ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS
ദൈവരാജ്യം പ്രഘോഷിച്ചു തുടങ്ങിയ ക്രിസ്തുവിന്റെ തുടക്കത്തിലെയുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷത്തിൽ നമ്മൾ ശ്രവിച്ചത്. “മനസാന്തരപ്പെടുവിൻ ! ദൈവരാജ്യം സമീപിച്ചിരിക്കുന്നു.” രണ്ടായിരം വർഷങ്ങൾക്കുമുൻപ് ഈശോ നടത്തിയ തന്റെ ഉത്ഘാടന പ്രസംഗത്തിന്റെ ഉള്ളടക്കം ആണിത്.
ക്രിസ്തു പ്രസംഗിച്ചിട്ട് ഏതാണ്ട് ആയിരത്തി അഞ്ഞൂറ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ക്രിസ്തുവിനെ കൂടുതൽ അടുത്തനുഗമിക്കാൻ സ്ഥാപിതമായ അഗസ്റ്റീനിയൻ സഭയുടെ അംഗമായ മാർട്ടിൻ ലൂഥർ പ്രസംഗിച്ചതും ക്രിസ്തുവിന്റെ വാക്കുകൾ ഉപയോഗിച്ചാണ്. “പ്രായശ്ചിത്തം ചെയ്യുവിൻ! ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”
മാർട്ടിൻ ലൂതറിന്റെ പ്രഖ്യാപിതമായ 95 തീസിസുകൾ തുടങ്ങുന്നത് ഈ പ്രസ്താവനയോടെയാണ്. ഇന്നും മനഃപരിവർത്തനം, പശ്ചാത്താപം, പ്രായശ്ചിത്തം അനുരഞ്ജനം തുടങ്ങിയ പദങ്ങളും സങ്കല്പങ്ങളും പ്രസക്തവും അനിർവാര്യവുമായി തോന്നുന്നു. “മനസാന്തരപ്പെടുവിൻ! ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”
ഈശോക്ക് വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാൻ ഇശോയുടെ പ്രസംഗത്തിന് മുൻപ് പ്രസംഗിച്ചതും മനസാന്തരപ്പെടാനാണ്. ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന സന്ദേശമാണ് സ്നാപകനും നൽകിയത്. സ്നാപകയോഹന്നാനും മാർട്ടിൻ ലൂതറും ഈശോയും ഒരേ വാക്കുകളും ഒരേ സന്ദേശവും നൽകിയെങ്കിലും അവരുടെ ലക്ഷ്യങ്ങളിൽ വ്യത്യാസമുണ്ടായിരുന്നു.
സ്നാപകയോഹന്നാനും മാർട്ടിൻ ലൂഥറിനും സ്വന്തമായൊരു ശിഷ്യഗണം വളർത്തിയെടുക്കാനുള്ള താല്പര്യമില്ലായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുകയായിരുന്നു യോഹന്നാന്റെ ലക്ഷ്യമെങ്കിൽ ക്രിസ്തുവിന്റെ സഭയെ നവീകരിക്കയായിരുന്നു ലൂതറിന്റെ ലക്ഷ്യം. സ്നാപകൻ തന്റെ കൂടെ കൂടിയ ശിഷ്യരെ ഈശോയുടെ അടുത്തേക്ക് അയച്ചതു സ്നാപകയോഹന്നാൻ തന്നെയാണ്.
സഭയുദെ നവീകരണം മാത്രമായിരുന്നു മാർട്ടിൻ ലൂതറിന്റെ ലക്ഷ്യം. മാർപ്പാപ്പാക്ക് വേണ്ടാത്ത നവീകരണത്തിന് ലൂഥറെന്തിന് തുനിയുന്നു എന്ന് വേണമെങ്കിൽ ചോദിക്കാം.
എന്നാൽ ഇതേ ചോദ്യം മാർപ്പാപ്പയെ പോലും നവീമരിച്ച സിയന്നയിലെ വിശുദ്ധ കാതറീനയോട് എന്തുകൊണ്ട് ചോദിക്കുന്നില്ല. 1376- ൽ അവിഞ്ഞോണിലെ മാർപ്പാപ്പ ഇല്ലാതാകാനും സഭയിൽ ഐക്യമുണ്ടാകാൻ വിധം റോമിലെ മാർപ്പാപ്പയെ 1348-ൽ തിരുത്താനും സ്വാധീനിക്കാനും സിയെന്നായിലെ കാതറീനക്കായി.
