ഇരിട്ടി : ഒരിക്കൽപോലും കാട്ടാനശല്യം ഉണ്ടായിട്ടില്ലാത്ത ഒരു പ്രദേശത്ത് നാട്ടുകാർ ഒരിക്കലും ഇങ്ങിനെ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പായം പഞ്ചായത്തിലെ മലയോര ഗ്രാമമായ പെരിങ്കരി അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്.
ഉളിക്കൽ – വള്ളിത്തോട് മലയോര ഹൈവേ കടന്നുപോകുന്ന പെരിങ്കരിടൗണിൽ നിന്നും മൂന്നു കിലോമീറ്ററോളം അകലെയാണ് മേലേ പെരിങ്കരി സ്ഥിതിചെയ്യുന്നത്. പെരിങ്കരിയിൽ നിന്നും വളരെ ഉയരത്തിൽ കിടക്കുന്ന പ്രകൃതി സുന്ദരമായ ഒരു കുന്നിൻ പ്രദേശം . കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെട്ട മാക്കൂട്ടം വനമേഖലയിൽ നിന്നും ഏതാണ്ട് പത്ത് കിലോമീറ്ററോളം അകലം വരും ഇവിടേയ്ക്ക്.
മാക്കൂട്ടം വനത്തിൽ നിന്നും കടന്നുകയറുന്ന കാട്ടാനകൾ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളായ തൊട്ടിപ്പാലം, പേരട്ട മേഖലകളിൽ ഭീതി വിതക്കാറുണ്ടെങ്കിലും പെരിങ്കരി മേഖലയിൽ എത്തിച്ചേരുന്നത് ആദ്യമായാണെന്ന് പറയാം. അതുകൊണ്ടു തന്നെ മേഖലയിൽ ആന എത്തി എന്ന കാര്യം ആരും ഏറെ ഗൗരവത്തിൽ എടുത്തിരുന്നില്ല. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ ജസ്റ്റിനും ഭാര്യ ജിനിയും പള്ളിയിലേക്ക് പുറപ്പെടുന്നത്. ബൈക്കിൽ വീട്ടിൽ നിന്നും ഇറങ്ങി നൂറുവാര പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി ആനയുടെ മുന്നിൽ പെടുന്നത്.
ബൈക്ക് മറിച്ചിട്ട ആന ഇവരെ തൂക്കിയെടുത്ത് സമീപത്തെ പുതുതായി നട്ടുപിടിപ്പിച്ച തേക്കിൻ തോട്ടത്തിൽ ഇട്ട് കുത്തിയശേഷം ചെങ്കുത്തായ കുന്നിറങ്ങി പോവുകയായിരുന്നു. അല്പരപ്പു ഏറെ യില്ലാത്ത വിജനമായ പ്രദേശമായിരുന്നു ഇവിടം . ആന മേഖലയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിവരം അറിഞ്ഞ് പുറത്തിറങ്ങി നിരീക്ഷിക്കുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ ബഹളംകേട്ട് ഇവിടേക്കെത്തുന്നത്.
ആന റോഡിൽ കുത്തിമറിച്ചിട്ട ബൈക്കും സമീപത്തെ പറമ്പിൽ ചോരവാർന്ന് കിടക്കുന്ന ജസ്റ്റിനെയും ഭാര്യെയെയും കണ്ടപാടെ ഇവർ ഇവരെ ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. നെഞ്ചിലും കഴുത്തിലും കുത്തേറ്റ ജസ്റ്റിൻ ഇതിനിടെ മരണത്തിന് കീഴടങ്ങി. ഭാര്യ ജിനി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ജസ്റ്റിന്റെ മരണം നാട്ടുകാർക്ക് വലിയ വേദനയാണ് സൃഷ്ടിച്ചത്.
ഒരു ഗ്രാമം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. ഭാര്യ ജിനിക്ക് അപകടമൊന്നും ഉണ്ടാക്കല്ലേ എന്ന പ്രാർത്ഥനയിലാണ് ഇവർ. ഉളിക്കൽ റിച്ച് പ്ലസ് എന്ന ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണമടഞ്ഞ ജസ്റ്റിൻ .