കൊച്ചി: അഭയ കേസിലെ പ്രതികളായ സിസ്റ്റര് സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത്, പാസ്പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23 -ന് ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് വിധിച്ചത്.
മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര് സ്റ്റെഫിയും ഹരജി നൽകിയത്.
കോട്ടയം പയസ് ടെൻത് കോൺവെൻറ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 -ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഡിസംബർ 23 -ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കേസിലെ പ്രതികളായ രണ്ടുപേരെയും ഒരുമിച്ച് കണ്ടതായി തെളിവില്ലെന്നും അഭയയുമായി സംസാരിച്ചതിനും തെളിവില്ലെന്നും വാദിച്ച പ്രതികൾ സാക്ഷിമൊഴിയുടെ മാത്രം ബലത്തിലാണ് ശിക്ഷിച്ചതെന്നും വാദിച്ചു. സിസ്റ്റർ സ്റ്റെഫി കന്യാചർമം പിടിപ്പിക്കുന്നതുമായ ശസ്ത്രക്രിയ നടത്തി എന്നതിനും കൃത്യമായ തെളിവില്ലെന്നും മതിയായ തെളിവില്ലാതെയാണ് ശിക്ഷിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ബഹുമാനപ്പെട്ട തോമസ് കോട്ടൂരച്ചൻ ദീർഘ നാളുകൾ എന്റെ അധ്യാപകനായിരുന്നു. മാധ്യമങ്ങൾ ആരോപിക്കുന്നതു പോലെ ഒരു കുറ്റവാളിയാണ് അദ്ദേഹമെങ്കിൽ, എന്നെങ്കിലും എവിടെയെങ്കിലുമൊരു സംശയത്തിന്റെ കണിക, കുശാഗ്ര ബുദ്ധിക്കാരായ ഞങ്ങൾ വിദ്യാർത്ഥികൾ കണ്ടെത്തുമായിരുന്നു. കാരണം എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാനാവില്ലല്ലോ? ഇത്രയും നിഷ്ക്കളങ്കനായ ആ മനുഷ്യൻ ഇത്തരമൊരു കാര്യം ചെയ്യുമെന്ന് ഞാൻ (അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന ആരും) വിശ്വസിക്കുന്നില്ല.
ആധുനിക സമൂഹം ഒരിക്കലും അംഗീകരിക്കാത്ത കന്യകാത്വ പരിശോധനക്ക് തയ്യാറായ വ്യക്തിയാണ് സിസ്റ്റർ സ്റ്റെഫി. തെറ്റുകാരിയാണെങ്കിൽ സിസ്റ്റർ എന്തിന് അതിന് നിന്നു കൊടുക്കണം? പരിശോധനാ ഫലം സിസ്റ്ററിന് അനുകൂലമാണെന്ന് കണ്ടപ്പോൾ ശസ്ത്രക്രിയാ വാദമായി അടുത്ത ആരോപണം. പക്ഷെ ഇത്തരം സർജറികൾ സാധാരണ നടക്കാത്ത ഒരു കാലത്ത് എവിടെ വച്ച്, എന്ന്, ഏത് ഡോക്ടർ എന്നൊന്നും പറയാൻ അവർക്കാവുന്നില്ല. ആകെ പറയുന്നതൊന്നു മാത്രം; അവരെ ക്രൂശിക്കുക, അവരെ ക്രൂശിക്കുക…
പക്ഷെ തന്നെ ‘ഷൂട്ട്’ ചെയ്യാൻ വെമ്പി നിൽക്കുന്നവർ നീട്ടിപ്പിടിച്ച ക്യാമറകൾക്കു മുന്നിലേക്ക് കുരിശുരൂപം നീട്ടിപ്പിടിച്ച്, മുഖം മറക്കാതെ അവർ കൽത്തുറങ്കിലേക്ക് നടന്നുനീങ്ങി!!
ആർക്കും മറയ്ക്കാനാവാത്ത സത്യത്തിന്റെ സ്വാതന്ത്രത്തിൽ ഇന്ന് പുറത്തേക്കും…
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും രണ്ട് നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കട്ടെ!
