ഭൂമിയുടെ ഹൃദയത്തിലുരുകി തിളയ്ക്കുന്ന
ലാവാപ്രവാഹവും
മടിയിൽ പരസ്പരം കൊല്ലുന്ന മക്കളുടെ
ചോരയും ചേർന്നൊഴുകി
ചക്രവാളങ്ങളിൽ ചോപ്പു പടരുന്നതും,
നാൽപ്പതു രാപ്പകൽ തോരാതെ
പെയ്ത മഴയിലതു മഹാപ്രളയമായി
പെരുകുന്നതും,
ആഴിതന്നാഴങ്ങളിൽനിന്നു
ഭൂമിയുടെ ആദി വിലാപമുയരുന്നതും
ഓർക്കുവാനൊരു ദിനം!
പിന്നെയും സൂര്യനുദിക്കുന്നു!
വിത്തുകൾ വീണ്ടും മുളയ്ക്കുന്നു!
പച്ചിലത്തോപ്പു തളിർക്കുന്നു, പൂക്കുന്നു!
പ്രാണന്റെ ഓരോ തുടിപ്പിലും ഭൂമിയുടെ
പ്രണയം ഉയിർകൊള്ളുന്നു!
ആദിയിൽ ദൈവം പറഞ്ഞതും ഓർക്കുക:
വേണമീ ഭൂമിക്കൊരച്ചുതണ്ടും പിന്നെ,
നിശ്ചിതമായ ഭ്രമണപഥങ്ങളും!
ആര് നിൻ സൂര്യൻ? നീയാരുടെ ഭൂമി?
ആരു നിന്നെ വലം വയ്ക്കുന്നു?
ആദം ഒറ്റയ്ക്കല്ല, ഹവ്വ ഒറ്റയ്ക്കല്ല
ഭൂമി ഒറ്റയ്ക്കല്ല, ഭൂമിയുടെ അച്ചുതണ്ടൊരു
കടങ്കഥയല്ല! ഭൂമിയുടെ ഭ്രമണപഥം
പ്രണയപഥമാകുന്നു! പ്രണയമീ ഭൂമിയുടെ
അച്ചുതണ്ടാകുന്നു!
ആദിയിൽ, അദ്വയ മാനസരായി
ഭൂമിയിൽ മനുഷ്യർ നടന്ന ദിനങ്ങളിൽ
അവരുടെ പ്രണയപഥങ്ങളിൽ ദൈവം
കൂട്ടിനു കൂടെ നടന്നൂ പോലും!
ഒരുനാൾ, അവരിലൊരുൾപ്രേരണയിൽ
ഇരുളിൻ ഇടപെടലുണ്ടായവരുടെ
പ്രണയം മങ്ങി,
ആദിമ ശുദ്ധി നശിച്ചു ദിഗംബരരായി ഭവിച്ചൂ പോലും!
പാതിമെയ്യായ ചങ്ങാതിയെ നെഞ്ചോടു
ചേർത്തുപിടിച്ചുകൊണ്ടന്നയാൾ മന്ത്രിച്ചു:
പറുദീസയിൽനിന്നു പടിയിറങ്ങീ നമ്മ-
ളെങ്കിലും, നിന്റെയീ കൺകളിൽ മിന്നുന്ന
നക്ഷത്രമിന്നെൻറെ ആത്മാവിനെ ത്രസിപ്പിക്കുന്നു!
നിന്നിലെൻ ജീവിതം ചിരിതൂകി നിൽക്കുന്നു!
വീണ്ടുമീ ഭൗമസങ്കീർത്തനം പാടി
‘എന്റെ പിഴ’യെന്ന പ്രാർത്ഥന ചൊല്ലി
തിരികെ നടക്കാം,
നിതാന്തമാം ശാന്തിയുടെ
ശാന്തതയിലേക്കുമീ
ഭൂമിയുടെ പ്രണയപഥത്തിലേക്കും സഖീ!
By, ഫാ. വർഗീസ് വള്ളിക്കാട്ട്