Fr. Shinto Marayoor
എല്ലാ പിറവിയിലും ഭൂമി സന്തോഷിക്കുന്നുണ്ട്. ഒരു നല്ല കാലത്തെക്കുറിച്ചു സ്വപ്നം കാണാനുള്ള സാധ്യതയാണ് ഓരോ കുഞ്ഞും. പക്ഷേ, പ്രതീക്ഷിച്ചയാൾ താനല്ലെന്നും കരുണയുള്ള മറ്റാരെയോ കാത്തിരിക്കേണ്ടതുണ്ടെന്നും പിന്നീടുള്ള ജീവിതം കൊണ്ട് അവരിൽ പലരും പറയും. അങ്ങനെ പിറവികണ്ട് ഭൂമിയനുഭവിച്ച ആഹ്ളാദം ജീവിതം കണ്ട് നിരാശയായി മാറും. എന്നാൽ ചുരുക്കം പേർ തങ്ങളുടെ ജീവിതത്തിന്റെ മഹിമകൊണ്ട് പിറവിയെയും മഹത്ത്വമുള്ളതാക്കി മാറ്റും. അത്തരത്തിൽപ്പെട്ടവരുടെ ജനനവും ആഘോഷിക്കാൻ മനുഷ്യർ നിർബന്ധിക്കപ്പെടും. മറിയം അങ്ങനെയുള്ളവരുടെ ഗണത്തിൽ പേരെഴുതപ്പെട്ടവളാണ്.
മറിയത്തിന്റെ പിറവി ദിനമാണ് സെപ്തംബർ 8-ന് നാമാഘോഷിക്കുന്നത്. പക്ഷേ, മറിയം ചരിത്രത്തിലേക്കു പ്രവേശിക്കുന്നത് ക്രിസ്തുമസ് ദിനത്തിലാണ്. അലിവുള്ള ഒരു കന്യകയെ ഭൂമി ആദരവോടെ നോക്കിയ നേരം അതായിരുന്നു. യേശുവിന്റെ അമ്മയെന്ന നിലയിലാണ് ചരിത്രം മറിയത്തിന്റെ മുമ്പിൽ കൈ കൂപ്പുന്നതും ബഹുമാനത്തിന്റെ കാഴ്ചദ്രവ്യങ്ങൾ അർപ്പിക്കുന്നതും. യേശുവെന്ന സൂര്യന്റെ പ്രകാശത്തിലാണ് ലോകം മറിയത്തിന്റെ മുഖം കാണുന്നത്. ആ വെളിച്ചത്തിന്റെ അഭാവത്തിൽ മറിയം അപ്രസക്തയാകുമായിരുന്നു. എങ്കിലും, യേശുവിൽ തെളിഞ്ഞു നിന്ന വിശുദ്ധി മറിയത്തിന്റെ ദാനവും കൂടിയായിരുന്നു.
അബ്രാഹത്തിൽ ആരംഭിച്ച യേശുവിന്റെ വംശാവലിയിൽ പലയിടത്തും ഇരുണ്ട ചരിത്രത്തിന്റെ ദുർഗന്ധമുണ്ടായിരുന്നു. അങ്ങനെ അഴുക്കു പുരണ്ട പാത്രത്തിൽ വിളമ്പാനാവുന്നതായിരുന്നില്ല യേശുവെന്ന വിശിഷ്ട ഭോജ്യം. അവന്റെ പിതാമഹന്മാർ ജീവിതം കൊണ്ട് ചരിത്രത്തിലവശേഷിപ്പിച്ച കറ കഴുകി വെടിപ്പാക്കാൻ ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ ശ്രമിച്ചിരുന്നു. യേശു പിറന്നുവീണ ചരിത്രത്തെ വിശുദ്ധീകരിച്ച അവസാനത്തെ ആളായിരുന്നു മറിയം.
വംശാവലിയുടെ അഴുക്കുകളൊക്കെ നീക്കി യേശുവെന്ന നല്ല വീഞ്ഞു വിളമ്പാൻ ദൈവം കഴുകിയെടുത്ത ചഷകത്തിന്റെ പേരാണു മറിയം. അതിന്റെ അടയാളമായിരുന്നു അവൾക്ക് നിത്യകന്യകയെന്നും അമലോദ്ഭവയെന്നുമുളള വിശുദ്ധ പദങ്ങളാൽ നല്കിയ ആദരം. അത് മറിയത്തിനുളള സ്തുതിയെന്നതിനെക്കാൾ ക്രിസ്തു മനുഷ്യചരിത്രത്തിലേക്കു ഇറങ്ങി വന്ന വഴികൾ കുരുത്തോല കൊണ്ടു അലങ്കരിക്കുന്നതിന്റെ അടയാളമായിരുന്നു. അത്തരത്തിൽ യേശുവിൽ തിളങ്ങിയ ചരിത്രവിശുദ്ധി മറിയത്തിന്റെ ദാനമായിരുന്നുവെന്നു പറയാം.
