, ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു” HAPPY NEW YEAR 2023″.സസ്നേഹം ഷേർലി മാത്യു. എല്ലാവർക്കും ഒത്തിരി നന്ദി. ആദരവും സ്നേഹവും!