പക്ഷെ മാർട്ടിൻ ലൂതറിന്റെ കാര്യത്തിൽ നവീകരിക്കാനുള്ള ആഹ്വാനം ചിലർ തല്ലിത്തകർക്കാനും മറ്റു ചിലർ എന്ത് വിലകൊടുത്തും നവീകരണം സാധിതമാക്കാനും തീർച്ചപ്പെടുത്തിയപ്പോൾ ഫലം ലൂതർ ആഗ്രഹിക്കാതിരുന്ന വിഭാഗീയതയും പുതിയൊരു സഭയുടെ പിറവിയും ആയിരുന്നു. ലൂതറാകട്ടെ താൻ ആഗ്രഹിച്ച നവീകരണത്തിന് പകരം ആഗ്രഹിക്കാത്ത വലിയ ശിഷ്യഗണം ഉണ്ടാകുകയും സ്വന്തമായതും ഇന്നും ശക്തമായതുമായ സ്വതന്ത്രസഭ രൂപീകൃതമാകുകയും ചെയ്തു.
അങ്ങിനെയാണ് പ്രകൃതി. പ്രശ്നങ്ങൾ കൈവിട്ടുപോയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. നേതാക്കന്മാർ തിരിഞ്ഞുനടക്കാൻ തീരുമാനിച്ചാൽപോലും ശിഷ്യർ സമ്മതിക്കില്ല. ശിഷ്യർ നിർദേശിക്കുന്നത് നേതാവ് അനുസരിച്ചില്ലെങ്കിൽ പഴയ നേതാവ് പുറത്താകുകയും പുതിയ നേതാവ് ഉദയം ചെയ്യുകയും ചെയ്യും. അതുകൊണ്ട് പ്രശ്നങ്ങൾ തുടക്കത്തിലേ പരിഹരിക്കണം. ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കുക മാത്രമാണ് വ്യക്തികളുടെയും സമൂഹങ്ങളുടെയും സുസ്ഥിതിക്ക് സുഗമം.
ഇപ്പം ശിക്ഷിച്ച് എല്ലാവരെയും അച്ചടക്കം പഠിപ്പിക്കാമെന്ന് ചിന്തിക്കുന്നവർ “ഒരു നായ തന്റെ ഛർദ്ദിയിലേക്ക് മടങ്ങുന്നതുപോലെ, ഒരു വിഡ്ഢി തന്റെ വിഡ്ഢിത്തം ആവർത്തിക്കുന്നു” എന്ന് സുഭാഷിതങ്ങളിൽ പറയുന്നതുപോലെയാണ്. (സുഭാഷിതങ്ങൾ 26:11). “മോട്ടറിൽ പൊടിച്ചാലും, ധാന്യം കൊണ്ട് പൊടിച്ചാലും, അവരുടെ വിഡ്ഢിത്തം അവരിൽ നിന്ന് നീക്കുകയില്ല” (സുഭാഷിതങ്ങൾ:27:22).
ഈശോയാകട്ടെ തുടക്കം മുതലേ സ്വന്തം ശിഷ്യരെ തിരഞ്ഞെടുക്കാനും തന്റെ ദൗത്യം തുടരാനായി മനുഷ്യരെ നേടാനും താല്പര്യപ്പെട്ടിരുന്നു. പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തതും ദൗത്യവുമായി അവരെ അയച്ചതും വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. ക്രിസ്തു പ്രഘോഷിച്ച മനസാന്തരവും പശ്ചാത്താപവും ഇന്ന് സാധിതമാകണമെങ്കിൽ തടിച്ചുകൂടിയ ജനം സ്നാപകയോഹന്നാനോട് ചോദിച്ചതുപോലെ നമ്മളിന്ന് പ്രാർത്ഥനയുടെ അരൂപിയിൽ ക്രിസ്തുവിനോട് ചോദിക്കണം: “ഞങ്ങളെന്താണ് ചെയേണ്ടത്.”