ദൈവം മറിയത്തെ തിരഞ്ഞെടുത്തു തന്റേതാക്കുകയായിരുന്നോ അതോ മറിയം തന്റെ പ്രസാദം നിറഞ്ഞ ജീവിതത്തിലൂടെ ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാൻ പരുവത്തിൽ ചേർന്നു നില്ക്കുകയായിരുന്നോ എന്നു നമുക്കറിയില്ല. യേശു അവളിലൂടെ കടന്നുവന്നിരുന്നില്ലെങ്കിൽ ചരിത്രം അവളുടെ നാമം അറിയാതെ പോകുമായിരുന്നു. പക്ഷേ, മറിയത്തിന്റെ ജീവിതത്തിന് തനിമയുള്ള സുഗന്ധമുണ്ടായിരുന്നു എന്നതൊരു നേരാണ്. അവളുടെ ജീവിതത്തിന്റെ അഴകെന്തെന്നു കാണാൻ ഒന്നുരണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സഹായകരമാകും.
1.മറ്റുള്ളവരെ ഓർമിക്കാനായി സ്വയം മറന്ന ജീവിതത്തിന്റെ ഉടമയാണു മറിയം:
മംഗളവാർത്ത സ്വീകരിച്ചതിനു ശേഷം എലിസബത്തിനെ ശുശ്രൂഷിക്കാനായി നടത്തുന്ന യാത്രയുടെ തിടുക്കത്തിൽ മറിയത്തിന്റെ ജീവിതത്തിന്റെ പരിഗണന എന്തെന്നു വ്യക്തമാണ്. ബാലനായ യേശുവിനെ കാണാതലഞ്ഞ്, ഒടുവിൽ കണ്ടെത്തുമ്പോൾ “നിന്റെ പിതാവും ഞാനും” എന്നാണ് മറിയം പറഞ്ഞുവയ്ക്കുന്നതിൽ തന്നെക്കാളും ജോസഫിനെ ഓർക്കാനുള്ള കരുതൽ വ്യക്തമായി തെളിയുന്നുണ്ട്.
കാനായിലെ വിരുന്നിൽ ആതിഥേയരുടെ അഭിമാനത്തെ പൊതിഞ്ഞു പിടിക്കാനായി ഇടപെടൽ നടത്തുന്ന കനിവുള്ള കന്യക “അവൻ പറയുന്നതുപോലെ ചെയ്യുവിൻ” എന്നു പറയുമ്പോൾ യേശുവിന്റെ പിന്നിലേയ്ക്കൊതുങ്ങുന്ന മറിയത്തെയാണു കാണാനാവുന്നത്. സ്വയം അപ്രസക്തയായി നില്ക്കാനുള്ള അവളുടെ എളിമയാണ് “ഇതാ, കർത്താവിന്റെ ദാസി” എന്ന സമർപ്പണത്തിലും വെളിപ്പെടുന്നത്.
എന്റേതെന്ന അഹംബോധമില്ലായ്മയുടെ ധാരാളിത്തമായിരുന്നു ആ ജീവിതം. എന്തിനെന്നറിയില്ലെങ്കിലും തന്റെ മകനെടുത്ത കുരിശ് ചുമക്കാൻ അവനെ അനുവദിക്കുകയും ഒന്നും മനസ്സിലാകുന്നില്ലെങ്കിലും അവന്റെ നിയോഗ വഴികളിൽ തടസ്സമാവാതിരിക്കാൻ ശ്രദ്ധവച്ചും അവൾ അവന്റെ കൂടെനിന്നു. യേശുവിന്റെ ബലി ജീവിതം ദൈവത്തിന്റെ സ്നേഹാധിക്യത്തിന്റെ മാത്രം കഥയല്ല, മറിയമെന്ന അമ്മയുടെ വിട്ടുകൊടുക്കലിന്റെ എപ്പിസോഡുമാണ്.
ഭൂമി യേശുവിലനുഭവിച്ച സൗഖ്യമൊക്കെയും മറിയം കാര്യണ്യപൂർവം ഭൂമിക്കു ചെയ്ത ശുശ്രൂഷകളുടെ പ്രകടനവുമായിരുന്നു. യേശുവിന്റെ അമ്മയെന്ന നിലയിൽ താനനുഭവിച്ച വേദനകളെ മറന്നേ കളയാൻ അവൾക്കായത് മനുഷ്യരാശിക്ക് അവനിലൂടെ ലഭിച്ച നന്മകളെക്കുറിച്ച് ഓർമിച്ചതു കൊണ്ടാവും. മറിയത്തിന്റെ ആത്മവിസ്മൃതിയുടെ ഫലമാണ് ഭൂമിയുടെ വിശുദ്ധ സ്മൃതിയായി മാറിയത്.