BY, Prince Augustin
തറയിൽ പിതാവ് എഴുതുന്നു…
“അഭയക്കേസിലെ വിധി മരവിപ്പിച്ചു”
സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു … സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു!
ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല… അവർക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവൻ ഞാൻ വായിച്ചുനോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മനുഷ്യാവകാശലംഘനങ്ങൾ നടന്ന കേസ് കൂടിയാണിത്. എന്നിട്ടു ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിച്ചോ? ഇല്ല…കാരണം കുറ്റാരോപിതർ വൈദികനും കന്യാസ്ത്രീയുമാണല്ലോ…
സമീപകാല ചരിത്രത്തിൽ പൊതുസമൂഹത്താൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സി. സെഫി. ഒരു സ്ത്രീപക്ഷവാദിയും അവർക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ല…
ആ അപമാനങ്ങൾക്കു നടുവിൽ അവർ പുലർത്തിയ ആത്മീയ ശാന്തത വിസ്മയനീയമാണ്!
ഒരു സംശയം മാത്രം…ഈ കേസിലെ കുറ്റാരോപിതർ ഒരു വൈദികനും കന്യാസ്ത്രീയും അല്ലായിരുന്നെങ്കിൽ മാധ്യമങ്ങളും സിബിഐ കോടതിയും കുറേക്കൂടെ നീതിപൂർവമായ നിലപാട് സ്വീകരിക്കുകയില്ലായിരുന്നോ?
നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും?
സിബി അച്ചൻ എഴുതുന്നു…
ജയിലിൽ നിന്നും പുറത്തേക്കു വന്ന സിസ്റ്റർ സെഫിയുടെ കൈക്കുള്ളിൽ മുറുകെ പിടിച്ചിരിക്കുന്ന ആ കുരിശിൽ തന്റെ ജീവിതം എന്താണ് എന്ന് സിസ്റ്റർ നമ്മോട് ഓരോരുത്തരോടും പറയുന്നത് പോലെ…
ഒരു സ്ത്രീ അനുഭവിക്കാവുന്ന എല്ലാത്തരം നിന്ദനങ്ങളുടെയും അധിക്ഷേപങ്ങളുടെയും പരകോടിയിലെത്തിയിട്ടും തകരാതെ പിടിച്ചു നിൽക്കാൻ കരുത്തുനൽകുന്നത് കൈയിൽ മുറുകെപിടിച്ച ക്രൂശും ക്രൂശിതനിലുള്ള വിശ്വാസവുമാണ്…
സിസ്റ്ററിന് ദൈവം കൂടുതൽ കരുത്ത് പകരട്ടെ.
ജാമ്യം നൽകികൊണ്ട് കോടതി പുറപ്പെടുവിച്ച വിധി മാധ്യമവിചാരണക്കും ആൾക്കൂട്ടനീതിക്കുമുള്ള ഉത്തമ മറുപടിയാണ്.
ആ വിധി ഒന്നുവായിച്ചുനോക്കാൻ പോലും മെനക്കെടാതെ അടക്കാരാജുവിന്റെ പിന്നാലെ മൈക്കും തൂക്കിയോടുന്ന മാധ്യമങ്ങളോടെന്തു പറയാൻ…
നാർക്കോ അനാലിസിസിന്റെ വീഡിയോ കണ്ടില്ലേ കണ്ടില്ലേ എന്നൊക്കെ കമന്റി ഉപദേശിക്കുന്നവരോട് ആ വീഡിയോ എന്താണ് എന്നുള്ള ജസ്റ്റിസ് ഹേമയുടെ വിധി വായിക്കുക എന്ന് മാത്രമാണ് അപേക്ഷ…
ആരെന്തൊക്കെ പറഞ്ഞാലും അഭയകേസിൽ ഇവർ പ്രതികളാണ് എന്ന ശക്തമായി ഉറപ്പിക്കുന്നവർ എന്തിനാണ് നമ്പിനാരായണൻ കേസിൽ അദ്ദേഹം നിരപരാധിയാണെന്ന കോടതിവിധിയെ അംഗീകരിക്കുന്നത്.
ഏവർക്കും നന്മ
സ്നേഹത്തോടെ,
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)