പ്രശ്നങ്ങൾക്കും വിഭാഗീയതക്കും ആരാണ് ഉത്തരവാദി എന്ന ചോദ്യമാണ് പലപ്പോഴും പലരും ചോദിക്കുക. ആരെയെങ്കിലും പ്രതിക്കൂട്ടിൽ നിർത്തി ആരുടെയെങ്കിലും പക്ഷം ചേരുന്നതും എന്നിട്ട് വിജയിക്കാൻ പൊരുതുന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. വരും വരായ്കകളെ ക്കുറിച്ച് ചിന്തിക്കാനുള്ള വിവേകമോ ക്രിസ്തുവിനെ അനുഗമിക്കാൻ ആവശ്യമായ ആൽമീയതയൊ ഒന്നും അതിനാവശ്യമില്ല.
മുടിയനായ പുത്രന്റെ ഉപമയിൽ മനസാന്തരവും തിരിച്ചുവരവും അനിർവര്യനായ ഇളയ പുത്രനാണോ പിതാവിന്റെ ഭവനത്തിൽ അന്യനെപ്പോലെ ജോലി ചെയ്തും തിന്നുകുടിച്ചും ഉണ്ടുറങ്ങിയ മൂത്ത പുത്രനാണോ നഷ്ട്ടപ്പെട്ടവൻ എന്ന് ചോദിക്കുന്നതുപോലെ മാത്രമേ ഇത്തരം പ്രശ്നങ്ങളെയും നിലപാടുകളെയും നോക്കിക്കാണാൻ കഴിയുകയുള്ളു. അവകാശം ചോദിക്കാൻ മാത്രമല്ല തിരിച്ചു വരാനുമുള്ള ധൈര്യവും ഇളയപുത്രന് ഉണ്ടായിരുന്നു.
മൂത്തപുത്രനാകട്ടെ പിതാവിന്റെ ഭവനത്തിൽ സ്വന്തമായി ഒരാട്ടിൻ കുട്ടിയെപോലും കിട്ടിയില്ല എന്ന ദുഃഖത്തിൽ തന്റെ സഹോദരന്റെ പോക്കിലും വരവിലും അസൂയ പൂണ്ട് ദിനങ്ങൾ കഴിച്ചുകൂട്ടിയ നിർഭാഗ്യവാനായി ജീവിതം ചവച്ചിറക്കി. പല മാന്യന്മാരും മൂത്ത പുത്രന്റെ ഭാഗമാണ് അഭിനയിക്കുന്നത് എന്ന് പറയാതെ വയ്യ. പിതാവിന്റെ ഭാഗമഭിനയിക്കാനോ ആളെ കിട്ടാനുമില്ല.
ദൂർത്തപുത്രന്റെ ഉപമയിലെ രണ്ടു മക്കളും പിതാവിനോട് അനുരഞനപ്പെടാൻ തയ്യാറായാൽ ആരാണ് മൂത്തവൻ, ആരാണ് ഇളയവൻ എന്നോ ആരാണ് ദൂർത്തൻ, ആരാണ് മാന്യൻ എന്നോ ഉള്ള ചോദ്യങ്ങൾ ഉദിക്കില്ല. രണ്ടുപേരും പിതാവിന്റെ പ്രിയ പുത്രരാണ്. ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കാൻ സാധിച്ചില്ലെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം ക്ഷമിച്ചാൽ സാധിക്കാവുന്ന അനുരഞ്ജനവും പരിഹരിക്കാവുന്ന പ്രശ്നങ്ങളുമേ പലപ്പോഴും നമുക്കിടയിലുള്ളു.
ക്ഷമിച്ചു അനുരഞ്ജനം സാധിക്കണമെങ്കിൽ സത്യത്തിന്റെയും പുണ്യത്തിന്റെയും മൊത്തം സൂക്ഷിപ്പുകാരെന്ന അവകാശവാദം എല്ലാവരും വെടിയണം. നമ്മൊളൊക്കെ സത്യത്തിന്റെ അന്വേഷകർ മാത്രമാണെന്ന് തിരിച്ചറിയണം. അതുകൊണ്ടു ക്രിസ്തുവിന്റെ ഉത്ഘാടനപ്രസംഗം ഹൃദയത്തിൽ സ്വീകരിക്കുക: “മനസാന്തരപ്പെടുവിൻ! ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”
ഏലിയ സ്ലീവ മോശക്കാലം
മൂന്നം ഞായർ
മത്തായി 4:12-17.