2.യേശു തുന്നിയ അഭിനന്ദനത്തിന്റെ മേലങ്കി മുൻകൂട്ടി അവകാശപ്പെടുത്തിയവളാണു മറിയം:
തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് തന്റെ കൂടപ്പിറപ്പുകളും മാതാപിതാക്കളുമെന്നു പറഞ്ഞ് യേശു ശിഷ്യരെ ആദരിക്കുമ്പോൾ അതിലെ ആദ്യ അങ്കിയുടെ അവകാശിയായി മറിയം മുമ്പിലുണ്ടായിരുന്നു. നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് ദൈവത്തോടു പറഞ്ഞവരിൽ യേശുവിനറിയാമായിരുന്ന ഒന്നാമത്തെയാൾ മറിയമായിരുന്നല്ലോ.
അങ്ങനെ, രക്തബന്ധംകൊണ്ടു മാത്രമല്ല കർമബന്ധം കൊണ്ടും വിശുദ്ധ കന്യക യേശുവിനെ സ്വന്തമാക്കിയിരുന്നു. അതുവഴി യേശുവിന്റെ സ്നേഹ കടാക്ഷത്തിന്റെ പ്രഥമ ഓഹരിക്ക് അവൾ അർഹയായി. പിതാവിനെ സ്നേഹിക്കുന്നവരെ കണ്ടെത്താൻ നടത്തിയ മത്സരത്തിലെ വിജയിക്കുവേണ്ടി യേശു തന്റെ വാക്കുകൊണ്ടു നെയ്തെടുത്ത സ്തുതിയുടെ മേലങ്കിയിൽ മറിയം മുൻപുതന്നെ അവകാശമുറപ്പിച്ചിരുന്നു.
3.ഭാഗ്യമെന്ന പദത്തിന് ഒരു പുതുവ്യാഖ്യാനം ചമച്ചവളായിരുന്നു മറിയം:
രക്ഷകന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ടല്ല, ദൈവം അരുളിയതു നിറവേറുമെന്നു വിശ്വസിക്കാൻ കഴിഞ്ഞതു കൊണ്ടാണ് എലിസബത്ത് മറിയത്തെ ഭാഗ്യവതിയെന്നു വാഴ്ത്തുന്നത്. വരാനിരിക്കുന്ന തലമുറകളൊക്കെയും തന്നെ ഭാഗ്യവതിയെന്നു പ്രകീർത്തിക്കുമെന്നു പറഞ്ഞതിൽ തനിക്കു ലഭിച്ച മഹത്ത്വത്തിനല്ല, വൻകാര്യങ്ങൾ ചെയ്യാൻ ദൈവം കാട്ടിയ മനസ്സലിവിനാണു സങ്കീർത്തനം പാടിയത്. അങ്ങനെ ഭാഗ്യമെന്ന പദം നിർമല കന്യകയിൽ നിന്നും നവമായ ഭാവാർഥം സ്വീകരിച്ച് സ്നാനപ്പെടുകയായിരുന്നു.
വിചാരം: ചെസ്സിനെ ഇന്ത്യക്ക് അഭിമാനിക്കാനുള്ള വഴിയാക്കി മാറ്റിയപ്പോൾ പ്രഗ്നാനന്ദ മാത്രമല്ല നമുക്കു പ്രിയപ്പെട്ടവനായി മാറിയത്. അവനെ കളിക്കാനനുവദിച്ച് മാറിനിന്ന അവന്റെ അമ്മയും കൂടിയാണ്. അതുപോലെ യേശുവിനെ സ്നേഹിച്ചവരുടെയൊക്കെ പ്രീതി മറിയത്തെയും ചേർത്തുപിടിച്ചു. അവന്റെ അമ്മ എന്നു പറഞ്ഞു പരിചയപ്പെടുത്താൻ തക്ക ഗരിമയുള്ള ജീവിതം തന്നെയായിരുന്നല്ലോ അവളുടേത്.
ദൈവത്തിന്റെ ഒരു നല്ല തിരഞ്ഞെടുപ്പായിരുന്നു തന്റേതെന്നു സാക്ഷ്യപ്പെടുത്തിയ ജീവിതമായിരുന്നു മറിയത്തിന്റേത്. മറ്റൊരാൾക്കു പാകമാകുമോ എന്നു ചിന്തിക്കാൻ ദൈവത്തെ അനുവദിക്കാത്ത വിധത്തിൽ രക്ഷകന്റെ അമ്മയുടെ മേലാട അത്രമേൽ ഇണക്കത്തോടെ അവളണിഞ്ഞു. നല്ലൊരു തുന്നൽക്കാരനാണു ദൈവമെന്നു മറിയം കമന്റിട്ടത് തന്റെ ജീവിതം കൊണ്ടായിരുന്നു.
പ്രാർഥിക്കാം: ഈശോയേ, മറിയം നിനക്കിണങ്ങിയ മട്ടിൽ ജീവിച്ചതുപോലെ എനിക്കും ജീവിക്കാനാവട്ടെ, ആമേൻ.